മലപ്പുറം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത രാവിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
കണ്ടെയ്മെൻറ് സോണുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മലപ്പുറത്തും പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.
മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമാണ്. നിലവിൽ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ നിഗമനം.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു .നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ആയിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട് . പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഇതുവരെ ഉള്ളത്.