ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന് എതിരെ രൂക്ഷ വിമർശവുമായി ഇന്ത്യാ സഖ്യം. പട്ടിക പരിഷ്കരണം ദാരിദ്യ രേഖക്ക് താഴെ ഉള്ളവർക്ക് എതിരാണ് . ഇതിലൂടെ 20 ശതമാനം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്- ഇന്ത്യാ സഖ്യം ആരോപിച്ചു. ഈ വിഷയത്തിലുള്ള ആശങ്കകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നെന്നും എന്നാൽ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു.
ബിജെപിയുടെ ഗൂഢാലോചനയെ കുറിച്ച് ജനങ്ങളെ അറിയിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
‘തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല. തെക്കൻ ബിഹാറിലെ ഭൂരിഭാഗം ആളുകളും ഈ മാസങ്ങളിൽ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും. ഈ സമയം നിരവധി പേർ വീട്ടിലുണ്ടാകില്ലെന്ന് ഞങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞു- കോൺഗ്രസ്സ് വ്യക്താവ് പറഞ്ഞു .
കൂടാതെ വടക്കൻ ഭാഗങ്ങളിൽ ഈ സമയങ്ങളിൽ പ്രളയം ഉണ്ടാവാറുണ്ട്. അതുകൊണ്ടു തന്നെ 20 ശതമാനം പേരുടെ വോട്ടവകാശം ഇല്ലാതാക്കാൻ തീരുമാനിച്ചുള്ള തെരഞ്ഞെടുപ്പ് പാനലിൻ്റെ നീക്കമായാണ് തോന്നുന്നത്. ഈ നീക്കത്തിൽ നിന്നും ഉടൻ പിന്മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഇന്ത്യാ സഖ്യം ബിഹാറിലെ ജനങ്ങളുടെ വോട്ടവകാശത്തിനായി പോരാടും’- ബിഹാർ കോൺഗ്രസ് മേധാവി രാജേഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള മറ്റ് ആർജെഡി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. ബിഹാറിൽ ബിജെപിയെ പരോക്ഷമായി സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും ഇവർ പറഞ്ഞു.
ഈ നീക്കം ഉടനടി നിർത്തണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ-എംഎൽ) നേതാവ് ദീപങ്കർ ഭട്ടാചാര്യ ആവശ്യപ്പെട്ടു. ‘ബിഹാറിൽ വോട്ടർ പട്ടികയുടെ പരിഷ്കരണം ആരംഭിക്കുന്നതിന് മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുമായും മുൻകൂട്ടി കൂടിയാലോചന നടത്തിയിരുന്നില്ല. എന്തുകൊണ്ടാണ് ഈ തിടുക്കം? ഈ നീക്കം ഉടനടി നിർത്തണം.” ഭട്ടാചാര്യ ആവശ്യപ്പെട്ടു.