കൊച്ചി: പ്രക്ഷോഭങ്ങൾക്കൊടുവിൽ ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാൻ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് സർക്കാർ അനുമതിയായി. 3.6 കിലോമീറ്റർ ദൂരത്തിലാണ് പുതിയ കടൽഭിത്തി നിർമ്മിക്കുക . കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നത് . തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.
ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് സർക്കാർ അനുമതി നൽകുന്നത്. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു . ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
7.3 കിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ലാണ് പൂർത്തിയാക്കിയത് . 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം .10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമ്മാണച്ചെലവിൽ വന്ന വ്യത്യാസവും ഐഐ.ടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റർ ദൂരം കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ചെയ്തത്.
ആദ്യ പദ്ധതി പ്രകാരം ഇനി കടൽഭിത്തി നിർമ്മിക്കാൻ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂർത്തിയാക്കുന്നതിന് അതിവേഗം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം . ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കി. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു .