കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഡ്രൈവർമാർക്ക് ചികിത്സയും സൗകര്യങ്ങളും നിഷേധിക്കുന്നതിനെതിരെ ലോറി ഡ്രൈവർമാർ പ്രതിഷേധിച്ചു ലോഡെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത് .
ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡിനെതിരെയാണ് പ്രതിഷേധം. വല്ലാർപാടം ടെർമിനലിൽ നിന്ന് ലോഡെടുക്കാനെത്തിയ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ബിജുവിനെ അസുഖബാധിതനായപ്പോൾ ആശുപത്രിയിലേക്ക് മാറ്റാനുണ്ടായ കാലതാമസമാണ് പ്രതിഷേധങ്ങൾക്ക് കാരണം. പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ ബിജുവിന് ജീവൻ തന്നെ നഷ്ടമാകുമായിരുവെന്ന് പ്രതിഷേധക്കാർ പറയുന്നു .
നെഞ്ചുവേദന വന്ന ബിജുവിനെ ഒരു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ആരോപണം. ആംബുലൻസ് സൗകര്യമടക്കമുണ്ടായിട്ടും കൂടെ ആളില്ലെന്ന കാരണം പറഞ്ഞായിരുന്നു അധികൃതർ നിരുത്തരവാദിത്വം കാട്ടിയത് . ടെർമിനലിൽ നാളുകളായി നിലനിൽക്കുന്ന തൊഴിലാളി വിരുദ്ധതയുടെ തുടർച്ചയാണ് ഈ അവഗണനെയെന്ന് ഡ്രൈവർമാർ പറയുന്നു .
രണ്ടായിരത്തിലധികം ഡ്രൈവർമാരാണ് ദിവസവും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തുന്നത്. പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും നൽകുന്നില്ല. പരാതി ഉന്നയിക്കുന്നവർക്കെതിരെ പ്രതികാരനപടിയും പതിവെന്ന് ഡ്രൈവർമാർ.