എരമല്ലൂർ: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം അനുഷ്ടിച്ച കൊച്ചി, ആലപ്പുഴ രൂപതകളിലെ ഉന്നത വൈദികർക്കെതിരെ സർക്കാർ എടുത്ത പോലീസ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് കെ.എൽ.സി.എ. എരമല്ലൂർ സെൻ്റ് ജൂഡ് ഇടവക ”പ്രതിഷേധ മനുഷ്യക്കടൽഭിത്തി ” നിർമ്മിച്ചു.
നൂറുകണക്കിന് കെ.എൽ.സി.എ. പ്രവർത്തകർ സമരത്തിൽ അണിനിരന്നു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന തീരദേശ വാസികൾക്കും വൈദികർക്കും കെ.എൽ.സി.എ. ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടവക വികാരി റവ. ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ഉദ്ഘാനം ചെയ്തു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡൻ്റ് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു.
പാസ്ട്രൽ കൗൺസിൻ സെക്രട്ടറി സോണി പവേലിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ ജോയി മാളിയേക്കൽ, ബെന്നി മംഗലത്ത്, ജോർജ്ജ് നിക്സൺ എന്നിവർ പ്രസംഗിച്ചു.