പുരാണം / ജെയിംസ് അഗസ്റ്റിന്
എല്ലാ യുദ്ധങ്ങളിലും കെടുതികള്‍ ഏറ്റുവാങ്ങുന്നവര്‍ക്കു വേണ്ടിയാണ് ലോകത്തിലെ പ്രഗത്ഭ ഗായകരും ബാന്‍ഡുകളും എന്നും നിലകൊണ്ടിട്ടുള്ളത്. യുദ്ധങ്ങളിലെല്ലാം തോല്‍ക്കുന്നത് നിരപരാധികളായ മനുഷ്യരാണെന്നും പ്രത്യകിച്ചു സ്ത്രീകളും കുട്ടികളുമാണെന്നും ലോകനേതാക്കളെ ഓര്‍മ്മിപ്പിക്കുന്ന അനേകം ഗാനങ്ങള്‍ ഓരോ യുദ്ധകാലത്തും ലോകം കേട്ടിട്ടുണ്ട്. ബോംബറുകളുടെ ഇരമ്പലുകള്‍ക്കിടയിലും സംഗീതലോകത്തുനിന്നും ശാന്തിയുടെ മൃദുഗീതങ്ങള്‍ നമുക്ക് കേള്‍ക്കാം.
ശബ്ദലേഖനം ആരംഭിച്ച നാളുകളില്‍ത്തന്നെ യുദ്ധങ്ങള്‍ക്കെതിരെ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. ആയിരക്കണക്കിനു യുദ്ധവിരുദ്ധ ഗാനങ്ങള്‍ പല ഭാഷകളിലായി ലോകം കേട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രചാരം ലഭിച്ചവയില്‍ നിന്നു മൂന്നു യുദ്ധവിരുദ്ധ ഗാനങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാന്‍ഡുകളില്‍ ഒന്നാണ് പിങ്ക് ഫ്ളോയ്ഡ്. 1965-ല്‍ ലണ്ടനില്‍ രൂപം കൊണ്ട പിങ്ക് ഫ്ളോയ്ഡ് ഇന്നും ഏറെ ആരാധകരുള്ള സംഗീതസംഘമാണ്.

BLACK SABATH
യുദ്ധങ്ങള്‍ക്കും അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പല ഗാനങ്ങളിലൂടെയും പിങ്ക് ഫ്ളോയ്ഡ് ലോകത്തെ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിലും ‘ദി ഡോഗ്സ് ഓഫ് വാര്’എന്ന പാട്ട് വേറിട്ടു നില്ക്കുന്ന ഒന്നാണ്. 1988-ല്‍ രണ്ടു റെക്കോര്‍ഡുകളുടെ സെറ്റ് ആയി ഇറക്കിയ ‘ഡെലിക്കേറ്റ് സൗണ്ട് ഓഫ് തണ്ടര്‍’ എന്ന ആല്‍ബത്തിലെ ഗാനമാണിത്. ബഹിരാകാശത്തു ഉപയോഗിച്ച ആദ്യത്തെ ആല്‍ബം എന്ന ചരിത്രനേട്ടവും ഈ പാട്ടുകള്ക്കുള്ളതാണ്.
1988 -ല്‍ സോയുസ് ടി.എം.7 എന്ന റഷ്യന്‍ ബഹിരാകാശപേടകത്തില്‍ അലക്സാണ്ടര്‍ വോള്‍ക്കോവ്, സെര്‍ജി ക്രിക്കല്യോവ് എന്നിവരാണ് കസെറ്റില്‍ നിന്നും ഈ പാട്ടുകള്‍ കേട്ടത്. പിങ്ക് ഫ്ളോയ്ഡ് ബാന്‍ഡിലെ ഡേവിഡ് ഗില്‍മോര്‍, നിക്ക് മേയ്സണ്‍ എന്നിവര്‍ ബഹിരാകാശപേടകം പുറപ്പെടുന്നതിന്റെ കാഴ്ചക്കാരായെത്തി പേടകം ഉയര്ന്നപ്പോളുണ്ടായ ശബ്ദം റെക്കോര്‍ഡ് ചെയ്തു.
ഡേവിഡ് ഗില്‍മോര്‍, അന്തോണി മൂര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി ഡോഗ്സ് ഓഫ് വാര്’ എന്ന ഗാനത്തിലെ വരികള്‍:
‘പോര്നായ്ക്കള്ക്കു സന്ധിസംഭാഷണമില്ല
പോര്നായ്ക്കള് അടിയറവു പറയില്ല
അവര്‍ എടുക്കും
നിങ്ങള്‍ കൊടുക്കും
അവര്‍ ജീവിക്കുന്നതിനായി
നിങ്ങള്‍ മരണം വരിക്കും
ഏതു വാതിലിലും നിങ്ങള്‍ക്കു മുട്ടാം
പക്ഷെ,എവിടെ പോയാലും
നിങ്ങള്‍ക്കു മുന്‍പേ അവിടെ അവരെത്തിയിട്ടുണ്ടാകും’
(പരിഭാഷ: അഭിലാഷ് ഫ്രേസര്‍)

PINKFOYD
1968-ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങ്ഹാമില്‍ രൂപം കൊണ്ട ബാന്‍ഡാണ് ‘ബ്ലാക്ക് സാബത്ത്’. 1970-ല്‍ ഇവര്‍ നിര്‍മ്മിച്ച ‘പാരനോയ്ഡ്’ എന്ന സമാഹാരത്തില്‍ ‘വാര് പിഗ്സ്’ എന്നൊരു ഗാനമുണ്ട്. ബാന്‍ഡിലെ അംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത്.
‘ജനക്കൂട്ടങ്ങള്‍ക്കിടയില്‍
ജനറല്‍മാര്‍ ഒത്തുകൂടി
കറുത്ത കുര്‍ബാനയ്ക്കെത്തിയ
ആഭിചാരക്കാരെപ്പോലെ.
വിനാശം ചമയ്ക്കുന്ന
ദുര്മനസ്സുകളെപ്പോലെ
മൃത്യുവിനെപ്പടുക്കുന്ന
ദുര്‍മന്ത്രവാദിയെപ്പോലെ
വയലുകളില്‍ കബന്ധങ്ങള്‍ എരിയുന്നു
പോര്യന്ത്രങ്ങള് തിരിഞ്ഞുകൊണ്ടിരിക്കെ
മരണവും വെറുപ്പും മര്‍ത്യന്റെ
മനസ്സിനെ വിഷം കൊണ്ടു
നിറച്ചിരിക്കുന്നു’.
(പരിഭാഷ: അഭിലാഷ് ഫ്രേസര്‍)

MICHAEL JACKSON
മൈക്കിള്‍ ജാക്സണ് എഴുതി സംഗീതം നല്കിയ ‘എര്‍ത്ത് സോങ്ങ്’ ഏറ്റവും പ്രശസ്തമായ യുദ്ധവിരുദ്ധഗാനങ്ങളില് ഒന്നാണ്. 1995 നവംബര്‍ 13-ന് ഈ ഗാനം പ്രകാശനം ചെയ്തു.
ഹിസ്റ്ററി എന്ന സമാഹാരത്തിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്.
യുദ്ധത്തില്‍ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ കാണുന്നില്ലേ എന്ന് മൈക്കിള്‍ ജാക്സണ് ഈ ഗാനത്തിലൂടെ ചോദിക്കുന്നുണ്ട്. കൊലക്കളങ്ങളെക്കുറിച്ചും കരയുന്ന ഭൂമിയെക്കുറിച്ചും വിതുമ്പുന്ന തീരത്തെക്കുറിച്ചും ഗാനത്തില്‍ പ്രതിപാദിക്കുന്നു.
യുദ്ധങ്ങള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ത്തുന്ന എണ്ണമറ്റ ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഓരോ യുദ്ധങ്ങള്‍ നടക്കുമ്പോഴും സമൂഹത്തെ, രാഷ്ട്രത്തലവന്മാരെ ഓര്‍മ്മിപ്പിക്കാന്‍ ഗായകരുടെ സ്വരം ഉയരാറുണ്ട്. ഈ ദിനങ്ങളിലും യുദ്ധങ്ങള്‍ക്കെതിരെ ഇന്നത്തെ ഗായകര്‍ പാടുന്നുണ്ട്. എന്നിട്ടും ആഹാരത്തേക്കാള്‍ ആയുധങ്ങള്‍ക്കായി ലോകം പണം മുടക്കുന്നു.

SANKICHI TOGE
ആറ്റംബോംബിനെ അതിജീവിച്ച ജാപ്പനീസ് കവിയായ സങ്കിച്ചി ടോഗെയുടെ കവിതാശകലം ഹിരോഷിമയിലെ സ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘എനിക്കെന്റച്ഛനെ തിരിച്ചുതരൂ
എനിക്കെന്റമ്മയെ തിരിച്ചുതരൂ
എന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും തിരിച്ചു തരൂ
എന്റെ മകനേയും മകളേയും തിരിച്ചു തരൂ
എനിക്കെന്നെത്തന്നെ തിരിച്ചു തരൂ
മാനവകുലത്തെ തിരിച്ചു തരൂ
ഈ ജീവിതമുള്ളിടത്തോളം
ഒരിക്കലും അവസാനിക്കാത്ത
ശാന്തി തിരിച്ചു തരൂ…
യുദ്ധം എടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ ആര്‍ക്കാണ് കഴിയുക?