തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. അതിതീവ്ര മഴയും മണ്ണിടിച്ചൽ പോലുള്ള ആഘാതത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
14 ജില്ലകളിലും ശക്തമായ മഴ തുടരും . തെക്കു പടിഞ്ഞാറൻ കാറ്റിനു ശക്തി കുറയാത്തതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത.28 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 29 മുതൽ മഴ കുറയും.
ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് മുന്നറിയിപ്പ് ഉണ്ട്.കണ്ണൂർ, കോഴിക്കോട്,പാലക്കാട്, തൃശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ അതി ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ വയനാട്, മലപ്പുറം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. 28 ന് ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്.
വടക്കൻ കേരളത്തിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ട് .