ഇംഫാൽ: മണിപ്പൂരിൽ സംഘർഷം മുറുകുന്നു .സുരക്ഷാ സേനയുടെ വെടിയേറ്റ് കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സ്ത്രീ കൊല്ലപ്പെട്ടത്.
ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്ഖൊഗിൻ ഹോകിപിന്റെ ഭാര്യ ഹൊയ്ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഹൊയ്ഖൊൽഹിങ്ങിനെ രക്ഷിക്കാനായില്ല. അധികാരികൾ ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഇറക്കിയിട്ടില്ല.
ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്ഫെയ് ഗ്രാമത്തിൽ ആയിരുന്നു അക്രമം നടന്നത്. ബിഷ്ണുപുർ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നുവെന്നറിയുന്നു . വെടിവെപ്പിൽ കർഷകനായ 60 വയസ്സുള്ള നിങ്തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്.ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.