ന്യൂഡൽഹി : കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത നാലു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട് .
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ നീങ്ങിയിട്ടുണ്ട് . രാജസ്ഥാന് മുകളിൽ മറ്റൊരു ന്യൂനമർദ്ദം കൂടി സ്ഥിതിചെയ്യുന്നുണ്ട് . കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ജൂൺ 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ ഇന്ത്യയിലുടനീളം മൺസൂൺ പൂർണ്ണമായും ശക്തി പ്രാപിച്ചതിനാൽ കേരളം, തമിഴ്നാട്, തീരദേശ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതഎന്നും റിപ്പോർട്ടുണ്ട് .