കോഴിക്കോട്: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായി .ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു . 2134 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജൂലായിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
കഴിഞ്ഞ മെയ് 14 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തു . അതിനുമുമ്പേ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകി.
ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയത്.ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ സംയുക്ത കരാറിലാണ് തുരങ്കപാത നിർമാണം നടക്കുന്നത്. ഭോപ്പാൽ അസ്ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത അസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിരുന്നു.
ഇരട്ട തുരങ്കങ്ങളായാണ് നിർമാണം നാലുവരി ഗതാഗതമാണ് പദ്ധതിയിൽ . 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം.
ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിൽ വിഭാവനം ചെയ്യുന്നു. ഇരുവഴിഞ്ഞിപ്പുഴയിൽ പാലങ്ങൾക്കും കലുങ്കുകൾക്കും പുറമേ അടിപ്പാതയും സർവീസ് റോഡുമുണ്ടാകും .