കൊച്ചി :കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതക്കുമ്പോൾ സർക്കാർ നിസംഗരാവുകയാണ്. മാതൃകാ പദ്ധതിയെന്ന നിലയിൽ സർക്കാർ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡൽ കടൽ ഭിത്തി ഭാഗീകമായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഈ ഭാഗത്ത് പുലിമുട്ടുകൾ നിർമ്മിച്ച് മണൽ നിക്ഷേപിച്ച് തീരത്തെ ആഴം കുറക്കുന്നില്ലെങ്കിൽ കടൽ ഭിത്തി തന്നെ തകരുന്ന ന്നവസ്ഥയാണിപ്പോൾ. 19 കിലോമീറ്ററിൽ 7.26 കിലോമീറ്റർ മാത്രമാണ് ഭാഗികമായി പൂർത്തീകരിച്ചിട്ടുള്ളത്. വൈപ്പിലെ ഞാറക്കൽ, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.
തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിനോട് ചേർന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഗുരുതരമായ വിധത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടത്തിനും കാരണമായിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിൽ സർക്കാർ അലംഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്.
തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ജനതയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെആർഎൽസി സി രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ആവശ്യപ്പെട്ടു.