കൊച്ചി:കേരള തീരത്തുണ്ടായ കപ്പലപകടങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ചു. കപ്പലപകടങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് നിയമനം. ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയെ സഹായിക്കാൻ അഡ്വ. അർജുൻ ശ്രീധറിനെ അമികസ് ക്യൂറിയായി നിയോഗിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ബേപ്പൂർ കടലിൽ കപ്പൽ തീപിടിച്ച് രാസമാലിന്യം കടലിൽ കലർന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥിന്റെ നിർദ്ദേശം.
ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസാണ് പരാതിക്കാരൻ. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് പരാതി.