ന്യൂഡൽഹി: രാജ്യത്ത് മൂന്ന് അത്യാധുനിക ഐ-സ്റ്റാർ ചാര വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം. 10,000 കോടി രൂപ ചെലവിലാണ് അത്യാധുനിക ചാര വിമാനങ്ങൾ വാങ്ങുന്നത്.
ശത്രുക്കളുടെ റഡാർ സ്റ്റേഷനുകൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടങ്ങിയ കരയിലുള്ള താവളങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിന് ഇന്ത്യൻ വ്യോമസേനയ്ക്ക് വ്യക്തമായ എയർ-ഗ്രൗണ്ട് ചിത്രം ലഭിക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യം മുന്നിൽകണ്ടാണ് ഈ നീക്കം.
പദ്ധതി ജൂൺ നാലാം വാരത്തിൽ നടക്കാനിരിക്കുന്ന ഉന്നതതല പ്രതിരോധ മന്ത്രാലയ യോഗത്തിൽ അനുമതിക്കായി പരിഗണിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
ബോയിങ്, ബോംബാർഡിയർ എന്നിവയുൾപ്പെടെ വിദേശ നിർമ്മാതാക്കളിൽ നിന്ന് ഓപ്പൺ ടെൻഡർ വഴിയാകും വിമാനങ്ങൾ വാങ്ങുക. വിമാനത്തിലെ ഓൺബോർഡ് സംവിധാനങ്ങൾ പൂർണമായും തദ്ദേശീയമായിരിക്കും.