തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള ബാരലുകൾ വിഴിഞ്ഞം തീരത്തടിഞ്ഞു . കഴിഞ്ഞ ദിവസം രാത്രി 11 ബാരലുകൾ തീരത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്തു ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും അടിഞ്ഞു .
കണ്ടയ്നറുകൾ നീക്കം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് ഇവ ശേഖരിക്കുന്നത് . കോസ്റ്റൽ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവയെല്ലാം . കടലിൽ ഒഴുകിനടക്കുന്ന കെമിക്കലുകൾ അടങ്ങിയ ഭാരം കൂടിയ ബാരലുകൾ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.
മീൻപിടിക്കാനായി വിരിച്ച വല തിരികെ വലിച്ചുകയറ്റുമ്പോഴാണ് ബാരലുകൾ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലകൾ കീറി നഷ്ടം ഉണ്ടായതായി രണ്ടു തൊഴിലാളികൾ കോസ്റ്റൽ പോലീസിന് പരാതി നൽകി. വെള്ളിയാഴ്ച വൈകുന്നേരം വരെ 19 ബാരലുകൾ ലഭിച്ചെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു.