വിഷാദഛായയുള്ള ഈ പ്രണയഗാനത്തെ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിനുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ അടക്കമുള്ള സംഗീതസംവിധായകര്‍ അടക്കിഭരിച്ചിരുന്ന വേദിയിലാണ് നവാഗത സംഗീതസംവിധായകനായ ജോബ് മാസ്റ്റര്‍ ഒറ്റ ഗാനം കൊണ്ട് പ്രതിഷ്ഠ നേടിയത്.
‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം
1965 ജൂണ്‍ നാലിനാണ് നമ്മുടെ സിനിമാശാലകളില്‍ അല്ലിയാമ്പല്‍ വിരിഞ്ഞത്. ഇന്നും മലയാളികളുടെ പ്രണയഗീതികളില്‍ പച്ചപ്പ് നിറച്ചു വിരിഞ്ഞു നില്‍ക്കുകയാണ് ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനം. മലയാള സിനിമയില്‍ ഇന്നേവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതും ജനപ്രീതിയുള്ളതുമായ പത്തു ഗാനങ്ങള്‍ ആകാശവാണി തെരഞ്ഞെടുത്തപ്പോള്‍ ആദ്യസ്ഥാനങ്ങളില്‍ എത്തിയ ഒരു ഗാനം ഇതായിരുന്നു.
പി.എന്‍ മേനോന് എന്ന സംവിധായകന്റെ ആദ്യ സിനിമയായിരുന്നു ‘റോസി’. സ്റ്റുഡിയോകളില്‍ നിന്നും പുറത്തേക്കു സിനിമാ ചിത്രീകരണം മാറുന്ന കാലം. പൂര്‍ണമായി ഔട്ഡോര്‍ ഷൂട്ടിങ് നടന്ന സിനിമ എന്ന ചരിത്രം ‘റോസി’ക്കു സ്വന്തം. എ.കെ.മണിയുടെ കഥയും പി.ജെ.ആന്റണിയുടെ തിരക്കഥയും. പി.ജെ.ആന്റണിയും കവിയൂര്‍ പൊന്നമ്മയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.പി.ഭാസ്കരന് എഴുതിയ ഗാനങ്ങള്‍ക്കു സംഗീതം നല്കാന് ക്ഷണിക്കപ്പെട്ടത് കെ.വി.ജോബ് എന്ന ജോബ് മാസ്റ്ററും. അഞ്ചു ഗാനങ്ങളാണ് സിനിമയ്ക്കായി ഒരുക്കിയത്.
‘അല്ലിയാമ്പല്‍ക്കടവില്‍’ എന്ന ഗാനം പാടുന്നതിനായി അന്നത്തെ തലയെടുപ്പുള്ള ഗായകന് കെ .പി. ഉദയഭാനുവിനെയാണ് ജോബ്മാസ്റ്ററും കൂട്ടരും മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പനിയും തൊണ്ടയടപ്പും കാരണം ഉദയഭാനുവിനു അന്ന് പാടാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് തുടങ്ങേണ്ടതിനാല്‍ റെക്കോര്‍ഡിങ് മാറ്റിവയ്ക്കാനും സാധിക്കില്ല. ഇതേ സിനിമയിലെ ‘വെളുക്കുമ്പോള്‍ പുഴയൊരു’ എന്ന് തുടങ്ങുന്ന ഗാനം പാടാനെത്തിയ യേശുദാസ് സ്റ്റുഡിയോയുടെ മുന്നില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികളോടൊപ്പം നില്ക്കുന്നുണ്ടായിരുന്നു. സീനിയര്‍ ഗായകന് ഉദയഭാനു പാടിക്കഴിഞ്ഞു തന്റെ പാട്ടിനായി കാത്തിരിക്കുകയാണ് യേശുദാസ്. യേശുദാസിനെ ഈ പാട്ട് പാടാന്‍ ഉദയഭാനു തന്നെ നിര്‍ദ്ദേശിക്കുകയും ക്ഷണിക്കുകയുമായിരുന്നു.

ഭാസ്കരന് മാസ്റ്റര്‍
ഉദയഭാനുവിന്റെ അനുഗ്രഹം വാങ്ങി യേശുദാസ് ‘അല്ലിയാമ്പല്‍’ പാടിത്തീര്‍ത്തു.
നേര്‍ത്ത വിഷാദഛായയുള്ള ഈ പ്രണയഗാനത്തെ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിനുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ അടക്കമുള്ള സംഗീതസംവിധായകര്‍ അടക്കിഭരിച്ചിരുന്ന വേദിയിലാണ് നവാഗത സംഗീതസംവിധായകനായ ജോബ് മാസ്റ്റര്‍ ഒറ്റ ഗാനം കൊണ്ട് പ്രതിഷ്ഠ നേടിയത്. അത്യപൂര്‍വമായി മാത്രം മറ്റു കലാകാരന്മാരെ അഭിനന്ദിക്കുന്ന ദേവരാജന്‍ മാസ്റ്റര്‍ ‘അല്ലിയാമ്പല്‍’ കേട്ടതിനു ശേഷം ജോബ് മാസ്റ്റര്‍ക്ക് ഒരു കത്തെഴുതി.’പ്രിയപ്പെട്ട മിസ്റ്റര്‍ ജോബിന്, എന്നെ താങ്കള്‍ക്ക് അറിയില്ല. ഈയിടെ താങ്കളുടെ ഒരു പാട്ട് കേട്ടു. അല്ലിയാമ്പല്‍ എന്നാണു തുടക്കം. എനിക്കു വലിയ ഇഷ്ടമായി. അഭിനന്ദിക്കാതിരിക്കാന്‍ ആവാത്തത് കൊണ്ടെഴുതുന്നു. ഇനിയും ഇത് പോലുള്ള നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.’

ജോബ് മാസ്റ്റര്‍
സിനിമാലോകത്തെ കയ്പേറിയ ദിനങ്ങളില്‍ ജോബ് മാസ്റ്റര്‍ക്ക് കരുത്തേകിയത് ദേവരാജന്‍ മാസ്റ്ററുടെ ഈ വാക്കുകളായിരുന്നു.
മലയാള സിനിമാസംഗീതരംഗത്തു യേശുദാസിനു ഈ ഗാനം നല്‍കിയത് സങ്കല്പിക്കാനാവാത്ത ഉന്നതിയായിരുന്നു. ഉദയഭാനുവിന്റെ പനി യേശുദാസിനു നല്‍കിയത് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗീതമായിരുന്നു. യേശുദാസിനും ഏറെ പ്രിയപ്പെട്ടതാണീ ഗാനം. എല്ലാ ഗാനമേളകളിലും അദ്ദേഹം ‘അല്ലിയാമ്പല്‍’ പാടും. പ്രസംഗത്തിന് പോകുമ്പോള്‍ ഒരു ഗാനമെന്നു സദസ്യര്‍ ആവശ്യപ്പെടുമ്പോള്‍ പതിവായി പാടുന്ന ഗാനവും ഇത് തന്നെയാണ്.

യേശുദാസ്
2009-ല്‍ ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കര്‍ എന്ന മലയാളം സിനിമയിലും ഈ ഗാനം ചേര്‍ക്കപ്പെട്ടു. വിജയ് യേശുദാസാണ് പുതിയ വേര്‍ഷന്‍ പാടിയത്.
ലളിതപദാവലിയില്‍ ഭാസ്കരന് മാസ്റ്റര്‍ എഴുതിയ വരികള്‍ക്ക് ഒരു തബലയോ കോംഗോ ഡ്രമ്മോ പോലും വായിക്കാതെ ശാന്തമായ ഈണം സമന്വയിപ്പിക്കാന്‍ ജോബ് മാസ്റ്റര്‍ക്ക് കഴിഞ്ഞു. പ്രായം മറന്നു പറക്കുകയാണ് ഈ ഗാനം. മലയാളികളുടെ പ്രണയകാവ്യമായി തലമുറകളിലൂടെ.