തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസമായി കാലവർഷം ശക്തികുറഞ്ഞെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് . ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം .