തൃശൂർ: ഇന്ത്യയിലെ ഏറ്റവും മികവാർന്ന ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും, എല്ലാ കെട്ടിടങ്ങളും പൊതു വിടങ്ങളും കലാലയങ്ങളും തീയറ്ററുകളും ഭിന്നശേഷിക്കാർക്കുകൂടി പ്രാപ്യമാകണമെന്നുംസാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
കുടുംബശ്രീ ജില്ലാ മിഷൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ബഡ്സ് സ്കൂൾ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്സ് സ്കൂളുകളിലെ പ്രത്യേകമായ പരിശീലന രീതിയിലൂടെ അവരെ സമൂഹത്തിൽ പ്രയാസങ്ങളില്ലാതെ ഇടപെടാൻ കഴിവുള്ളവരായി മാറ്റാൻ നമുക്ക് സാധിക്കുന്നുണ്ട്.
സ്നേഹവും വാത്സല്യവും നിറഞ്ഞ വളരെ പോസിറ്റീവായ ഒരു അന്തരീക്ഷമാണ് ബഡ്സ് സ്കൂളുകൾ ഒരുക്കേണ്ടത്. അതിന് സർക്കാരും സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എല്ലാം ബഡ്സ് സ്കൂളുകൾക്കൊപ്പമുണ്ട് എന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ ഒന്നാമത് പരിഗണന കൊടുക്കേണ്ടവരാണ് ഭിന്നശേഷി മക്കൾ. പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കർമ്മ മേഖലകളിലും പ്രവർത്തിക്കാൻ നമ്മുടെ ഭിന്നശേഷി മക്കൾക്കും അവസരം ഉണ്ടാകണം. അതിന് നമ്മുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെങ്ങിണിശ്ശേരി സാന്ത്വനം ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ മനോജ് തുടങ്ങിയവർ മുഖ്യാതിഥികളായി. സംസ്ഥാന ബഡ്സ് കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നാം സ്ഥാനം കിട്ടിയ അശ്വിൻ ശ്രീകുമാറിനെ ചടങ്ങിൽ അനുമോദിച്ചു.
ബഡ്സ് സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും, ബഡ്സ് സ്കൂൾ കുട്ടികളുടെ വളർച്ച ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പരിശീലനത്തിന് പിന്തുണ നൽക്കുന്ന ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അധ്യാപകരെയും ചടങ്ങിൽ ആചരിച്ചു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോഫി ഫ്രാൻസീസ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.കെ ഗീത, സി.കെ സുനിൽ കുമാർ, എൻ.ടി സജീവൻ, പാറളം പഞ്ചായത്ത് മെമ്പർ സിബി സുരേഷ്, ഫാദർ ജോൺ പാലിയേക്കര, കുടുംബശ്രീ എസ്.എ.പി.എം ആര്യ, പിടിഎ പ്രസിഡന്റ് ചന്ദ്രൻ കെ തുടങ്ങിയവർ ആശംസകൾ നേരുന്നു സംസാരിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനീഷ് സി എം നന്ദി പറഞ്ഞു. തുടർന്ന് ബഡ്സ് സ്കൂൾ കുട്ടികളുടെ കലാപരിപാടികളും വിദ്യാർത്ഥികൾ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേളയും പകൽവീട് അമ്മമാരുടെ കലാപരിപാടികളും അരങ്ങേറി.