ആലപ്പുഴ: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങാൻ പാടില്ലെന്നും എന്താണ് അറിവ് എന്ന് ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിവേകവും വിവേചന ബുദ്ധിയും നല്ലതുപോലെ സൃഷ്ടിക്കാനാവണം. സഹജീവി സ്നേഹവും എല്ലാവർക്കും ഉണ്ടാവേണ്ടതാണ്. ഏതിനെയും സമീപിക്കേണ്ടത് വിമർശനാത്മക ബുദ്ധിയോടെയായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ ബോധം നല്ല രീതിയിൽ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അറിവ് വളരെ പ്രധാനമാണെന്നും എന്നാൽ അറിവ് മാത്രം പോരാ തിരിച്ചറിവുണ്ടാകണമെന്നും പറഞ്ഞ മുഖ്യമന്ത്രി അറിവുണ്ടാവുകയും തിരിച്ചറിവ് ഇല്ലാതെ പോവുകയും ചെയ്താൽ അങ്ങേറ്റം ദോഷകരമാണെന്നും ചൂണ്ടിക്കാണിച്ചു. വകതിരിവ് നല്ല രീതിയിൽ സൃഷ്ടിക്കാൻ ആവണം. അറിവ് സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള മനസ്സ് സൃഷ്ടിക്കാൻ ആകണം. ഇതൊന്നുമില്ലെങ്കിൽ അറിവുണ്ടെങ്കിലും അറിവില്ലായ്മയുടെ ഫലം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.