കൊച്ചി : കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോപ്പുംപടി ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ്, തോപ്പുംപടി ഹാർബർ ബസ് സ്റ്റാന്റ്, തോപ്പുംപടി കണ്ണാമലി ബസ് സ്റ്റാന്റ്, ഇടക്കൊച്ചി ബസ് സ്റ്റാൻ്റ്, പ്യാരി ജംഗ്ഷൻ ഇരുവശം എന്നിവിടങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി എം.എൽ.എ. കെ. ജെ മാക്സിക്ക് നിവേദനം സമർപ്പിച്ചു.
ഈ പ്രദേശങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ കനത്ത വെയിലിലും മഴയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം മുൻനിർത്തി കൊണ്ടാണ് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്. തോപ്പുംപടിയുടെ വികസനം ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ പ്രധാന ഇടങ്ങളിൽ ബസ് ഷെൽട്ടർ ഇല്ലാത്ത സാഹചര്യവും ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയ നടപടിയും ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചേർത്തല, ചെല്ലാനം പ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കെ. ജെ മാക്സി എം.എൽ.എ. വാഗ്ദാനം ചെയ്തു.
കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന, യൂണിറ്റ് ഡയറക്ടർ ഫാ എബിൻ സെബാസ്റ്റ്യൻ ചൊവ്വല്ലൂർ, ഇടവക വികാരി ഫാ ടോമി ചെമ്പക്കാട്ട് , ഇടവക സഹവികാരി ഫാ ജോസഫ് അജിൻ ചാലപള്ളിയിൽ, യൂണിറ്റ് സെക്രട്ടറി ആൻസൺ . കെ . ലൈജു, മുൻ ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ക്ലെൻ സാമുവൽ യൂണിറ്റ് പ്രവർത്തകരായ അലൻ ബിജു, ആഗ്നൽ ജൂഡ്,ആൽഡ്രിൻ,ആൻ മേരി,അമല,ആരോൺ നേതൃത്വം നൽകി.