തിരുവനന്തപുരം : പേമാരിയിൽ സംസ്ഥാന വ്യാപകമായി പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങളും ഒമ്പത് മരണങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. വിവിധ ഇടങ്ങളിലായി അഞ്ച് പേരെ കാണാതായതായും റിപ്പോർട്ടുണ്ട് .
സംസ്ഥാനത്ത് നിലവിൽ 66 ക്യാമ്പുകളിലായി 1894 ആളുകൾ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മെയ് 29ന് മാത്രം 19 ക്യാമ്പുകൾ തുടങ്ങി, 612 ആളുകളെ മാറ്റി താമസിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായയിടങ്ങളിൽ ക്യാമ്പുകൾ തുറക്കുവാനുള്ള നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.
ആറ് ലക്ഷത്തോളം പേരെ താമസിപ്പാക്കാൻ പാകത്തിന് 4000-ത്തോളം ക്യാമ്പുകൾ തുറക്കുവാൻ സജ്ജമാണ്. വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണമായി തകരുകയും, 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ.
നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച (മെയ് 30 മുതൽ ജൂൺ അഞ്ച് വരെ ) സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ കാലയളവിൽ പെയ്തേക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ആഴ്ച ( ജൂൺ ആറ്- 12 ) എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കുറവ് മഴയായിരിക്കും പെയ്യുക.