തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റിന്റെയും ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് .
ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ റെഡ് അലർട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നൽകിയിരിക്കുന്നത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നി നദികളിൽ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി നദികളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചു.
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.