കൊടുങ്ങല്ലൂർ : ദൈവവചനം ശ്രവിച്ച് ഓരോ വ്യക്തിയും സൗഖ്യം പ്രാപിക്കാൻ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തു. കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എൽ റൂഹ 2025 ൽ ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം ഇക്കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ബിഷപ്പ് പറഞ്ഞു.
ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജോസ് ഒളാട്ടുപുറത്ത്, ഫാ.ഷൈജൻ പനക്കൽ തുടങ്ങിയവർ സഹകാർമ്മികരായി. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.
29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ . നാളെ (27) ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിച്ച് സമാപന സന്ദേശം നല്കും.