തിരുവനന്തപുരം: തോരാമഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നി നദികളിൽ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം സ്റ്റേഷൻ, പത്തനംതിട്ട ജില്ലയിലെ അച്ഛൻ കോവിൽ നദിയിലെ കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ , മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ പെരുമ നദിയിലെ കൈതപ്രം സ്റ്റേഷൻ, കാസർകോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കൊള്ളിക്കൽ സ്റ്റേഷൻ, കൊടിയങ്ങാട് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ നദിയിലെ തിരുവേഗപ്പുര സ്റ്റേഷൻ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷൻ, വയനാട് ജില്ലയിലെ കബനി നദിയിലെ കേളോത്തുകടവ് സ്റ്റേഷൻ, മുദങ്ങ സ്റ്റേഷൻ, പനമരം സ്റ്റേഷൻ കേന്ദ്ര ജലകമ്മീഷന്റെ (CWC) മുത്തൻകര സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.