നാഗ്പുർ:മഹാരാഷ്ട്രയിൽ ആരോഗ്യ വകുപ്പ് ശനിയാഴ്ച 47 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 30 എണ്ണം മുംബൈയിലും ഏഴെണ്ണം പൂനെയിലും താനെയില്‍ ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നവി മുംബൈയില്‍ നിന്ന് മൂന്ന് കേസുകളും നാഗ്പൂരില്‍ നിന്ന് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് സ്ഥിരീകരിച്ച നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ നഗരം അതീവ ജാഗ്രതയിലാണ്. താനെയില്‍ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യ നാലായി ഉയര്‍ന്നു. കേസുകള്‍ തിരിച്ചറിയുന്നതിനായി മഹാരാഷ്ട്ര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഇന്നുവരെ ആകെ 7,143 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എല്ലാ രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളേയുള്ളൂവെന്ന് പൂനെ മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 213 കൊവിഡ് കേസുകളില്‍ 207 എണ്ണം ഈ മാസമാണ്. പരിഭ്രാന്തരാകരുതെന്നും ശുചിത്വം പാലിക്കല്‍ പോലുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മറ്റ് രോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആരോഗ്യ അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും റൂമുകളിലും തീന്മേശകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധമാക്കി. ആശുപത്രികളില്‍ മാസ്ക് ധരിച്ചെത്താന്‍ നിര്‍ദേശമുണ്ട്.
അതിനിടെ രാജ്യത്തെ കൊവിഡ് വ്യാപനം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ലെന്നും കേന്ദ്രം അറിയിച്ചു. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ പടരുന്ന വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.