ജെക്കോബി
സഹ്യാദ്രിക്കും അറബിക്കടലിനുമിടയിലെ മലയാളനാടിന്റെ ചരിത്രഗതിയും, മതവിശ്വാസവും സംസ്കാരവും മാനവമൂല്യങ്ങളും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭരണവ്യവസ്ഥയും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ ബൃഹദാഖ്യാനങ്ങളും നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത് കുടിയേറ്റങ്ങളാണ്. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ യൂറോപ്യന്‍ ശക്തികള്‍ കോട്ടകെട്ടിയതിനെ തുടര്‍ന്നുണ്ടായ സാംസ്കാരിക സംക്രമണ സങ്കലനങ്ങള്‍ മറ്റെല്ലാത്തിനെക്കാളും മാനവികതയെയും ധാര്‍മ്മികതയെയും ആത്മാവിനെയും പരിവര്‍ത്തനപ്പെടുത്തിയതിന്റെ അടയാളവാക്യങ്ങളാണ് നമ്മുടെ വിശ്വാസപ്രമാണങ്ങള്‍.
വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള സമുദ്രപാത കണ്ടെത്തുന്നതിന് എട്ടു വര്‍ഷം മുന്‍പ്, മലങ്കരയിലെ പൂര്വക്രൈസ്തവരുടെ ആത്മീയകാര്യങ്ങള്‍ നോക്കാന്‍ ഡീക്കന്‍ പട്ടം കിട്ടിയ ഒരു ജോസഫ് മാത്രം അവശേഷിച്ച അവസ്ഥയില്‍, ആ ഡീക്കന്‍ രണ്ട് അല്മായരെയും കൂട്ടി കിഴക്കന്‍ സിറിയയിലെ നെസ്റ്റോറിയന്‍ പാത്രിയാര്‍ക്കീസിനെ കണ്ട് ഒരു മെത്രാനെ കൊണ്ടുവരാനായി ഇന്നത്തെ തുര്‍ക്കിയിലെ കിഴക്കന്‍ മേഖലയിലെ ഗസര്ത്തായിലേക്കു പോയതും, വൈദികനായി തിരിച്ചെത്തിയ ജോസഫ്, ഗാമയ്ക്കു പിന്നാലെ പതിമൂന്ന് പടക്കപ്പലുകളും 1,500 നാവികരുമായി മലബാര്തീരത്തെത്തിയ പേദ്രോ അല്‍വാരെസ് കബ്രാളിന്റെ – മിലിറ്ററി ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റ് എന്ന സന്നദ്ധസേവകരുടെ ആചാര്യനായിരുന്നു ഈ ക്യാപ്റ്റന്‍ മേജര്‍ – കപ്പലില്‍ കയറി പോര്‍ച്ചുഗീസ് രാജാവിനെ കാണാന്‍ ലിസ്ബണിലേക്കു യാത്രയായതും മലയാളക്കരയിലെ ആദ്യ പോര്‍ച്ചുഗീസ്-സുറിയാനി കൂടിക്കാഴ്ചയുടെ ആഖ്യാനങ്ങളിലുണ്ട്. നിവേദനത്തെ തുടര്‍ന്ന് മൊസൂളില്‍നിന്നു വന്ന മാര്‍ യബെല്ല, മാര്‍ ദെന്ഹ, മാര്‍ യാക്കൂബ് എന്നീ കല്‍ദായ മെത്രാന്മാര് കണ്ണൂര്‍ തീരത്തുവച്ച് ആദ്യമായി പോര്‍ച്ചുഗീസുകാരെ കണ്ടുമുട്ടിയതിന്റെ സന്തോഷം പിന്നീട് പങ്കുവയ്ക്കുന്നുണ്ട്.
ബന്ധിതരുടെ മോചനത്തിനായുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സന്ന്യാസിസമൂഹത്തിന്റെ ലിസ്ബണിലെ ആശ്രമശ്രേഷ്ഠനായിരുന്ന പേദ്രോ ദെ കൊവിലോ ഗാമയോടൊപ്പം കോഴിക്കോട്ട് എത്തിയ ആദ്യ പോര്‍ച്ചുഗീസ് മിഷണറിയും രക്തസാക്ഷിയുമാണ്. കോഴിക്കോട് തീരത്ത് വന്നിറങ്ങി ഏഴ് ആഴ്ചയ്ക്കകം അദ്ദേഹം കുന്തമുനയ്ക്ക് ഇരയായി. മാത്രി ദേയി ദേവാലയ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ സ്മാരകശിലയുണ്ടായിരുന്നു. കബ്രാളിന്റെ അര്‍മാഡയില്‍ എട്ടു ഫ്രാന്‍സിസ്കന്‍ സന്ന്യസ്തരും എട്ടു രൂപതാ ചാപ്ലിന്മാരുമുണ്ടായിരുന്നു. 1500 ഡിസംബര്‍ 16-ന് കോഴിക്കോട്ടെ പോര്‍ച്ചുഗീസുകാരുടെ പുതിയ സ്റ്റോര്ഹൗസിനുനേരെയുണ്ടായ ആക്രമണത്തില്‍ ഫാ. ഗാസ്പര്‍, ഓര്‍ഗനിസ്റ്റ് ഫാ. മസേവു, ദൈവശാസ്ത്ര വിദ്യാര്‍ഥി പേദ്രോ നെറ്റോ എന്നീ ഫ്രാന്‍സിസ്കന്‍ മിഷണറിമാര്‍ ഉള്‍പ്പെടെ 50 പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു; മിഷന് സുപ്പീരിയറായ കൊയിമ്പ്രയിലെ ഫാ. ഹെന് റിക് അല്‍വാരോ സ്വാരസിന് ഗുരുതരമായി പരുക്കേറ്റു. ഇതിനിടെ മലബാറില്‍ ആദ്യമായി വിശ്വാസം സ്വീകരിച്ച ഒരു ബ്രാഹ്മണന്റെ പേരു കാണാം – മൈക്കള്‍ ദെ സാങ്ത മരിയ.
ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്റോയ് ഫ്രാന്‍സിസ്കോ ഡി അല്‍മേയ്ഡ, കോലത്തുനാട്ടില്‍ കണ്ണൂര്‍ തീരത്ത് 1505-ല്‍ സെന്റ് ആഞ്ജലോ കോട്ടയും സെന്റ് ജെയിംസ് ചാപ്പലും പണിതുയര്‍ത്തി. കണ്ണൂരില്‍ 1514-ല്‍ 344 കത്തോലിക്കരുടെ ഒരു സമൂഹം ഉണ്ടായിരുന്നതിന് ലിസ്ബണ്‍ രാജകൊട്ടാരത്തിലെ പുരാരേഖാലയത്തില്‍ തെളിവുണ്ട്. 1513-ല്‍ അല്‍ഫോന്‍സോ ദെ ആല്‍ബുക്കര്‍ക്ക് കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്ത് പാണ്ടികശാലയും ചാപ്പലും നിര്‍മിക്കുന്നുണ്ട്. കോഴിക്കോട് അതിരൂപതയുടെ പ്രേഷിതമധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1543-ലെ ക്രിസ്മസ് ദിനത്തില്‍ കണ്ണൂരും, 1549 മാര്‍ച്ച് 17-ന് കോഴിക്കോടും സന്ദര്‍ശിക്കുകയുണ്ടായി.
താനൂരിലെ വെട്ടത്തുരാജാവ് ചാലിയത്ത് പോര്‍ച്ചുഗീസ് കോട്ടയും സാന്ത മരിയ ദെ കാസ്തെല്ലാ ചാപ്പലും നിര്‍മിക്കാന്‍ സഹായിക്കുന്നതും 1548-ല്‍ ഡോം ജോവാവോ ദെ താനൂര്‍ എന്ന പേരില്‍ ക്രിസ്തുമതം സ്വീകരിക്കുന്നതും റാണി, ഡോണ മരിയ ആകുന്നതും താനൂര്‍ ഈശോസഭയുടെ മിഷന്കേന്ദ്രമായി വളരുന്നതും മലബാറിലെ പ്രേഷിതചരിത്രത്തിലെ വലിയൊരു ഉപാഖ്യാനമാണ്. ഇതിനിടെ, ഗോവ ആര്‍ച്ച്ബിഷപ് അലക്സിസ് മെനേസിസും പില്ക്കാലത്ത് അങ്കമാലി-കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയാകുന്ന ജസ്യുറ്റ് സുറിയാനി പണ്ഡിതന് ഫ്രാന്‍സിസ് റോസും ഫ്രാന്‍സിസ് അകോസ്റ്റയും, പിന്നീട് അര്‍ത്തുങ്കല്‍ വെളുത്തച്ചന് എന്ന ഖ്യാതി നേടുന്ന ജക്കോമോ ഫെനീച്ചിയോയും കോഴിക്കോട് സാമൂതിരിയുടെ ഹൃദയം കവരുന്നുണ്ട്. കോഴിക്കോട് തീരത്ത് ഇറ്റാലിയന്‍ നിയോ-റോമന്‍ വാസ്തുശില്പലാവണ്യമിയന്ന മാത്രി ദേയി ദേവാലയത്തിന്റെ പുനര്‍നിര്‍മിതിക്ക് ശിലാന്യാസം നിര്‍വഹിച്ചത് ആ സാമൂതിരിയാണ്.
റോമിലെ പന്ക്രാസിയോ സെമിനാരിയില്‍ നിന്ന് മലബാറിലേക്കു നിയോഗിക്കപ്പെട്ട ഡൊമിനിക് ഓഫ് സാന്‍ ജൊവാനി ദെല്ല ക്രോച്ചെ എന്ന കര്മലീത്തനാണ് ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയില്‍ 1723-ല്‍ മിഷന് സ്ഥാപിക്കുന്നതും 13 വര്‍ഷത്തിനുശേഷം ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ പ്രഥിത തീര്‍ഥാലയം പണിയുന്നതും. ഇപ്പോള്‍ അത് കോഴിക്കോട് അതിരൂപതയിലെയും വടക്കന്‍ കേരളത്തിലെയും പ്രഥമ മരിയന്‍ ബസിലിക്കയാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായ മലബാറില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് 24 കൊല്ലം മുന്‍പാണ് ഉത്തരകേരളത്തിലെ പ്രഥമ റോമന്‍ കത്തോലിക്കാ രൂപതയുടെ ഉദയവും ഇറ്റാലിയന്‍ ജസ്യുറ്റ് മിഷനറിമാരുടെ ഇവിടത്തെ എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ സമാരംഭവും.
വയനാടന്‍ മേഖലയിലെ യൂറോപ്യന്‍ തോട്ടങ്ങളില്‍ ജോലിക്കായി ആംഗ്ലോ-ഇന്ത്യരും ലത്തീന്‍ സമുദായക്കാരും കുടിയേറിയതില്‍ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ വൈത്തിരി, മാനന്തവാടി, മേപ്പാടി പ്രദേശങ്ങളില്‍ റോമന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 1926-1970 കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് അഞ്ചു ലക്ഷത്തോളം വരുന്ന സുറിയാനി കര്‍ഷകര്‍ മലബാറിലെ കിഴക്കന്‍ മലകളിലെ വനഭൂമികളിലേക്കും ഉള്‍നാടുകളിലേക്കും നടത്തിയ ഐതിഹാസികമായ ആഭ്യന്തര കുടിയേറ്റം ഉത്തരകേരളത്തിന്റെ കാര്‍ഷിക, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സാമുദായിക, പാരിസ്ഥിതിക ഭൂമിക അപ്പാടെ മാറ്റിയെഴുതുന്ന മഹാപ്രതിഭാസമായിരുന്നു.
ചന്ദ്രഗിരിപ്പുഴ മുതല്‍ ഷൊര്‍ണൂര്‍വരെ വ്യാപിച്ചുകിടന്നിരുന്ന കോഴിക്കോട് രൂപതയുടെ ഓരോ കോണിലും ദുര്‍ഘടമായ മലമ്പാതകളിലൂടെ നടന്ന് അജപാലനശുശ്രൂഷ നിര്‍വഹിച്ച, ഇറ്റലിയിലെ ഈശോസഭയുടെ മിലാന് പ്രോവിന്സില് നിന്നുവന്ന മിഷനറി ബിഷപ് ആല്‍ദോ മരിയ പത്രോണി, തിരുവിതാംകൂറില്‍ നിന്ന് തന്റെ രൂപതയിലേക്കു കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ തന്റെ ദൈവജനത്തെ പിന്നിലാക്കുന്ന സ്ഥിതിവിശേഷം കണ്ട് സുറിയാനി റീത്തുകാരുടെ ആധ്യാത്മികകാര്യങ്ങള്ക്കും ഭൗതികസഹായത്തിനുമായി പ്രത്യേക വികാരി ജനറലിനെയും എപ്പിസ്കോപ്പല്‍ വികാരിയെയും നിയമിക്കുകയും, സുറിയാനിക്കാര്‍ക്കുവേണ്ടി രൂപത സ്ഥാപിക്കാനായി കുടിയേറ്റപ്രദേശങ്ങളുടെ ഭൂപടവും സ്ഥിതിവിവരക്കണക്കുകളും അടങ്ങുന്ന റിപ്പോര്‍ട്ട് റോമിലേക്ക് അയക്കുകയും ചെയ്തു. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന ഫ്രഞ്ച് കര്‍ദിനാള്‍ ടിസരാങ് കേരളത്തിലെത്തിയപ്പോള്‍ ബിഷപ് പത്രോണി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയിലാണ് തലശേരിയില്‍ സീറോ മലബാര്‍ എപ്പാര്‍ക്കി രൂപവത്കരണത്തിന് ധാരണയായത്.
കോഴിക്കോട് ലത്തീന്‍ രൂപതയുടെ 35 ദേവാലയങ്ങളും അവയുടെ കുരിശുപള്ളികളും പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളും പേരാവൂരിലെയും കുളത്തുവയലിലെയും ഹൈസ്കൂളുകളും നിരവധി ആതുരാലയങ്ങളും സ്ഥാപനങ്ങളും വസ്തുവകകളും ബിഷപ് പത്രോണി ഔദാര്യപൂര്‍വം തലശേരി രൂപതയ്ക്കു സമ്മാനിച്ചു. തലശേരി പിന്നീട് അതിരൂപതയായി. മാനന്തവാടി, താമരശേരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ രൂപതകളും അതോടൊപ്പം വളര്‍ന്നു. മലബാറിലെ ലത്തീന്‍ സമൂഹവുമായി സീറോ മലബാര്‍ സഭയ്ക്കുള്ള സുദൃഢമായ ബന്ധത്തിന്റെ വേരുകള്‍ കുടിയേറ്റജനതയ്ക്കായി കോഴിക്കോട് അതിരൂപത പതിറ്റാണ്ടുകളോളം നല്കിയ കരുതലിന്റെയും സംരക്ഷണത്തിന്റെയും നിസ്തുല ചരിത്രത്തില്‍ തെളിഞ്ഞുകാണാനാകും.
കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മലമ്പനിയോടും പൊരുതി പരദേശത്ത് പുതുജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട പാവപ്പെട്ട മനുഷ്യരുടെ യാതനകളില്‍ അവരെ അനുയാത്ര ചെയ്ത കോഴിക്കോട് രൂപതയിലെ യൂറോപ്യന്‍ മിഷണറിമാരുടെയും തദ്ദേശീയ വൈദികരുടെയും സന്ന്യസ്തരുടെയും കാരുണ്യശുശ്രൂഷയുടെ മഹാസുവിശേഷം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയുടെ ആ ചരിത്രഗാഥ. ചിറക്കല്‍ മിഷനിലെ ദൈവദാസന് ഫാ. ലീനസ് മരിയ സുക്കോളിന്റെ ഭവനപദ്ധതികളും കോളയാട്, ചന്ദ്രഗിരി മിഷനുകളില്‍ ഫാ. പോള്‍ റൊസാരിയോ ഫെര്‍ണാണ്ടസ് ആദിവാസികള്‍ക്കായി ചെയ്ത സേവനങ്ങളും അവിസ്മരണീയമാണ്.
തിരുകര്മങ്ങള്ക്കുള്ള സാമഗ്രികളും ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും വസ്ത്രങ്ങളും മലേറിയയെ നേരിടാനുള്ള ക്വയിനാഗുളിക പാക്കറ്റുകളും വലിയ സഞ്ചിയിലാക്കി പുറത്തുതൂക്കിയിട്ട്, വലത്തുകൈയില്‍ വലിയൊരുവടിയും ഇടത്തേതില് കൊടുവാളും വടക്കുനോക്കിയന്ത്രവും പോക്കറ്റില്‍ കോഴിക്കോട്ടു താലൂക്കിന്റെ ഭൂപടവുമായി കിഴക്കന്‍ മലയോരപ്രദേശങ്ങളിലും നിബിഡവനങ്ങളിലും കുടിയേറ്റക്കാര്‍ക്ക് ആധ്യാത്മിക ശുശ്രൂഷയും അവശ്യസഹായവും നല്‍കാനായി സാഹസികയാത്ര നടത്തിയിരുന്ന ഇറ്റാലിയന്‍ ജസ്യുറ്റ് മിഷനറി ജാക്കോമോ മൊന്തനാരിയുടെ കഥ കൂടത്തായി, ഏഴിമല മേഖലകളില്‍ ഇന്ന് ആധുനിക സൗകര്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന പുതുതലമുറക്കാര്‍ക്കും മറക്കാനാവില്ല. കൂടത്തായിക്കടുത്ത് പതിനായിരത്തില്പരം ഏക്കര്‍ഭൂമി വാങ്ങി കുടിയേറ്റക്കാര്‍ക്ക് നിസ്സാരവിലയ്ക്കു കൈമാറിയ മൊന്തനാരിയച്ചന് ഏഴിമലയില്‍ 660 ഏക്കറോളം ഭൂമി പാവപ്പെട്ട ജനങ്ങള്‍ക്ക് ദാനംനല്കി. നൂറുകണക്കിന് കുടുംബങ്ങളെ തെങ്ങിന്‍തൈയും നെല്ലും കപ്പയുമൊക്കെ നല്കി അദ്ദേഹം കുടിയിരുത്തി. ത്യാഗപൂര്‍ണമായ പ്രേഷിതശുശ്രൂഷയുടെ എത്രയെത്ര ജീവല്സാക്ഷ്യങ്ങളാണ് കോഴിക്കോടിന്റെ മഹിതഗാഥയിലുള്ളത്!
ഫ്രാന്‍സിസ് പാപ്പാ ദിവംഗതനാകുന്നതിന് ഒരാഴ്ച മുന്‍പ്, ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണ് കോഴിക്കോടിനെ അതിരൂപതാ പ്രവിശ്യയായി ഉയര്‍ത്തിക്കൊണ്ടും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ പ്രഥമ ആര്‍ച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുമുള്ള പേപ്പല്‍ ഡിക്രിയില്‍ ഒപ്പുവച്ചത്. കേരളത്തിലെ മൂന്നാമത്തെ റോമന്‍ കത്തോലിക്കാ അതിരൂപതയാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നിവ അതിന്റെ സഫ്രഗന്‍ രൂപതകളും.
കോഴിക്കോട് അതിരൂപതയില്‍ 12 മിഷന് സ്റ്റേഷനുകളും, കണ്ണൂരില്‍ 23 എണ്ണവും, സുല്‍ത്താന്‍പേട്ടില്‍ 36 മിഷന് സ്റ്റേഷനുകളുമുണ്ട്. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രസ്ഥാനങ്ങള്‍ 41 എണ്ണം കോഴിക്കോടുണ്ട്, ഏഴെണ്ണം കണ്ണൂരും, അറെണ്ണം സുല്ത്താന്പേട്ടിലും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ യഥാക്രമം 67, 64, 21. സമര്‍പ്പിത ശുശ്രൂഷ ചെയ്യുന്ന സന്ന്യാസിനിമാര്‍ കോഴിക്കോട് അതിരൂപതയില്‍ 790, കണ്ണൂരില്‍ 603, സുല്‍ത്താന്‍പേട്ടില്‍ 108 പേര്. മുന്‍ഗണനകളുടെയും കരുത്തിന്റെയും സൂചകങ്ങളാണിവ.
വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക, രാഷ് ട്രീയ മുന്നേറ്റത്തില്‍ കോഴിക്കോട് അതിരൂപത വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്വേഷപ്രചാരണങ്ങളുടെയും ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും ഇരുണ്ട നാളുകളില്‍, പുണ്യം മധ്യസ്ഥായിയാണ്, അന്യോന്യം സംവദിക്കുന്നതിലാണ് ദൈവകൃപ എന്നു പഠിപ്പിക്കുന്ന പാരമ്പര്യമാണ് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റേത്. കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിയതിലുള്ള ആഘോഷങ്ങളിലും പ്രഥമ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണത്തിലും നന്മയുടെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും കീര്‍ത്തനങ്ങളില്‍ നമുക്കേവര്‍ക്കും പങ്കുചേരാം!