ജെക്കോബി/ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍
‘മകനേ’ എന്ന പത്രോണി പിതാവിന്റെ സ്നേഹമസൃണമായ വിളി ആദ്യമായി കേട്ട ദിനം ആര്‍ച്ച്ബിഷപ് വര്‍ഗീസ് ചക്കാലക്കലിന് ഇന്നും ഓര്‍മയുണ്ട്. എറണാകുളത്ത് കായലോരത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. മാളയില്‍ നിന്ന് അപ്പനോടൊപ്പം ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്ത് എത്തിയതാണ്, പത്താം ക്ലാസ് ജയിച്ച് വൈദികപഠനത്തിനു ചേരാനുള്ള അദമ്യമായ മോഹത്തോടെ കൊച്ചുമിടുക്കനായ വര്‍ഗീസ്.
മലയാളത്തെ ആത്മാവിലേറ്റിയ അവസാനത്തെ വിദേശീയ കത്തോലിക്കാ മെത്രാന്, ഇറ്റലിക്കാരനായ ഈശോസഭാ മിഷനറി ആള്‍ദോ മരിയ പത്രോണി, കരുണാര്‍ദ്രമായ വാത്സല്യത്തോടെ അവനെ നോക്കി.
തൃശൂരിന്റെ ഈണമുള്ള സ്തുതിചൊല്ലലും, മാളപള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവക വികാരിയായിരുന്ന ബോള്‍ഗാട്ടിക്കാരന്‍ ഫാ. ബൊനവെഞ്ചര്‍ നടുവത്തേഴത്ത് പരിശീലിപ്പിച്ച പ്രകാരം മുട്ടുകുത്തി പിതാവിന്റെ മോതിരം മുത്തിയതും മറ്റും അദ്ദേഹത്തിന് പെരുത്ത് ഇഷ്ടമായിക്കാണും. പിന്നെ ഒരു മണിക്കൂറോളം, ഇറ്റാലിയന്‍ ചുവയുള്ള, അച്ചടിമലയാളത്തിന്റെ വടിവും ചേലുമുള്ള ലളിതവാക്യങ്ങളില്‍, അച്ചനാകുമ്പോള്‍ എന്തൊക്കെ ചെയ്യണം എന്ന ഉപദേശമാണ് മെത്രാന് നല്‍കിയത്. ഒടുവില്‍, ജൂണില്‍ മംഗലാപുരത്ത് സെമിനാരിയില്‍ പോകാന്‍ ഒരുങ്ങി കോഴിക്കോട് ബിഷപ്സ് ഹൗസിലേക്കു വരാന്‍ അദ്ദേഹം ക്ഷണിച്ചു.
ആശീര്‍വാദം നല്കി യാത്രയാക്കുമ്പോള്‍, പത്രോണി പിതാവ് തന്റെ പേഴ്സ് തുറന്ന് അതില്‍ നിന്ന് ഒരു നൂറുരൂപാ നോട്ട് എടുത്ത് അപ്പനു കൊടുത്തു. പണത്തിന്റെ ആവശ്യമില്ലെന്ന് അപ്പന് എളിമയോടെ പറഞ്ഞ് അതു തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് പറഞ്ഞു: ഇത് ഇരുന്നോട്ടെ. മകന്റെ ആവശ്യത്തിന് ഉപകരിക്കും. അവന് വലുതാകുമ്പോള്‍ ഇതിന്റെ നൂറിരട്ടി പാവങ്ങള്‍ക്കു നല്കാന് അവനു കഴിയട്ടെ!
കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്സ് ഹൗസില്‍ നിന്ന് മംഗലാപുരം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയിലേക്ക് യാത്രയാകുന്നതിനു മുന്‍പായി, കോഴിക്കോട് രൂപതയുടെ വൈദികാര്ഥിയായ ബ്രദര്‍ വര്‍ഗീസ് ചക്കാലക്കലിന് മാസംതോറും പത്തു രൂപ അലവന്‍സ് നല്‍കണമെന്ന് സെമിനാരിയിലെ പ്രോക്കുറേറ്ററുടെ പേര്‍ക്ക് എഴുതിയ ഒരു കത്ത് പത്രോണി പിതാവ് തന്നെ ഏല്പിച്ചതും ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ ഓര്‍ക്കുന്നു. സെമിനാരിയില്‍ അത്തരം അലവന്‍സ് ലഭിച്ചിരുന്ന ഏക വിദ്യാര്‍ഥി ബ്രദര്‍ ചക്കാലക്കലായിരുന്നു! തന്നോട് ഇത്രമേല്‍ സ്നേഹവും ഔദാര്യവും കരുതലും കാണിക്കാന്‍ പിതാവിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീട് മറ്റു വിദ്യാര്‍ഥികള്‍ ഇക്കാര്യമറിഞ്ഞ്, തങ്ങള്‍ക്കും അലവന്‍സ് അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ എല്ലാവര്ക്കും ആ ആനുകൂല്യം നല്കാന് ഉത്തരവുണ്ടായി.
വടക്കന്‍ കേരളത്തിന്റെ മാതൃരൂപതയായ കോഴിക്കോട്ടെ (ലത്തീനില്‍, കാലികുത്തെന്‍സിസ്) റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലകനായി 32 കൊല്ലം കൃപാപൂരിതമായ ശുശ്രൂഷ ചെയ്ത പത്രോണി പിതാവില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ച വര്‍ഗീസ് ചക്കാലക്കലിന് വൈദികപട്ടം ലഭിച്ചത് രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന് മാക്സ് വെല്‍ വാലന്റൈന്‍ നൊറോണ പിതാവില്‍ നിന്നാണ്. കോഴിക്കോട് ദൈവമാതാ (മാത്രി ദേയി) കത്തീഡ്രലില്‍ വച്ച് നൊറോണ പിതാവ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം നല്കിയ ആദ്യത്തെ മൂന്നു വൈദികരില്‍ ഇന്ന് അവശേഷിക്കുന്നത് അതിരൂപതയായി ഉയര്‍ത്തപ്പെട്ട കോഴിക്കോടിന്റെ പ്രഥമ ആര്‍ച്ച്ബിഷപ് ചക്കാലക്കലാണ്.
ആദ് അള്ത്താരെ ദേയി
വിസ്മയിപ്പിക്കുന്ന ദൈവത്തിന്റെ അപ്രതീക്ഷിത ദാനങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞതാണ് തന്റെ ജീവിതം എന്ന് ആര്‍ച്ച്ബിഷപ് പറയും. സവിശേഷ നിയോഗത്തിനായി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവനാവുക എന്ന അനുഭവം ജീവിതത്തിലുടനീളമുണ്ട്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഫാ. ബൊനവെഞ്ചര്‍ തന്നെ വിളിച്ചത്: ”ചക്കാലക്കല്‍ ഔസോയുടെ മോനല്ലേ നീ?” അച്ചന് ചോദിച്ചു.
പള്ളിയിലെ അള്ത്താരബാലനാകാനുള്ള വിളിയായിരുന്നു അത്. ചവിട്ടുഹാര്മോണിയം എന്നു വിളിച്ചിരുന്ന ഓര്‍ഗന്റെ അകമ്പടിയോടെ ഗ്രിഗോറിയന്‍ സംഗീതത്തിലെ ലത്തീന്‍ ചാന്റുകളും മറ്റും ആലപിച്ചുകൊണ്ടുള്ള പാട്ടുകുര്‍ബാന അര്‍പ്പിച്ചിരുന്ന കാലം. ‘ആദ് അള്ത്താരെ ദേയി’ എന്ന ഒരു കൈപ്പുസ്തകത്തില്‍ നിന്ന്, ‘ദോമിനുസ് വൊബിസ്കും’ (ദൈവം നിങ്ങളോടു കൂടെ), അതിനു പ്രതിവചനമായി ‘ഏത് കും സ്പീരിത്തു തൂവോ’ ( അങ്ങേ ആത്മാവോടും കൂടെ) എന്നു തുടങ്ങി ലത്തീന്‍ കുര്‍ബാനയുടെ ഓരോ ഭാഗത്തും അള്‍ത്താരബാലന്‍ പറയേണ്ട വാക്യങ്ങള്‍ പത്തുപതിനഞ്ചു ദിവസംകൊണ്ട് അച്ചന് പഠിപ്പിച്ചു. ‘ഇന്ത്രോയിബോ ആദ് അള്ത്താരെ ദേയി. ആദ് ദേവും ക്വി ലെത്തിഫിക്കാത്ത് യുവെന് തൂത്തെം മേവും’ (എന്റെ യുവത്വത്തിന് ആഹ്ലാദം നല്കുന്ന ദൈവത്തിങ്കലേക്ക്, അള്‍ത്താരയിലേക്ക് ഞാന്‍ പോകും) എന്നതിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ പിന്നെയും കുറച്ചുനാളുകള്‍ വേണ്ടിവന്നു.
നിത്യവും കുര്‍ബാനയ്ക്കു പോകുന്ന ശീലം കുടുംബത്തില്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു – അമ്മയ്ക്കും അപ്പനും ആറു മക്കള്‍ക്കും (മൂന്ന് പെണ്മക്കളും മൂന്ന് ആണ്മക്കളുമായിരുന്നു, വര്‍ഗീസ് മൂന്നാമത്തെ ആണ്‍സന്തതി).
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, തറവാടിനു ചുറ്റുവട്ടത്തെ നാലഞ്ചു വീടുകളില്‍ മേയ് മാസത്തില്‍ പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം, സംഭവം, ദൃഷ്ടാന്തം, ശുദ്ധ ബര്ണദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ഥിച്ച ജപം, ലുത്തിനിയ, പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ, പരിശുദ്ധരാജ്ഞീ ജപം, സുകൃതജപം എന്നിങ്ങനെയുള്ള വണക്കമാസ പ്രാര്‍ഥന (അക്ഷരസ്ഫുടതയോടെ) ചൊല്ലാനും, മാര്‍ച്ച് മാസത്തില്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ജപവും ലുത്തിനിയയും മറ്റും ആലപിച്ചുകേള്ക്കാനും ഔസോയുടെ ഈ മകനെ അവര്‍ ക്ഷണിക്കുമായിരുന്നു.
ഇപ്പോഴും, പൗരോഹിത്യത്തിന്റെ 44 വര്‍ഷവും എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ 26 വര്‍ഷവും തികയുമ്പോഴും, കേരളത്തിലെ ലത്തീന്‍ സഭയിലെ സഹമെത്രാന്മാര്ക്കും സീറോ മലബാര്‍ സഭാ സിനഡിലെ മെത്രാന്മാര്ക്കും വേണ്ടി മാത്രമല്ല, ജമ്മു-കശ്മീരിലും സ്വിറ്റ്സര്‍ലന്‍ഡിലും മറ്റും സഭാമേലധ്യക്ഷന്മാര്ക്കും സന്ന്യസ്തസമൂഹങ്ങള്ക്കും ദൈവജനത്തിനും മറ്റുമായി ധ്യാനം നയിക്കാന്‍ ചക്കാലക്കല്‍ പിതാവിനെ വിളിക്കുന്നു.
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്താനും, തന്നെ പ്രഥമ ആര്‍ച്ച്ബിഷപ്പായി നിയമിക്കാനുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ തീരുമാനം ന്യൂഡല്‍ഹിയില്‍ നിന്ന് അപ്പസ്തോലിക നുണ്‍ഷ്യോ ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറെല്ലി വിളിച്ചറിയിക്കുമ്പോള്‍ ബിഷപ് ചക്കാലക്കല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ ധ്യാനം നയിക്കുകയായിരുന്നു. ”അഞ്ചിടങ്ങളില്‍ ധ്യാനം നടത്തി. അഞ്ചാമത്തെ ധ്യാനത്തിന്റെ തലേന്നാണ് നുണ്‍ഷ്യോയുടെ ഫോണ്സന്ദശം വന്നത്. ഏപ്രില്‍ 12ന് വത്തിക്കാനിലും പ്രാദേശികസഭയിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു അറിയിപ്പ്. ഷിക്കാഗോയിലെ ധ്യാനം കഴിഞ്ഞ് 12-ാം തീയതി കോഴിക്കോട് തിരിച്ചെത്താനുള്ള റിട്ടേണ്‍ ടിക്കറ്റാണ് നേരത്തെ എടുത്തിരുന്നത്. എന്തെങ്കിലും കാരണവശാല്‍ വിമാനം വൈകിയാല്‍ പ്രഖ്യാപനസമയത്ത് ബിഷപ്സ് ഹൗസില്‍ എത്താന്‍ കഴിയില്ലല്ലോ എന്ന ആശങ്ക ഉണ്ടായതിനാല്‍, രണ്ടു ദിവസം മുന്‍പ് എത്തിച്ചേരാന്‍ പാകത്തില്‍ ടിക്കറ്റ് ശരിയാക്കി. സംഭവം പൊന്തിഫിക്കല്‍ രഹസ്യമായതിനാല്‍, ഒരു എമര്‍ജന്‍സി വന്നുപെട്ടു എന്ന വിശദീകരണമാണ് എല്ലാവര്ക്കും നല്‍കിയത്,” അദ്ദേഹം അനുസ്മരിച്ചു.
ഫ്രാന്‍സിസ് പാപ്പായുടെ അന്തിമ ഡിക്രി
വിശ്വാസികളെ പ്രത്യാശയുടെ തീര്ഥാടകരാക്കുവാന്, മാനവരാശിയെ പ്രത്യാശയുടെ മക്കളാക്കുവാന്‍ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരുന്ന ഫ്രാന്‍സിസ് പാപ്പാ, ഗുരുതരമായ ശ്വാസകോശരോഗബാധയെ തുടര്‍ന്ന് റോമിലെ ആശുപത്രിയില്‍ വിദഗ്ധചികിത്സയ്ക്കുശേഷം വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ വിശ്രമത്തില്‍ കഴിഞ്ഞ അവസാന നാളുകളില്‍, ഏറ്റവുമൊടുവില്‍ ഒപ്പുവച്ച രാജ്യാന്തര ഡിക്രികളിലൊന്നാണ് കോഴിക്കോട് രൂപതയെ ‘മെട്രോപ്പൊളിറ്റന്‍ സീ’ പ്രോവിന്സായി ഉയര്‍ത്തിയും, പതിമൂന്ന് വര്‍ഷമായി കോഴിക്കോട് രൂപതാ മെത്രാനായി ശുശ്രൂഷ ചെയ്തുവരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കലിനെ കേരളത്തിലെ മൂന്നാമത്തെ ലത്തീന്‍ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പായി നിയമിച്ചുംകൊണ്ടുള്ള 2025 ഏപ്രില്‍ 12-ലെ കല്പന. പേപ്പല്‍ ബൂളയില്‍ ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ചിരിക്കുന്നത് ഏപ്രില്‍ 12ന്, ഓശാന ഞായറിന്റെ തലേന്നാണ്. ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ നിന്ന്, രോഗത്തിന്റെയും ചില ചികിത്സാവിധികളുടെയും ഫലമായി കനംവച്ച കരങ്ങള്‍ ആശീര്‍വാദത്തിനായി ഉയര്‍ത്താനാവാത്ത അവസ്ഥയിലും വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് വിശ്വാസികള്‍ക്കും ലോകജനതയ്ക്കുമായി തന്റെ അവസാനത്തെ ഊര്‍ബി എത് ഓര്‍ബി ആശീര്‍വാദം നല്കി ഫ്രാന്‍സിസ് പാപ്പാ പിറ്റേന്ന്, ഇറ്റലിക്കാര്‍ ‘പാസ്ക്വേത്താ’ എന്ന പേരില്‍ ‘മാലാഖയുടെ തിങ്കള്‍’ തിരുനാള്‍ (ലുനേദി ദെല്‍ ആഞ്ജെലോ) കൊണ്ടാടുംനേരം സ്വര്ഗീയഭവനത്തിലേക്കു കടന്നുപോവുകയായിരുന്നു.
അന്ത്യദര്‍ശനത്തിന് റോമില്‍
കോഴിക്കോട് അതിരൂപതയെയും സഫ്രഗന്‍ രൂപതകളായ കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നിവയെയും മാത്രമല്ല, കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തിലെ 12 റോമന്‍ കത്തോലിക്കാ രൂപതകളുമടങ്ങുന്ന കാനോനിക സംഘത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ റോമിലേക്കു പോയി.
”ഫ്യൂമിച്ചീനോ വിമാനത്താവളത്തില്‍ നിന്ന് നേരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കാണു പോയത്. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് ഒഴുകിയെത്തേണ്ട തീര്‍ഥാടകരില്‍ നല്ലൊരു പങ്ക് ഒരേസമയം ഒരുമിച്ച് നിത്യനഗരത്തില്‍ സംഗമിക്കുന്ന ദിനങ്ങളായിരുന്നു അത്. അസ്സീസിയിലെ ‘പൊവൊരെല്ലോ’യുടെ പേരു സ്വീകരിച്ചുകൊണ്ട്, പാവങ്ങളുടെ പക്ഷം ചേര്‍ന്നുകൊണ്ട്, ആധുനിക ചരിത്രത്തിലെ പാപ്പാമാരില്‍ ഏറ്റവും ലാളിത്യമാര്‍ന്ന ജീവിതശൈലി പിന്തുടരുകയും, പ്രോട്ടോകോള്‍ നിയന്ത്രണങ്ങളും പാരമ്പര്യ രീതികളും പാലിക്കാതെ കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ലോകത്തിന് മനസിലാകുന്ന ഭാഷയില്‍ തത്സമയം പ്രതികരിക്കുകയും ചെയ്തുവന്ന ഫ്രാന്‍സിസ് പാപ്പായുടെ മുഖം അവസാനമായി ഒരുനോക്കുകാണാന്‍ ടൈബര്‍ നദിക്ക് ഇക്കരെ കസ്തേല്‍ സന്താഞ്ജലോ തൊട്ട് വിയാ ദെല്ലാ കൊണ്ചിലിയാത്സിയോനെയും കടന്ന് പിയാത്സാ സാന്‍ പിയെത്രോയില് മണിക്കൂറുകളോളം കാത്തുനില്ക്കുകയായിരുന്നു തീര്‍ഥാടകരും വിശ്വാസികളും. ബസിലിക്കയില്‍, വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലെ ‘കണ്ഫെസിയോ’ അള്‍ത്താരയ്ക്കു മുന്നിലായി തുറന്ന പേടകത്തില്‍ തിരുവസ്ത്രങ്ങളണിയിച്ച് പൊതുദര്‍ശനത്തിനായി വച്ചിരുന്ന ഭൗതികശരീരം അടുത്തുനിന്നു കണ്ടു പ്രാര്‍ഥിക്കാനായി ലോകരാഷ് ട്ര നേതാക്കള്‍ക്കും ക്രൈസ്തവ സഭാ പ്രതിനിധിസംഘങ്ങള്‍ക്കും മറ്റുമായി പ്രത്യേക പാത ഒരുക്കിയിരുന്നു. പാപ്പായുടെ മുഖം ദര്‍ശിച്ച് വണങ്ങി അനന്തകരുണയ്ക്ക് നന്ദിയര്‍പ്പിച്ച് പ്രാര്ഥിച്ചുകൊണ്ടുനില്ക്കുമ്പോഴാണ് നമ്മുടെ രാഷ് ട്രപതി ദ്രൗപദി മുര്‍മുവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം എത്തുന്നത്. അവരോടൊപ്പം ചേര്‍ന്ന് കുറച്ചുനേരം കൂടി അവിടെ പ്രാര്‍ഥനയില്‍ ചെലവഴിക്കാന്‍ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
പിറ്റേന്ന്, സംസ്കാരശുശ്രൂഷാ ദിവ്യബലിയില്‍ ലോകമെങ്ങുംനിന്നുള്ള സഭാമേലധ്യക്ഷന്മാരോടൊപ്പം ചേര്‍ന്ന് സഹകാര്മികനാകാന് കഴിഞ്ഞു. അവിസ്മരണീയമായ അനുഭവമാണത്. 2005-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ സംസ്കാരശുശ്രൂഷാവേളയില് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിന്ന് ഇടയ്ക്കിടെ ഉയര്‍ന്ന ‘സാന്തോ സുബിത്തോ’ (ഉടന്‍ വിശുദ്ധനാക്കുക) വിളിയുടെ മാറ്റൊലിയായിരുന്നു, വത്തിക്കാന്‍ ചത്വരത്തിലെ തിരുകര്മത്തിലും സാന്താ മരിയ മജോരെ പേപ്പല്‍ ബസിലിക്കയിലേക്കുള്ള വിലാപയാത്രയില്‍ റോമാ നഗരവീഥികളിലും തിങ്ങിനിറഞ്ഞ ജനങ്ങളുടെ സ്നേഹവികാരപ്രകടനങ്ങള്.
ഫ്രാന്‍സിസ് പാപ്പായെ അവസാനമായി നേരിട്ടു കണ്ട് ഹ്രസ്വസംഭാഷണം നടത്തിയത് കഴിഞ്ഞവര്‍ഷം ഒരു ജനറല്‍ ഓഡിയന്സിനിടയില് അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിലാണ്. കേരളത്തിലെ ലത്തീന്‍ മെത്രാന്മാരുടെ 2019-ലെ ആദ് ലീമിന സന്ദര്‍ശനത്തില്‍ എല്ലാവരെയും പാപ്പാ ഒരുമിച്ചാണ് കണ്ടത്.
നാലാമത്തെ പേപ്പല്‍ വാഴ്ചയില്‍
നാല്പത്തഞ്ചാം വയസിലാണ് ഡോ. ചക്കാലക്കലിനെ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ കണ്ണൂരിലെ പ്രഥമ മെത്രാനായി നിയമിച്ചത്. കോഴിക്കോട് രൂപതയുടെ പ്ലാറ്റിനം ജൂബിലിക്കാലമായിരുന്നു അത്. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ കാനോന്‍ നിയമത്തില്‍ ഡോക്ടറല്‍ പഠനം നടത്തിയ 1986-1991 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ പാപ്പായെ റോമില്‍ വച്ച് പലവട്ടം നേരിട്ടു കാണാന്‍ അവസരം ലഭിച്ചിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പാപ്പായുടെ മുഴങ്ങുന്ന ശബ്ദം കേട്ട് ഹൃദയം തുടിച്ചിരുന്ന കാലം, അക്കാലത്താണ് പാപ്പാ ബുധനാഴ്ച തോറുമുള്ള പൊതുദര്ശനത്തില് ശരീരത്തിന്റെ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്! ഏറ്റവുമൊടുവില്‍, ആദ് ലീമിന സന്ദര്‍ശനത്തിന് റോമിലെത്തിയപ്പോള്‍, തീരെ അവശനായ അവസ്ഥയിലായിരുന്നു പാപ്പാ. ”എന്നിട്ടും എഴുന്നേറ്റുവന്ന് ഹസ്തദാനം ചെയ്യാന്‍ അദ്ദേഹം സന്മനസുകാട്ടി – ആദ് ലീമിന സന്ദര്‍ശനത്തിന്റെ അമൂല്യമായ ഒരു ഫോട്ടോ നമുക്കു സമ്മാനിക്കാനാണ് അദ്ദേഹം അത്രയും ക്ലേശം സഹിച്ചത്. സ്വയം ശൂന്യമാക്കുന്ന സഹനത്തിന്റെ ഉജ്വലപ്രതീകമായിരുന്നു ആ വിശുദ്ധന്!”
തിറയുടെയും തറിയുടെയും നാട്ടില്‍, കണ്ണൂരിലെ പുതിയ രൂപതാനിര്മിതിയുടെ സംഭവബഹുലമായ പതിനാലു വര്‍ഷം കഴിഞ്ഞ്, ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ മാതൃരൂപതയായ കോഴിക്കോട്ടേക്കു സ്ഥലംമാറ്റുന്നത്, ബിഷപ് ജോസഫ് കളത്തിപ്പറമ്പിലിനെ കുടിയേറ്റക്കാരും പ്രവാസികളുമായ ജനങ്ങളുടെ അജപാലനശുശ്രൂഷകള്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി റോമിലേക്കു വിളിച്ചതിനെ തുടര്‍ന്നാണ്. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ് ബെനഡിക്റ്റ് പാപ്പാ സ്ഥാനത്യാഗം ചെയ്തു. പിന്നീട് 12 വര്‍ഷം, ഈശോസഭക്കാരനായ ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ അസാധാരണമായ അപ്പസ്തോലിക സാക്ഷ്യത്തിന്റെ തീവ്രാനുഭവമായിരുന്നു. ഇതിനിടെ, 1878-ല്‍ ഇറ്റലിയിലെ വെനീസിലെ ജസ്യുറ്റ് പ്രോവിന്സിന്റെ അജപാലനാധികാരത്തിന് കീഴിലായതു മുതല്‍ 1980 വരെ 102 വര്‍ഷങ്ങള്‍ ജസ്യുറ്റ് സഭാമേലധ്യക്ഷന്മാരുടെ ആധ്യാത്മിക പരിലാളനയേറ്റുവാങ്ങിയ ജനസമൂഹത്തിനുവേണ്ടി രൂപംകൊണ്ട കോഴിക്കോട് രൂപതയുടെ ശതാബ്ദിയാഘോഷവും, 1736 മുതല്‍ ഫ്രഞ്ച് സാംസ്കാരിക ഭൂമികയുമായി ബന്ധമുള്ള മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയുടെ തീര്‍ഥാടനകേന്ദ്രം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനവും രൂപതാസമൂഹത്തിന് ആധ്യാത്മികവും ഭൗതികവും സാംസ്കാരികവുമായ നവീകരണത്തിനായുള്ള ചരിത്രപ്രധാന നാഴികക്കല്ലുകളായി. ബെനഡിക്റ്റ് പാപ്പാ പുതിയ നിയോഗം ഏല്പിച്ച് വൈകാതെ എമരിറ്റസ് പാപ്പായായി വിശ്രമജീവിതത്തിലേക്കു കടന്നുപോയതിനു സദൃശമായി, ഇപ്പോഴിതാ ഫ്രാന്‍സിസ് പാപ്പാ അതിരൂപതയുടെ സംസ്ഥാപനവും മെത്രാപ്പോലീത്തായുടെ നിയമനവും പ്രഖ്യാപിച്ച് ഉടന്‍ നിത്യസൗഭാഗ്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവികപരിപാലനത്തിന്റെ മഹാപദ്ധതിയില്‍, അമേരിക്കയില്‍ നിന്നുള്ള അഗസ്റ്റീനിയന്‍ സഭാംഗമായ ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രാര്‍ഥനകളും അനുഗ്രഹാശംസകളും നമ്മോടൊപ്പമുണ്ട്.
തലപ്പുഴ കണ്ട പാപ്പാ
ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന് (ഒഎസ്എ) എന്ന അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തിന്റെ ആഗോള പ്രിയോര്‍ ജനറല്‍ എന്ന നിലയില്‍ ശുശ്രൂഷ ചെയ്ത കാലയളവില്‍, 2006 ഒക്ടോബര്‍ ആറ്-ഏഴ് തീയതികളില്‍, മോണ്‍. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ഇന്നത്തെ ലെയോ പാപ്പാ) ആലുവയിലെ അഗസ്റ്റീനിയന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് വയനാട് മാനന്തവാടിക്കടുത്തായി തലപ്പുഴ സെന്റ് തോമസ് ദേവാലയത്തില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന അഗസ്റ്റീനിയന്‍ വൈദികരെ കാണാന്‍ അവരുടെ ആശ്രമത്തിലെത്തുകയും അവരോടൊത്ത് രണ്ടുനാള്‍ താമസിക്കുകയും ആ ദേവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. ആ യാത്രയില്‍ അദ്ദേഹം കോഴിക്കോട് ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചിരിക്കണം, ചാപ്പലില്‍ പ്രാര്ഥിച്ചിരിക്കാനും ഇടയുണ്ട്. എന്തായാലും കോഴിക്കോട് അതിരൂപതയെക്കുറിച്ചും മലബാറിനെക്കുറിച്ചും കുറച്ചൊക്കെ ധാരണയുള്ള പാപ്പായാണ് ലെയോ പതിനാലാമന്‍ എന്ന് ഉറപ്പിച്ചുപറയാന്‍ നമുക്കാകും.
പാലിയം അണിയിക്കല്‍
മെത്രാപ്പോലീത്തമാരുടെ അജപാലനാധികാരത്തിന്റെയും അവര്‍ക്ക് പരിശുദ്ധ പാപ്പായുമായുള്ള കൂട്ടായ്മയുടെയും അടയാളമായി പുതിയ മെത്രാപ്പോലീത്തമാര്‍ക്ക് പരിശുദ്ധ പിതാവ് പാലിയം ആശീര്‍വദിച്ചു നല്കുന്ന പാരമ്പര്യമുണ്ട്. ജൂണ്‍ 29ന്, വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാളില്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിമധ്യേയാണ് പാലിയം ‘ഇന്‍വെസ്റ്റിച്ചര്‍’ തിരുകര്‍മങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പാ 2015 മുതല്‍ പാലിയം ആശീര്‍വദിച്ച്, അതത് രാജ്യങ്ങളിലെ അപ്പസ്തോലിക നുണ്‍ഷ്യോ വഴി അത് ഓരോ അതിരൂപതയിലെയും പുതിയ ആര്‍ച്ച്ബിഷപ്പുമാര്‍ക്ക് അവരുടെ കത്തീഡ്രലില്‍ വച്ച് നല്കുന്ന രീതി നടപ്പാക്കുകയുണ്ടായി.
പുതിയ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പിന് നേരിട്ട് പാലിയം നല്കാന് ലെയോ പതിനാലാമന്‍ പാപ്പാ തീരുമാനിക്കുകയാണെങ്കില്‍ ചക്കാലക്കല്‍ പിതാവിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് പാലിയം സ്വീകരിക്കാനാകും. പാപ്പായുമായി ആദ്യ കൂടിക്കാഴ്ചയ്ക്കും അങ്ങനെ അവസരം ലഭിക്കും. ഇതു സംബന്ധിച്ച് സുവിശേഷവത്കരണത്തിനായുള്ള റോമന്‍ ഡികാസ്റ്ററിയില്‍ നിന്നോ ന്യൂഡല്‍ഹിയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ നിന്നോ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
സാര്‍വത്രിക കത്തോലിക്കാ സഭയിലെ ദൈവജനത്തെ പരിപാലിക്കാനുള്ള പത്രോസിന്റെ അപ്പസ്തോലിക അധികാരത്തിന്റെ അടയാളമായ പാലിയം കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിലെ സ്ഥാനാരോഹണ തിരുകര്‍മത്തില്‍ ലെയോ പാപ്പായെ അണിയിക്കുകയുണ്ടായി. തിരുവസ്ത്രത്തിനു മീതെ, കഴുത്തില്‍ ചുറ്റി ഓരോ അറ്റം മുന്നിലേക്കും പിന്നിലേക്കും ഇടുന്ന, രണ്ടിഞ്ച് വീതിയുള്ള വെള്ള കമ്പിളി അംശവസ്ത്രമാണ് പാലിയം. കറുത്ത പട്ടിന്റെ ആറു കുരിശടയാളങ്ങളും ക്രിസ്തുവിനെ കുരിശില്‍ തറച്ച ആണികളുടെ അടയാളമായ മൂന്നു പിന്നുകളും ഇതില്‍ കാണാം. രണ്ടറ്റത്തും കറുപ്പുനിറമാണ്. മെത്രാപ്പോലീത്തമാര്‍ ലിറ്റര്‍ജിക്കല്‍ സ്ഥാനമുദ്രയായാണ് ഇത് അണിയുന്നത്. നഷ്ടപ്പെട്ട ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ സൂചിപ്പിക്കുന്ന അടയാളം.
മംഗലാപുരത്ത് സെമിനാരി പ്രൊഫസര്‍
‘FOLLOW JESUS, THE PERFECT MAN AND BE HUMAN LIKE HIM’ (പൂര്‍ണ മനുഷ്യനായ യേശുവിനെ പിന്തുടരുക, അവനെപ്പോലെ മനുഷ്യനാവുക) എന്ന പ്രമാണവാക്യം വൈദികരൂപീകരണത്തിന്റെ അടിസ്ഥാന മാര്‍ഗദര്‍ശനമായി ഉയര്‍ത്തിപ്പിടിക്കുന്ന മംഗളൂരുവിലെ ജെപ്പു സെന്റ് ജോസഫ്സ് ഇന്റര്ഡയൊസിസന് സെമിനാരി 116 വര്‍ഷം ഈശോസഭയുടെ നിയന്ത്രണത്തിലായിരുന്നു. സൊസൈറ്റി ഓഫ് ജീസസ് സമൂഹത്തിന്റെ ആഗോള സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന ദൈവദാസന് ഫാ. പേദ്രോ അരൂപ്പെ 1980 ജനുവരിയില്‍ മംഗലാപുരം സെമിനാരി സന്ദര്‍ശിക്കുമ്പോള്‍ ബ്രദര്‍ ചക്കാലക്കല്‍ ഡീക്കന്‍ പട്ടത്തിന് ഒരുങ്ങുകയായിരുന്നു. ഫാ. അരൂപ്പെയുടെ ആ സന്ദര്‍ശനം സെമിനാരിയുടെ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായി: സെമിനാരിയുടെ അഡ്മിനിസ്ട്രേഷന് ചുമതല ഈശോസഭയില്‍ നിന്ന് മംഗലാപുരം, കോഴിക്കോട് രൂപതകളിലെ വൈദികര്‍ക്കു കൈമാറാന്‍ ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള റോമിലെ തിരുസംഘത്തോട് ഫാ. അരൂപ്പെ നിര്‍ദേശിച്ചു. 1992 ജൂലൈയില്‍ അതിനുള്ള ഡിക്രി വത്തിക്കാനില്‍ നിന്നു ലഭിക്കുന്ന സമയത്ത്, റോമില്‍ നിന്ന് കാനന്‍ ലോ പഠനം കഴിഞ്ഞ് ഡോ. ചക്കാലക്കല്‍ അവിടെ ഫണ്ടമെന്റല്‍ തിയോളജി, കാനന്‍ ലോ, മോറല്‍ തിയോളജി പ്രൊഫസറായി തിരിച്ചെത്തിയിരുന്നു. ജസ്യുറ്റ് സമൂഹത്തില്‍ നിന്ന് ഇന്റര്ഡയൊസിസന് മാനേജ്മെന്റ് അധികാരമേല്‍ക്കുന്ന ആ അന്തരാളഘട്ടത്തില്‍ അവിടെ അധ്യാപകനായ ഏക മലയാളി.
മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ മാസ്റ്റേഴ്സും ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റേഴ്സും നേടിയതിനുശേഷമാണ് റോമില്‍ അദ്ദേഹം ഡോക്ടറേറ്റിനു പോയത്. റോമിലെ ഉര്‍ബാനിയാനാ യൂണിവേഴ്സിറ്റിയുമായി അഫിലിയേഷനുള്ള മംഗളൂരുവിലെ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഫാക്കല്‍റ്റി അംഗവും ഡീന്‍ ഓഫ് സ്റ്റഡീസുമായി അദ്ദേഹം.
രാജ്യത്തെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ കാനോനിക എപ്പിസ്കോപ്പല്‍ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ദൈവവിളികള്‍ക്കും സെമിനാരികള്‍ക്കും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വേണ്ടിയുള്ള കമ്മിഷന്റെ ചെയര്‍മാനും, മംഗളൂരുവിലെ ഇന്റര്ഡയൊസിസന് സെമിനാരി അഡ്മിനിസ്ട്രേഷന് ചെയര്‍മാനും, ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയുടെ ചുമതലയുള്ള കെആര്‍എല്‍സിബിസി എപ്പിസ്കോപ്പല്‍ കമ്മിഷന് ചെയര്‍മാനുമാണ് ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍.
”വൈദികരുടെ രൂപീകരണം അടിസ്ഥാനപരമായി കുടുംബത്തില്‍നിന്നുതന്നെ തുടങ്ങേണ്ടതാണ്. കുടുംബത്തില്‍ നിന്നു കിട്ടുന്ന വിശ്വാസ സ്ഥൈര്യവും മൂല്യബോധവും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. സെമിനാരിയില്‍ വൈദികാര്‍ഥികളെ മോട്ടിവേറ്റ് ചെയ്യാനും ഇന്‍സ്പയര്‍ ചെയ്യാനും കഴിവുള്ള നല്ല മാതൃകകള്‍ വേണം. ആലുവ മംഗലപ്പുഴ-കാര്മര്ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ആധ്യാത്മിക നിയന്താക്കളും ദൈവശാസ്ത്ര-തത്ത്വശാസ്ത്ര ഗുരുനാഥന്മാരുമായി നൂറുകണക്കിന് വൈദികാര്‍ഥികളെ പരിശീലിപ്പിച്ച ധന്യരായ ഫാ. ഔറേലിയനെയും ഫാ. സഖറിയാസിനെയും റീത്തുഭേദമെന്യേ വൈദികരുടെ നിരവധി തലമുറകള്‍ ഇന്നും ആദരവോടെ ഓര്‍ക്കുന്നത് ഈ സവിശേഷ നൈപുണ്യം കൊണ്ടാണ്,” ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ പറയുന്നു.
ഇടവക ശുശ്രൂഷയുടെ അപൂര്‍വ ഭാഗ്യം
കോഴിക്കോട് രൂപതാ വൈദികന് എന്ന നിലയില്‍ ചക്കാലക്കലച്ചന്റെ ആദ്യനിയമനം പള്ളിക്കുന്നിലേക്കായിരുന്നു. അവിടെ വികാരിയായിരുന്ന ഫാ. ജോസഫ് കിഴക്കേഭാഗം എന്തുകൊണ്ടോ മിക്ക സഹവൈദികര്‍ക്കും ഒരു പേടിസ്വപ്നമായിരുന്നു. തന്നെ അങ്ങോട്ടാണ് മാക്സ് വെല്‍ പിതാവ് ആദ്യം വിടുന്നത് എന്നുകേട്ട് പല സ്നേഹിതരും സഹതപിക്കാനെത്തി. എന്നാല്‍ അവിടെ ചെന്നുകണ്ടമാത്രയില് സഹവികാരിയെ ജോസഫച്ചന് ഭയങ്കര ഇഷ്ടമായി!
അവിടെ തോട്ടത്തില്‍ ചില തൊഴില്‍പ്രശ്നങ്ങളും മറ്റുമുണ്ടായിരുന്നു. ”നന്മകളുള്ള മനുഷ്യരാണെല്ലാം. അവര്‍ക്ക് പറയാനുള്ളത് നമ്മള് കേള്‍ക്കുകയും അവരുടെ സ്നേഹവും വിശ്വാസവും ആര്‍ജിക്കുകയും ചെയ്താല്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവുമുണ്ടാകില്ല.” നാട്ടുകാരും ഇടവകക്കാരുമായി അതിവേഗം ഇണങ്ങി, മിക്കവരെയും പള്ളിയോട് അടുപ്പിച്ചുകൊണ്ടുവരാന്‍ കഴിയുന്ന ഒരു സഹപ്രവര്‍ത്തകനെ ജോസഫച്ചന് കാത്തിരിക്കുകയായിരുന്നു എന്നു തോന്നിപ്പോകും. തോട്ടംതൊഴിലാളികളുമായി ഇടപെടാനും പണമിടപാടുകള്‍ കൈകാര്യം ചെയ്യാനുമൊക്കെ അദ്ദേഹം തന്നെ വിശ്വസിച്ച് ഏല്പിച്ചത് എത്രത്തോളം ആശ്ചര്യകരമായിരുന്നുവെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം തിരിച്ചറിയുന്നുണ്ട്.
ആറുമാസമായപ്പോള്‍ മാക്സ് വെല്‍ പിതാവ്, വര്‍ഗീസ് ചക്കാലക്കലിനെ തന്റെ സെക്രട്ടറിയാക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് പള്ളിക്കുന്നിലെ വികാരിക്ക് കത്തയച്ചു. ജീപ്പുമെടുത്ത് ഫാ. ജോസഫ് കിഴക്കേഭാഗം നേരെ ബിഷപ്സ് ഹൗസിലേക്ക് ചെന്നു. ”വര്‍ഗീസച്ചനെ അരമനയിലേക്കു കൊണ്ടുപോവുകയാണെങ്കില്‍ ഞാനും കൂടെ പോന്നേക്കാം” എന്നാണ് ജോസഫച്ചന് മെത്രാനോടു പറഞ്ഞത്.
അങ്ങനെ, വര്ഗീസച്ചന് ബിഷപ്പിന്റെ സെക്രട്ടറിയാകാതെ പള്ളിക്കുന്നില്‍ തന്നെ തുടര്‍ന്നു. ഒരു കൊല്ലം തികഞ്ഞപ്പോള്‍ വര്‍ഗീസച്ചനെ സ്ഥലംമാറ്റിക്കൊണ്ട് പിതാവിന്റെ കല്പന വന്നു. അതു പിന്‍വലിപ്പിക്കാനായി വീണ്ടും ജീപ്പുമായി ജോസഫച്ചന് അരമനിയിലേക്കു കുതിച്ചു. പക്ഷേ, അപ്പോഴേക്കും മാക്സ് വെല്‍ പിതാവ് റോമിലേക്കു യാത്രപുറപ്പെട്ടിരുന്നു. മെത്രാന് തിരിച്ചുവരുന്നതുവരെ സ്ഥലംമാറ്റം തടഞ്ഞുവയ്ക്കാനാവില്ലെന്ന് വികാരി ജനറല്‍ ജോസഫച്ചനെ ബോധ്യപ്പെടുത്തി.
പിന്നീട്, കണ്ണൂര്‍ രൂപതയുടെ ഭാഗമാകേണ്ട തലശേരിക്കടുത്തുള്ള ചാലില്‍ സെന്റ് പീറ്റേഴ്സ് ഇടവകയില്‍ മൂന്നു ഘട്ടങ്ങളിലായി മൂന്നുവട്ടം വികാരിയായി നിയുക്തനായിട്ടുണ്ട് ഫാ. ചക്കാലക്കല്‍. കടലോര മേഖലയിലെ ആ ഇടവക സമൂഹത്തില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്ത നിര്‍ണായക ഘട്ടങ്ങളിലാണ് ഏഴു മാസത്തേക്കും രണ്ടു മാസത്തേക്കും അഞ്ചുമാസത്തേക്കുമായി വികാരിയായി ബിഷപ് മാക്സ് വെല്‍ അയച്ചത്. ഇടഞ്ഞാല്‍ വളരെ വഷളാവുകയും സ്നേഹിച്ചാല്‍ ജീവന് പോലും നമുക്കായി പണയപ്പെടുത്താന്‍ സന്നദ്ധരാവുകയും ചെയ്യുന്ന പച്ചമനുഷ്യരെയാണ് ചാലില്‍ താന്‍ കണ്ടതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ”മൂന്നുവട്ടം സാന്ത്വനദൗത്യവുമായി ശുശ്രൂഷ ചെയ്ത ആ ഇടവകയില്‍ നിന്നു കിട്ടിയ സ്നേഹം മറ്റൊരിടത്തുനിന്നും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ രൂപതയിലെ ഏറ്റവും മികച്ച ഇടവകസമൂഹങ്ങളിലൊന്നാണ് ഇപ്പോള്‍ ചാലില്‍ നാം കാണുന്നത്.”
കണ്ണൂര്‍ രൂപതയുടെ ഭാഗമായ ഏഴിമലയിലെ ലൂര്‍ദ്മാതാ പള്ളിയിലും കുറച്ചുകാലം വികാരിയായി ശുശ്രൂഷ ചെയ്യാനുള്ള നിയോഗം അദ്ദേഹത്തിനുണ്ടായി.
ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങാന്‍
മാഹിപ്പുഴയുടെ വടക്കുഭാഗത്ത്, മാഹി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ ഒഴികെ, കണ്ണൂര്‍ ജില്ലയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ ചന്ദ്രഗിരി പുഴയുടെ തെക്കുഭാഗം വരെ വിസ്തൃമായി കിടക്കുന്ന ആറു റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് 1998-ല്‍ കോഴിക്കോട് രൂപത ഭാഗിച്ച് കണ്ണൂര്‍ രൂപത സംസ്ഥാപിതമായത്. മംഗളൂരു സെമിനാരി പ്രൊഫസറായിരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കല്‍ 1999 ഫെബ്രുവരിയിലാണ് പ്രഥമ ബിഷപ്പായി അഭിഷിക്തനായത്. റോമില്‍ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ തന്റെ പ്രൊഫസറും റെക്ടറുമായിരുന്ന വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലാണ് മുഖ്യകാര്‍മികനായി കൈവയ്പ് ശുശ്രൂഷയിലൂടെ മെത്രാനായി അഭിഷേചിച്ചത്.
”കണ്ണൂര്‍ ഒരു മിഷന് പ്രദേശമായിരുന്നു. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങുക, അവിശ്വസനീയമാണെന്നു തോന്നാം, പക്ഷേ വളരെ എളുപ്പമാണെന്ന് കണ്ണൂരിലെ 14 വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ കഴിയും. എത്രത്തോളം ഔദാര്യവും സ്നേഹവും കരുണയുമാണ് ദൈവനാമത്തില്‍ ചോദിച്ചാല്‍ നമുക്ക് ലഭിക്കുക എന്നതിന്റെ തെളിവാണ് കണ്ണൂര്‍ രൂപതയിലെ ഓരോ സ്ഥാപനവും, ഓരോ പ്രസ്ഥാനവും. എന്തു ചോദിച്ചാലും കിട്ടും. ദൈവം നമ്മുടെ കൂടെ, നിങ്ങളുടെ കൂടെ, നമ്മുടെ കൂടെയുണ്ട് എന്നു ബോധ്യമാകും. ദൈവത്തിന്റെ ശക്തിയും കൃപയും പൂര്‍ണമായി അനുഭവിക്കാന്‍ കഴിഞ്ഞു. നെഗറ്റീവ് ആയി ഒന്നുംതന്നെയുണ്ടായില്ല എന്നു പറയാം. കരുതലായും പ്രാര്ഥനയായും സ്നേഹമായും പണമായും മനുഷ്യരുടെ നന്മയും കൂട്ടായ്മയും നമ്മോടുകൂടെയുണ്ട്. ഒന്നും മറക്കാനാവില്ല.”
ബര്‍ണശ്ശേരിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍, പുതിയ ബിഷപ്സ് ഹൗസ്, മൂന്നു നിലയുള്ള സോഷ്യല്‍ സര്‍വീസ് സെന്റര്‍, പിലാത്തറയിലെ സെന്റ് ജോസഫ് കോളജും പള്ളിയും ഹയര്‍ സെക്കന്‍ഡറി സ്കൂളും, തളിപ്പറമ്പ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, നിരവധി പള്ളികളും വൈദികമന്ദിരങ്ങളും പാരിഷ് ഹാളുകളും വിദ്യാലയങ്ങളും അഭയകേന്ദ്രങ്ങളും ആതുരാലയങ്ങളും – പുതിയ രൂപതയുടെ അടിസ്ഥാനസൗകര്യങ്ങളെല്ലാം സജ്ജമാക്കാന്‍ നന്മയുടെ സ്രോതസുകള്‍ എണ്ണമറ്റതായിരുന്നു.
”കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്കിടെ മെത്രാന് ശുശ്രൂഷയില്‍, സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ഒരു പദ്ധതിയും മുടങ്ങിയിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് എല്ലാം തക്കസമയത്ത് നടപ്പാക്കാനാകും. കോഴിക്കോട് രൂപതയുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായി ജസ്യുറ്റ് മെത്രാന്മാരുടെ കാലത്ത് തുടങ്ങിവച്ച വയനാട്ടിലെ ചെല്ലോട്ട് എസ്റ്റേറ്റിലെ തേയിലയുടെയും കാപ്പിയുടെയും ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതനുസരിച്ച് വിപണിവില ലഭിക്കാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായി നഷ്ടം നേരിടാറുണ്ട്. കഴിഞ്ഞ വര്‍ഷം കാപ്പി വില മെച്ചപ്പെട്ടു. അത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും മറ്റുവഴികള്‍ ദൈവം കാണിച്ചുതരുന്നുണ്ട്,” ആര്‍ച്ച്ബിഷപ് ചക്കാലക്കലിന് അനുഭവങ്ങളിലൂടെ ഇതു സ്ഥിരീകരിക്കാനാകും.
തകര്‍ക്കപ്പെടാത്ത കുരിശ്
രാഷ് ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധമായിരുന്ന കണ്ണൂരിലെ പ്രഥമ മെത്രാനെന്ന നിലയില്‍ നേരിട്ട വലിയൊരു പ്രതിസന്ധി ഏതെന്നു ചോദിച്ചാല്‍, ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ നിറപുഞ്ചിരിയോടെ ആ അനുഭവം വിവരിക്കും:
കണ്ണൂര്‍ കന്റോണ്‍മെന്റ് മേഖലയിലെ ബര്‍ണശേരി കത്തീഡ്രല്‍ സെമിത്തേരിയിലെ കുറെ കല്ലറകളിലെ കുരിശുകള്‍ തകര്‍ക്കപ്പെട്ടു. കന്യാസ്ത്രീകളുടെ കല്ലറകളില്‍ വാര്ത്തുവച്ചിരുന്ന കനമുള്ള കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്. ഒരെണ്ണം മാത്രം അവര്‍ എന്തുകൊണ്ടോ ബാക്കിവച്ചു – പിന്നീട് ധന്യയായി പ്രഖ്യാപിക്കപ്പെട്ട ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹത്തിലെ സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിന്റെ കല്ലറയിലെ കുരിശു മാത്രം! (നൊവിഷ്യേറ്റില്‍ വച്ച് യേശുവിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും ദിവ്യദര്‍ശനങ്ങളും മിസ്റ്റിക്കല്‍ അനുഭവങ്ങളുമുണ്ടായ സിസ്റ്റര്‍ സെലിന് നിത്യവ്രതവാഗ്ദാനം കഴിഞ്ഞ് 35-ാം ദിവസം ദിവംഗതയായി. 2007-ല്‍ ബിഷപ് ചക്കാലക്കലാണ് നാമകരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. 2012 ഫെബ്രുവരിയില്‍ പൂജ്യഭൗതികാവശിഷ്ടങ്ങള് ബര്‍ണശേരിയിലെ കല്ലറയില്‍ നിന്ന് പയ്യാമ്പലം ബീച്ചിലെ മദര്‍ ഹൗസ് ചാപ്പലിലേക്കു മാറ്റുകയുണ്ടായി.)
”രാഷ് ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഒന്പതുപേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ക്രമസമാധാന നില പൊതുവെ വഷളായിരിക്കെയാണ് സെമിത്തേരിയില്‍ കന്യാസ്ത്രീകളുടെ കല്ലറയിലെ കുരിശുകള്‍ കൂട്ടത്തോടെ തകര്‍ക്കപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്. വിശ്വാസികളും രാഷ് ട്രീയപ്രവര്‍ത്തകരും പ്രതികരണത്തിനും പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും മുറവിളികൂട്ടി രംഗത്തിറങ്ങാനുള്ള സമ്മര്‍ദവുമായെത്തി.
ഞാന്‍ ഒന്നു പ്രാര്‍ഥിക്കട്ടെ, കുറച്ചുനേരം കാത്തിരിക്കൂ എന്നു പറഞ്ഞ് അവരെ തത്ക്കാലത്തേക്കു പിടിച്ചുനിര്‍ത്തി. പ്രാര്ഥിച്ചുകഴിഞ്ഞ്, മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഞാന്‍ ഒരു പ്രസ്താവന നല്കി: ”കുരിശില്‍ കിടന്നവന് ക്ഷമിച്ചവനാണ്. കുരിശു തകര്‍ത്തവരോട് ഞാനും ക്ഷമിക്കുന്നു.”
നൂറായിരം പ്രതിഷേധങ്ങളെക്കാള്‍ ശക്തവും ഫലപ്രദവുമായിരുന്നു ആ രണ്ടു വരികള്‍ എന്ന് പൊതുസമൂഹത്തിന്റെ ഒന്നടങ്കമുള്ള ഐക്യദാര്‍ഢ്യത്തില്‍ നിന്നു വ്യക്തമായി. ജില്ലാ കലക്ടര്‍ വിളിച്ചു, ”പിതാവേ, അങ്ങ് ഇത്രയും സംയമനവും ക്ഷമയും പ്രകടിപ്പിച്ചില്ലായിരുന്നുവെങ്കില്‍, രാഷ് ട്രീയ സംഘര്‍ഷങ്ങള്‍ക്കു പുറമെ ഒരുപക്ഷേ കൂടുതല്‍ രൂക്ഷമായ വര്‍ഗീയ സംഘട്ടനങ്ങള്‍ ഈ നാട്ടില്‍ ആളിപ്പടര്‍ന്നേനെ!”
ദൈവദാസന് ഫാ. സുക്കോള്‍
മലയാളക്കരയില്‍ അതിവേഗം വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഏറെ സാധ്യതയുള്ള ദൈവദാസനാണ് കണ്ണൂരിലെ പരിയാരത്തിനടുത്ത് മരിയാപുരം നിത്യസഹായമാതാവിന്റെ പള്ളിയില്‍ 39 വര്‍ഷം വികാരിയായിരുന്ന ഇറ്റാലിയന്‍ ജസ്യുറ്റ് മിഷനറി ഫാ. ലീനസ് മരിയ സുക്കോള്‍.
ചിറക്കല്‍ മിഷന്റെ ഭാഗമായി ആരംഭിച്ച സേവനശുശ്രൂഷകളില്, സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ക്കായി പതിനായിരത്തോളം വീടുകള്‍ നിര്‍മിച്ചുനല്‍കുകയും, തയ്യല്‍ മെഷീന്, ഓട്ടോറിക്ഷ, കന്നുകാലികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍ എന്നിങ്ങനെ നൂറുകണക്കിനാളുകള്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായം നല്‍കുകയും ചെയ്ത സുക്കോളച്ചന്, മരിയപുരത്ത് താന്‍ നിര്‍മിച്ച പള്ളിയോടു ചേര്‍ന്ന് ഒരു ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്.
കണ്ണൂര്‍ ജില്ലയില്‍ മുപ്പതിലേറെ ദേവാലയങ്ങള്‍ സുക്കോളച്ചന് പണിതീര്‍ത്തിട്ടുണ്ട്. ”ആദ്യമൊക്കെ സുക്കോളച്ചന്, 40-50 പേര്‍ക്ക് ഒരുമിച്ചുകൂടി പ്രാര്‍ഥിക്കാവുന്ന ചെറിയ കപ്പേളകളാണ് നിര്‍മിച്ചിരുന്നത്. കണ്ണൂര്‍ രൂപതയായപ്പോള്, ഓരോ പദ്ധതിയുമായി അച്ചന് എന്നെ കാണാന്‍ വരും. മെത്രാന്റെ കത്തുകൂടി ഉണ്ടെങ്കില്‍ കൂടുതല്‍ സംഭാവന കിട്ടുമെന്ന് അദ്ദേഹം പറയുമായിരുന്നു. ശരിയാണ്, രൂപതാ തലത്തില്‍ അദ്ദേഹം കാര്യങ്ങള്‍ നീക്കിയപ്പോള്‍ ചെറുകപ്പേളകള്ക്കു പകരം വലിയ പള്ളികള്‍ പണിയാന്‍ അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായില്ല. ഭവനരഹിതര്‍ക്കായുള്ള വീടുകളായാലും കുളങ്ങളായാലും മറ്റു പദ്ധതികളായാലും അദ്ദേഹത്തിന്റെ എല്ലാ ശുശ്രൂഷകള്‍ക്കും രൂപതയുടെ പൂര്‍ണ പിന്തുണ ഉറപ്പായിരുന്നു. ബിഷപ് ചക്കാലക്കലിന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം വന്നപ്പോള്‍ സുക്കോളച്ചന് ഒരു സങ്കടം അദ്ദേഹവുമായി പങ്കുവച്ചു: ”എന്റെ മൃതസംസ്കാരം നടത്താന്‍ അങ്ങ് ഇവിടെയുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്.” കോഴിക്കോട് മെത്രാനായി സ്ഥലംമാറ്റം ലഭിച്ചപ്പോഴും, ബിഷപ് അലക്സ് വടക്കുംതല നിയമിതനാകും വരെ രണ്ടു വര്‍ഷം കൂടി കണ്ണൂര്‍ രൂപതാ അഡ്മിനിസ്ട്രേറ്ററായി തുടരേണ്ടിവന്ന സാഹചര്യത്തില്‍, ദൈവദാസന്റെ അഭീഷ്ടം അനുസരിച്ച് അദ്ദേഹത്തിന്റെ സംസ്കാരകര്മത്തില് മുഖ്യകാര്‍മികനാകാനുള്ള നിയോഗം ബിഷപ് ചക്കാലക്കലിനുതന്നെയായിരുന്നു.
ദൈവദാസി മദര്‍ പേത്ര ദീനദാസി
സമൂഹത്തിലെ ഏറ്റവും നിരാലംബരായവരെയും അഗതികളെയും ശുശ്രൂഷിക്കാനായി കണ്ണൂരിലെ പട്ടുവത്ത് ദീന സേവന സഭ എന്ന പേരില്‍ സന്ന്യാസിനീ സമൂഹം സ്ഥാപിച്ച ജര്‍മന്‍കാരിയായ മദര്‍ പേത്ര മോയിനിഗ്മാന് എന്ന ഉര്‍സുലിന്‍ സന്ന്യാസിനി 1976-ല്‍ ദിവംഗതയായപ്പോള് ബ്രദര്‍ വര്‍ഗീസ് ചക്കാലക്കല്‍ ഷിമോഗയ്ക്കടുത്ത് മത്തൂരു ഗ്രാമത്തില്‍ റീജന്‍സി ചെയ്യുകയായിരുന്നു. 2007-ല്‍ മദര്‍ പേത്രയുടെ നാമകരണത്തിനായുള്ള പ്രാര്‍ഥന അച്ചടിച്ച് പ്രസിദ്ധീകരിച്ചത് ബിഷപ് ചക്കാലക്കലാണ്.
”പാവങ്ങളെ സഹായിക്കാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച ദീനദാസികളുടെ കാരിസം അനേകരെ സമര്‍പ്പിതജീവിതത്തിലേക്ക് ആകര്‍ഷിച്ചു. അസാധാരണമായ രീതിയിലാണ് ദൈവവിളികള്‍ വര്ധിച്ചുവന്നതും ആ സമൂഹം വളര്‍ന്നതും. പത്രോണി പിതാവിന്റെയും സുക്കോളച്ചന്റെയും പിന്തുണയും സഹായവും മദര്‍ പേത്രയ്ക്കും ദീനദാസികള്ക്കുമുണ്ടായിരുന്നു. അതോടൊപ്പം അവര്‍ സാധാരണക്കാരോടൊപ്പം കപ്പയും കഞ്ഞിയുമൊക്കെ കഴിച്ച് ഏറ്റവും ലളിതമായും എളിമയോടെയും ജീവിച്ചുകാണിച്ച സുവിശേഷസാക്ഷ്യത്തിന്റെ മഹിമയുമുണ്ട്,” ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ അനുസ്മരിക്കുന്നു.
കുടിയേറ്റക്കാരുടെ മാതൃരൂപത
ലോകമഹായുദ്ധങ്ങളുടെയും ഭക്ഷ്യക്ഷാമത്തിന്റെയും പശ്ചാത്തലത്തില്‍, 1920-1970 കാലത്ത് തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് സുറിയാനി ക്രിസ്ത്യാനികള്‍ നടത്തിയ കുടിയേറ്റ പുറപ്പാടിന്റെ ചരിത്രത്തില്‍ വലിയ പങ്കുവഹിച്ചവരാണ് കോഴിക്കോട് രൂപതയിലെ ജസ്യുറ്റ് മെത്രാന്മാര്. മെത്രാനാകുന്നതിനു മുന്‍പ് ഈശോസഭയുടെ സുപ്പീരിയര്‍ റെഗുലര്‍ ഓഫ് ദ് മിഷന് പദവി വഹിച്ചിരുന്ന പത്രോണി പിതാവിന് രൂപതയിലെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ പ്രധാനമേഖല സുറിയാനി കുടിയേറ്റക്കാരുടെ സംരക്ഷണവും അവരുടെ പാരമ്പര്യ അജപാലനശുശ്രൂഷയുമാണെന്ന് നല്ല ധാരണയുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനുകളില്‍ സംബന്ധിച്ച അദ്ദേഹം കോഴിക്കോട് രൂപതയുടെ മുപ്പതിലേറെ ഇടവകപ്പള്ളികളും കപ്പേളകളും അവയോടൊപ്പമുള്ള വിദ്യാലയങ്ങളും ആതുരാലയങ്ങളുമെല്ലാം തലശേരിയില്‍ സീറോ മലബാര്‍ എപ്പാര്‍ക്കി സ്ഥാപിക്കാനായി ഔദാര്യപൂര്‍വം വിട്ടുനല്‍കി. ”കാനോനികമായി അത്രയും ഉദാരത കാണിക്കേണ്ട ബാധ്യതയൊന്നും ലത്തീന്‍ റീത്തുകാര്ക്കില്ലായിരുന്നു. എന്നാല്‍ അത് പത്രോണി പിതാവിന്റെ ക്രൈസ്തവസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ഒരു ദൃഷ്ടാന്തമായിരുന്നു,” ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ പറയുന്നു.
തലശേരിയിലെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ കാലം മുതല്‍ മലബാറിലെ സീറോ മലബാര്‍ സഭാസമൂഹം സുദൃഢമായ ബന്ധം കോഴിക്കോട് രൂപതയുമായി എന്നും നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. ”വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക സുറിയാനി ദേവാലയങ്ങളിലും പ്രധാന തിരുനാളുകളിലും മറ്റ് ആഘോഷങ്ങളിലും ഞാന്‍ സംബന്ധിച്ചിട്ടുണ്ട്. ആ സ്നേഹവും സാഹോദര്യവും സഹകരണവും എല്ലാ മേഖലയിലും അന്യോന്യം പരിപോഷിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ ഒരു അടയാളമാണ്, കോഴിക്കോടിനെ അതിരൂപതയായി ഉയര്‍ത്തിക്കൊണ്ടും പ്രഥമ മെത്രാപ്പോലീത്തയെ നിയമിച്ചുകൊണ്ടുമുള്ള പേപ്പല്‍ ബൂള കോഴിക്കോട് ബിഷപ്സ് ഹൗസില്‍ പരസ്യമായി വായിക്കാന്‍ സീറോ മലബാര്‍ സഭയുടെ തലശേരി ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി ആര്‍ക്കിഎപ്പിസ്കോപ്പല്‍ വികാരിയുമായ മാര്‍ ജോസഫ് പാംബ്ലാനി പിതാവ് തന്നെ സന്നദ്ധനായത്.”
രാഷ് ട്രീയത്തിന് അതീതമായ സൗഹൃദങ്ങള്‍
മാളക്കാരനെന്ന നിലയില്‍ കെ. കരുണാകരനില്‍ നിന്നു തുടങ്ങി, കണ്ണൂരില്‍ ഇ.കെ നായനാരും പിണറായി വിജയനും കെ. സുധാകരനും, കോഴിക്കോട് മുസ് ലിം ലീഗ് നേതാക്കളും മറ്റു സാമുദായിക, സാംസ്കാരിക സംഘടനാ നേതാക്കളുമായി ബിഷപ് ചക്കാലക്കല്‍ എന്നും വളരെ നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്. അതിരൂപതാ പ്രഖ്യാപനത്തിന്റെ വിവരം കേട്ടറിഞ്ഞ് എംപിയും എംഎല്‍എമാരും ദേശീയ നേതാക്കളും ആശംസകളര്‍പ്പിക്കാന്‍ ബിഷപ്സ് ഹൗസില്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പത്നിയും അന്നുതന്നെ വന്നു. എല്ലാ മതക്കാരും ജാതിക്കാരും പാര്‍ട്ടിക്കാരും വിളിക്കാതെതന്നെ വന്നെത്താറുണ്ട്. അത് ഒരു സംസ്കാരവും പാരമ്പര്യവുമാണ്.
പ്രധാനമന്ത്രി മോദി കോഴിക്കോട് വന്നപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മതാചാര്യനെന്ന നിലയ്ക്ക് ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരോടൊപ്പം റബര്‍, സിആര്‍സെഡ്, വനാതിര്‍ത്തിയിലെ കാട്ടുമൃഗ-മനുഷ്യ സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ബിഷപ് ചക്കാലക്കലിന് അവസരം ലഭിച്ചു.
മുനമ്പത്തെ വഖഫ് പ്രശ്നവുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തിരുന്നു. ചില രാഷ് ട്രീയ താല്പര്യങ്ങള്ക്കായി ചിലര്‍ മതസ്പര്‍ധയും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനം കെആര്‍എല്‍സിബിസി തലത്തില്‍ നിന്നുതന്നെ നാം നല്‍കിയിരുന്നു.
മലബാര്‍ ഇനീഷ്യറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) എന്ന പ്രസ്ഥാനത്തിലൂടെ കോഴിക്കോട് കേന്ദ്രീകരിച്ച് സാംസ്കാരിക നേതാക്കള്‍ സാമൂഹികമൈത്രിക്കും സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി നടത്തുന്ന എല്ലാ നല്ല കാര്യങ്ങളുമായും നമ്മള് സഹകരിക്കുന്നുണ്ട്.
ദേശീയ എപ്പിസ്കോപ്പല്‍ സഖ്യം
കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭാ സമൂഹങ്ങളിലെയും മെത്രാന്മാരുടെ ഏകോപന സമിതിയായ കെസിബിസിയുടെ സെക്രട്ടറി ജനറല്‍ പദത്തോടൊപ്പം, രാജ്യത്തെ റോമന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) സെക്രട്ടറി ജനറലായി തുടര്‍ച്ചയായി മൂന്നു ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബിഷപ് ചക്കാലക്കല്‍. ”കേരളത്തില്‍ നിന്ന് നമ്മുടെ മെത്രാന്മാര് ഇത്തരം പോസ്റ്റുകളില്‍ എത്തിപ്പെടാറില്ല. നമ്മുടെ പ്രാതിനിധ്യം താരതമ്യേനെ കുറവാണ് എന്നത് ഒരു കാരണമാണ്.”
കാരുണ്യഗ്രാമം
അതിരൂപതയിലെ ഭവനരഹിതര്‍ക്കെല്ലാം വീട് എന്ന പദ്ധതിയില്‍ ഏതാണ്ട് 150 വീടുകള്‍ ഇതിനകം നിര്‍മിക്കാനായിട്ടുണ്ട്.
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ 20 വീടുകള്‍ നിര്‍മിക്കാനുള്ള ഒരു നിര്‍ദേശം രൂപത മുന്നോട്ടുവച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ പുരോഗതി നോക്കി അക്കാര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കും.
മേരിക്കുന്നില്‍ കാരുണ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ആദ്യം പാലിയേറ്റീവ് കെയര്‍ – സാന്ത്വന പരിചരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. വയോജനങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതിയും നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി ചെറിയതോതിലുള്ള മറ്റൊരു പദ്ധതിയും ആലോചനയിലുണ്ട്.
മാഹി ബസിലിക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ പ്രഥമ മരിയന്‍ ബസിലിക്ക എന്ന നിലയില്‍ ആ സമുച്ചയത്തിന്റെ വികസനത്തിന് നാം മുന്‍ഗണന നല്‍കുന്നുണ്ട്.
സമുദായ വികസനം
വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന്റെ സാമൂഹിക മുന്നേറ്റം സാധ്യമാകൂ എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണമെന്ന് കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് എന്ന നിലയില്‍ ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍ ആഹ്വാനം നല്കുന്നു. ”നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരാളമുണ്ട്. അവയില്‍ നിന്ന് പഠിച്ച് സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇതര സമൂഹങ്ങളാണെന്നു മാത്രം. വിദ്യാഭ്യാസപരമായി നമ്മുടെ സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയുള്ള, സമഗ്ര മാനവവികസ പദ്ധതികളെക്കുറിച്ച് അവഗാഹമുള്ള, ആളുകളെ പ്രചോദിപ്പിക്കാനും ഉത്തേജിപ്പിക്കാനും നൈപുണ്യവും പ്രാപ്തിയുമുള്ള സമര്‍പ്പിതരായ ഒരുകൂട്ടം വിദഗ്ധരെ നാം ഒരുമിപ്പിച്ചുകൊണ്ടുവരേണ്ടതുണ്ട്.
കരുണക്കൊന്തയും ആരാധനയും
ജപമാലഭക്തനാണ് ആര്‍ച്ച്ബിഷപ് ചക്കാലക്കല്‍. കരുണക്കൊന്തയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കുന്നു. കോഴിക്കോട് ആര്‍ച്ച്ബിഷപ്സ് ഹൗസിലെ ചാപ്പലില്‍ രാവിലെ ആറു മുതല്‍ എട്ടുവരെ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുകൊണ്ടുള്ള ആരാധനയില്‍ എന്നും അദ്ദേഹം പങ്കുകൊള്ളുന്നു.
മാറ്റൊലി സിദ്ധാന്തം
പ്രസാദമധുരമായി, സൗമ്യദീപ്തമായി ആളുകളോട് സംവദിക്കാനുള്ള ആര്‍ച്ച്ബിഷപ് ചക്കാലക്കലിന്റെ ആധ്യാത്മിക സിദ്ധിക്കു പിന്നില്‍, അദ്ദേഹം എപ്പോഴും പങ്കുവയ്ക്കാറുള്ള ഒരു പ്രാപഞ്ചിക തത്വമുണ്ട്: ലോ ഓഫ് ദി എക്കോ. പ്രകാശരശ്മി, അല്ലെങ്കില്‍ ശബ്ദതരംഗം എങ്ങനെ പ്രതിഫലിക്കുകയും മാറ്റൊലിക്കൊള്ളുകയും ചെയ്യുന്നുവോ അതുപോലെ, നമ്മുടെ ചെയ്തികള്‍, കാഴ്ചപ്പാടുകള്‍, നമ്മുടെ കാരുണ്യം, നന്മ, സ്നേഹം, ശാന്തത ഇതൊക്കെ പതിന്മടങ്ങ് പ്രതിഫലിക്കും, നമ്മിലേക്കു തിരിച്ചുവരും. ജീവിതത്തെ നോക്കി നാം പുഞ്ചിരിക്കുമ്പോള്‍, പ്രപഞ്ചം തിരിച്ചു പുഞ്ചിരിക്കും. നിങ്ങള്‍ ലോകത്തിനു നല്‍കുന്നത് പത്തിരട്ടിയായി നിങ്ങള്‍ക്കു തിരിച്ചുകിട്ടും. വ്യക്തിബന്ധങ്ങളില്‍ കൂടുതല്‍ സ്നേഹം കിട്ടണമെങ്കില്‍ നിങ്ങള്‍ കൂടുതല്‍ സ്നേഹിക്കണം. ഗാന്ധിജി പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്: ‘ലോകത്തില്‍ എന്തു മാറ്റമാണോ ആഗ്രഹിക്കുന്നത്, നീ അതാവുക.’ ബൈബിളില്‍ പറയുന്നുണ്ട്, നീ വിതയ്ക്കുന്നത് കൊയ്യുമെന്ന്.
ദൈവതിരുമനസ്സിനു വിധേയത്വം
ആര്‍ച്ച്ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ എപ്പിസ്കോപ്പല്‍ മോട്ടോ, പരിശുദ്ധ കന്യകമാതാവ് ഗബ്രിയേല്‍ ദൂതനോട് പറഞ്ഞ വാക്കുകളാണ്: FIAT VOLUNTAS TUA (ACCORDING TO YOUR WILL). ‘നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.’ കണ്ണൂര്‍ മെത്രാനായി വാഴിക്കപ്പെട്ടപ്പോള്‍ തിരഞ്ഞെടുത്ത ആപ്തവാക്യം, തന്റെ വളര്‍ച്ചയ്ക്ക് എന്നും മാര്‍ഗദര്‍ശിയായി നിന്നിട്ടുള്ള മാക്സ് വെല്‍ നൊറോണ പിതാവിന്റെ നിര്‍ദേശപ്രകാരം മലയാളത്തിലേക്ക് അദ്ദേഹം മൊഴിമാറ്റിയത്, ‘ദൈവതിരുമനസ്സിനു വിധേയത്വം’ എന്നാണ്.
ദൈവഹിതത്തിന് പൂര്‍ണമായി വഴങ്ങി, അനുസരണയുടെയും വിനയത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി മാറിയ മറിയത്തിന്റെ മാതൃക പിന്ചെല്ലലാണ് ബിഷപ് ചക്കാലക്കലിന്റെ അപ്പസ്തോലിക വ്രതം. മറിയത്തിന്റെ ‘FIAT’ ഇംഗ്ലീഷില്‍ ‘LET IT BE’ ആകുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ഇംഗ്ലീഷ് പോപ് റോക്ക് ബാന്‍ഡ് ബീറ്റില്‍സിന്റെ അവസാനത്തെ ക്ലാസിക് ആന്തം, ‘ലെറ്റ് ഇറ്റ് ബി’ നമുക്ക് ഓര്‍മവരും:
WHEN I FIND MYSELF IN TIMES OF TROUBLE,
MOTHER MARY COMES TO ME
SPEAKING WORDS OF WISDOM, LET IT BE,
AND IN MY HOUR OF DARKNESS SHE IS STANDING RIGHT IN FRONT OF ME
SPEAKING WORDS OF WISDOM, LET IT BE.