തിരുവനന്തപുരം : മുതലപ്പൊഴിയിൽ ഇന്ന് മുതൽ വീണ്ടും ഡ്രഡ്ജിങ് പുനരാരംഭിച്ചു.ഇന്നലെ കളക്ടറുമായി നടത്തിയ ചർച്ചയിൽ പ്രവർത്തികൾ വീണ്ടും തുടങ്ങാൻ ധാരണയായിരുന്നു. ഡ്രജറിന്റെ സാങ്കേതിക തകരാർ പരിഹരിച്ച് കൂടുതൽ നേരം പ്രവർത്തിപ്പിക്കും.
രണ്ട് ഡ്രഡ്ജറുകളും ഒരേ സമയം പ്രവർത്തിപ്പിക്കാനുള്ള വഴിയും അധികൃതർ ആലോചിക്കുന്നുണ്ട്. നാല് എസ്കവേറ്ററുകളും ഇന്ന് മുതൽ പ്രവർത്തിപ്പിക്കും. മറ്റൊരു ലോങ്ങ് ബൂം ക്രെയിൻ കൂടി എത്തിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.
ചിതറി കിടക്കുന്ന ടെട്രാേപാഡുകളും നീക്കും.ഉദ്യോഗസ്ഥരുമായി ഇനി സംഘർഷത്തിന് പോകില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും സംയുക്ത സമരസമിതി കലക്ടർക്ക് കഴിഞ്ഞദിവസം ഉറപ്പു നൽകിയിരുന്നു. കാലാവസ്ഥ അനുകൂലം ആണെങ്കിൽ ഈ മാസം അവസാനത്തോടെ പൂർണമായി മണൽ നീക്കം ചെയ്യാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.