റവ. ഡോ. ഷാജി ജെര്‍മ്മന്‍
‘നിര്‍മിത ബുദ്ധിയിലൂടെ (എഐ) ഉരുവാകുന്ന രണ്ടാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ ജീവനും മനുഷ്യമാഹാത്മ്യത്തിനും ഊന്നല്‍ നല്കുന്ന സാമൂഹിക പ്രബോധനങ്ങള്‍ നല്‍കാനായി, പ്രഥമ വ്യാവസായിക വിപ്ലവകാലത്ത് ‘റേരും നൊവാരും’ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ലോകത്തിനു വെളിച്ചം നല്കിയ ലിയോ 13-ാമനെ പിന്തുടരാന് താന്‍ തീരുമാനിച്ചു.’
ലിയോ പതിനാലാമന്‍ പാപ്പാ
പാപ്പാമാരുടെ പേരുമാറ്റം
സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി. സെര്‍ജിയൂസ് 4-ാമന്റെ പേര് പിയെത്രോ മര്‍ത്തീനോ എന്നായിരുന്നു. പേരു മാറ്റത്തിന് മറ്റു കാരണങ്ങളുമുണ്ടായിരുന്നു. മുന്‍ഗാമികളായ പാപ്പാമാരെ ആദരിക്കുക, പരമാചാര്യ ശുശ്രൂഷയുടെ ദര്‍ശനം വ്യക്തമാക്കുക, തുടര്‍ച്ചയോ അഥവാ മാറ്റത്തെയോ സൂചിപ്പിക്കുക എന്നതൊക്കെയായിരുന്നു പുതിയ പേരിനു പിന്നിലെ കാരണങ്ങള്‍.
സ്വന്തം പേരുതന്നെ നിലനിര്‍ത്തിയ അവസാനത്തെ പാപ്പാ മാര്‍സെല്ലൂസ് 2-ാമന്‍ (1555) ആണ്. ഏറ്റവും കൂടുതല്‍ പ്രാവശ്യം സ്വീകരിച്ചത് ‘ജോണ്‍’ എന്ന പേരാണ്. 23 പ്രാവശ്യം. (പക്ഷേ ജോണ്‍ 20-ാമന്‍ ഉണ്ടായിരുന്നില്ല). മറ്റു പേരുകള്‍ ഗ്രിഗറി (16 പ്രാവശ്യം), ബെനഡിക്റ്റ് (16), ക്ലെമെന്റ് (14), ഇന്നസെന്റ് (13), ലിയോ (14), പയസ് (12), സ്റ്റീഫന്‍ (9), ബോണിഫസ് (9), അലക്സാണ്ടര്‍ (8) എന്നിവയാണ്.
ലിയോ പാപ്പാമാര്‍
ലിയോ ഒന്നാമന്: (440 – 461): ‘മഹാനായ ലിയോ പാപ്പാ’ (മഹാനായ എന്നറിയപ്പെട്ട മറ്റൊരു പാപ്പാ ഗ്രിഗറി ഒന്നാമന് മാത്രമാണ്. ലിയോ ഒന്നാമനാണ് ക്യാല്സിഡണ് കൗണ്‍സിലില്‍ യേശുവിന്റെ ദൈവികത്വവും മനുഷ്യത്വവും, എല്ലാ തെറ്റായ സിദ്ധാന്തങ്ങളെയും തിരസ്കരിച്ചുകൊണ്ട്, സ്ഥിരീകരിച്ച് പ്രഖ്യാപിച്ചത്.
ലിയോ രണ്ടാമന്: (682 – 683) : കത്തോലിക്കാ സഭയില്‍ ഗ്രിഗോറിയന്‍ സംഗീതം പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചു. (എന്നാല്‍ ഗ്രിഗറി ഒന്നാമ (590 – 640)ന്റെ പേരിലാണ് ഈ സംഗീതം അറിയപ്പെടുന്നത്.
ലിയോ മൂന്നാമന് (795 – 816) : 800-ാം ആണ്ടില്‍ ക്രിസ്തുമസ് ദിനത്തില്‍ മഹാനായ ചാള്‍സ് രാജാവിനെ റോമന്‍ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തി. അന്നുമുതലാണ് ‘പരിശുദ്ധ റോമന്‍ സിംഹാസനം’ എന്ന പേര് നിലവില്‍ വരുന്നത്.
ലിയോ നാലാമന് (847 – 855) : ബാഹ്യശക്തികള്‍ക്കെതിരെ റോമിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നിര്‍മ്മിച്ച വത്തിക്കാന്‍ നഗരത്തിനു ചുറ്റുമുള്ള മതില് ‘ലിയോണിയന്‍ മതില്’ എന്നറിയപ്പെടുന്നു.
ലിയോ അഞ്ചാമന് (903) : ഏകദേശം ഒരു മാസം മാത്രമേ അദ്ദേഹം ഭരിച്ചുള്ളൂ. അദ്ദേഹത്തെ ശത്രുക്കള്‍ തുറുങ്കില്‍ അടയ്ക്കുകയും തടവില്‍ വച്ച് മരണമടയുകയും ചെയ്തു.
ലിയോ ആറാമന്‍ (928) : വളരെ കുറച്ചു കാലമേ അദ്ദേഹവും ശുശ്രൂഷ ചെയ്തുള്ളൂ. സഭാനേതൃത്വത്തിലെ ‘കറുത്ത കാലഘട്ട’ മായിരുന്നു അത്. റോമിലെ പ്രഭു കുടുംബങ്ങളുടെ മേല്‍ക്കോയ്മയാണ് സഭയില്‍ നിലനിന്നിരുന്നത്.
ലിയോ ഏഴാമന് (936 – 939): സമര്‍പ്പിത ജീവിതത്തിന്റെ നവീകരണത്തിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ഇറ്റലിയിലെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുകയും ‘ക്ലൂണി നവീകരണത്തെ’ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലിയോ എട്ടാമന് (963 – 965) : ഓട്ടോ ഒന്നാമന് ചക്രവര്‍ത്തിയാണ് അദ്ദേഹത്തിന്റെ കിരീട ധാരണം നടത്തിയത്. ചില ചരിത്രകാരന്മാര് അദ്ദേഹത്തെ ‘വിമത പാപ്പാ’ യായും ചിത്രീകരിക്കുന്നുണ്ട്.
ലിയോ ഒമ്പതാമന്‍ (1049 – 1054) : ‘നവീകരണത്തിന്റെ പാപ്പാ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രിഗോറിയന്‍ നവീകരണങ്ങളിലൂടെ സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നവീകരിക്കാന്‍ പരിശ്രമിച്ചു. അക്കാലത്താണ് സഭയില്‍ ഏറ്റവും വലിയ പിളര്‍പ്പുണ്ടായത്. 1054-ല്‍ സഭ പാശ്ചാത്യവും പൗരസ്ത്യവുമായി വിഭജിക്കപ്പെട്ടു.
ലിയോ പത്താമന്‍ (1513 – 1520) : പ്രസിദ്ധമായ ഫ്ളോറന്റൈന് കുടുംബത്തില്‍ ജനിച്ച ജൊവാന്നി ദേ മേദിച്ചിയാണ് ലെയോ പത്താമന്‍ ആയത്. സഭയില്‍ ദണ്ഡവിമോചനങ്ങള്‍ക്ക് പ്രാധാന്യം നല്കി. മൈക്കല്‍ ആഞ്ചലോ, റാഫേല്‍ എന്നീ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നവോത്ഥാനത്തിന് നേതൃത്വം നല്കി. 1521-ല്‍ മാര്ട്ടിന് ലൂഥറിന് സഭാഭ്രഷ്ട് പ്രഖ്യാപിച്ചു. അതോടുകൂടിയാണ് പ്രൊട്ടസ്റ്റന്റ് വിപ്ലവം ആരംഭിച്ചത്.
ലിയോ പതിനൊന്നാമന്‍ (1605) : ‘പ്രകാശിപ്പിക്കുന്ന പാപ്പാ’ എന്ന് അദ്ദേഹം അറിയപ്പെട്ടു. 27 ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭരണ കാലയളവ്. ലിയോ പന്ത്രണ്ടാമന് (1823 – 1829) : ഏറ്റവും യാഥാസ്ഥിതികനായ പാപ്പാ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. നെപ്പോളിയന് ചക്രവര്‍ത്തിയുടെ രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്ന കാലത്ത് സഭയുടെ പരമ്പരാഗതമായ പ്രബോധനങ്ങള്‍ സ്ഥിരീകരിക്കാനും പ്രചരിപ്പിക്കാനും പരിശ്രമിച്ചു. ആധുനികതയെയും ലൗകിക സ്വാധീനങ്ങളെയും ശക്തമായി പ്രതിരോധിച്ചു.
ലിയോ പതിമൂന്നാമന്‍ (1878 – 1903) : ഇരുപത്തിയഞ്ച് വര്‍ഷമാണ് അദ്ദേഹം സഭയെ നയിച്ചത്. സഭയിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്തപ്പെട്ട കാലഘട്ടമായിരുന്നു അത്. ‘റേരും നൊവാരും’ എന്ന സാമൂഹിക പ്രബോധനവും മരിയന്‍ പ്രബോധനങ്ങളുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. തൊഴിലാളികളുടെ പാപ്പാ എന്നും മരിയന്‍ പാപ്പാ എന്നും അദ്ദേഹം അറിയപ്പെടുന്നു. ബൗദ്ധികപരിജ്ഞാനം കണക്കിലെടുത്ത് ‘മഹാനായ ലിയോ’ എന്നും വിളിക്കാറുണ്ട്. 85 ചാക്രിക ലേഖനങ്ങള്‍ അക്കാലയളവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, സാമൂഹിക വിഷയങ്ങള്‍, സഭയുടെ അധികാരം എന്നിവയെല്ലാം വിഷയങ്ങളായി. അവയില്‍ ഏറെ പ്രാധാന്യമുള്ളവ ചുവടെ ചേര്‍ക്കുന്നു.
റേരും നൊവാരും (തൊഴിലിന്റെ അവസ്ഥയെക്കുറിച്ച്, 1891). ലിയോ (1878 – 1903) പതിമൂന്നാമനെ ചരിത്ര പ്രസിദ്ധനാക്കിയ അപ്പസ്തോലിക പ്രബോധനമാണിത്. കത്തോലിക്കാ സഭയുടെ ആധുനിക സാമൂഹികദര്ശനങ്ങള്ക്ക് ഈ ചാക്രികലേഖനം അടിസ്ഥാനമിട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴിലിന്റെ മഹത്വം, വ്യക്തിഗതവസ്തുവകകളുടെ പ്രാധാന്യം,
രാഷ്ട്രങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളാണ് പാപ്പാ ചര്‍ച്ച ചെയ്തത്. ‘സോഷ്യലിസ’ത്തെയും ‘നിയന്ത്രണമില്ലാത്ത ക്യാപ്പിറ്റലിസത്തെയും നിശിതമായി വിമര്‍ശിച്ചു. ഇമ്മൊര്ത്താലെ ദേയി (രാഷ്ട്രങ്ങളിലെ ക്രിസ്തീയ അടിത്തറ,1885). സമൂഹത്തില്‍ സഭയുടെ പങ്ക് വ്യക്തമായി വ്യാഖ്യാനിക്കുകയും സഭ രാഷ്ട്രത്തിന്റെ ഇടപെടലുകളില്‍നിന്ന് സ്വതന്ത്രമായിരിക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തു. ഭരണകൂടങ്ങള്‍ ധാര്‍മ്മികതത്വങ്ങളെ മാനിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
ലിബെര്ത്താസ് പ്രെസ്താന്തീസിമും (മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച്, 1888)സ്വാതന്ത്ര്യം സത്യത്തെയും ധാര്‍മ്മികതയെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ‘മോറല്‍ റിലേറ്റിവിസം, സെക്കുലര്‍ ലിബറിലിസം’ എന്നിവയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പും നല്കി.
എത്തേര്‍ണി പാത്രിസ് (ക്രിസ്തീയ തത്വചിന്തയുടെ പുനരുദ്ധാരണം, 1879)തോമസ് അക്വീനാസിന്റെ തത്വചിന്തയുടെ സ്വാധീനം സഭയില്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി പ്രയത്നിച്ചു. അദ്ദേഹമാണ് തോമസ് അക്വീനാസിനെ കത്തോലിക്കാ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും നെടുംതൂണാക്കിയത്.
പ്രൊവിദെന്തിസിമൂസ് ദേവൂസ് (വിശുദ്ധ ഗ്രന്ഥങ്ങളുടെ പഠനം,1893) ഈ ചാക്രികലേഖനത്തിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ ശാസ്ത്രീയ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ദൈവവചനത്തോടുള്ള ആധുനിക വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും സഭാ പാരമ്പര്യങ്ങളെ സ്ഥിരീകരിക്കുകയും ചെയ്തു.
സപിയെന്സിയേ ക്രിസ്ത്യാനേ (ക്രിസ്ത്യാനികള്‍, നല്ല പൗരന്മാര്;1890) കത്തോലിക്കാ വിശ്വാസികളെ രാഷ്ട്രത്തിലെ നല്ല പൗരന്മാരായിരിക്കാനും അതേ സമയം വിശ്വാസികളെന്ന നിലയിലുള്ള അന്തസ്സത്ത കാത്തുസൂക്ഷിക്കാനും പരിശ്രമിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. പൊതുസമൂഹത്തില്‍ സഭയുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.
ലെത്തീസിയേ സാങ്തേ (ജപമാലയെക്കുറിച്ച്, 1893) സമൂഹത്തിന്റെ നവീകരണത്തിനുവേണ്ടി ജപമാല പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിച്ചു. മരിയ ഭക്തി ധാര്‍മ്മിക സാമൂഹിക സൗഖ്യത്തിന് അനിവാര്യമാണെന്ന് പഠിപ്പിച്ചു. തമെത്സി ഫുത്തൂറ (ക്രിസ്തു രക്ഷകന്, 1900) 20-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന സഭയുടെ കാഴ്ചപ്പാടുകളെ കുറിച്ചായിരുന്നു. ഈ പ്രബോധന സമൂഹത്തിന്റെ സമാധാനത്തിനും നീതിക്കും അടിസ്ഥാനമായി ക്രിസ്തുവിശ്വാസത്തിന്റെ അനിവാര്യതെയാണ് അദ്ദേഹം എടുത്തു പറഞ്ഞത്.
ആദ് എക്സ്ട്രേമാസ് (ഭാരതത്തിലെ സഭയെക്കുറിച്ച്, 24 ജൂണ്‍ 1893) ഭാരതത്തെ അഭിസംബോധന ചെയ്ത് എഴുതപ്പെട്ട സഭയിലെ ആദ്യത്തെ ചാക്രികലേഖനമാണ് ഇത്. രാഷ്ട്രം ബ്രിട്ടീഷ് ആധിപത്യത്തിലായിരിക്കുമ്പോള് സഭയും വൈദേശിക മിഷണറിമാരുടെ നേതൃത്വത്തിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്നാണ് ദീര്‍ഘവീക്ഷണമുള്ള, ഭാരതസഭയുടെ അമൂല്യമായ വിശ്വാസസമ്പത്ത് തിരിച്ചറിഞ്ഞ പാപ്പാ ആഗ്രഹിച്ചത്. ഭാരതത്തിലെ സഭയുടെ ഭാവിക്ക് തദ്ദേശീയരായ പുരോഹിതരും സന്ന്യസ്തരും ആവശ്യമാണ്. വൈദേശിക മിഷണറിമാര്‍ക്ക് അധികകാലം ഭാരത്തില്‍ തുടരാന്‍ സാധ്യമല്ല. തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കും പരിശീലനം നല്‍കണം. അവര്‍ക്കു മാത്രമേ പ്രാദേശിക സംസ്കാരം ഉള്‍ക്കൊള്ളാനും ജനത്തിനു മനസ്സിലാകുന്ന ഭാഷ സംസാരിക്കാനും അവരുടെ ഹൃദയങ്ങളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പകര്‍ന്നു കൊടുക്കുവാനും സാധിക്കുകയുള്ളൂ. ഭാരതത്തിലെ മിഷണറി പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും അതേസമയം ഭാരതസഭ സ്വയം പര്യാപ്തത നേടണമെന്നും തദ്ദേശീയ സംസ്കാരത്തില്‍ അടിയുറച്ചതായിരിക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. വിശ്വാസികള്‍ ഭാരതത്തിലെ വിശ്വസ്തത പൗരന്മാരായിരിക്കുകയും എന്നാല്‍ സഭാവിശ്വാസത്തിന്റെ അന്തസ്സത്ത കാത്തുപാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭാരത ഹയരാര്‍ക്കി സ്ഥാപനം (1886)
ഭാരതസഭയുടെ കൃത്യമായ ക്രമവത്ക്കരണത്തിന് കാരണക്കാരന്‍ ലിയോ 13-ാമന്‍ പാപ്പായാണ്. പദ്രൊവാദോ – പ്രൊപ്പഗാന്ത സംഘര്‍ഷങ്ങളാണ് അദ്ദേഹം ഇവിടെ കണ്ടത്. തദ്ദൈശീയ മെത്രാന്മാര് നേതൃത്വം കൊടുക്കുന്ന ഭാരതസഭയെ അദ്ദേഹം സ്വപ്നം കണ്ടു. 1886-ലെ പോര്‍ച്ചുഗീസ് രാജ്യവുമായുള്ള കൊണ്കൊര്ദാത്തിലൂടെ പദ്രൊവാദോ-പ്രൊപ്പഗാന്ത സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചു.
1886 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറക്കിയ ‘ഹുമാനേ സലൂത്തിസ് അക്ത്തോര്’ എന്ന അപ്പസ്തോലിക കോണ്‍സ്റ്റിറ്റിയൂഷനിലൂടെ ഭാരത ഹയരാര്‍ക്കി ക്രമീകരിച്ചു. സഭയെ അതിരൂപതകളായും രൂപതകളായും തിരിച്ച് ഭൂപരിധി നിശ്ചയിച്ചു. അപ്പസ്തോലിക വികാരിയാത്തുകളെ രൂപതകളായി ഉയര്‍ത്തി. ഗോവ രൂപതയെ പാത്രിയാര്‍ക്കേറ്റ് ആയി പ്രഖ്യാപിച്ചു. ഗോവ, ആഗ്ര, ബോംബെ, വരാപ്പുഴ, കല്‍ക്കട്ട, മദ്രാസ്, പോണ്ടിച്ചേരി എന്നിവയായിരുന്നു അതിരൂപതകള്‍. കൊച്ചി രൂപത ഗോവയുടെ കീഴിലും കൊല്ലം രൂപത വരാപ്പുഴ അതിരൂപതയുടെ കീഴിലുമായി. അപ്രകാരം ഭാരതസഭയെ വൈദേശിക ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമാക്കാനും തദ്ദേശീയ മിഷണറിമാരുടെ പരിശീലനം ആരംഭിക്കാനും വ്യക്തമായ സ്വതന്ത്ര ഭരണം സാധ്യമാക്കാനുമുള്ള ലിയോ പതിമൂന്നാമന്റെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
ലിയോ പതിനാലാമന്‍ (8 മെയ് 2025)
‘മഹത്തായ സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു. നമുക്ക് പാപ്പായെ ലഭിച്ചിരിക്കുന്നു’ കര്‍ദ്ദിനാള്‍ ഡോമിനിക് മാംബെര്ട്ടിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ലോകം സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞ പുതിയ പാപ്പായുടെ പേര് എല്ലാവര്ക്കും അപ്രതീക്ഷിതമായിരുന്നു – കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്സളസ് പ്രെവോസ്റ്റ്. അതിനേക്കാള്‍ അവിശ്വസനീയമായ പേരാണ് അദ്ദേഹം സ്വീകരിച്ചത് – ലിയോ പതിനാലാമന്‍. ലത്തീന്‍ ഭാഷയില്‍ ‘ലിയോ’ എന്ന പേരിനര്‍ത്ഥം സിംഹം എന്നാണ്. പ്രതീകാത്മകമായി ലിയോ എന്ന വാക്ക് ശക്തി, ധൈര്യം, നേതൃത്വപാടവം എന്നിവയെ സൂചിപ്പിക്കുന്നു. മാര്‍ക്കോ സുവിശേഷകന്റെ പ്രതീകവും സിംഹമാണല്ലോ. ഫ്രാന്‍സിസ് അസീസിയുടെ അടുത്ത സുഹൃത്തിന്റെ പേരും ലിയോ എന്നായിരുന്നു.
എന്നാല്‍ ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചത് ലിയോ പതിമൂന്നാമന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന് പാപ്പാ തന്നെ വ്യക്തമാക്കി. ‘വ്യാവസായിക വിപ്ലവകാലത്ത് തൊഴിലാളികള്‍ക്കും തൊഴിലിനും മഹത്വം നല്‍കണമെന്ന് ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തിലൂടെ പഠിപ്പിച്ച പാപ്പായെ അനുകരിച്ച്, നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യമഹത്വം പ്രഘോഷിപ്പിക്കാനാണ് താന്‍ ഈ പേര് സ്വീകരിച്ചത്.’ ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം’ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇപ്രകാരമാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്.
‘ നിങ്ങള്‍ക്ക് സമാധാനം! പ്രിയ സഹോദരീസഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവന് നല്കിയ നല്ല ഇടയനായി ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും അവര്‍ എവിടെ ആയിരുന്നാലും എല്ലാ രാജ്യങ്ങളിലും ഭൂമി മുഴുവനും എത്താനും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം….’
അവനില്‍ നാമെല്ലാം ഒന്നാണ്
അവനില്‍ നാമെല്ലാം ഒന്നാണ് (ഇന്‍ ഇല്ലൊ ഊണോ ഊണും) എന്നതാണ് പാപ്പായുടെ ആപ്തവാക്യം. അദ്ദേഹം പെറുവിലെ ചിക്ലായോ രൂപതയില്‍ മെത്രാനായിരുന്നപ്പോള്‍ സ്വീകരിച്ച ആപ്തവാക്യമായിരുന്നു ഇത്. സങ്കീര്‍ത്തനം 127ന് വിശുദ്ധ അഗസ്റ്റീനോസ് നല്കിയ വ്യാഖ്യാനത്തില്‍ നിന്നാണ് ഈ വാക്യം സ്വീകരിച്ചിട്ടുള്ളത്. എംബ്ലത്തിന്റെ ഒരു ഭാഗത്ത് കാണുന്നത് ലില്ലി പുഷ്പമാണ്. ‘മഡോണ ലില്ലി’ എന്നറിയപ്പെടുന്ന ഈ പുഷ്പം കന്യകാമറിയത്തിന്റെ പരിശുദ്ധി, നിഷ്കളങ്കത, അമലോത്ഭവം എന്നിവയെ സൂചിപ്പിക്കുന്നു. താഴെ മറുഭാഗത്ത് അടഞ്ഞ ഗ്രന്ഥത്തിനു മുകളില്‍ കുന്തത്താല്‍ തുളച്ചു കയറിയ ഹൃദയമാണ്. അഗസ്റ്റിന്റെ മാനസാന്തരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ദൈവവമായുള്ള കണ്ടുമുട്ടലിനെ സൂചിപ്പിച്ചുകൊണ്ട് വിശുദ്ധ അഗസ്തീനോസ് എഴുതി, ‘അങ്ങയുടെ വചനംകൊണ്ട് എന്റെ ഹൃദയം കുത്തി പിളര്‍ന്നു. പരിശുദ്ധ അമ്മയുടെ പരിശുദ്ധിയും വിശുദ്ധ അഗസ്തീനോസിന്റെ മാനസാന്തര ചരിത്രവുമാണ് എംബ്ലത്തില്‍ നിറഞ്ഞുനില്ക്കുന്നത്.

വിശ്വാസമാണ് ജീവിതത്തിന്റെ അര്‍ത്ഥം
മെയ് മാസം 9-ാം തീയതി തന്റെ തെരഞ്ഞെടുപ്പിനുശേഷം സിസ്റ്റെയിന്‍ ചാപ്പലില്‍ അര്‍പ്പിച്ച ആദ്യ ദിവ്യബലിയില്‍ പാപ്പാ പറഞ്ഞു, ‘വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടും’ സഭയുടെ 267-ാമത് പാപ്പായെ വളരെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ ഇല്ലിനോയിസിലെ ചിക്കാഗോയില്‍ അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഇറ്റാലിയന്‍ ഫ്രഞ്ച് പാരമ്പര്യമുള്ളവനും മാതാവ് സ്പാനിഷ് വംശജയുമാണ്. തെക്കേ അമേരിക്കയിലെ പെറുവില്‍ തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തി. അഗസ്റ്റീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പെറുവിലെ ചിക്ക്ലായോയുടെ മെത്രാനായി നിയമിതനായി. മെത്രാന്മാര്ക്കുള്ള ഡിക്കാസ്റ്ററിയുടെ തലവനായും സേവനം ചെയ്തു. അപ്രകാരം സഭയില്‍ മിഷണറിയായും ഭരണമേഖലയിലും നിര്‍ണായക പങ്കുവഹിച്ചു.
കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ളതും ഫ്രാന്‍സിസ് പാപ്പായുടെ സിനഡല്ചര്ച്ചകളില് ഗൗരവമായ പങ്കുവഹിച്ചിട്ടുള്ളതും അദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയില്‍ മുതല്‍ക്കൂട്ടാണ്. വരാപ്പുഴ, കോഴിക്കോട്, പൊള്ളാച്ചി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള പാപ്പാ കേരളത്തെ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.