ഡോ. ഗാസ്പര്‍ സന്യാസി
തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, ലിയോ പതിനാലാമന്‍ പാപ്പാ നല്കിയ ആദ്യ-ഞായര്‍ ദിന സന്ദേശത്തില്‍ ഇന്ത്യാ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തത് ലോകശ്രദ്ധ നേടി. തന്റെ മുന്‍ഗാമിയുടെ നിലപാടുകള്‍ തന്നെയാണ് ലോകത്തിനു മുന്നില്‍ താനും ഉയര്‍ത്തിപ്പിടിക്കുന്നത് എന്ന് തെരഞ്ഞെടുപ്പിന്റെ ദിനത്തിലെ സായാഹ്ന സന്ദേശം മുതല്‍ പാപ്പാ പറയുന്നുണ്ട്. യുക്രയ്നെയും ഗാസയെയും ലിയോ പാപ്പ തന്റെ പ്രഭാഷണത്തില്‍ പരാമര്‍ശിക്കുന്നു. സമാധാനമാണ് നമുക്ക് വേണ്ടത്; യുദ്ധങ്ങളല്ല. മതിലുകള്‍ കെട്ടിയുയര്ത്തലല്ല, സഹകരണത്തിന്റെ പാലങ്ങള്‍ നിര്‍മ്മിക്കാനാണ് ലോക രാഷ്ട്രങ്ങള്‍ ഇനി ശ്രമിക്കേണ്ടത് എന്ന് പാപ്പ പറയുമ്പോള്‍ ലോകനേതാക്കള്‍ അത് ശ്രദ്ധിക്കുന്നുണ്ട്. സെലന്‍സ്കിയും പുടിനും തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് വേദിയൊരുങ്ങുന്നുണ്ട് എന്നതും ആശ്വാസകരമായ വാര്‍ത്തയാകുന്നു.
ഇന്ത്യാ-പാക് വെടിനിര്‍ത്തലിനെച്ചൊല്ലി സന്ദേഹങ്ങളും അഭ്യൂഹങ്ങളും പരക്കുമ്പോഴും, ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്നവര്‍ക്ക് സന്ധിസംഭാഷണങ്ങള്‍ ആശ്വാസവും പ്രത്യാശയും നല്കുന്നു. പാപ്പാ സൂചിപ്പിക്കുന്നതുപോലെ നമ്മുടെ കാലത്തിന്റെ കരുത്താകേണ്ടത് വെടിക്കോപ്പുകളിലല്ല, സംഭാഷണത്തിനും സഹകരണത്തിനുമുള്ള മേശയ്ക്കു ചുറ്റുമിരിക്കാനുള്ള മനസ്സുകളുടെ ഒത്തുചേരലിലാണ്. അതേസമയം മറക്കരുതാത്ത ചില കാര്യങ്ങളുമുണ്ട്. സംഭാഷണവും സഹകരണവും സാധ്യമാകുന്നത് ജനാധിപത്യമൂല്യങ്ങളിലും മാനവികതയിലും വിശ്വസിക്കുന്ന രാഷ്ട്രങ്ങള്‍ തമ്മിലാണ്. മാനവികതയിലോ, ജനാധിപത്യത്തിലോ, ഉന്നതമായ കലയിലോമൂല്യങ്ങളിലോ, പരസ്പരമുള്ള ആദരവുകളിലോ വിശ്വസിക്കാത്ത ക്രൗര്യത്തിന്റെ കൂട്ടങ്ങളോട്, അവര്‍ വിശ്വസിക്കുന്ന ആയുധങ്ങളുടെ ഭാഷയില്‍ത്തന്നെ ചിലപ്പോള്‍ രാഷ്ട്രങ്ങള്‍ക്ക് സംസാരിക്കേണ്ടതായി വരുന്നുണ്ട്.
പ്രകൃതിസൗന്ദര്യത്തിന്റെയും യാത്രയുടെയും സ്നേഹത്തിന്റെയും നിമിഷങ്ങളിലേയ്ക്ക് പൈശാചികതയുടെ വെടിക്കോപ്പുകളുമായി വരുന്ന തലതിരിഞ്ഞവരോട് അതേ തരത്തില്‍ത്തന്നെ വര്ത്തമാനിക്കേണ്ടിവരുന്നു – ആയുധഭാഷയില്! കലയും സാഹിത്യവും സംഗീതവും കായികവിനോദങ്ങളും നിഷേധിച്ച്, ജനാധിപത്യ സമീപനങ്ങളെ തള്ളിക്കളഞ്ഞ്, അപര വിദ്വേഷത്തിന്റെ ആള്രൂപങ്ങളായവരോട്, ഒരുപക്ഷേ, സംഭാഷണത്തിന്റേയും സംവാദത്തിന്റെയും നിലപാടുകള്‍ സാധ്യമായെന്നു വരില്ല. ഇക്കൂട്ടര്‍ക്ക് താങ്ങും തണലുമാകുന്നവരെയും ഇവര്‍ക്കായി ആയുധങ്ങള്‍ വിളമ്പി, പരവതാനി വിരിക്കുന്നവരെയും സംഭാഷണത്തിനായി ക്ഷണിക്കുമ്പോഴും യുക്തി വിവേകത്തിന്റെ തലം കൂടി കരുതുന്നത് ഉചിതം തന്നെയായിരിക്കും.
നമ്മുടെ കാലം സഹകരണത്തിന്റെയും സംഭാഷണങ്ങളുടെയും സഹവര്ത്തിത്വത്തിന്റേതുമാകട്ടെയെന്ന് പറയുന്ന ലിയോ പതിനാലാമന്‍ പാപ്പയോടൊപ്പം ജനാധിപത്യ രാഷ്ട്രങ്ങള്‍ പക്ഷം ചേരുമെന്ന് നമ്മള് പ്രത്യാശിക്കുന്നു. വിശ്വമാനവികതയെക്കുറിച്ച് സംസാരിക്കാന്‍ പാപ്പായ്ക്ക് സാധിക്കും. കാരണം അദ്ദേഹം വിശ്വപൗരനായി ജീവിക്കുന്ന മിഷനറിയാണ്.
പാപ്പാസ്ഥാനത്തേയ്ക്കു വന്ന റോബര്‍ട്ട് കാര്‍ഡിനല്‍ ഫ്രാന്‍സിസിന്റെ പെറുവിയന്‍ പൗരത്വം ചരിത്രത്തിലെ തിളക്കമുള്ള ഒരു അടയാളമാണ്. അതിപുരാതന സംസ്കൃതികള്‍ ഉറങ്ങുന്ന മണ്ണിന്റെ ആഴങ്ങളിലേയ്ക്ക് വേരുകള്‍ പായിച്ചു നില്‍ക്കുമ്പോഴും ഒരാള്‍ വിശ്വപൗരനായി മാറുന്നുവെന്ന് അത് ഉറപ്പുനല്‍കുന്നു. പെറുവിയന്‍ മണ്ണില്‍ വേരൂന്നിനിന്ന്, വിശ്വസാഹിത്യകാരനായി ജീവിച്ച മരിയോ വര്‍ഗ്ഗാസ് യോസ കഴിഞ്ഞയാഴ്ചയാണ് വിടവാങ്ങിയത്. സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങി, സ്വീഡിഷ് അക്കാദമിയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഒരു ക്ലാസ്സിക്കല്‍ ടെക്സ്റ്റാണ്. ചരിത്രത്തിന്റെയും വംശത്തിന്റെയും സ്മൃതി -മണ്ണില്‍ വേരുപാഞ്ഞ് നില്‍ക്കുമ്പോഴും വിശ്വമാനവികതയുടെ ആകാശങ്ങളെ അയാള്‍ക്ക് സ്വപ്നം കാണാനാകുന്നുവെന്ന് യോസ പറഞ്ഞു. എല്ലാ കാലത്തെയും ജിങ്കോയിസ്റ്റുകള്ക്കും തലയില്‍ കളിമണ്ണുമായി നടക്കുന്ന തീവ്രവാദികള്‍ക്കുമുള്ള മാനവികതയുടെ മറുപടിയും ഇതുതന്ന.
പിന്കുറിപ്പ്:
സണ്ണി ജോസഫ് കൂട്ടിയാലും കൂടുമായിരിക്കുമല്ലേ?