തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.
സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.