ന്യൂഡൽഹി :എല്ലാത്തരം ഭീകരവാദത്തിനെതിരെയും ഇന്ത്യ ഐക്യത്തോടെ നിലകൊള്ളുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ നമ്മുടെ ശക്തി തെളിയിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു. പഹല്‍ഗാമിലേത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നു. രാജ്യം ആഗ്രഹിച്ചത് പോലെ ഭീകരരെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതക്കെതിരെ രാജ്യം നേടിയ വിജയത്തിൽ സൈന്യത്തിനും ഇന്റലിജൻസിനും അദ്ദേഹം നന്ദി പറഞ്ഞു . സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി മോദി ഭീകരതെക്കെതിരായ പോരാട്ടത്തിൽ സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്നും പ്രശംസിച്ചു.
സൈനിക നടപടിയുടെ വിജയം രാജ്യത്തെ വനിതകൾക്ക് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിൽ ട്രംപിൻ്റെ ഇടപെടലിലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണത്തിലും പ്രധാനമന്ത്രി മോദി മൗനം പാലിച്ചു.
വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി എന്തെങ്കിലും ചർച്ച നടന്നാൽ അത് പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി.