ആർച്ചബിഷപ് വർഗീസ് ചക്കലാക്കൽ (പ്രസിഡന്റ് KRLCBC & KRLCC )
ആഗോള കത്തോലിക്ക സഭയുടെ ഇടയ ശ്രേഷ്ഠനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് കേരള ലത്തീൻ സഭയുടെ പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് കേരള ലത്തീൻ സഭയുടെ അദ്ധ്യക്ഷനും കെആർഎൽസിസി പ്രസിഡണ്ടുമായ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.
നീതിക്കായി പോരാടുന്നവർക്കും ദരിദ്രർക്കുമായി സഭ നിലനില്ക്കുമെന്നു വ്യക്തമാക്കിയാണ് ലിയോ എന്ന പേര് പാപ്പ സ്വീകരിക്കുന്നത്. കലുഷിതമായ ലോക സാഹചര്യങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ പാതയിൽ തന്നെ പുതിയ പാപ്പായും യാത്ര തുടരുന്നുവെന്ന് പിതാവിന്റെ പ്രഥമ സന്ദേശത്തിൽ വ്യക്തമാക്കപ്പെട്ടു. ലോകത്തിന് ക്രിസ്തുവിന്റെ വെളിച്ചം പകരാനും മാനവ സമൂഹത്തിനാകെ ക്രിസ്തുവിന്റെ സ്നേഹം പകരാനും മനുഷ്യർക്കിടയിൽ ദൈവത്തിലേക്കുള്ള പാലം പണിയാം എന്ന പാപ്പായുടെ വാക്കുകൾ പ്രതീക്ഷാഭരിതമാണ്.
ദരിദ്രർക്കായുള്ള സഭ എന്ന ദർശനത്തിന്റെ വക്താവായി അറിയപ്പെടുന്ന ലിയോ പാപ്പ ദൈവശാസ്ത്രത്തിന്റെ പ്രകാശത്തിൽ സാമൂഹിക നീതിയുടെ പ്രചാരകനായി പ്രവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നതുപോലെ സമാധാനത്തിൽ ഒരു ജനതയായി മാറാൻ നമ്മളും ശ്രമങ്ങൾ തുടരണമെന്നും ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.