ബി എസ്
റോമന്‍ കത്തോലിക്കാ സഭയുടെ 267-ാമത് പാപ്പയാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ത്. ഏതൊരു അമേരിക്കക്കാരനും സഭയുടെ പരമോന്നതതലവനാകാന് വളരെ എളുപ്പമായിരിക്കും എന്ന പരമ്പരാഗത ജ്ഞാനത്തെ കോണ്‍ക്ലേവിന് മുമ്പ് അദ്ദേഹം നിരാകരിച്ചിരുന്നു. സിസ്റ്റൈന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയില്‍ നിന്നുള്ള വെളുത്ത പുകയാണ് ലോകത്തിലെ 1.4 ബില്യണ്‍ റോമന്‍ കത്തോലിക്കര്‍ക്ക് ഒരു പുതിയ ഇടയനെ കര്‍ദിനാള്‍മാരുടെ സംഘം തിരഞ്ഞെടുത്തു എന്നതിന്റെ സൂചന നല്‍കിയത്. മാറ്റത്തിനുള്ള തുറന്ന മനസ്സിനായി വാദിച്ച ഫ്രാന്‍സിസ് പാപ്പയുടെ അജണ്ട ലിയോ പതിനാലാമന്‍ തുടരുമോ അതോ വ്യത്യസ്തമായ ഒരു പാത കണ്ടെത്തുമോ എന്നതായിരിക്കും അടുത്ത ദിവസങ്ങളില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യം. രണ്ടു ദിവസത്തോളം കോണ്‍ക്ലേവില്‍ കഴിഞ്ഞതിനുശേഷവും നിരവധി റൗണ്ട് വോട്ടെടുപ്പുകള്‍ക്ക് ശേഷവുമാണ് കര്‍ദ്ദിനാള്‍മാര്‍ തീരുമാനത്തിലെത്തിയത്.
ഇതുവരെ ഒരു കോണ്‍ക്ലേവില്‍ ഒത്തുകൂടിയവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ള കര്‍ദ്ദിനാള്‍മാരുടെ സംഘംത്തില്‍ ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരും പരസ്പരം അറിയാത്തവരും ഉള്‍പ്പെട്ടിരുന്നു. അമേരിക്കന്‍ വേരുകള്‍ ഉണ്ടായിരുന്നിട്ടും, 69 വയസ്സുള്ള, ഷിക്കാഗോയില്‍ ജനിച്ച, ബഹുഭാഷാ പണ്ഡിതനായ കര്‍ദ്ദിനാള്‍ പ്രെവോസ്തിനെ അതിര്‍ത്തികള്‍ കടന്നുള്ള ഒരു സഭാംഗമായാണ് പൊതുവേ കാണക്കാക്കുന്നത്. പെറുവില്‍ രണ്ട് പതിറ്റാണ്ടോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ മരണം വരെ, വത്തിക്കാന്റെ ഏറ്റവും സ്വാധീനമുള്ള പദവികളില്‍ ഒന്ന് അദ്ദേഹം വഹിച്ചു. ആഗോളതലത്തില്‍ ബിഷപ്പുമാരെ തിരഞ്ഞെടുക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഓഫീസിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം.
സെന്റ് അഗസ്റ്റിന് സഭയിലെ അംഗമായ അദ്ദേഹം, ദരിദ്രരോടും കുടിയേറ്റക്കാരോടും ഉള്ള പ്രതിബദ്ധതയിലും അവര്‍ എവിടെയാണോ അവിടെ ആളുകളെ കണ്ടുമുട്ടുന്നതിലുമുള്ള പ്രതിബദ്ധതയിലും ഫ്രാന്‍സിസിനോട് സാമ്യമുള്ളയാളാണ്. കഴിഞ്ഞ വര്‍ഷം വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റിനോട് അദ്ദേഹം പറഞ്ഞു, ‘ബിഷപ് തന്റെ രാജ്യത്തില്‍ ഇരിക്കുന്ന ഒരു ചെറിയ രാജകുമാരനായിരിക്കരുത്.’ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയ്ക്ക് പുറത്താണ് ചെലവഴിച്ചത്. 1982-ല്‍ 27-ാം വയസ്സില്‍ അദ്ദേഹം റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. പെറുവില്‍, അദ്ദേഹം ഒരു മിഷനറി, ഇടവക വികാരി, അധ്യാപകന്, ബിഷപ്പ് എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. പാവങ്ങളുടെ പിതാവായി അറിയപ്പെട്ടു. അഗസ്റ്റിനിയക്കാരുടെ നേതാവെന്ന നിലയില്‍, അദ്ദേഹം ലോകമെമ്പാടുമുള്ള സഭാലയങ്ങള് സന്ദര്‍ശിച്ചു. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ പ്രാവിണ്യം.
സംയമനം പാലിക്കുന്നവനും വിവേകിയുമായി അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെടുന്നു. ഫ്രാന്‍സിസ് പാപ്പ ആരംഭിച്ച കൂടിയാലോചനാ പ്രക്രിയ അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നവരാണ് പലരും.
സ്വവര്‍ഗാനുരാഗികള്‍ക്കും, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ കത്തോലിക്കര്‍ക്കും ഫ്രാന്‍സിസ് പാപ്പയെ പോലെ അദ്ദേഹം തുറന്ന മനസ്സ് നല്‍കുമോ എന്ന് വ്യക്തമല്ല. 2012-ല്‍ ബിഷപ്പുമാരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍, പാശ്ചാത്യ വാര്‍ത്താ മാധ്യമങ്ങളും ജനപ്രിയ സംസ്കാരവും ‘സുവിശേഷത്തിന് വിരുദ്ധമായ വിശ്വാസങ്ങളോടും ആചാരങ്ങളോടും അനുതാപം’ വളര്‍ത്തിയതായി അദ്ദേഹം ആരോപിച്ചിരുന്നു. ‘സ്വവര്‍ഗാനുരാഗ ജീവിതശൈലി’യും ‘സ്വവര്‍ഗ പങ്കാളികളും അവരുടെ ദത്തെടുത്ത കുട്ടികളും അടങ്ങുന്ന ബദല്‍ കുടുംബങ്ങളും’ എന്നദ്ദേഹം എടുത്തു പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയായ പുരോഹിതന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളില്‍-അവരോട് സാഹാനുഭൂതി പ്രകടിപ്പിച്ചതില്‍- മറ്റ് പല കര്‍ദ്ദിനാള്‍മാരെയും പോലെ അദ്ദേഹവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.