ജെക്കോബി
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ലിയോ പതിനാലാമന്‍, പുതിയ ലോകക്രമത്തിലേക്കുള്ള സഭയുടെ പരിവര്‍ത്തനത്തിന്റെ പ്രേഷിത മധ്യസ്ഥനാകുന്നു. ഭൂമുഖത്തെ വന്‍ശക്തിയുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ ജിയോപൊളിറ്റിക്കല്‍ ഡൈനാമിക്സും ലൗകിക സംസ്കാര പ്രതിഛായയും സൃഷ്ടിക്കുന്ന ഉതപ്പില്‍ നിന്ന് നയതന്ത്രപരമായ അകലം പാലിച്ചുവന്ന റോമിലെ പരിശുദ്ധ സിംഹാസത്തില്‍ ഒരു അമേരിക്കന്‍ പാപ്പാ ആരൂഢനാകുന്നത് ഒരു വീണ്ടെടുപ്പിന്റെ പ്രത്യാശയുണര്‍ത്തുന്നു. യുഎസില്‍ ഇല്ലിനോയിലെ ഷിക്കാഗോയില്‍ ഫ്രഞ്ച്-ഇറ്റാലിയന്‍ വംശജനായ പിതാവിന്റെയും സ്പാനിഷ് വംശജയായ അമ്മയുടെയും മകനായി ജനിച്ച റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് ചരിത്രത്തിലെ ഏഴാമത്തെ അഗസ്റ്റീനിയന്‍ പാപ്പായാണ്. മിഷനറി സന്ന്യാസിയായും ബിഷപ്പായും 20 വര്‍ഷം, ആഗോള കത്തോലിക്കാ സമൂഹത്തിലെ 40 ശതമാനം വിശ്വാസികളും വസിക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ പെറുവില്‍ ശുശ്രൂഷ ചെയ്ത് അവിടെ പൗരത്വം സ്വന്തമാക്കിയ മോണ്‍. പ്രെവോസ്റ്റ്, ഇറ്റാലിയന്‍ ദിനപത്രം ലാ റിപ്പബ്ലിക്ക വിശേഷിപ്പിക്കുന്നതുപോലെ, ”അത്രകണ്ട് അമേരിക്കനല്ലാത്ത അമേരിക്കക്കാരനാണ്!”
ഹിപ്പോയിലെ ബിഷപ് വിശുദ്ധ അഗസ്റ്റിന് സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന് (ഒഎസ്എ) സമൂഹത്തിന്റെ പ്രിയോര്‍ ജനറലായി രണ്ടുവട്ടം, 12 വര്‍ഷം, സേവനം ചെയ്ത മോണ്‍. പ്രെവോസ്റ്റിനെ സാന്താ മോനിക്കയുടെ കര്‍ദിനാള്‍ ഡീക്കനായി ഫ്രാന്‍സിസ് പാപ്പാ വാഴിച്ചിട്ട് 15 മാസമാകുന്നതേയുള്ളൂ. ബിഷപ്പിന്റെ ശ്രേണിയിലുള്ള കര്‍ദിനാളായി ഉയര്‍ത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. തന്റെ കാരുണ്യശുശ്രൂഷയുടെ പിന്തുടര്ച്ചക്കാരനെ ഫ്രാന്‍സിസ് പാപ്പാ അത്രയ്ക്കു കൃത്യമായി അടയാളപ്പെടുത്തിയതിനാലാവണം ഇലക്തോര്മാരുടെ എണ്ണത്തില്‍ (133) ചരിത്രം സൃഷ്ടിച്ച കോണ്‍ക്ലേവില്‍ നാലാം റൗണ്ട് വോട്ടെടുപ്പില്‍ ഇത്രവേഗത്തില്‍ തീര്‍പ്പുണ്ടായത്.
ലോകമെമ്പാടുമുള്ള ലത്തീന്‍ റീത്ത് മെത്രാന്മാരുടെ നിയമനങ്ങളുടെയും എപ്പിസ്കോപ്പല്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ചുമതല വഹിക്കുന്ന, മെത്രാന്മാര്ക്കുവേണ്ടിയുള്ള റോമന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ടും, ലാറ്റിന്‍ അമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന്റെ പ്രസിഡന്റുമായി 2023 ജനുവരിയില്‍ നിയമിച്ചുകൊണ്ട് പെറുവില്‍ നിന്ന് ബിഷപ് പ്രെവോസ്റ്റിനെ റോമിലേക്കു വിളിച്ചുവരുത്തി ആര്‍ച്ച്ബിഷപ് എന്ന വ്യക്തിഗത പദവി ഫ്രാന്‍സിസ് പാപ്പാ സമ്മാനിച്ചു. റോമന്‍ കൂരിയായിലെ ഏഴു പ്രധാന ഡികാസ്റ്ററികളില്‍ അദ്ദേഹത്തിന് അംഗത്വം നല്‍കുകയും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്ണത്തൊറാത്തോ കമ്മിഷന് അംഗമാക്കുകയും ചെയ്തു. പെറുവിലെ ബിഷപ്സ് കോണ്‍ഫറന്‍സ് പെര്‍മനന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി 2018 – 2023 കാലയളവില്‍ സേവനം ചെയ്ത ബിഷപ് പ്രെവോസ്റ്റിന് ലാറ്റിന്‍ അമേരിക്കയിലെ സഭാ ഹയരാര്‍ക്കിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താനും, മെത്രാന്മാരുടെ ഡികാസ്റ്ററി പ്രീഫെക്ട് എന്ന നിലയില്‍ എല്ലാ ദേശീയ എപ്പിസ്കോപ്പല്‍ സംഘങ്ങളുമായും ആദ് ലീമിന സന്ദര്‍ശനങ്ങള്‍ക്കെത്തുന്ന സഭാമേലധ്യക്ഷന്മാരുമായും സംവദിക്കാനും ഫ്രാന്‍സിസ് പാപ്പാ അവസരമൊരുക്കി. സിനഡാത്മക സിനഡിന്റെ രണ്ട് ജനറല്‍ അസംബ്ലിയിലും കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ അവസാനകാലത്തെ അപ്പസ്തോലിക യാത്രകളില്‍ കര്‍ദിനാള്‍ പ്രെവോസ്റ്റ് അദ്ദേഹത്തെ അനുയാത്ര ചെയ്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീവ്രവലതുപക്ഷ നയങ്ങളെ പിന്താങ്ങുന്ന യാഥാസ്ഥിതികരായ കര്‍ദിനാള്‍മാര്‍ക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മിതവാദിയായി (സെന്‍ട്രിസ്റ്റ്) നിലകൊള്ളുന്ന പ്രെവോസ്റ്റിനെ പിന്തുണയ്ക്കാന്‍ അമേരിക്കയിലെ ഫ്രഞ്ചുകാരനായ അപ്പസ്തോലിക നുണ്‍ഷ്യോ കര്‍ദിനാള്‍ ക്രിസ്റ്റോഫ് പിയെര്‍, ഹൊണ്ടൂറസ് കര്‍ദിനാള്‍ ഓസ്കര് മറഡിയാഗ (2013ല്‍ ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചു) തുടങ്ങിയവര്‍ മുന്നിലുണ്ടായിരുന്നു.
”നിങ്ങള്‍ക്കു സമാധാനം!’ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ആശീര്‍വാദത്തിന്റെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ പരമ്പരാഗതമായ പേപ്പല്‍ കേപ് അണിഞ്ഞ് (ഇത് ഫ്രാന്‍സിസ് പാപ്പാ 2013-ല്‍ ഉപേക്ഷിച്ചിരുന്നതാണ്) ആദ്യത്തെ പൊതുദര്‍ശനത്തിനായി പ്രത്യക്ഷപ്പെട്ട ലിയോ പതിനാലാമന്‍ ഇറ്റാലിയനില്‍ ബസിലിക്കാ ചത്വരത്തില്‍ തിങ്ങിനിറഞ്ഞിരുന്ന വിശ്വാസികളോടും തീര്‍ഥാടകരോടും ലോകജനതയോടുമായി പറഞ്ഞു. ”ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ, ദൈവജനത്തിനായി തന്റെ ജീവന് ബലിയര്‍പ്പിച്ച നല്ല ഇടയന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ജനങ്ങളിലും, അവര്‍ ആയിരിക്കുന്നിടത്തെല്ലാം, എല്ലാ ജനതകളിലും, ഭൂമി മുഴുവനിലും എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു സമാധാനം.”
പെറുവിലെ ചിക്ലായോ രൂപതയിലെ തന്റെ ദൈവജനത്തിന് സ്പാനിഷ് ഭാഷയില്‍ ലിയോ പാപ്പാ നന്ദിയര്‍പ്പിച്ചു.
”നമ്മള് ക്രിസ്ത്യാനികള്‍ ഒട്ടേറെപ്പേരുണ്ടെങ്കിലും, ഒരേ ക്രിസ്തുവില്‍ നാം ഒന്നാണ്” എന്ന 127-ാം സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ പ്രസംഗത്തില്‍ നിന്നുള്ള ‘ഇന്‍ ഇല്ലോ ഊനോ ഊനും’ (IN ILLO UNO UNUM) എന്ന വരിയാണ് ലിയോ പാപ്പായുടെ എപ്പിസ്കോപ്പല്‍ മോട്ടോ. ”നിങ്ങള്‍ക്ക് ഞാന്‍ ഒരു മെത്രാനാണ്, നിങ്ങളോടൊപ്പം ഞാന്‍ ഒരു ക്രിസ്ത്യാനിയും” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ലിയോ പാപ്പാ തന്റെ ആദ്യ സന്ദേശത്തില്‍ എടുത്തുപറയുകയുണ്ടായി.
റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ (ആഞ്ജലിക്കം) നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി റോമില്‍ വച്ചാണ് 1982-ല്‍ പൗരോഹിത്യം സ്വീകരിച്ച പ്രെവൊസ്റ്റ് 1985-ല്‍ പെറുവിലെ അഗസ്റ്റീനിയന്‍ മിഷനില്‍ ചേര്‍ന്നു. 1985 – 86 കാലയളവില്‍ പിയുറ ചുളുകാനസ് ടെറിട്ടോറിയല്‍ പ്രിലേച്ചറിന്റെ ചാന്‍സലറായിരുന്നു. 1987-88ല്‍ ഷിക്കാഗോ അഗസ്റ്റീനിയന്‍ പ്രോവിന്സില് മിഷനുകള്ക്കുവേണ്ടിയുള്ള ദൈവവിളി ഡയറക്ടറായി. വീണ്ടും പെറുവിലേക്കു മടങ്ങിയ അദ്ദേഹം ട്രൂയിലോയിലെ മിഷനില്‍ 11 വര്‍ഷം പ്രിയോര്‍, ഫോര്മേഷന് ഡയറക്ടര്‍, ട്രൂയിലോ അതിരൂപതയിലെ ജുഡീഷ്യല്‍ വികാരി, സാന്‍ കാര്‍ലോസ് സാന്‍ മര്‍ച്ചെല്ലോ മേജര്‍ സെമിനാരിയില്‍ മോറല്‍ തിയോളജി, കാനന്‍ ലോ പ്രൊഫസര്‍ തുടങ്ങിയ ചുമതലകളില്‍ മുഴുകി. 1999-ല്‍ ഷിക്കാഗോയില്‍ മടങ്ങിയെത്തി ഒഎസ്എ പ്രൊവിന്‍ഷ്യല്‍ പ്രിയോറായി. 2001 – 2013 കാലയളവിലാണ് റോമില്‍ അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍, ‘ദൈവത്തിലേക്കുള്ള വഴിയില്‍ ഒരു മനസ്സും ഒരു ഹൃദയവുമായി ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുക’ എന്ന തങ്ങളുടെ പ്രമാണവാക്യം സാക്ഷാത്കരിച്ചുകൊണ്ട് രാജ്യാന്തരതലത്തില്‍ പ്രേഷിതചൈതന്യം വളര്‍ത്തിയത്.
അഗസ്റ്റീനിയന്‍ സഭാനേതൃത്വ പദത്തില്‍ നിന്നാണ് പ്രെവൊസ്റ്റിനെ ഫ്രാന്‍സിസ് പാപ്പാ 2014-ല്‍, വടക്കന്‍ പെറുവില്‍ പസഫിക് തീരത്തെ ചിക്ലായോ രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. 2015-ല്‍ ബിഷപ്പായി വാഴിച്ചു. അക്കൊല്ലം തന്നെ അദ്ദേഹത്തിന് പെറുവില്‍ പൗരത്വം ലഭിച്ചു. രാജ്യത്തെ ഇടതുപക്ഷ വിമോചന ദൈവശാസ്ത്ര വക്താക്കളും തീവ്രപാരമ്പര്യവാദികളും തമ്മിലുള്ള സംഘര്‍ഷത്തില്‍, സാഹോദര്യത്തിന്റെയും തുറവിയുടെയും സംവാദത്തിന് അദ്ദേഹം വഴികാട്ടിയായി. രാഷ് ട്രീയ അസ്ഥിരതയില്‍ രാജ്യത്തെ പ്രസിഡന്റുമാര്‍ തുടരെത്തുടരെ രാജിവച്ചൊഴിയേണ്ടിവന്ന സാഹചര്യത്തില്‍ സഭയുടെ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് അദ്ദേഹം സ്ഥൈര്യം നല്കി. 2020-21 കാലത്ത് പെറുവിലെ കയ്യാവ് രൂപതയില്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം ശുശ്രൂഷ ചെയ്തു.
ലിയോ പാപ്പായ്ക്ക് ആശംസ നേര്‍ന്നുകൊണ്ട് പെറു പ്രസിഡന്റ് ഡീന ബൊലുവാര്‍ത്തെ കുറിച്ചു: ”നമ്മുടെ നാട്ടില്‍, അദ്ദേഹം പ്രത്യാശ വിതച്ചു, ഏറ്റവും ദരിദ്രരായവരുടെ കൂടെ നടന്നു, നമ്മുടെ ജനങ്ങളുടെ സന്തോഷങ്ങള്‍ പങ്കിട്ടു. പെറുവിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് കേവലം ഔപചാരികമായിരുന്നില്ല, ആഴത്തിലുള്ള ആത്മീയവും മാനുഷികവുമായ നിയോഗമായിരുന്നു. നമ്മില്‍ ഒരാളാകാനും, നമുക്കിടയില്‍ ജീവിക്കാനും, ഈ രാജ്യത്തിന്റെ വിശ്വാസം, സംസ്കാരം, സ്വപ്നങ്ങള്‍ എന്നിവ തന്റെ ഹൃദയത്തില്‍ വഹിക്കാനുമുള്ള നിയോഗം.”
പെറുവിലെ 15 ലക്ഷത്തോളം വരുന്ന വെനിസ്വേലന്‍ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് അദ്ദേഹം തന്റെ അജപാലനശുശ്രൂഷയില്‍ മുന്‍ഗണന നല്കി. യുഎസില്‍ പ്രസിഡന്റ് ട്രംപ് രണ്ടാമൂഴത്തില്‍ ‘അനധികൃത കുടിയേറ്റക്കാരെ’ കൂട്ടത്തോടെ നാടുകടത്താനും ജന്മാവകാശമായ പൗരത്വം റദ്ദാക്കാനും രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ രജിസ്ട്രി നടപ്പാക്കാനും ഡിക്രികള്‍ ഒപ്പുവച്ചപ്പോള്‍, കര്‍ദിനാള്‍ പ്രെവൊസ്റ്റ് പ്രസിഡന്റിനെ മാനവാന്തസ്സിനെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഓര്‍മിപ്പിച്ചു. രാജ്യാന്തര സഹായപദ്ധതികള്‍ നിര്‍ത്തലാക്കുന്നതും കുടിയേറ്റക്കാരെ പുറത്താക്കുന്നതും ന്യായീകരിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ‘ഓര്‍ദോ അമോറിസ്’ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍, പ്രെവോസ്റ്റ് ശക്തമായ മറുപടി നല്കി. കുടിയേറ്റം, അഭയാര്‍ഥികള്‍, യുക്രെയ്നിലെയും മധ്യപൂര്‍വദേശത്തെയും സംഘര്‍ഷം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപുമായി ലിയോ പാപ്പായ്ക്ക് എത്രത്തോളം സംവദിക്കാന്‍ കഴിയും എന്ന് ലോകം ഉറ്റുനോക്കുന്നു.
സഭയില്‍, മെത്രാന്മാരുടെ ഡികാസ്റ്ററിയില്‍ മൂന്ന് വനിതകള്‍ക്ക് ആദ്യമായി പൂര്‍ണ അംഗത്വം നല്‍കിയത് വിപ്ലവകരമായ തീരുമാനമായിരുന്നു. മെത്രാന് നിയമനത്തിനുള്ള നാമനിര്‍ദേശങ്ങള്‍ വിലയിരുത്തുന്ന പ്രക്രിയയില്‍ ഈ വനിതകള്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നുണ്ട്. അതേസമയം, വനിതകള്‍ക്ക് ഡീക്കന്‍ പട്ടം നല്‍കുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നില്ല. വിവാഹമോചിതരായി സിവില്‍ നിയമപ്രകാരം പുനര്വിവാഹിതരാകുന്നവര്ക്ക് ദിവ്യകാരുണ്യം സ്വീകരിക്കാമെന്ന ഫ്രാന്‍സിസ് പാപ്പായുടെ അജപാലന നയത്തെ അദ്ദേഹം പിന്താങ്ങി. എന്നാല്‍, എല്‍ജിബിടിക്യു വിഭാഗത്തോട് അത്രകണ്ട് അനുകമ്പ കാണിച്ചില്ല. ദൈവകൃപ യാചിക്കുന്ന സ്വവര്‍ഗ ദമ്പതിമാരെയും ക്രമരഹിത ബന്ധങ്ങളില്‍ കഴിയുന്നവരെയും അജപാലനപരമായ കാരുണ്യത്തോടെ ആശീര്‍വദിക്കാമെന്ന ‘ഫിദൂച്ചിയ സുപ്ലികാന്സ്’ പ്രഖ്യാപനത്തെ അപ്പാടെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഓരോ സമൂഹത്തിന്റെയും സാംസ്കാരിക സവിശേഷതകള്‍ തിരിച്ചറിഞ്ഞ് പ്രാദേശിക മെത്രാന് സമിതിയുമായി കൂടിയാലോചിച്ചുവേണം ഇത്തരം നയങ്ങള്‍ പരിഗണിക്കാനെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ആഫ്രിക്കയില്‍ സ്വവര്‍ഗ ലൈംഗികബന്ധത്തിന് വധശിക്ഷ നല്കുന്ന രാജ്യങ്ങളുണ്ട്. ജര്‍മനിയിലെ സിനഡല്‍ വേ മുന്നേറ്റത്തിന്റെ പേരില്‍, ഫ്രാന്‍സിസ് പാപ്പാ ദിവംഗതനായി 48 മണിക്കൂറിനകം അവിടത്തെ മെത്രാന് സമിതി സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കുന്നതിന് കൈപ്പുസ്തകം ഇറക്കുകയുണ്ടായി.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം സേദെ വക്കാന്തെ ദിനങ്ങളില്‍ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചുകൊണ്ട്, വത്തിക്കാനുമായി 2018-ല്‍ ഒപ്പുവച്ച രഹസ്യ ധാരണയ്ക്കു വിരുദ്ധമായ നടപടികള്‍ തുടരുമെന്ന് പുതിയ പാപ്പായ്ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവരുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സഭാനേതൃത്വം വീഴ്ച വരുത്തി എന്ന ആരോപണങ്ങളില്‍ ബിഷപ് പ്രെവൊസ്റ്റിന്റെ പേരും ചിലര്‍ വലിച്ചിഴച്ചു. ചിക്ലായോയില്‍ മൂന്നു സഹോദരിമാര്‍ 2022-ല്‍ ഒരു വൈദികനെതിരെ ഉന്നയിച്ച പരാതി അന്വേഷിച്ചില്ല, ഷിക്കാഗോയില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരുന്ന ഒരു രൂപതാവൈദികനെ പ്രെവൊസ്റ്റ് അഗസ്റ്റീനിയന്‍ പ്രൊവിഷ്യലായിരുന്ന കാലത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനടുത്തുള്ള അഗസ്റ്റീനിയന്‍ പ്രയറിയില്‍ താമസിപ്പിച്ചു എന്നീ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ ‘റേരും നൊവാരും’ (പുതിയ കാര്യങ്ങളെക്കുറിച്ച്: മുതലാളികളുടെയും തൊഴിലാളികളുടെയും അവകാശങ്ങളും കടമകളും, 1891) എന്ന ചാക്രികലേഖനത്തിലൂടെ സഭയുടെ സാമൂഹികപ്രബോധനങ്ങള്ക്കും രാഷ് ട്രീയ-സമൂഹശാസ്ത്ര വിശകലനങ്ങള്‍ക്കും വഴികാട്ടിയായ ലിയോ പതിമൂന്നാമന്‍ പാപ്പായുടെ പിന്തുടര്ച്ചക്കാരനാകാന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഈ അമേരിക്കന്‍ പാപ്പായെ പ്രേരിപ്പിക്കുന്നത് എന്താകാം? ലിയോ പതിമൂന്നാമന്റെ രണ്ടാമത്ത ചാക്രികലേഖനം ‘തെസ്തെം ബെനെവൊലെന്സിയെ’ (സന്മനസിനു സാക്ഷ്യം) സഭാ പ്രബോധനങ്ങളെ ആദരിക്കാത്ത ‘കഫറ്റീരിയ കത്തോലിസിസം’ എന്ന അമേരിക്കനിസത്തെ വിമര്‍ശിക്കുന്നതായിരുന്നു!
കാല്‍നൂറ്റാണ്ടു നീണ്ട പേപ്പല്വാഴ്ച പൂര്‍ത്തിയാക്കി 93-ാം വയസില്‍ 1903-ല്‍ അന്തരിച്ച ലിയോ പതിമൂന്നാമന്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പാപ്പായാണ്. അറുപത്തൊമ്പതാം വയസില്‍ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാകുന്ന ലിയോ പതിനാലാമന്‍, ഫ്രാന്‍സിസ് പാപ്പാ കടന്നുപോയപ്പോള്‍ പാതിവഴിയിലായ പല നവീകരണ പദ്ധതികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതോടൊപ്പം സഭയും ലോകവും അഭിമുഖീകരിക്കുന്ന ആനുകാലിക പ്രതിസന്ധികള്‍ക്ക് പ്രതിവിധി നിര്‍ദേശിക്കാനുമുണ്ട്. ക്രിസ്തുവിന്റെ പ്രകാശത്തില്‍, പാപ്പാ നീണാള്‍ വാഴട്ടെ!