വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. വത്തിക്കാനില്‍ ഇന്നു ചേര്‍ന്ന കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനമാണ് (ജനറല്‍ കോണ്ഗ്രിഗേഷന്) കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്.
കര്‍ദിനാള്‍ സംഘത്തില്‍ ഇപ്പോള്‍ 252 പേരുണ്ടെങ്കിലും എണ്പതുവയസില് താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാര്‍ക്കാണ് ഈ പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. സ്പെയിനില്‍ നിന്നുള്ള എഴുപത്തൊമ്പതുകാരനായ കര്‍ദിനാള്‍ അന്തോണിയോ കനിസാരെസ് യൊവേര ആരോഗ്യകാരണങ്ങളാല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.
2013-ല്‍ ഫ്രാന്‍സിസ് പാപ്പായെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്തത് 115 ഇലക്തോര്മാരാണ്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പായായി അര്‍ജന്റീനയില്‍ നിന്നുള്ള ഇറ്റാലിയന്‍ വംശജനായ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത് 28 മണിക്കൂര്‍ നീണ്ട കോണ്‍ക്ലേവിലാണ്. 2005-ല്‍ 115 കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ തിരഞ്ഞെടുപ്പ് രണ്ടാം ദിനത്തില്‍ നാലാമത്തെ വോട്ടെടുപ്പില്‍ പൂര്‍ത്തിയായി.
കോണ്‍ക്ലേവിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്നു രാവിലെ വത്തിക്കാനിലെ പുതിയ സിനഡല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 180 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. ഇവരില്‍ നൂറിലേറെപ്പേര്‍ മാത്രമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള 80 വയസ് പ്രായപരിധിയില്‍ വരുന്നവര്‍.
കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, വത്തിക്കാന്‍ അപ്പസ്തോലിക അരമനയുടെ ഭാഗമായ സിസ്റ്റൈന്‍ ചാപ്പലിലേക്ക് സന്ദര്‍ശകര്‍ക്ക് ഇനി പ്രവേശനം അനുവദിക്കുകയില്ല. കോണ്‍ക്ലേവ് നടക്കുമ്പോള്‍ അപ്പസ്തോലിക അരമന അടച്ചുപൂട്ടി മുദ്രവയ്ക്കും.
വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ സന്നിഹിതരാണെന്ന് ഉറപ്പാണെങ്കില്‍, കോണ്‍ക്ലേവ് ആരംഭിക്കാനുള്ള അധികാരം, നോര്‍മാസ് നോന്നുല്ലസ് എന്ന മൊത്തു പ്രോപ്രിയോ വഴിയായി കര്‍ദിനാള്‍ സംഘത്തിനു നല്കുന്നു. മേയ് ഏഴിന് ബുധനാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍, ‘പ്രോ എലിജെന്തോ റൊമാനോ പൊന്തിഫീച്ചെ’ എന്നു പരമ്പരാഗതമായി വിളിക്കുന്ന ദിവ്യബലി, കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കും. തുടര്‍ന്ന് കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലിലേക്ക് സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി നീങ്ങും.
പ്രദക്ഷിണം സമാപിക്കുമ്പോള്‍ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി ‘ഊനിവേഴ്സി ദോമിനിച്ചി ഗ്രേഗിസ്’ 53-ാം ഖണ്ഡികയില്‍ നിര്‍ദേശിക്കപ്പെട്ട സത്യപ്രതിജ്ഞ ചൊല്ലും. തിരഞ്ഞെടുക്കപ്പെട്ടാല്‍, സാര്‍വത്രിക സഭയുടെ അജപാലകന് എന്ന നിലയില്‍ വിശുദ്ധ പത്രോസിന്റെ ശുശ്രൂഷാദൗത്യം (മൂനുസ് പെത്രീനും) വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നും, പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം പൂര്‍ണമായും പാലിക്കുമെന്നും, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള ബാഹ്യഇടപെടലുകളെ പിന്തുണയ്ക്കുകയില്ലെന്നുമാണ് പ്രതിജ്ഞ ചെയ്യുന്നത്.
പൊന്തിഫിക്കല്‍ ആരാധനക്രമആഘോഷങ്ങളുടെ മുഖ്യചുമതലക്കാരനായ ആര്‍ച്ച്ബിഷപ് ദിയേഗോ ജൊവാന്നി റവേല്ലി കോണ്‍ക്ലേവില്‍ പങ്കെടുക്കാത്ത മറ്റെല്ലാവരോടും പുറത്തുപോകാന്‍ (എക്സ്ട്രാ ഓംനെസ്) നിര്‍ദേശിക്കും. കര്‍ദിനാള്‍ ഇലക്തോര്മാരല്ലാത്തവരായി ആര്‍ച്ച്ബിഷപ് റവേല്ലിയും രണ്ടാമത്തെ ധ്യാനപ്രഭാഷണം നടത്തേണ്ട ധ്യാനഗുരുവും – കര്‍ദിനാള്‍ റനിയേരോ കന്തലമെസ്സയും സെന്റ് പോള്‍ ഔട്ട്സൈഡ് ദ് വാള്‍സ് ആബട്ട് ദൊനാത്തോ ഒലിയാരിയുമാണ് ഇത്തവണ കോണ്‍ക്ലേവില്‍ പ്രസംഗിക്കുന്ന രണ്ടു ധ്യാനഗുരുക്കന്മാര് – ചാപ്പലില്‍ അവശേഷിക്കും. ധ്യാനപ്രഭാഷണം പൂര്‍ത്തിയാകുമ്പോള്‍ ധ്യാനഗുരുവും ആരാധനക്രമങ്ങളുടെ മാസ്റ്ററും പുറത്തേക്കു പോകും.
കര്‍ദിനാള്‍മാര്‍ അപ്പോള്‍ ‘ഓര്‍ദോ സാക്രോരും റീത്തൂവും കൊണ്ക്ലാവിസ്’ എന്ന ടെക്സ്റ്റില്‍ നിര്‍ദേശിക്കുന്ന പ്രാര്‍ഥന ആലപിക്കും. കര്‍ദിനാള്‍ ഡീന്‍ ചോദിക്കും, വോട്ടു ചെയ്യാന്‍ തയാറാണോ അതോ എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടോ എന്ന്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കിടയില്‍ കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ അടിയന്തരഘട്ടങ്ങളിലല്ലാതെ സംഭാഷണങ്ങളില്‍ മുഴുകുകയോ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. ഒരുതരത്തിലുമുള്ള സന്ദേശങ്ങളും സ്വീകരിക്കാനോ അയക്കാനോ പാടില്ല. റേഡിയോ, ടെലിവിഷന്‍ സംപ്രേഷണം കേള്‍ക്കുകയോ കാണുകയോ ചെയ്യരുത്, പത്രങ്ങളും മാസികകളും സ്വീകരിക്കുകയുമരുത്.
സന്നിഹിതരായിരിക്കുന്ന വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷം നേടുന്നയാളാണ് പാപ്പായായി പ്രഖ്യാപിക്കപ്പെടുന്നത്. വോട്ടര്‍മാരുടെ മൊത്തം സംഖ്യ മൂന്നുകൊണ്ട് ഹരിക്കാവുന്നതല്ലെങ്കില് ഒരു വോട്ട് അധികം വേണം. ആദ്യദിനത്തില്‍ ഉച്ചയ്ക്കുശേഷമാണ് വോട്ടിങ് തുടങ്ങുന്നതെങ്കില്‍ അന്ന് ഒരു വോട്ടെടുപ്പു മാത്രമേ ഉണ്ടാകൂ. തുടര്‍ന്നുള്ള ദിനങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുശേഷവും രണ്ടുവട്ടം വീതം വോട്ടെടുപ്പുണ്ടാകും.
എല്ലാ വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ വേണ്ടത്ര ഭൂരിപക്ഷമില്ലെങ്കില്‍, വോട്ടിങ് സ്ലിപ്പുകള്‍ ഒരു രാസവസ്തുചേര്ത്ത് കത്തിക്കുമ്പോള്‍ സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മനിയില്‍ നിന്ന് കറുത്ത പുക ഉയരും. പാപ്പായെ തിരഞ്ഞെടുത്തിട്ടില്ല എന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കാത്തുനില്ക്കുന്ന ജനങ്ങള്‍ക്കും ലോകമാധ്യമങ്ങള്‍ക്കും അതില്‍ നിന്നു മനസിലാക്കാം. ചിമ്മനിയില്‍ നിന്ന് വെള്ളപ്പുക (ഫ്യൂമോ ബിയാങ്കോ) പുറത്തുവന്നാല്‍ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടുവെന്നും.
തുടര്‍ച്ചയായി മൂന്നു ദിവസം വോട്ടെടുപ്പ് നടന്നിട്ടും ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീര്പ്പുണ്ടാകുന്നില്ലെങ്കില് പ്രാര്‍ഥനയ്ക്കും വോട്ടര്‍മാര്‍ക്കു തമ്മില്‍ സ്വതന്ത്രമായ ചര്‍ച്ചയ്ക്കുമായി ഒരു ദിവസത്തെ ഇടവേള അനുവദിക്കും. കര്‍ദിനാള്‍ പ്രോട്ടോ-ഡീക്കന്‍ ഡോമനിക് മംബെര്ത്തിയുടെ ഒരു ആധ്യാത്മിക പ്രഭാഷണവും ഇതോടൊപ്പമുണ്ടാകും.
കര്‍ദിനാള്‍മാര്‍ പുതിയ പാപ്പായെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ കര്‍ദിനാള്‍ ഡീക്കന്മാരില് അവസാനത്തെയാള്‍ കര്‍ദിനാള്‍ സംഘത്തിന്റെ സെക്രട്ടറിയെയും പൊന്തിഫിക്കല്‍ ആരാധനക്രമങ്ങളുടെ മാസ്റ്ററെയും സിസ്റ്റൈന്‍ ചാപ്പലിലേക്കു വിളിച്ചുവരുത്തും.
കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേ, എല്ലാ ഇലക്തോര്മാര്ക്കും വേണ്ടി, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥിയോടു ചോദിക്കും: അങ്ങ് പരമോന്നത പാപ്പാപദത്തിലേക്കുള്ള കാനോനികമായ അങ്ങയുടെ തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ?
അംഗീകരിക്കുന്നുവെങ്കില്‍, ഡീന്‍ ചോദിക്കുന്നു: എന്തു പേര് വിളിക്കപ്പെടാനാണ് അങ്ങ് ആഗ്രഹിക്കുന്നത്?
പൊന്തിഫിക്കല്‍ തിരുകര്‍മങ്ങളുടെ മാസ്റ്റര്‍ നോട്ടറി എന്ന നിലയില്‍, സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് അംഗീകരിച്ചതും പുതിയ പാപ്പായുടെ പേരും രേഖപ്പെടുത്തി രണ്ടു സാക്ഷികളെക്കൊണ്ട് ഒപ്പുവയ്പ്പിക്കും. ഈ നിമിഷം മുതല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പായ്ക്ക് സാര്‍വത്രിക സഭയുടെ മേല്‍ സമ്പൂര്‍ണ അധികാരമുണ്ടാകും. കോണ്‍ക്ലേവ് അതോടെ പൂര്‍ത്തിയാകുന്നു.
കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ തങ്ങളുടെ കൂറും വിധേയത്വവും പുതിയ പാപ്പായ്ക്കു മുമ്പാകെ പ്രകടിപ്പിക്കുകയും ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും ചെയ്യും. കര്‍ദിനാള്‍ പ്രോട്ടോ-ഡീന്‍ അപ്പോള്‍ പുതിയ പാപ്പായെ തിരഞ്ഞെടുത്ത വിവരം ലോകത്തോടു വിളംബരം ചെയ്യുന്നു: അനുണ്സിയോ വോബിസ് ഗൗദിയും മാഞ്ഞും, ഹബേമൂസ് പാപ്പാം!
തുടര്‍ന്ന് പുതിയ പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ലോജ്ജാ ദെല്ലെ ബെനെദിക്സിയോനെ എന്ന ആശീര്‍വാദത്തിന്റെ ബാല്‍ക്കണിയില്‍ ആദ്യ പൊതുദര്‍ശനം നല്‍കിക്കൊണ്ട് ഊര്‍ബി എത് ഓര്‍ബി (നഗരത്തിനും ലോകത്തിനും) എന്ന തന്റെ ആദ്യത്തെ അപ്പസ്തോലിക ആശീര്‍വാദം നല്‍കും.
സ്ഥാനാരോഹണത്തെ തുടര്‍ന്ന് പൊന്തിഫിക്കല്‍ വാഴ്ചയുടെ ഉദ്ഘാടനം പൂര്‍ത്തിയാകുന്നത് പാപ്പാ റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ പാത്രിയാര്‍ക്കല്‍ ആര്ച്ച്ബസിലിക്കയുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നതോടെയാണ്.