വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ വിശുദ്ധവാതില്‍ ലോകത്തിനായി തുറന്നിട്ടുകൊണ്ട്, ഉയിര്‍പ്പുതിരുനാളില്‍ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ദൈവകരുണയുടെ ആശീര്‍വാദം നല്കിയ ഫ്രാന്‍സിസ് പാപ്പായ്ക്ക് ലോകം ഇന്നു വിടചൊല്ലുന്നു. അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ റോമാനഗരത്തിലെത്തിയിട്ടുള്ള ലോകനേതാക്കള്‍ക്കും വിശ്വാസികള്‍ക്കും തീര്ഥാടര്ക്കുമൊപ്പം ലോകമെമ്പാടുമുള്ള ദൈവജനവും അനുകമ്പയുടെ ആ സാന്ത്വന സ്വരം തിരിച്ചറിഞ്ഞിട്ടുള്ള ‘സോദരര്‍ സര്‍വരും’ ജീവിതത്തിന് തെളിച്ചം പകര്‍ന്ന ആ പരമാചാര്യശുശ്രൂഷയ്ക്ക് ദൈവത്തിനു നന്ദിയര്‍പ്പിക്കുന്നു.
ആത്മാവില്‍ അഭൗമലാവണ്യത്തിന്റെ ദിവ്യാനുഭൂതി നിറയ്ക്കുന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പ്രധാന അള്ത്താരയ്ക്കരികെ ജ്വലിച്ചുനില്ക്കുന്ന പാസ്കല്‍ തിരിയുടെയും, ഉപചാരപൂര്‍വം കാവല്‍ നില്ക്കുന്ന നാല് സ്വിസ് ഗാര്‍ഡുകളുടെയും, കര്‍ത്താവിന്റെ തിരുവിലാവില്‍ കുന്തമുനയിറക്കിയ റോമന്‍ പടയാളിയായ വിശുദ്ധ ലൊഞ്ജീനുസിന്റെ നാലു മീറ്റര്‍ ഉയരമുള്ള മാര്‍ബിള്‍ രൂപത്തിന്റെയും പശ്ചാത്തലത്തില്‍, ചുവന്ന തിരുവസ്ത്രവും പാലിയവും പേപ്പല്‍ ശിരോവസ്ത്രവുമണിയിച്ച് താഴ്ന്ന പീഠത്തില്‍, ഉള്ളില്‍ നാകപ്പാളി പിടിപ്പിച്ച തടിയുടെ തുറന്ന പേടകത്തില്‍ കിടത്തിയ പരിശുദ്ധ പിതാവിന്റെ മുഖം ഒരുനോക്കു കണ്ട് അന്ത്യാഞ്ജലിയര്‍പ്പിച്ച് പ്രാര്‍ഥിക്കാനും ദൈവകൃപയ്ക്കായി യാചിക്കാനും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ രണ്ടരലക്ഷത്തിലേറെപ്പേര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുണ്യദര്‍ശനത്തിന്റെ കൃപാപൂരിതമായ അനുഗ്രഹം നേടി. ഇന്ന് ബസിലിക്കാ അങ്കണത്തില്‍ ‘മിസ്സാ പെനിത്തെന്സിയാലിസ്’ എന്നറിയപ്പെടുന്ന സംസ്കാരശുശ്രൂഷയില്‍ രണ്ടുലക്ഷംപേരാണ് പങ്കെടുക്കുന്നത്.
ഇരുപതു വര്‍ഷം മുന്‍പ്, 2005 ഏപ്രില്‍ എട്ടിന് ചരിത്രം സൃഷ്ടിച്ച, ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ സംസ്കാരശുശ്രൂഷയെ അനുസ്മരിപ്പിക്കുംവിധം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അന്തിമോപചാരകര്മങ്ങള്ക്കാണ് വത്തിക്കാന്‍ ഇന്നു സാക്ഷ്യം വഹിക്കുന്നത്. പാരമ്പര്യങ്ങളില്‍ നിന്നു വ്യതിചലിച്ച് തന്റെ അപ്പസ്തോലിക വാഴ്ചയില്‍, ‘ദരിദ്രരുടെ സഭയില്‍ അവരില്‍ ഒരാളായി’ താദാത്മ്യം പ്രാപിക്കാന്‍ വെമ്പല്‍കൊണ്ട ഫ്രാന്‍സിസ് പാപ്പായുടെ അന്ത്യയാത്ര റോമാനഗരത്തിലെ പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള മേജര്‍ ബസിലിക്കയിലേക്കു കൂടി നീളുന്നു എന്ന പുതുമയുമുണ്ട്. കഴിഞ്ഞ 120 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് വത്തിക്കാനു വെളിയില്‍ ഒരു പാപ്പായുടെ കബറടക്കം നടക്കുന്നത്.
”രാജാവിനെ പോലെയല്ല, അജപാലകനായാണ് ഫ്രാന്‍സിസ് പാപ്പായുടെ അന്ത്യയാത്ര,” വത്തിക്കാനിലെ പുതിയ സിനഡല്‍ ഹാളില്‍ ഇന്നലെ സമ്മേളിച്ച കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷനില്‍ പേപ്പല്‍ തിരുകര്‍മങ്ങളുടെ മുഖ്യ മേല്‍നോട്ടക്കാരനായ ആര്‍ച്ച്ബിഷപ് ദിയേഗോ റവെല്ലി പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് നഗരത്തിന്റെ നാലുഭാഗങ്ങളില് നിന്നായി കിലോമീറ്ററുകളോളം നീണ്ട നിരകളില്‍ മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങള്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ പാതിരാത്രിയും പിന്നിട്ട് പുലര്‍ച്ചവരെ ബസിലിക്ക തുറന്നിടേണ്ട സാഹചര്യമുണ്ടായി. എങ്കിലും വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ പൊതുദര്‍ശനത്തിന് അന്ത്യം കുറിച്ച്, മൃതദേഹപേടകം അടച്ച് മുദ്രവയ്ക്കുന്ന സ്വകാര്യ കര്‍മങ്ങള്‍ക്ക് വേദിയൊരുക്കി.
പരിശുദ്ധ സിംഹാസനം ഒഴിഞ്ഞുകിടക്കുമ്പോള്‍ കര്‍ദിനാള്‍ സംഘത്തിന്റെ സഹായത്തോടെ താത്കാലിക ഭരണചുമതലയുടെ മേല്‍നോട്ടം വഹിക്കുന്ന കമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന് ഫാറെലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് പെട്ടി അടച്ച് മുദ്രവച്ചത്. റോമന്‍ കൂരിയായിലെ കര്‍ദിനാള്‍മാരും ഫ്രാന്‍സിസ് പാപ്പായുടെ സെക്രട്ടറിമാരും അദ്ദേഹത്തിന്റെ ഏതാനും ബന്ധുക്കളും സന്നിഹിതരായിരുന്നു.

ഒരുമണിക്കൂര്‍ നീണ്ട കര്‍മങ്ങളുടെ തുടക്കത്തില്‍, ഫ്രാന്‍സിസ് പാപ്പായുടെ ജീവിതവും പൊന്തിഫിക്കല്‍ വാഴ്ചയിലെ പ്രധാന സംഭാവനകളും രേഖപ്പെടുത്തുന്ന ‘റൊജീത്തോ’ എന്ന രണ്ടു പേജ് വരുന്ന ലത്തീന്‍ സത്യവാങ്മൂലം ആര്‍ച്ച്ബിഷപ് ദിയേഗോ റവേല്ലി വായിച്ചു. ഗായകസംഘം സക്കറിയായുടെ പ്രവചനഗീതം ആലപിക്കുകയും മൗനപ്രാര്ഥനയ്ക്കുശേഷം കര്‍ദിനാള്‍ ഫാറെല്‍ ലത്തീനില്‍, ‘കര്‍ത്താവേ, സഭാമക്കള്‍ക്കു കാണിച്ചുകൊടുക്കാനായി അങ്ങയുടെ മാര്‍ഗം ദര്‍ശിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇപ്പോള്‍ പിതാവായ അങ്ങയുടെ മുഖം ദര്‍ശിക്കാന്‍ ഇടയാവട്ടെ’ എന്നു പ്രാര്‍ഥിച്ചു. ആര്‍ച്ച്ബിഷപ് റവേല്ലി വെളുത്ത പട്ടിന്റെ മൂടുപടംകൊണ്ട് പാപ്പായുടെ മുഖം മൂടി. ”ഭൂമിയിലെ വെളിച്ചം നഷ്ടപ്പെട്ട അവന്റെ മുഖം, സത്യവെളിച്ചത്താല് എന്നന്നേയ്ക്കും പ്രശോഭിതമാകട്ടെ, നീയാണല്ലോ അതിന്റെ അക്ഷയമായ ഉറവിടം” എന്ന പ്രാര്‍ഥന അദ്ദേഹം ചൊല്ലി.
കര്‍ദിനാള്‍ ഫാറെല്‍ പാപ്പായുടെ ഭൗതികശരീരത്തില്‍ വിശുദ്ധ ജലം തളിച്ചു. ആര്‍ച്ച്ബിഷപ് റവേല്ലി ‘റൊജീത്തോ’ രേഖ ചുരുട്ടി ഒരു ലോഹക്കുഴലിലാക്കി അടച്ച് മുദ്രവയ്ക്കുകയും, ഫ്രാന്‍സിസിന്റെ പേപ്പല്വാഴ്ചക്കാലത്ത് ഇറക്കിയ നാണയങ്ങളും മെഡലുകളും അടക്കം ചെയ്ത സഞ്ചിയോടൊപ്പം അത് പേടകത്തില്‍ നിക്ഷേപിക്കുകയും ചെയ്തു.
നാകപ്പാളികൊണ്ടാണ് ആദ്യം പേടകം അടച്ച് മുദ്രവച്ചത്. അതിന്മേല് കുരിശും, ഫ്രാന്‍സിസ് പാപ്പായുടെ സ്ഥാനികമുദ്രയും, അദ്ദേഹത്തിന്റെ ജീവിതകാലവും – 88 വര്‍ഷം, നാലു മാസം, നാലു ദിവസം – പരിശുദ്ധ സിംഹാസനത്തില്‍ ശുശ്രൂഷ ചെയ്ത കാലവും – 12 വര്‍ഷം, ഒരു മാസം, എട്ടു ദിവസം – അടയാളപ്പെടുത്തിയിരുന്നു. അതിനുമേലെ തടിപേടകത്തിന്റെ മൂടിയില്‍ കുരിശും പാപ്പായുടെ സ്ഥാനികമുദ്രയും പതിച്ചിരുന്നു.
സങ്കീര്‍ത്തനങ്ങളും പ്രതിവചന സങ്കീര്‍ത്തനവും ഈസ്റ്റര്‍ കാലയളവിലെ ‘സ്വര്‍ഗീയ രാജ്ഞി’ കീര്‍ത്തനവും ചൊല്ലി തിരുകര്‍മങ്ങള്‍ സമാപിച്ചു.
ബസിലിക്കയുടെ തിരുകര്മങ്ങളുടെയുടെയും കൗദാശിക കാര്യങ്ങളുടെയും ചുമതല വഹിക്കുന്ന ചാപ്റ്റര്‍ ഓഫ് സെന്റ് പീറ്റര്‍ അംഗങ്ങളായ വൈദികര്‍ തുടര്‍ന്ന് രാത്രി മുഴുവന്‍ മൃതപേടകത്തിനരികെ ജാഗരണപ്രാര്ഥയില് മുഴുകിയിരുന്നു.
ഇന്നു രാവിലെ ഇറ്റാലിയന്‍ സമയം പത്തുമണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ ആരംഭിക്കുന്ന സംസ്കാരശുശ്രൂഷയില്‍, 2001-ല്‍ ഫ്രാന്‍സിസ് പാപ്പായോടൊപ്പം (അന്ന് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ) ജോണ്‍ പോള്‍ രണ്ടാമന് പാപ്പായില്‍ നിന്ന് കര്‍ദിനാളിന്റെ ചുവന്ന തൊപ്പി സ്വീകരിച്ച, കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീനായി തുടരാന്‍ ഫ്രാന്‍സിസ് പാപ്പാ അടുത്തകാലത്ത് തുടര്‍നിയമനം നടത്തി തൊണ്ണൂറ്റൊന്നുകാരനായ ഇറ്റാലിയന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേ മുഖ്യകാര്‍മികത്വം വഹിച്ച് സുവിശേഷപ്രസംഗം നടത്തും. പാപ്പായുടെ ആത്മശാന്തിക്കായി ആചരിക്കുന്ന നോവെംദിയാലെസ് എന്ന നവനാള്‍ തിരുകര്‍മങ്ങളില്‍ ആദ്യത്തെ കുര്‍ബാനയായ സംസ്കാരശുശ്രൂഷയില്‍ 220 കര്‍ദിനാള്‍മാരും 750 മെത്രാന്മാരും വൈദികരും സഹകാര്‍മികരായിരിക്കും.
ലോകരാഷ് ട്രങ്ങളും ലോകജനതയും ‘സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍’ വേണ്ടിയുള്ള വിശേഷ പ്രാര്‍ഥനയോടെ സമാപിക്കുന്ന അനുസ്മരണബലിയുടെ സമാപനത്തില്‍ മൃതപേടകം വിശുദ്ധജലം തളിച്ച് ആശീര്‍വദിക്കുകയും ധൂപാര്‍ച്ചന നടത്തുകയും ചെയ്യും. ‘മാലാഖമാര്‍ അങ്ങയെ സ്വര്‍ഗത്തിലേക്ക് ആനയിക്കട്ടെ, രക്തസാക്ഷികള്‍ അങ്ങയെ വരവേല്ക്കട്ടെ, പരിശുദ്ധ നഗരമായ നിത്യ ജറൂസലേമിലേക്ക് അങ്ങയെ ആനയിക്കട്ടെ’ എന്ന പ്രാര്‍ഥനയോടെ സംസ്കാരശുശ്രൂഷ പൂര്‍ത്തിയാകും. തുടര്‍ന്ന് പേടകം ബസിലിക്കയിലേക്കു കൊണ്ടുപോകും.
പാപ്പായുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ 50 രാഷ്ട്രതലവന്മാരും പത്തു രാജ്യങ്ങളില്‍ നിന്നുള്ള രാജാക്കന്മാരും ഉള്‍പ്പെടെ 130 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍ എത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ് ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, സഹമന്ത്രി ജോര്‍ജ് കുര്യന്, ഗോവ ഡപ്യൂട്ടി സ്പീക്കര്‍ ജോഷ്വ പീറ്റര്‍ ഡിസൂസ എന്നിവര്‍ ഇന്ത്യയുടെ പ്രതിനിധി സംഘത്തിലുണ്ട്. കേരളത്തെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാന്‍ മന്ത്രി റോഷി അഗസ്റ്റിനെയാണ് വത്തിക്കാനിലേക്ക് അയച്ചിരിക്കുന്നത്.
പാപ്പായുടെ മാതൃരാജ്യമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ഹവിയര്‍ മിലെയ്, ഇറ്റാലിയന്‍ പ്രസിഡന്റ്, രാജാക്കന്മാര് എന്നിവരില്‍ നിന്നു തുടങ്ങി തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരെയും മറ്റു നേതാക്കളെയും ഫ്രഞ്ച് അക്ഷരമാലക്രമത്തില്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഇരുത്തും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജാ മെലോനി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയായും, യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയും പത്നി ഒലേന സെലന്‍സ്കയും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍, ബ്രിട്ടനിലെ വില്യം രാജകുമാരന്, പോളണ്ട് പ്രസിഡന്റ് ആന്ത്രെയ് ഡൂഡ, സ്ഥാനമൊഴിയുന്ന ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ദെ സൂസാ, പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ, സ്പെയിനിലെ ഫെലിപെ ആറാമന്‍ രാജാവും ലെറ്റീസിയ രാജ്ഞിയും, ഹംഗറി പ്രധാനമന്ത്രി വിക്തോര്‍ ഒര്ബാന്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സില്‍വ, മെക്സിക്കോ പ്രസിഡന്റ് ക്ലൗദിയാ ഷെയ്ന്‍ബൗം, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍, റഷ്യന്‍ സാംസ്കാരിക മന്ത്രി ഓള്‍ഗ ല്യൂബിമോവ തുടങ്ങിയവര്‍ പാപ്പായ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കും.
ഫ്രാന്‍സിസ് പാപ്പായുടെ അന്ത്യാഭിലാഷം രേഖപ്പെടുത്തിയിട്ടുള്ള ഒസ്യത്തുപ്രകാരം റോമിലെ സാന്താ മരിയ മജോരെ പേപ്പല്‍ ബസിലിക്കയിലാണ് ഭൗതികശരീരം അടക്കം ചെയ്യുന്നത്. മരിയ സലൂസ് പോപ്പുലി റൊമാനി എന്ന പേരില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ മാതാവിന്റെ തിരുച്ചിത്രം പ്രതിഷ്ഠിച്ചിട്ടുള്ള പൗളിന് ചാപ്പലിനും സഫോര്സ ചാപ്പലിനും ഇടയിലെ ഇടനാഴിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ അള്‍ത്താരയ്ക്ക് അടുത്തായാണ് നിലത്ത് ഫ്രാന്‍സിസ് പാപ്പായുടെ കല്ലറ ഒരുക്കയിട്ടുള്ളത്.
പാപ്പായുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ കടന്നുപോവുകയില്ല. പേറുജീനോ കവാടത്തിലൂടെ വത്തിക്കാനില്‍ നിന്ന് തെക്കോട്ടു നീങ്ങുന്ന പ്രദക്ഷിണം ജാനികൊളോ മലയുടെ അടിയിലെ പ്രിന്ചിപെ അമെദേവോ സവോയാ അവോസ്ത തുരങ്കത്തിലൂടെ അതേ പേരുള്ള പാലത്തിലൂടെ ടൈബര്‍ നദി കടന്ന്, കോര്‍സോ വിത്തോറിയോ എമ്മാനുവേലെയില് നിന്ന് പിയാത്സ വെനേസിയയിലെത്തി, ഇംപീരിയല്‍ ഫോറവും പുരാതന റോമാനഗരത്തിന്റെ അവശിഷ്ടങ്ങളും താണ്ടി കൊളോസിയം കടന്ന് വിയാ ലാന്സിയയിലൂടെ നീങ്ങി, വിയാ മെറുലാന വഴി സാന്താ മരിയ മജ്ജോരെ ബസിലിക്കയിലെത്തിച്ചേരും. റോമാനഗരവീഥികള്ക്ക് ഇരുവശത്തുമായി തടിച്ചുകൂടുന്ന ജനങ്ങള്‍ക്ക് പാപ്പായുടെ ഭൗതികദേഹം അടക്കം ചെയ്തിട്ടുള്ള പേടകം ദൃശ്യമാകുംവിധം മന്ദഗതിയിലാകും സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കുള്ള വിലാപയാത്ര.
ബസിലിക്കയിലേക്കു കയറുന്ന പടവുകളില്‍, ഫ്രാന്‍സിസ് പാപ്പായ്ക്ക് ഏറ്റവും പ്രിയങ്കരരായിരുന്ന സമൂഹത്തിലെ തഴയപ്പെട്ട ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന, ദരിദ്രര്‍, ഭവനരഹിതര്‍, തടവുകാര്‍, ഭിന്നലിംഗക്കാര്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ പ്രതിനിധികളായ നാല്‍പ്പതോളം പേര് വെളുത്ത റോസാപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട്, തങ്ങളുടെ പ്രിയപ്പെട്ട പിതാവിന് വിട ചൊല്ലും.
സെന്റ് മേരി മേജര്‍ ബസിലിക്കയിലെ കബറടക്കം സ്വകാര്യ ചടങ്ങായിരിക്കും. ഞായറാഴ്ച മുതല്‍ വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും കബറിടത്തിന്റെ ഭാഗത്തേക്ക് പ്രവേശനം അനുവദിക്കും. ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കര്‍ദിനാള്‍മാരുടെ സംഘം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ വിശുദ്ധവാതിലിലൂടെ കടന്ന് ഫ്രാന്‍സിസ് പാപ്പായുടെ കബറിടം സന്ദര്‍ശിക്കും. തുടര്‍ന്ന് പൗളിന് ചാപ്പലില്‍ കര്‍ദിനാള്‍മാര്‍ ഒരുമിച്ചുചേര്‍ന്ന് സന്ധ്യാപ്രാര്‍ഥന ചൊല്ലും.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിനു തുടക്കം കുറിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ വിശുദ്ധവാതില്‍ തുറന്ന ഫ്രാന്‍സിസ് പാപ്പാ ജൂബിലിയുടെ സമാപനം കാണാതെ സ്വര്‍ഗീയസമ്മാനത്തിനായി മടങ്ങുകയാണ്. സഭാചരിത്രത്തില്‍ ഇതിനു മുന്‍പ്, ജൂബിലി വര്‍ഷത്തില്‍ ഒരു പാപ്പാ വിശുദ്ധ വാതില്‍ തുറക്കുകയും മറ്റൊരു പാപ്പാ വിശുദ്ധവാതില്‍ അടയ്ക്കുകയും ചെയ്തത് 1700-ലാണ്. ആ ജൂബിലി വര്‍ഷത്തില്‍ ഇനൊസെന്റ് പന്ത്രണ്ടാമന് പാപ്പാ സെപ്റ്റംബര്‍ മാസം ദിവംഗതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമി ക്ലമന്റ് പതിനൊന്നാമന്‍ പാപ്പായാണ് ജൂബിലി വര്‍ഷത്തിനു സമാപനം കുറിച്ചത്.
ആധുനിക കാലത്ത് മിക്ക പാപ്പാമാരുടെയും കബറടക്കം നടത്തിയിട്ടുള്ളത് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ ക്രിപ്റ്റുകളിലാണ്. ഇതിനു മുന്‍പ് 1903-ലാണ് വത്തിക്കാനു പുറത്ത് ഒരു പാപ്പായെ അടക്കം ചെയ്തത്: ലിയോ പതിമൂന്നാമന്‍ പാപ്പായെ, റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ തീര്‍ഥാടകരുടെ വലിയ പ്രവാഹം പ്രതീക്ഷിച്ചിരുന്ന ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍, ഫ്രാന്‍സിസ് പാപ്പായുടെ ദേഹവിയോഗത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന വിശ്വാസികളുടെയും തീര്‍ഥാടകരുടെ സംഖ്യ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതാണ്. ഇറ്റലി അഞ്ചുദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്ന് സംസ്കാരശുശ്രൂഷ ആരംഭിക്കുമ്പോള്‍ രാജ്യമെമ്പാടും ഒരു മിനിറ്റ് മൗനം പാലിക്കും. ഇറ്റലിയിലെ ദേശീയ റെയില്‍വേ കമ്പനി ഇന്ന് റോമിലേക്കുള്ള ട്രെയിനുകളില്‍ 2.60 ലക്ഷം സീറ്റുകള്‍ കൂടുതലായി ഏര്‍പ്പാടു ചെയ്യുന്നുണ്ടെന്ന് സിവില്‍ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഡ്രോണുകളും അശ്വാരൂഢ പട്രോള്‍ സംഘങ്ങളും ഉള്‍പ്പെടെ വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വത്തിക്കാന്‍ ചത്വരത്തില്‍ നിന്നു തുടങ്ങി സെന്റ് മേരി ജേര് ബസിലിക്ക വരെ വത്തിക്കാന്‍ ടെലിവിഷന്‍ സെന്റര്‍ – വത്തിക്കാന്‍ മീഡിയ, വത്തിക്കാന്‍ ന്യൂസ് – വത്തിക്കാന്‍ റേഡിയോ എന്നിവ അറബി, ചൈനീസ്, വിയറ്റ്നാമീസ് എന്നിവ ഉള്‍പ്പെടെ 15 ഭാഷകളിലും, അമേരിക്കന്‍ സൈന്‍ ലാംഗ്വേജ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ നാല് ആംഗ്യഭാഷകളിലും സംസ്കാരശുശ്രൂഷയും സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കുള്ള പ്രദക്ഷിണവും സംപ്രേഷണം ചെയ്യും. 56 ഭാഷകളില്‍ മള്‍ട്ടിമീഡിയ പ്ലാറ്റ്ഫോം കവറേജിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ലോകമാധ്യമങ്ങളുടെയെല്ലാം സാന്നിധ്യവും റോമിലുണ്ട്.