വത്തിക്കാൻ: ഫ്രാൻസിസ് പാപ്പയുടെ അവസാന നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. കോമയിലേക്ക് വീണ പാപ്പ ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തതിന്റെ കാരണം ഉൾപ്പെടെ അദ്ദേഹം സംസാരിച്ചു.
ഇരട്ട ന്യുമോണിയ ബാധിച്ച് 38 ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഫ്രാൻസിസ്പാപ്പ , ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ മരണത്തിന് തൊട്ടുമുമ്പ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തി ലോകത്തെ അത്ഭുതപ്പെടുത്തിയപ്പോൾ ആരും കരുതിയിരുന്നില്ല അത് അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന്. മരിക്കുന്നതിന്റെ തലേദിവസം ഈസ്റ്റർ അനുഗ്രഹം നൽകാനാണ് അദ്ദേഹം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയത്.
ഇറ്റാലിയൻ ദിനപത്രമായ കൊറിയെറെ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി അവസാനനിമിഷങ്ങളെ കുറിച്ച് വിവരിച്ചത്.
“തിങ്കളാഴ്ച അതിരാവിലെ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോൾ, പാപ്പ കണ്ണുതുറന്നുകിടക്കുകയായിരുന്നു. സാധാരണനിലയിലാണ് ശ്വാസഗതി. ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, പ്രതികരിക്കുന്നുണ്ടായിരുന്നില്ല.”-ഡോക്ടർ പറഞ്ഞു.
പാപ്പയുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന സഹായി മസ്സി മിലിയാനോ സ്ട്രാപെറ്റി പുലർച്ചെ അഞ്ചരയോടെയാണ് തന്നെ വിളിച്ചതെന്നും 20 മിനിറ്റ് വൈകി 5.50-ഓടെയാണ് അവിടെ എത്താനായതെന്നും അദ്ദേഹം പറഞ്ഞു. ‘‘മറ്റുമാർഗങ്ങളിലൂടെ അദ്ദേഹത്തെ ഉണർത്താൻശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നും അപ്പോൾ ബോധ്യപ്പെട്ടു. ആസമയം ജെമെല്ലി ആശുപത്രിയിലേക്ക് പാപ്പയെ മാറ്റുന്നതും അത്ര എളുപ്പമല്ലായിരുന്നു. വസതിയിൽവെച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ജെമെല്ലിയിലായിരുന്നപ്പോൾ അക്കാര്യം എപ്പോഴും പറയുമായിരുന്നു. പക്ഷാഘാതമുണ്ടായി രണ്ടുമണിക്കൂറിനകം അദ്ദേഹം അന്ത്യനിദ്രയിലാണ്ടു.” -ഡോക്ടർ പറഞ്ഞു.
ശ്വാസകോശത്തിന്റെ രണ്ടറകളിലും ന്യുമോണിയ ബാധിച്ച് സങ്കീർണമായ ആരോഗ്യസ്ഥിതിയിലൂടെ പാപ്പ കടന്നുപോയ അഞ്ചാഴ്ചക്കാലവും അദ്ദേഹത്തിന്റെ ചികിത്സയും മറ്റുകാര്യങ്ങളും റോമിലെ ജെമെല്ലി ആശുപത്രിയിൽ ഏകോപിപ്പിച്ചത് ഡോ. സെർഗിയോ ആണ്. മാർച്ച് 23-ന് ആശുപത്രിവാസം അവസാനിപ്പിച്ച് പാപ്പയുടെ റോമിലെ സാന്ത മാർത്ത വസതിയിലേക്ക് മടങ്ങിയപ്പോഴും പരിചരണകാര്യങ്ങളിലും ചികിത്സയിലും ശ്രദ്ധിച്ചത് ഡോക്ടർതന്നെയായിരുന്നു. പൂർണ ആരോഗ്യത്തിനായി രണ്ടുമാസത്തെ വിശ്രമം നിർദേശിച്ചിരുന്നു. അബോധാവസ്ഥയിലേക്ക് പോവുംമുൻപ് അടുത്തുണ്ടായിരുന്ന സ്ട്രാപെറ്റിയോട് പാപ്പ യാത്രപറഞ്ഞതായും ആ സമയം ക്ലേശമൊന്നും അനുഭവിക്കുന്നില്ലായിരുന്നെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട്ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം പ്രമാണിച്ച് നാളെ ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക പാതി താഴ്ത്തിക്കെട്ടണം. ഔദ്യോഗിക പരിപാടികൾ ഒഴിവാക്കും.