ബോബന് വരാപ്പുഴ
കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങള്‍ പോലെ പതിനാല് അധ്യായങ്ങളുള്ള പുസ്തകം. ഇത് വിശ്വാസ അഭ്യാസത്തിനായുള്ള ഒരു ആധ്യാത്മിക ഗ്രന്ഥമെന്ന് കരുതിയാല്‍ തെറ്റി. ലോകഗതിയിലെ നിര്‍ണ്ണായക വഴിത്തിരിവുകളെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്ന മഹത്തായ പുസ്തകമാണിത്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് ഇതോടെ വിശ്വാസപൂര്‍ണ്ണമായ അടിത്തറയായി.
1976-ല്‍ പട്ടാള വിപ്ലവത്തിലൂടെ അര്‍ജന്റീനയില്‍ അധികാരത്തില്‍ വന്ന ജനറല്‍ ജോര്‍ജ് റാഫേല്‍ വിദേലയുടെ മര്‍ദ്ദക ഭരണകൂടം തടവിലാക്കിയ ഓര്ലെന്ഡൊയോരിയോ, ഫ്രാന്‍സിസ് ജാലിക്സ് എന്ന ഈശോസഭയിലെ റിബലുകളായിരുന്ന രണ്ട് വൈദികരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അന്ന് 39 കാരനായ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ എന്ന റെക്ടറച്ചന് ശ്രമിച്ചില്ലെന്ന ആരോപണത്തെ അദ്ദേഹം നേരിടുന്നത് , അതിനായി പ്രസിഡണ്ട് വിദേലയെ സ്വാധീനിച്ച് അവരുടെ മോചനം സാധ്യമാക്കിയ നാള്‍വഴികള്‍ വിശദീകരിച്ചുകൊണ്ടാണ്.
വിവാദമായ സാമ്പത്തിക ക്രമക്കേട്, സഭാ തനയര്ക്കെതിരായ ലൈംഗീകാരോപണങ്ങള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍.. എല്ലാം ശരിവെക്കുന്ന പാപ്പ, ബെനഡിക്ട് പാപ്പയെ പോലെ താന്‍ ഇടക്കാലത്ത് രാജിവെക്കില്ലന്നും ആജീവനാന്തം പാപ്പയായി തുടരുമെന്നും വ്യക്തമാക്കുന്നു. ഈ കാലയളവില്‍ പുരോഗമനതീരുമാനമെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന പല സംഗതികളും ശക്തമായി നിഷേധിക്കുകയും സഭയുടെ വിശ്വാസ പാരമ്പര്യങ്ങളോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മഹാമാരിയുടെ കാലത്ത് ഒരിക്കല്‍ വിജനമായ റോമന്‍ നഗരവീഥിയിലൂടെ ലോകത്തിനും കൊവിഡ് ബാധിതര്‍ക്കും മരണപ്പെട്ടവര്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് നടന്നതിനെക്കുറിച്ചും വിശ്വാസപൂര്‍വ്വമാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പൗരോഹിത്യം നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്നവയ്ക്കൊന്നും അടിസ്ഥാനമില്ലെന്നും മൂന്നാംലിംഗക്കാരെ ഒരിക്കലും പുരോഹിതരാക്കില്ലെന്നും വ്യക്തമാക്കുന്നു. മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങുന്നത് ടെലിവിഷനില്‍ കണ്ട അദ്ദേഹം അത് സത്യമാണെന്നും, 1986 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തന്റെ സ്വന്തം രാജ്യക്കാരനായ ഡീഗോ മറഡോണ കൈ കൊണ്ടാണ് ഗോളടിച്ചതെന്നും സ്ഥിരികരിക്കുന്നുണ്ട്. ഒരിക്കല്‍ തന്നെ സന്ദര്‍ശിച്ച സാക്ഷാല്‍ മറഡോണയോട് തന്നെ നേരിട്ടു ചോദിച്ചു. ‘കുറ്റം ചെയ്ത ആ കൈ ഏതാണ്?, ‘ ദൈവത്തിന്റെ കൈ എന്നാണ് ആ അധ്യായത്തിന്റെ പേര് തന്നെ.
രണ്ടാം ലോകമഹായുദ്ധവും യഹൂദരുടെ വംശഹത്യയും ജപ്പാനില്‍ അമേരിക്കയുടെ അണുബോംബ് പ്രയോഗവും, ശീതയുദ്ധവും ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങുന്നതും, അര്‍ജന്റീനയിലെ വിദേശ സൈനീക വിപ്ലവവും, 1986 – ലെ ലോകകപ്പ് ഫുട്ബോളില്‍ മറഡോണയുടെ വിവാദ ഗോളും അര്‍ജന്റീനയുടെ ത്രസിപ്പിക്കുന്ന വിജയവും, യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ നവദര്‍ശനത്തിന്റെ പുതുവെട്ടം വീഴ്ത്തിയ ബെര്‍ലിന്‍ മതലിന്റെ തകര്‍ച്ചയും, യൂറോപ്യന്‍ യൂണിയന്റ പിറവിയും, സെപ്തംബര്‍ 11 ലെ ഭീകരാക്രമണവും, ലോകസാമ്പത്തിക പ്രതിസന്ധിയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിയും കൊവിഡ് മഹാമാരിയും….. ഇനിയും എഴുതുവാനുള്ള ചരിത്രവും…
ഫ്രാന്‍സിസ് എന്ന പേരിന് മടക്കിക്കൊണ്ടുവന്നവനെന്നൊരു അന്തരീകാര്ത്ഥമുണ്ട്. വിശ്വാസ പാതയില്‍ വഴിതെറ്റിയ സഭയെ ക്രിസ്തുവിലേക്ക് തിരികെയെത്തിച്ച അതേ ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയെ പ്രേരിപ്പിച്ചത് ആ യഥാര്‍ത്ഥ വിശ്വാസ തീഷ്ണതയോടുള്ള ആദരവാണ്. അങ്ങനെ സാര്‍വ്വത്രിക കത്തോലികാ സഭയുടെ രണ്ടേകാല്‍ സഹസ്രാബ്ദത്തിന്റെ മഹത്തായ ചരിത്രത്തില്‍, അജപാലത്തിന്റെ ആന്തരിക വിശുദ്ധിയോടും ദര്‍ശനത്തോടും കൂടെ സഭയെ നയിക്കാന്‍ രണ്ടാം ക്രിസ്തുവായ ഫ്രാന്‍സിസ് അസീസി പുനര്‍ജനിക്കുകയായിരുന്നു.
ലോകമാറ്റങ്ങളില് ഏറ്റവും നിര്‍ഭാഗ്യകരമായ മനുഷ്യന്റെ സ്വാര്‍ത്ഥത പക്ഷേ, സഭയ്ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ലോകം വികസിച്ചൊടുവില് അവനവനിലേക്ക് ചുരുങ്ങുമ്പോള്‍, അഭയം തേടി വന്നവന് വിരുന്നുകാരനും പിന്നെ വീട്ടുകാരനും ശേഷം കലാപകാരിയുമാകുമ്പോള്, കത്തോലികസഭയുടെ പരമാധ്യക്ഷന്‍ നിരാശനാകുന്നില്ല. അഭയം തേടി വരുന്നവര്‍ക്ക് മുമ്പില്‍ രക്ഷയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടാനും അതിര്ത്തിരഹിതനുമാക്കാനുമാണ് ആഹ്വാനം. അതാണ് ക്രിസ്തു ലോകത്തെ പഠിപ്പിച്ചത്.
ലോകം നല്കുന്ന ഗുണപാഠങ്ങളേക്കാള്‍, പരിശുദ്ധാത്മാവിനാല്‍ നല്കപ്പെട്ട ദൈവത്തിന്റെ പ്രമാണങ്ങളില്‍ നിന്നാണ് സഭ ആത്മനിഷ്ഠയുടെ നല്ലപാഠങ്ങള്‍ പഠിക്കേണ്ടത്. ആകാശവും ഭൂമിയും മാറിയാലും മാറ്റപ്പെടാത്ത അജഞ്ചലമായ വചനത്തിലുള്ള വിശ്വാസം. സഭാവിലാസമായ എളിമ. തിരുനാഥന്റെ ഹൃദയമുദ്രയായ സ്വയം ശൂന്യമാക്കല്‍ ഇതായിരിക്കണം സഭ.
2013 -ല്‍ കോണ്‍ക്ലെവിന് മുന്നോടിയായുള്ള പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പി വാങ്ങിക്കൊണ്ട് ഹവാന്ന ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ജെയ്മി ഓര്‍ട്ടേഗ അല്മേനിയുടെ കമന്റ് ‘ആഹാ എത്ര ആനന്ദകരം,പുതിയ പോപ്പിന്റെ പക്കല്‍ നിന്നും എന്നേക്കും സൂക്ഷിക്കാനൊരു സുവിനീര്‍….. ‘ സാന്തിയാഗോയിലെ ആര്‍ച്ച്ബിഷപ് എമരീറ്റസ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്കോ എറാസൂസ്,
‘താങ്കള്‍ പ്രസംഗം തയ്യാറാക്കിയോ ?’
‘എന്ത് പ്രസംഗം. ?’
‘ഇന്നത്തെ പ്രസംഗം താങ്കള്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പറയാനുള്ളത്. ‘
അര്‍ജന്റീനയിലെ കര്‍ദ്ദിനാള്‍ സാന്റോസ് അബ്രില്‍ , ചോദിക്കുന്നത്
‘ക്ഷമിക്കണേ, താങ്കള്‍ക്ക് ഒരു ശ്വാസകോശമില്ലെന്നത് വാസ്തവമാണോ……?’
കത്താലിക്ക സഭയുടെ 266മത്തെ പാപ്പായായുള്ള തന്റെ സ്ഥാനാരോഹണത്തെക്കുറിച്ച് കോണ്ക്ലെവിനിടയില് തനിക്ക് ലഭിച്ച മൂന്ന് സൂചനകള്‍ ഇതാണെന്ന് പാപ്പ എഴുതുന്നു.
നേരത്തെ, മറ്റൊരു കൗതുകരമായ ഒരു കാര്യവും പാപ്പ സൂചിപ്പിക്കുന്നുണ്ട്.
‘സെമിനാരിയിലെ ആദ്യവര്‍ഷത്തില്‍ എനിക്ക് ചെറിയൊരു അപഭ്രംശത്തെ നേരിടേണ്ടി വന്നു. ഇത് സ്വാഭാവികമായിരുന്നു. അല്ലെങ്കില്‍ നമ്മള് മനുഷ്യരാകില്ലല്ലോ. ഒരിക്കന്‍ ഞാന്‍ ഒരു മനോഹരിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അവള് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളതായിരുന്നു. അത് പിന്നിട് വഴിതിരിഞ്ഞു പോയി. അവള് വിവാഹിതയും അമ്മയുമായി…. എന്റെ ഒരു ചിറ്റപ്പന്റെ വിവാഹ വേയില്‍ കണ്ടുമുട്ടിയ മറ്റൊരു യുവതിയില്‍ ഞാന്‍ ആകൃഷ്ടനായി. അവള് അതീവ സുന്ദരിയായിരുന്നു, ബുദ്ധിശാലിയും. അവള് ശരിക്കും എന്റെ തലക്ക് ലഹരിയായി. തുടര്‍ന്നുള്ള ഒരാഴ്ച്ചയോളം എന്റെ മനസ്സിന്റെ കണ്ണാടിയില്‍ അവളെ ഞാന്‍ കണ്ടുകൊണ്ടേയിരുന്നു. പ്രാര്‍ഥിക്കാന്‍ പോലും എനിക്ക് വിഷമമായി…….. ‘
പാപ്പയ്ക്കൊപ്പം ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകന് ഫാബിയോ മര്ക്കേ സെറഗോണയെഴുതിയ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് പി.ജെ.ജെ. ആന്റണിയാണ്. നോഹാസ് ആര്‍ക്ക് ആണ് പ്രസാധകര്.