വിശ്വമാനവികതയുടെ നേതാവും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ പോപ്പ് ഫ്രാൻസിസിന്റെ വേർപാട് കത്തോലിക്കാ സഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും മാത്രമല്ല ലോകം മുഴുവന്റെയും തീരാനഷ്ടമാണ്. ലോക മനസാക്ഷിയുടെ മുഖവും ശബ്ദവും ആയിരുന്നു ഫ്രാൻസിസ് പാപ്പാ, കെആർഎൽസിസി അനുസ്മരിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പയായ അദ്ദേഹം വിനയത്തിന്റെയും ലളിതജീവിതത്തിന്റെയും പ്രതീകമായിരുന്നു.
“നമ്മുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും, ഒരു സുന്ദരമായ ലോകം സൃഷ്ടിക്കാൻ നമുക്ക് സഹായിക്കാം” എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾക്ക് മാത്രമല്ല, ജാതിമത ഭേദമെന്യേ സകല മനുഷ്യർക്കും പ്രചോദനമായിരുന്നു.
ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിലകൊണ്ട അദ്ദേഹം, ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവാഹകനായിരുന്നു.
അദ്ദേഹത്തിന്റെ വിനയം, ലളിതജീവിതം, സ്നേഹം എന്നിവ എക്കാലത്തും നമുക്ക് മാതൃകയാണ്. സാമൂഹിക നീതിക്കും, പരിസ്ഥിതി സംരക്ഷണത്തിനും, അഭയാർത്ഥികളുടെ പരിപാലനത്തിനും, ദരിദ്രരുടെ ഉന്നമനത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.
ജോസഫ് ജൂഡ്
ലത്തീൻ കത്തോലിക്ക സഭാ വക്താവ്