ജെക്കോബി
വത്തിക്കാന്‍ സിറ്റി: ഈസ്റ്റര്‍ ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ആനീതനായി ‘ഊര്‍ബി എത് ഓര്‍ബി’ (നഗരത്തിനും ലോകത്തിനുമായി) ആശീര്‍വാദം നല്കിയ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ഇന്നു രാവിലെ 7.45ന് കാലംചെയ്തു.
”പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവായ ഫ്രാന്‍സിസിന്റെ നിര്യാണം അഗാധമായ ദുഃഖത്തോടെ ഞാന്‍ അറിയിക്കുന്നു. ഇന്നു രാവിലെ 7.35ന് റോമിലെ ബിഷപ് ഫ്രാന്‍സിസ്, ദൈവപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി,” അപ്പസ്തോലിക ചേംബറിന്റെ കമര്‍ലെങ്കോ അമേരിക്കന്‍ കര്‍ദിനാള്‍ കെവിന് ഫാരെല്‍ രാവിലെ 9.45ന് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.
”അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെയും അവന്റെ സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങള്‍ വിശ്വസ്തതയോടും ധൈര്യത്തോടും സാര്‍വത്രിക സ്നേഹത്തോടും കൂടി, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അനുകൂലമായി ജീവിക്കാന്‍ അവന് നമ്മെ പഠിപ്പിച്ചു. കര്‍ത്താവായ യേശുവിന്റെ ഒരു യഥാര്‍ഥ ശിഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാതൃകയ്ക്ക് അതിരറ്റ നന്ദിയോടെ, ഫ്രാന്‍സിസ് പാപ്പായുടെ ആത്മാവിനെ ദൈവത്തിന്റെ അനന്ത കരുണാമയമായ സ്നേഹത്തിന് നമ്മള് സമര്‍പ്പിക്കുന്നു.”
ഗുരുതരമായ ശ്വാസകോശരോഗബാധയെ തുടര്‍ന്ന് 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 23ന് തുടര്‍ചികിത്സയും വിശ്രമവും നിര്‍ദേശിക്കപ്പെട്ട് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ തിരിച്ചെത്തിയ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ ബസിലിക്കയിലെ മുന്‍ ആര്‍ച്ച്പ്രീസ്റ്റ് ഇറ്റലിക്കാരനായ കര്‍ദിനാള്‍ ആഞ്ജെലോ കൊമാസ്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ ഈസ്റ്റര്‍ ദിവ്യബലിക്കും ‘സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും’ എന്ന മധ്യാഹ്നപ്രാര്ഥനയ്ക്കും ശേഷം ബസിലിക്കയുടെ മധ്യഭാഗത്തെ ലോജ്ജായില് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ദുര്‍ബലവും പതര്ച്ചയുള്ളതുമായ ശബ്ദത്തില്‍, ‘സഹോദരരേ സഹോദരിമാരേ, നിങ്ങള്‍ക്കേവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍” നേര്‍ന്നു. തന്റെ സന്ദേശം വായിക്കാന്‍ പൊന്തിഫിക്കല്‍ ആരാധനക്രമ തിരുകര്‍മങ്ങള്‍ ക്രമീകരിക്കുന്ന ആര്‍ച്ച്ബിഷപ് ദിയേഗൊ ജൊവാന്നി റവേല്ലിയെ ചുമതലപ്പെടുത്തുന്നതായി പാപ്പാ അറിയിച്ചു.
”ക്രിസ്തു, എന്റെ പ്രത്യാശ, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു,” പാപ്പായുടെ വാക്കുകള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ മുഴങ്ങി. ഉത്ഥാനം അമൂര്‍ത്തമായ ഒരു ആശയമല്ല, നമ്മെ വെല്ലുവിളിക്കുകയും സൗഖ്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജീവല്ശക്തിയാണതെന്ന് പാപ്പാ സമര്‍ത്ഥിച്ചു.
”നമ്മെ ഞെരുക്കുന്ന എല്ലാ തിന്മകളെയും അവന് ഇന്നും തന്റെമേല്‍ ഏറ്റെടുക്കുകയും അതിനെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. സ്നേഹം വിദ്വേഷത്തിനുമേലും, പ്രകാശം ഇരുളിനുമേലും സത്യം അസത്യത്തിനുമേലും വിജയം നേടിയിരിക്കുന്നു. പ്രതികാരത്തിനുമേല്‍ ക്ഷമ വിജയം നേടിയിരിക്കുന്നു. ചരിത്രത്തില്‍ നിന്ന് തിന്മ അപ്രത്യക്ഷമായിട്ടില്ല. അത് അവസാനം വരെയുണ്ടാകും. എന്നാല്‍ അതിന്റെ പ്രാമുഖ്യം ഇന്നു നിലനില്ക്കുന്നില്ല, ഈസ്റ്ററിന്റെ കൃപ സ്വീകരിക്കുന്നവരുടെമേല് അതിന് സ്വാധീനമില്ല.”
അവസാനത്തെ ഊര്‍ബി എത്ത് ഓര്‍ബി സന്ദേശത്തിലും ഫ്രാന്‍സിസ് പാപ്പാ ഗാസയിലും യുക്രെയ്നിലും ഉള്‍പ്പെടെ ലോകത്തിലെ വിവിധ സംഘര്‍ഷമേഖലയില്‍ വെടിനിര്‍ത്തലിനും സമാധാനചര്ച്ചയ്ക്കും വേണ്ടിയുള്ള തന്റെ ആഹ്വാനം ആവര്‍ത്തിച്ചു.
പെസഹാ വ്യാഴാഴ്ച റോമിലെ റെജീനാ ചേളി ജയിലില്‍ തടവുകാരെയും ജീവനക്കാരെയും സന്ദര്‍ശിച്ച പരിശുദ്ധ പിതാവ് അവരോടൊപ്പം പ്രാര്‍ഥിക്കുകയും അവരെ ആശീര്‍വദിക്കുകയും ചെയ്തിരുന്നു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി സാന്താ മാര്‍ത്താ ഭവനത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഫ്രാന്‍സിസ് യുഗം അസ്തമിക്കുന്നില്ല
ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയില്‍ പതിനഞ്ചു കൊല്ലം ബൂനോസ് ഐറിസിലെ ആര്‍ച്ച്ബിഷപ്പായി ശുശ്രൂഷ ചെയ്ത കാലത്ത് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ (JORGE MARIO BERGOGLIO) പ്ലാസാ ദെ മാഷോയിലെ ‘രണ്ടാം സാമ്രാജ്യത്തിന്റെ’ പ്രൗഢിയും പ്രതാപവും വിളങ്ങുന്ന അതിമെത്രാസന അരമന ഉപേക്ഷിച്ച് നഗരത്തിലെ ഒരു സാധാരണ ഫ്ളാറ്റില്‍ സ്വയം ഭക്ഷണം പാകംചെയ്തും, ഷോഫറും കാറുമൊന്നുമില്ലാതെ സാധാരണ മനുഷ്യരോടൊപ്പം പൊതുഗതാഗത ബസിലും അണ്ടര്‍ഗ്രൗണ്ട് മെട്രോയിലും യാത്രചെയ്തുമാണ് ജീവിച്ചത്. റോമിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായപ്പോഴും വത്തിക്കാനിലെ അലങ്കാരപ്പൊലിമയുള്ള അപ്പസ്തോലിക അരമനയില്‍ വാഴുന്നതിനു പകരം അദ്ദേഹം വത്തിക്കാന്‍ സിറ്റിയിലെ കാസാ സാന്താ മാര്‍ത്താ എന്ന ഗസ്റ്റ്ഹൗസിലെ ഒരു മുറിയിലാണ് 12 വര്‍ഷം താമസിച്ചത്.
‘മിസരാന്തോ ആത്ക്വെ എലിഗെന്തോ’ (കരുണയോടെയുള്ള തിരഞ്ഞെടുപ്പിനാല്‍) എന്നതായിരുന്നു മെത്രാന്‍ശുശ്രൂഷയ്ക്കായി ഹോര്‍ഹെ ബെര്‍ഗോളിയോ തിരഞ്ഞെടുത്ത ആപ്തവാക്യം. തന്റെ പേപ്പല്ശുശ്രൂഷയുടെ പ്രമാണവാക്യവും അതുതന്നെ മതിയെന്ന് ഫ്രാന്‍സിസ് പാപ്പാ നിശ്ചയിച്ചു. 2013 മാര്‍ച്ച് 13ന് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ കോണ്‍ക്ലേവില്‍ വിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ ‘നഗരത്തിനും ലോകത്തിനും’ (ഊര്‍ബി എത് ഓര്‍ബി) ദര്‍ശനവും ആശീര്‍വാദവും നല്‍കാനായി ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന് ഒരുക്കമായി ‘കണ്ണുനീരിന്റെ അറ’ എന്നറിയപ്പെടുന്ന സങ്കീര്‍ത്തിയില്‍ വച്ച് പുതിയ പാപ്പായ്ക്കുള്ള രാജകീയ മോതിരം നല്കിയപ്പോള് അദ്ദേഹം തന്റെ കൈവിരലില്‍ അണിഞ്ഞിരുന്ന കര്‍ദിനാളിന്റെ മോതിരം ഊരിമാറ്റി, കീശയിലുണ്ടായിരുന്ന തന്റെ പഴയ മെത്രാഭിഷേകത്തിന്റെ മോതിരം എടുത്തണിഞ്ഞു. പുതിയ പാപ്പായ്ക്കു വേണ്ടി ഒരുക്കിവച്ചിരുന്ന മനോഹരമായ സുവര്‍ണ കുരിശുമാല അണിയിക്കാനൊരുങ്ങിയപ്പോള്, ഇരുപതു വര്‍ഷമായി താന്‍ കൊണ്ടുനടക്കുന്ന ജര്മ്മന്വെള്ളിയുടെ പഴയ എപ്പിസ്കോപ്പല്‍ കുരിശ് അദ്ദേഹം എടുത്തുകാട്ടി. പാപ്പായുടെ ചുവന്ന ഷൂസ് നല്കിയപ്പോള് അദ്ദേഹം പറഞ്ഞു: എന്റെ പരന്ന പാദങ്ങള്‍ക്കു നല്ലത് എന്റെ ഓര്‍ത്തോപീഡിക് ഷൂസ് തന്നെയാണ്. പേപ്പല്‍ മേലങ്കിയായ വെല്‍വെറ്റ് മൊത്സെറ്റയും ലിനന്‍ ഹോഷെയുമില്ലാതെ വെള്ളക്കുപ്പായം മാത്രം മതിയെന്നും അദ്ദേഹം ശഠിച്ചു. 2001-ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്ത്തപ്പെട്ടപ്പോള്, റോമിലെ കണ്‍സിസ്റ്ററിയില്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായില്‍ നിന്ന് സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ അണിയാനായി ബൂനോസ് ഐറിസിലെ തന്റെ മുന്‍ഗാമി കര്‍ദിനാള്‍ അന്തോണിയോ ക്വാറച്ചീനോയുടെ പഴയ കുപ്പായം വെട്ടി പാകത്തിലാക്കി കൊണ്ടുപോയ ‘സഭയുടെ രാജകുമാരന്’ ആണ് ബെര്‍ഗോളിയോ.
‘ഹബേമുസ് പാപ്പാം’ (ഇതാ, നമുക്കൊരു പാപ്പാ) എന്ന വിളംബരത്തിനു പിന്നാലെ ബസിലക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട അര്‍ജന്റീനയില്‍ നിന്നുള്ള ഇറ്റാലിയന്‍ വംശജനും ഈശോസഭക്കാരനും എഴുപത്താറുകാരനുമായ ഫ്രാന്‍സിസ് പാപ്പാ, മഴപെയ്തൊഴിഞ്ഞ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ജനാവലിയെ നോക്കി ഇറ്റാലിയനില്‍ ‘ബോന സേരാ’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് ”ലോകത്തിന്റെ അങ്ങേ അറ്റത്തുനിന്ന് കര്‍ദിനാള്‍മാര്‍ നിങ്ങളുടെ മെത്രാനായി കണ്ടെത്തിയിരിക്കുന്ന എന്നെ നിങ്ങള്‍, ദൈവത്തിന്റെ വിശുദ്ധ ജനം, അനുഗ്രഹിക്കണം” എന്ന് ആവശ്യപ്പെട്ട നിമിഷം, ലോകം ഈ പാപ്പായുടെ വശ്യമധുര മാനവിക ലാളിത്യം ഹൃദയത്തിലേറ്റിയതാകണം.
പാപ്പാ വെളുത്ത ട്രൗസേഴ്സാണ് ധരിക്കേണ്ടതെന്ന് രണ്ടുനാള്‍ കഴിഞ്ഞ് പ്രോട്ടോകോള്‍ പാലകര്‍ ഓര്മിപ്പിച്ചപ്പോള് അദ്ദേഹം ചിരിച്ചു: താന്‍ ഐസ്ക്രീം വില്പനക്കാരനാകാന് ആഗ്രഹിക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രതികരണം അവരെയും ചിരിപ്പിച്ചു. അദ്ദേഹം തന്റെ പഴയ ട്രൗസറുകളില്‍ സന്തുഷ്ടനായിരുന്നു.
കോണ്‍ക്ലേവില്‍ വോട്ടു ചെയ്ത കര്‍ദിനാള്‍മാര്‍ പുതിയ പാപ്പായുടെ മുന്‍പാകെ മുട്ടുകുത്തി കൈയില്‍ ചുംബിക്കുന്ന ചടങ്ങിനു വേണ്ടി അള്‍ത്താരയ്ക്കു മുമ്പില്‍ ഇട്ടിരുന്ന സിംഹാസനത്തില്‍ ഇരിക്കാതെ, നില്‍ക്കാനാണ് ഫ്രാന്‍സിസ് പാപ്പാ തീരുമാനിച്ചത്. ജോണ്‍ പോള്‍ പാപ്പാ സിംഹാസനത്തിലിരിക്കാതെ തന്റെ സഹോദര കര്‍ദിനാള്‍മാരെ ഓരോരുത്തരെയും ആലിംഗനം ചെയ്ത മാതൃകയുണ്ടായിരുന്നു. ബസിലിക്കയിലെ ചടങ്ങുകള്‍ കഴിഞ്ഞ് കര്‍ദിനാള്‍മാരോടൊപ്പം താഴേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ പാപ്പായ്ക്കുവേണ്ടി ലിമസീന് കാര്‍ കാത്തുകിടപ്പുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പാ തന്റെ കര്‍ദിനാള്‍ സഹോദരങ്ങള്‍ക്കൊപ്പം ബസില്‍ കയറിയാണ് താമസസ്ഥലമായ കാസാ സാന്താ മാര്ത്തായിലേക്കു പോയത്. പിന്നീട് പാപ്പാ ആ ആഡംബര ലിമസീന് കണ്ടിട്ടില്ല.
പേപ്പല്‍ തിരഞ്ഞെടുപ്പിനു പിറ്റേന്ന് പുലര്‍ച്ചെ റോമിലെ സാന്താ മരിയ മജ്ജോരെ ബസിലിക്കയില്‍ ‘സലൂസ് പോപ്പുലി റൊമാനി (റോമന്‍ ജനതയുടെ രക്ഷ) എന്ന ബൈസന്റൈന്‍ ഐക്കണ്‍ പ്രതിഷ്ഠയ്ക്കു മുമ്പാകെ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിക്കാനായി വലിയ അകമ്പടിയൊന്നുമില്ലാതെ അദ്ദേഹം പോയത് ഒരു സാധാരണ ഫോര്‍ഡ് ഫോക്കസ് കാറിലാണ്. മടക്കയാത്രയില്‍, കോണ്‍ക്ലേവിനു മുന്‍പ് താന്‍ താമസിച്ച വിയാ ദെല്ലാ സ്ക്രോഫായിലെ ദോമുസ് ഇന്തെര്നാസിയൊണാലിസ് പൗലൂസ് സെക്സ്റ്റസ് ഹോട്ടലിലെ ബില്ല് അടച്ച് കണക്കുതീര്‍ക്കാന്‍ പാപ്പാ നേരിട്ടു ചെന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. ”അത് കുഴപ്പമില്ല, ഞങ്ങള്‍ ശരിയാക്കിക്കൊള്ളാം” എന്നു പറഞ്ഞ് പണം കൈപ്പറ്റാതിരിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും കൃത്യമായി തുക അടച്ചിട്ടാണ് താന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ബാഗും മറ്റുമെടുത്ത് പാപ്പാ മടങ്ങിയത്.
മാര്‍ച്ച് 19ന് പരിശുദ്ധ പിതാവിന്റെ സ്ഥാനാരോഹണത്തിന് അര്‍ജന്റീനയില്‍ നിന്ന് മെത്രാന്മാര് റോമിലേക്കു വരേണ്ടതില്ലെന്നും യാത്രയ്ക്കു വേണ്ടിവരുന്ന തുക പാവങ്ങള്‍ക്കു നല്കി തനിക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ മതിയെന്നും അവരോടു പറയാന്‍ രാജ്യത്തെ അപ്പസ്തോലിക നുണ്‍ഷ്യോയോട് വിളിച്ചുപറയാനും പാപ്പാ മറന്നില്ല. ഫ്രാന്‍സിസിന്റെ പേപ്പസിയുടെ സവിശേഷതകള്‍ക്കുള്ള ആമുഖം ഇതൊക്കെയാണ്.
കോണ്‍ക്ലേവില്‍ പേപ്പല്‍ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടെടുപ്പുനേരത്ത് തന്റെ ഇടത്തുഭാഗത്ത് ഇരിപ്പുണ്ടായിരുന്ന, പുരോഹിതന്മാര്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ട് എമരിറ്റസ് ബ്രസീലിലെ കര്‍ദിനാള്‍ ക്ലൗദിയോ ഊമിസ് തന്നെ ആശ്ലേഷിച്ചുകൊണ്ട് ‘പാവങ്ങളെ മറക്കല്ലേ’ എന്നു മന്ത്രിച്ചപ്പോഴാണ് ഫ്രാന്‍സിസ് എന്ന പേര് പെട്ടെന്ന് തന്റെ മനസില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ‘ഹോപ്’ എന്ന തന്റെ അസാധാരണമായ ആത്മകഥയില്‍ ഫ്രാന്‍സിസ് പാപ്പാ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തു പേരാണ് സ്വീകരിക്കുന്നതെന്ന് കര്‍ദിനാള്‍ ഇലക്തോര്മാരെ നയിച്ച ഡീന്‍ കര്‍ദിനാള്‍ ജൊവാന്നി ബത്തിസ്ത റേ ചോദിച്ചപ്പോള്‍, ബെര്‍ഗോളിയോ പ്രതിവചിച്ചു: ”വൊക്കാബോര് ഫ്രാന്‍സിസ്കുസ്” (ഫ്രാന്‍സിസ് എന്നു ഞാന്‍ വിളിക്കപ്പെടും.) കോണ്‍ക്ലേവ് നടക്കുമ്പോള്‍, തെരുവില്‍ അലഞ്ഞുതിരിയുന്ന ഒരു മനുഷ്യന്, ഒരു തെരുവു പ്രവാചകന്, ‘ഫ്രാന്‍സിസ് പാപ്പാ പ്രഥമന്‍’ എന്ന പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്രെ.
പ്രവചനാതീതമായ അതിശയങ്ങള്‍
ഒരു യുഗപ്പകര്‍ച്ചയുടെ മഹാതിശയത്തില് നിന്നായിരുന്നു ഫ്രാന്‍സിസിന്റെ പേപ്പല്ശുശ്രൂഷയുടെ തുടക്കം. 2013 ഫെബ്രുവരിയില്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തു – ഏതാണ്ട് 600 വര്‍ഷത്തിനിടെ ആദ്യമായി ഒരു പാപ്പാ സ്വയം സ്ഥാനമൊഴിയുകയായിരുന്നു. ”ലോകത്തിന്റെ അങ്ങേ അറ്റത്തുനിന്ന്’ കര്‍ദിനാള്‍മാര്‍ കണ്ടെത്തിയ അര്ജന്റീനക്കാരന്, 2005-ല്‍ ബെനഡിക്റ്റ് പാപ്പായെ തിരഞ്ഞെടുത്ത കോണ്‍ക്ലേവിലെ രഹസ്യബാലറ്റുകളില് രണ്ടാം സ്ഥാനം വരെയെത്തിയെന്ന് പില്ക്കാലത്ത് ചില സാക്ഷ്യങ്ങള്‍ പുറത്തുവന്നു (കോണ്‍ക്ലേവിലെ വോട്ടിന്റെ രഹസ്യങ്ങള്‍ സിസ്റ്റൈന്‍ ചാപ്പലിലെ പുകക്കുഴലില്‍ മാത്രം ഒടുങ്ങേണ്ടതാണ്, അത് ഒരുകാലത്തും വെളിപ്പെടുത്തരുതെന്നാണ് സഭാചട്ടവും പാരമ്പര്യവും). എങ്കിലും, അര്‍ജന്റീനയുടെ സഭാമേലധ്യക്ഷനും രാജ്യത്തെ മെത്രാന്മാരുടെ ദേശീയ സമിതി തലവനും അവിടത്തെ പൗരസ്ത്യ റീത്തുകാരുടെ ഓര്ഡിനറിയുമായിരുന്ന ബെര്‍ഗോളിയോ ലാറ്റിന്‍ അമേരിക്കയ്ക്കു പുറത്ത് അത്രകണ്ട് അറിയപ്പെടുന്ന കര്ദിനാളായിരുന്നില്ല.
തെക്കേ അമേരിക്കയില്‍ നിന്നും ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നുമുള്ള ആദ്യ പാപ്പാ, സൊസൈറ്റി ഓഫ് ജീസസ് എന്ന ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പാപ്പാ, ‘വിശുദ്ധ ദാരിദ്ര്യത്തിന്’ ചൊല്പെറ്റ മധ്യകാല ഇറ്റാലിയന്‍ വിശുദ്ധനായ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ച ആദ്യത്തെ പാപ്പാ എന്നീ വിശേഷണങ്ങളില്‍ നിന്നു തുടങ്ങി, ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഏഴോ എട്ടോ പാപ്പാമാരില്‍ ഒരാള്‍, ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ സമൂഹമാധ്യമ സ്വാധീനമുള്ള ലോക നേതാക്കളിലൊരാളും അദ്വിതീയനായ കമ്യൂണിക്കേറ്ററും, കുടിയേറ്റം, യുദ്ധം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹിക നീതി, സ്ത്രീകളുടെ അവകാശങ്ങള്‍, ലൈംഗികത, കുടുംബം, എഐയും ധാര്‍മികതയും, സഭയുടെയും മതത്തിന്റെയും ഭാവി, മാനവ സാഹോദര്യം എന്നിങ്ങനെ ഈ കാലഘട്ടത്തിലെ വിശാലമായ മാനവാസ്തിത്വ പ്രശ്നങ്ങളില്‍ ‘കാരുണ്യത്തോടെയും അപ്പസ്തോലിക ധീരതയോടെയും’ ഇടപെട്ട ‘ആദ് എക്സ്ത്രാ’ ആധ്യാത്മിക ആചാര്യന്, കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിലും സുവിശേഷസാക്ഷ്യത്തിലും പ്രേഷിതത്വ ആഭിമുഖ്യങ്ങളിലും സമഗ്ര മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന സിനഡാത്മക സംവാദങ്ങളുടെ മധ്യസ്ഥനും നിയന്താവും, യൂറോപ്പ് കേന്ദ്രീകൃതമായിരുന്ന സഭയെ ഏഷ്യ, ആഫ്രിക്ക അച്ചുതണ്ടിലേക്കും വിദൂരപ്രാന്തസ്ഥലികളിലേക്കും വ്യത്യസ്ത സാംസ്കാരിക ഭൂമികയിലേക്കും ആനയിക്കാന്‍ ലോകത്തിന്റെ അതിരുകളിലേക്ക് യാത്ര ചെയ്ത ക്രിസ്തുവിന്റെ അപ്പസ്തോലന് എന്നിങ്ങനെയുള്ള അപദാനങ്ങളോടെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദാന്ത്യത്തില് ഫ്രാന്‍സിസ് പാപ്പാ ഒരു യുഗപുരുഷനായി പരിണമിക്കുകയായിരുന്നു.
വിശുദ്ധ അഗാത്തോയാണ് പത്രോസിന്റെ സിംഹാസനത്തില്‍ വാണ ഏറ്റവും പ്രായമേറിയ പാപ്പായെന്നാണ് പാരമ്പര്യം. ഇറ്റലിയിലെ സിസിലിയില്‍ നിന്നുള്ള ബെനഡിക്റ്റൈന്‍ സന്ന്യാസിയായ അഗാത്തോ ഏഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ റോമിലെ മെത്രാനായി കാലം ചെയ്തത് 104 വയസുള്ളപ്പോഴാണ് – ചിലരുടെ കണക്കു പ്രകാരം അദ്ദേഹത്തന് 107 വയസുണ്ടായിരുന്നു. അദ്ഭുതപ്രവര്‍ത്തകന്‍ എന്ന് അറിയപ്പെട്ടിരുന്ന അഗാത്തോ വളരെ കുറച്ചുകാലമേ പത്രോസിന്റെ സിംഹാസനത്തില്‍ വാണുള്ളൂ. തൊണ്ണൂറ്റൊമ്പതാം വയസിലാണ് കര്‍ദിനാളായത്, പാപ്പാ പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 101-ാം വയസിലാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പാപ്പാ 1903-ല്‍ തൊണ്ണൂറ്റിമൂന്നാം വയസില്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ പാപ്പായാണ്. ഫ്രാന്‍സിസ് പാപ്പായുടെ മുന്‍ഗാമി ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ 95 വയസുവരെ ജീവിച്ചുവെങ്കിലും അദ്ദേഹം തന്റെ എണ്‍പത്താറാം ജന്മദിനത്തിന് രണ്ടുമാസം മുന്‍പ് സ്ഥാനത്യാഗം ചെയ്തു. വിശുദ്ധ അഗാത്തോയുടെ കാലശേഷം പതിനാലു നൂറ്റാണ്ട് പിന്നിടുമ്പോള്‍, 99 വയസുള്ള മറ്റൊരു കര്‍ദിനാള്‍ സഭയിലുണ്ടായത് കഴിഞ്ഞ ഡിസംബര്‍ ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന കണ്‍സിസ്റ്ററിയിലാണ്: പേപ്പല്‍ നുണ്‍ഷ്യോ പദത്തില്‍ നിന്നു വിരമിച്ച ആര്‍ച്ച്ബിഷപ് ആഞ്ചലോ അചെര്ബിക്ക് ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാളിന്റെ ചുവന്ന തൊപ്പി നല്കി. ഇതേ കണ്‍സിസ്റ്ററിയിലാണ് ഇന്ത്യയില്‍ നിന്നുള്ള നാല്പത്താറുകാരനായ സീറോ മലബാര്‍ സഭാ വൈദികന് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ പാപ്പാ കര്ദിനാളാക്കിയതും പിന്നീട് മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ടായി നിയമിച്ചതും.
ഏറിയാല്‍ 1,500 വിശ്വാസികള്‍ മാത്രമുള്ള മംഗോളിയയിലെ ഉലാന്ബത്താറില് ഇറ്റാലിയന്‍ കോണ്സൊലാത്താ മിഷനറി അപ്പസ്തോലിക പ്രീഫെക്ട് മോണ്‍. ജോര്‍ജോ മരെംഗോയെ 2022 ഓഗസ്റ്റില്‍, നാല്പത്തെട്ടാം വയസില്‍, ഫ്രാന്‍സിസ് പാപ്പാ കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തി. ചൈനയ്ക്കും റഷ്യയ്ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന മംഗോളിയയിലേക്ക് 2023 സെപ്റ്റംബറില്‍ പാപ്പാ അപ്പസ്തോലിക യാത്രയും നടത്തി. റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് ജിയോപൊളിറ്റിക്കല്‍ പ്രാധാന്യമുള്ളതായി ചില നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. ഇതിന് ഒരു വര്‍ഷം മുന്‍പ് കസഖ്സ്ഥാനിലേക്കും പാപ്പാ യാത്ര ചെയ്തു. 2022 മേയ് മുതല്‍ പൊതുവേദിയില്‍ വീല്‍ചെയറില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഫ്രാന്‍സിസ് പാപ്പാ ആരോഗ്യപരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ട് റോമില്‍ നിന്ന് 8,000 കിലോമീറ്റര്‍ അകലെയുള്ള ഉലാന്ബത്താറിലേക്ക് പത്തുമണിക്കൂറോളം യാത്ര ചെയ്തത് അവിടത്തെ അതിസൂക്ഷ്മ വിശ്വാസിസമൂഹത്തെ പരിപോഷിപ്പിക്കാനും മതാന്തര സംവാദത്തിനും സാംസ്കാരിക വിനിമയത്തിനും പാരിസ്ഥിതിക പ്രതിസന്ധിയെ നേരിടാനുള്ള കൂട്ടായ്മ ശക്തിപ്പെടുത്താനുമാണെന്ന് വത്തിക്കാന്‍ നയതന്ത്രജ്ഞരും വത്തിക്കാന്‍ മീഡിയയും വിശദീകരിച്ചു. ലോകത്തിന്റെ അതിര്‍വരമ്പുകളില്‍ ഒറ്റപ്പെട്ടവരെ തേടിപ്പോകാനും അവരെ ചേര്‍ത്തുപിടിക്കാനും ഫ്രാന്‍സിസ് പാപ്പാ എന്നും ആഗ്രഹിച്ചിരുന്നു. ഏറ്റവുമൊടുവില്‍, 2024 സെപ്റ്റംബറില്‍ ഏഷ്യ-പസിഫിക് മേഖലയില്‍, ഇന്തൊനീഷ്യയില്‍ നിന്നു തുടങ്ങി പാപ്യുവ ന്യൂഗിനിയും കിഴക്കന്‍ തിമോറും പിന്നിട്ട് സിംഗപ്പൂരില്‍ അവസാനിച്ച 12 ദിവസങ്ങള്‍ നീണ്ട, 32,000 കിലോമീറ്റര്‍ വ്യോമദൂരം പിന്നിട്ട ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും സുദീര്‍ഘമായ അപ്പസ്തോലിക പര്യടനം ആധുനിക കാലത്തെ അതിസാഹസികമായ പ്രേഷിതയാത്രയായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്.
ആത്മാവിന്റെ പ്രേരണകള്‍
2014 മാര്‍ച്ചില്‍, ഈസ്റ്ററിനു മുന്‍പായി, തന്റെ പേപ്പല്‍ ശുശ്രൂഷയുടെ ഒന്നാം വാര്‍ഷികം പിന്നിട്ടിരിക്കെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഒരു അനുതാപശുശ്രൂഷ നയിച്ചു. ബസിലിക്കയില്‍ പല ഭാഗത്തും കുമ്പസാരക്കൂടുകള്‍ ക്രമീകരിച്ചിരുന്നു, ആണ്ടുകുമ്പസാരത്തിന് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി. പാപ്പായും ഒരു ബൂത്തിലിരുന്ന് കുമ്പസാരം കേള്‍ക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ തനിക്കായി നിശ്ചയിച്ചിരുന്ന കുമ്പസാരകൂട്ടിലേക്കു പോകുന്നതിനു പകരം പാപ്പാ മറ്റൊരു കുമ്പസാരക്കൂടിനടുത്തേക്കു നടന്നു. അവിടെ മുട്ടുകുത്തി, കുരിശടയാളം വരച്ച് അനുതാപപ്രകരണത്തോടെ വൈദികനോട് കുമ്പസാരിക്കാന്‍ തുടങ്ങി. ബസിലിക്കയില്‍ ഉണ്ടായിരുന്ന വിശ്വാസികള്‍ അദ്ഭുതത്തോടെ ആ കാഴ്ച കണ്ടു: കുമ്പസാരിക്കാന്‍ മുട്ടുകുത്തിയ പരിശുദ്ധ പിതാവിനെ. ജോണ്‍ പോള്‍ രണ്ടാമനോ, ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായോ ഇങ്ങനെ പരസ്യമായി അനുരഞ്ജന കൂദാശയ്ക്കായി സാധാരണ വിശ്വാസികളോടൊപ്പം കുമ്പസാരക്കൂടിനു മുമ്പില്‍ മുട്ടുകുത്തിയിട്ടില്ല. പ്രസംഗിക്കുന്നതിനെക്കാള്‍ മാതൃക കാട്ടാനാണ് ഫ്രാന്‍സിസ് പാപ്പാ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇത്തരം അപ്രതീക്ഷിതമായ, കീഴ് വഴക്കങ്ങളില്‍ നിന്ന് വഴിമാറിക്കൊണ്ടുള്ള, ആത്മപ്രചോദിതമായ, മുന്നാലോചന കൂടാതെ തത്ക്ഷണമെടുക്കുന്ന ‘ഇംപ്രോംപ്തു’ തീരുമാനങ്ങള്‍ ഫ്രാന്‍സിസ് പേപ്പസിയിലുടനീളം കാണാം. പ്രോട്ടോകോളും നയതന്ത്രമര്യാദകളുമല്ല, അജപാലനപരമായ വിവേചനമാണ് മിക്കപ്പോഴും ഫ്രാന്‍സിസ് പാപ്പായെ നയിച്ചത്. സഭയുടെ മജിസ്തേരിയും പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് – ‘എക്സ് കത്തീദ്ര’ – പ്രഖ്യാപിക്കുന്ന ഔദ്യോഗിക പ്രബോധനങ്ങളില്‍ മാത്രമല്ല, പാപ്പായുടെ ടെലിവിഷന്‍ ബൈറ്റിലും എക്സ് പ്ലാറ്റ്ഫോം പോസ്റ്റിലും വായിച്ചെടുക്കാമെന്നു വന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ആദ്യത്തെ അജപാലന യാത്ര ഇറ്റലിയിലെ മെഡിറ്ററേനിയന്‍ തീരത്ത് സിസിലിക്കടുത്തായുള്ള ലാംപെദൂസ ദ്വീപിലേക്കായിരുന്നു – 2013 ജൂലൈയില്‍. മരുഭൂമികള്‍ താണ്ടിയും മനുഷ്യക്കടത്തുസംഘങ്ങളുടെ വലയില്‍ അകപ്പെട്ടും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായും വടക്കന്‍ ആഫ്രിക്കയിലെ ടുണീഷ്യയിലും ലിബിയയിലും നിന്നും മറ്റുമായി ഇറ്റലിയിലേക്കു കടക്കാനുള്ള സാഹസികയാത്രയില്‍ കടലില്‍ മുങ്ങിമരിച്ചവരെ അനുസ്മരിക്കാനും ദുരന്തങ്ങളെ അതിജീവിച്ചവരെ ആശ്വസിപ്പിക്കാനും അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ മുന്‍കൈയെടുത്ത ദ്വീപുനിവാസികള്‍ക്കും വൊളന്റിയര്‍മാര്‍ക്കും നന്ദിയര്പ്പിക്കാനുമായിരുന്നു ആ സന്ദര്‍ശനം.
വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ പീഡ്മോണ്ടിലെ ആസ്തിക്കടുത്തുള്ള പോര്ത്താകൊമാറോയില് നിന്ന് ജെനോവ വഴി അറ്റ്ലാന്റിക് സമുദ്രം താണ്ടി അര്‍ജന്റീനയിലെത്തി, ‘മിഗ്രാന്തെസ് ഉള്ത്രാമാര്’ (വിദേശ കുടിയേറ്റക്കാര്‍) എന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ട തന്റെ അപ്പുപ്പന് നോനോ ജൊവാന്നി ആഞ്ജലോ ബെര്ഗോളിയോയെയും അമ്മൂമ്മ റോസയെയും തന്റെ അപ്പന് മാരിയോയെയും, അവരെപോലെ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ‘ലാ മേരിക്ക’യിലേക്കു കപ്പല്‍കയറി യുഎസിലേക്കും ബ്രസീലിലേക്കും അര്‍ജന്റീനയിലേക്കും കുടിയേറിയ ദശലക്ഷകണക്കിന് ഇറ്റലിക്കാരെയും അനുസ്മരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ, ലാംപെദൂസയില്‍ വച്ച്, യൂറോപ്പ് നേരിടുന്ന കുടിയേറ്റ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ‘നിസ്സംഗതയുടെ ആഗോളീകരണത്തെക്കുറിച്ച്’ സംസാരിച്ചത്. ”മറ്റൊരു കപ്പല്‍ച്ചേതത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു മുള്ളു തറയ്ക്കുന്ന പോലെ വേദനിപ്പിക്കുന്ന ആ ഓര്മ എന്നെ അലട്ടി – ഞാനും കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ചവനാണ്. എന്റെ അപ്പനും അപ്പുപ്പനും അമ്മൂമ്മയും ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് കുടിയേറിയവരാണ്. കൈയില്‍ ഒന്നുമില്ലാതായവരുടെ ഭാഗധേയത്തെക്കുറിച്ച് അറിയാവുന്നവരാണ് ഞങ്ങള്‍. ഇന്ന് പുറന്തള്ളപ്പെടുന്നവരില്‍ ഒരുവനാകേണ്ടവനായേനെ ഞാനും. എന്റെ ഹൃദയത്തില്‍ എന്നും മുഴങ്ങുന്ന ഒരു സംശയം അതാണ്: എന്തുകൊണ്ട് അവര്‍, എന്തുകൊണ്ട് അതു ഞാനല്ല?”
ടുണീഷ്യയെയും ലിബിയയെയും ഇറ്റലിയുമായി ബന്ധിപ്പിക്കുന്ന മധ്യധരണ്യാഴിയുടെ സെന്ട്ര റൂട്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ലിബിയയിലെ മിസ്റാത്തായില് നിന്ന് പുറപ്പെട്ട 20 മീറ്റര്‍ നീളമുള്ള ബോട്ട് 2013 ഒക്ടോബറില്‍ ലാംപെദൂസയില്‍ നിന്ന് അരമൈലോളം ദൂരെയായി മുങ്ങി 368 പേര് കൊല്ലപ്പെടുകയും 20 പേരെ കാണാതാവുകയും ചെയ്തതാണ്. 2014നു ശേഷം ടുണീഷ്യയെയും ലിബിയയെയും ഇറ്റലിയുമായി ബന്ധിപ്പിക്കുന്ന മധ്യധരണ്യാഴി റൂട്ടില്‍ 17,000 അഭയാര്‍ഥികള്‍ കടലില്‍ മുങ്ങിമരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ കണക്കാക്കുന്നത്. പടിഞ്ഞാറന്‍ റൂട്ടില്‍ 2,300 മരണങ്ങളും കിഴക്കന്‍ റൂട്ടില്‍ 1,700 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ സംഖ്യ ഇതിനെക്കാളൊക്കെ വളരെ അധികമാണ്.
2016 മേയില്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള കുടിയേറ്റക്കാരെ തടഞ്ഞുവച്ചിരുന്ന ക്യാംപ് സന്ദര്‍ശിക്കാന്‍ പോയ പാപ്പാ, അവ തടങ്കല്പാളയങ്ങളാണെന്ന് വിമര്‍ശിച്ചു. ദുരന്തഭൂമിയില്‍ നിന്നു ജീവന് പണയപ്പെടുത്തി പ്രത്യാശയുടെ തീരത്ത് വന്നണയുന്ന ഹതഭാഗ്യരായ മനുഷ്യരെ മാനവസാഹോദര്യത്തെ പ്രതി ആശ്ലേഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ആറു കുട്ടികള്‍ ഉള്‍പ്പെടെ സിറിയയില്‍ നിന്നുള്ള മൂന്ന് മുസ് ലിം അഭയാര്‍ഥി കുടുംബങ്ങളിലെ 12 പേരെ പേപ്പല്‍ ഫ്ളൈറ്റില്‍ കയറ്റി റോമിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
2016 ഫെബ്രുവരിയില്‍ മെക്സിക്കോ സന്ദര്‍ശനവേളയില്‍ യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ സിയുദാദ് ഹ്വാരെസില്‍ ദിവ്യബലിയര്‍പ്പിച്ച പാപ്പാ, ട്രംപിന്റെ ആദ്യ ടേമില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുടിയേറ്റക്കാരെ തടയുന്നതിന് വന്മതില് നിര്‍മിക്കാനുള്ള പദ്ധതിക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട്, അത്തരം മതിലുകള്‍ പണിയുന്നവര്‍ ക്രൈസ്തവരല്ല എന്നു പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് പദത്തില്‍ ട്രംപ് 2025 ജനുവരിയില്‍ രണ്ടാമൂഴം ആരംഭിക്കുമ്പോള്‍ തന്നെ ‘അനധികൃത കുടിയേറ്റക്കാരെ’ കൂട്ടത്തോടെ അറസ്റ്റു ചെയ്ത് നാടുകടത്താനും അഭയാര്‍ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാനും അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സൈന്യത്തെ വിന്യസിക്കാനും തീരുമാനിച്ചതിനെ അപലപിച്ചുകൊണ്ടും ഈ ഉത്തരവുകള്‍ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് താക്കീതു നല്കിക്കൊണ്ടും ഫ്രാന്‍സിസ് പാപ്പാ പ്രസ്താവനയിറക്കി.
ഫ്രാന്‍സിസ് പാപ്പായുടെ മുന്‍ഗാമികളായ വിശുദ്ധ പത്താം പീയൂസും പീയൂസ് പന്ത്രണ്ടാമന് പാപ്പായും വത്തിക്കാനിലും പാപ്പാമാരുടെ വേനല്‍ക്കാല വസതിയിലും അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു. 2015 സെപ്റ്റംബറില്‍ യൂറോപ്പില്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ഇരച്ചുകയറ്റവും അതിര്‍ത്തികളിലെ ദുരന്തങ്ങളും തുടരുന്ന സാഹചര്യത്തില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓരോ ഇടവകയും സന്ന്യാസഭവനങ്ങളും ഒരു അഭയാര്‍ഥി കുടുംബത്തിനെങ്കിലും അഭയം നല്‍കണമെന്ന് പാപ്പാ ആഹ്വാനം നല്കി. സിറിയയിലും എറിട്രിയയില്‍ നിന്നുമുള്ള അഭയാര്‍ഥി കുടുംബങ്ങള്‍ക്കായി വത്തിക്കാന്‍ അപ്പാര്‍ട്ടുമെന്റുകള്‍ ഒരുക്കി, അവര്‍ക്ക് സാമ്പത്തിക സഹായവും നല്കി. ഏഴുമാസം കഴിഞ്ഞാണ് ലെസ്ബോസ് ദ്വീപില്‍ നിന്നുള്ള 12 അഭയാര്‍ഥികളെ പാപ്പാ റോമിലെത്തിച്ചത്.
അഭയാര്‍ഥി പ്രതിസന്ധിയുടെ മൂലകാരണങ്ങളായ ആഗോളതാപനം, ദാരിദ്ര്യം, യുദ്ധം, ആയുധക്കടത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടികാണിച്ചിരുന്നു. ഏറ്റവും കൂടുതല്‍ അഭയാര്ഥികളുണ്ടാകുന്നത് യുദ്ധത്തിന്റെ ഫലമായാണ്. കാലാവസ്ഥാവ്യതിയാനവും ദാരിദ്ര്യവും വംശീയ കലാപവും മതപീഡനവും രാഷ് ട്രീയ അടിച്ചമര്‍ത്തലുമൊക്കെ കുടിയേറ്റത്തിനു കാരണമാകാം. ദരിദ്രരാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളുടെ ക്രമരഹിതമായ ചൂഷണവും സാമ്പത്തിക സ്രോതസുകളുടെ വിതരണത്തിലെ അനീതിയും നമ്മുടെ പൊതുഭവനമായ ഭൂമിക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. ദരിദ്രര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല. അവര്‍ക്കെതിരെ ശത്രുതാപരമായ ഒരു വാസ്തുശില്പം സൃഷ്ടിക്കപ്പെടുന്നു. ദരിദ്രരെ കണ്‍വെട്ടത്തുനിന്നും തെരുവില്‍ നിന്നും അകറ്റുന്നതാണ് ഈ സംവിധാനം. ”ദരിദ്രര്‍ എന്നും നമ്മുടെ അനീതികള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കും. ദരിദ്രര്‍ സ്ഫോടകശേഷിയുള്ള വെടിമരുന്നുശേഖരമാണ്. അതിനു തീപിടിച്ചാല്‍ ലോകം പൊട്ടിത്തെറിക്കും” എന്ന് പ്രവാചക സ്വരമുള്ള ഇറ്റാലിയന്‍ വൈദികന് ഡോണ്‍ പ്രീമോ മസൊലാരി പറഞ്ഞത് പാപ്പാ അനുസ്മരിച്ചിരുന്നു.
കാരുണ്യത്തിന്റെ ഉപാധികള്‍
”സ്വന്തം സുരക്ഷിതത്വം നോക്കി ഒതുങ്ങിക്കഴിയുന്നതിനാല് അനാരോഗ്യം ബാധിച്ച ഒരു സഭയെക്കാള്‍ എനിക്കിഷ്ടം, തെരുവിലിറങ്ങി പരുക്കേല്‍ക്കുകയും മുറിവുകളേറ്റു വേദനിക്കുകയും അഴുക്കുപുരളുകയും ചെയ്തിട്ടുള്ള സഭയെയാണ്” എന്ന് ഫ്രാന്‍സിസ് പാപ്പാ പറയുമായിരുന്നു.
റോമന്‍ കൂരിയാ പരിഷ്കരണവും, കുട്ടികളും ദുര്‍ബലരായ മുതിര്‍ന്നവരും സഭാശുശ്രൂഷകരാല് പീഡിപ്പിക്കപ്പെടാതിരിക്കാന്‍ പൂര്‍ണ സംരക്ഷണം നല്‍കാനും അത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ അതിജീവിതര്‍ക്ക് നീതിയും സാമൂഹികസുരക്ഷയും ഉറപ്പാക്കാനുമുള്ള നടപടിക്രമങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പാ പരമ പ്രാധാന്യം നല്കി. തന്റെ പൊന്തിഫിക്കേറ്റിന്റെ ഒന്‍പതാം മാസം പാപ്പാ, കുട്ടികളുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മിഷന് രൂപവത്കരിച്ചു. ലൈംഗിക പീഡനങ്ങളില്‍ നിന്നു കുട്ടികളെയും ഇതര വ്രണിത വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, അതിജീവിതര്‍ക്ക് ആവശ്യമായ അജപാലന ശുശ്രൂഷകള്‍ക്കുള്ള മാര്‍ഗദര്‍ശനം നല്‍കുക എന്നതാണ് ഈ പൊന്തിഫിക്കല്‍ കമ്മിഷന്റെ മുഖ്യലക്ഷ്യങ്ങള്‍.
2018 ജനുവരിയിലെ ചിലി സന്ദര്‍ശന വേളയില്‍, ലൈംഗികപീഡന ആരോപണങ്ങള്‍ക്കു വിധേയനായ വൈദികനെ സംരക്ഷിച്ചുപോന്ന ചിലിയിലെ ഒരു ബിഷപ്പിനെ ന്യായീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇടയായതിന്റെ പേരിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ ചിലിയിലെ മെത്രാന്മാരോടു മാപ്പു ചോദിച്ചുകൊണ്ട് ഏപ്രില്‍ മാസത്തില്‍ കത്തയച്ചു. പിന്നീട് അവരെ വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ വിശദമായി സംസാരിച്ചു. എന്തു നടപടിയെടുക്കാനും പാപ്പായ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനായി ചിലിയിലെ മെത്രാന്മാര് ഒന്നടങ്കം അദ്ദേഹത്തിനു രാജിക്കത്തു സമര്‍പ്പിക്കുകയുണ്ടായി. പ്രധാന പരാതിക്ക് ഇടവരുത്തിയ മെത്രാന്റെ രാജി പാപ്പാ ഉടന്‍ സ്വീകരിക്കുകയും ചെയ്തു. പൂര്‍ത്തിയാകാത്തവര്‍ക്കു നേരെയുള്ള സഭാശുശ്രൂഷകരുടെ ലൈംഗികപീഡനം സംബന്ധിച്ച് 2019 ഫെബ്രുവരിയില്‍ വത്തിക്കാനില്‍ നടത്തിയ ഉച്ചകോടിയില്‍ നിന്ന് ‘വോസ് എസ്തിസ് ലുക്സ് മുന്തി’ എന്ന നയപ്രഖ്യാപന രേഖയുണ്ടായി. ഈ വിഷയത്തില്‍ മെത്രാന്മാര്ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗരേഖയാണത്.
ഭൗമതലത്തില്‍ മാത്രമല്ല, മാനവാസ്തിത്വത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് സഭ ഇറങ്ങിച്ചെല്ലണം: പാപത്തിന്റെ, വേദനയുടെ, അജ്ഞാനത്തിന്റെ, മതവിരുദ്ധതയുടെ നിഗൂഢതളിലേക്കും ബൗദ്ധിക അടിയൊഴുക്കുകളിലേക്കും എല്ലാത്തരം ദുരിതങ്ങളിലേക്കും സഭ കടന്നുചെല്ലണം. അതാണ് സുവിശേഷവത്കരണം, പ്രേഷിതത്വം. പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് സഭ പ്രാഥമികമായി നല്‍കേണ്ടത് കാരുണ്യമാണ്. തന്റെ വിദേശയാത്രകളിലും ‘പ്രാന്തപ്രദേശങ്ങള്‍ക്ക്’ എന്നും മുന്‍ഗണന നല്‍കിവന്ന പാപ്പാ, റോമാ നഗരത്തിലെ തെരവുകളില്‍ കഴിയുന്ന അശരണരെയും നഗരപ്രാന്തത്തിലെ ദരിദ്രരെയും അഗതികളെയും ആശുപത്രികളിലും പുനരധിവാസകേന്ദ്രങ്ങളിലും ജയിലുകളിലും കഴിയുന്നവരെയും കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും കാണാനും അവര്‍ക്ക് ഭക്ഷണവും മരുന്നും ആശ്വാസവുമെത്തിക്കാനും എന്നും തല്പരനായിരുന്നു. വത്തിക്കാനിലെ ശുചീകരണ തൊഴിലാളികളെയും തോട്ടങ്ങളുടെ പരിപാലകരെയും എന്നപോലെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ചെറുപറ്റങ്ങളെയും പാപ്പാ തന്റെ വസതിയായ സാന്താ മാര്‍ത്താ ഭവനത്തിലെ ചാപ്പലില്‍ തന്നോടൊപ്പം ദിവ്യബലിയര്‍പ്പിക്കാന്‍ ക്ഷണിച്ചു.
പെസഹാവ്യാഴാഴ്ചകളില്‍ ജയിലുകളിലും അഭയാര്ഥികേന്ദ്രങ്ങളിലും പോയി തടവുപുള്ളികളുടെയും കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും പാദങ്ങള്‍ പാപ്പാ കഴുകി – അവരില്‍ സ്ത്രീകളും പുരുഷന്മാരും കത്തോലിക്കരും മുസ് ലിംകളും ഇതരമതസ്ഥരും അവിശ്വാസികളുമെല്ലാമുണ്ടായിരുന്നു. പെസഹായുടെ തിരുവത്താഴശുശ്രൂഷയില്‍ സ്ത്രീകളുടെ പാദങ്ങളും കഴുകാമെന്ന് ഡിക്രി ഇറക്കാന്‍ ദൈവാരാധനയ്ക്കും കൂദാശകളുടെ പരികര്മത്തിനുമായുള്ള റോമന്‍ കൂരിയാ കാര്യാലയത്തിന് അദ്ദേഹം നിര്‍ദേശം നല്കി. ബൂനോസ് ഐറിസിലെ കത്തീഡ്രലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ കര്‍ദിനാള്‍ ഹോര്‍ഹെ ബെര്‍ഗോളിയോ പെസഹാശുശ്രൂഷയില് കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും പാദങ്ങള്‍ കഴുകി ചുംബിച്ചിരുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യമാധ്യമങ്ങളില്‍ ഈ വാര്‍ത്തയോടൊപ്പം പ്രചരിച്ചു.
2015-16ലെ കാരുണ്യത്തിന്റെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ച ഫ്രാന്‍സിസ് പാപ്പാ, മാസത്തിലെ ഒരു വെള്ളിയാഴ്ചയെങ്കിലും നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗം, മനുഷ്യക്കടത്തുകാരില്‍ നിന്നും വേശ്യാവൃത്തിയില്‍ നിന്നും രക്ഷിക്കപ്പെട്ട സ്ത്രീകളുടെ സംരക്ഷണ കേന്ദ്രം, അന്ധവിദ്യാലയം, ലഹരിവിമുക്തകേന്ദ്രം, പരിത്യക്തരായ ശിശുക്കള്‍ക്കായുള്ള ക്ഷേമകേന്ദ്രം തുടങ്ങി സവിശേഷ സേവനങ്ങള്‍ക്കായുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. കരുണയുടെ ജൂബിലി അവസാനിച്ചിട്ടും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
തന്റെ പേപ്പല്ശുശ്രൂഷ തുടങ്ങി മൂന്നാം മാസം അദ്ദേഹം ‘വലിച്ചെറിയല്‍ സംസ്കാരത്തെ’ അപലപിക്കാന്‍ തുടങ്ങി. ”മനുഷ്യജീവനും മനുഷ്യവ്യക്തിയും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന അടിസ്ഥാന മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് അവര്‍ ദരിദ്രരും ഭിന്നശേഷിക്കാരും മറ്റുതരത്തില്‍ പ്രയോജനമില്ലാത്തവരുമാകുമ്പോള്. ഗര്‍ഭസ്ഥശിശുക്കളും വയോധികരും ഈ വലിച്ചെറിയല്‍ സംസ്കാരത്തിന്റെ ഇരകളാകുന്നു,” പൊതുദര്‍ശന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പരിതപിച്ചു.
തന്റെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ ആദ്യവര്‍ഷം പാപ്പാ മൂന്ന് പ്രധാന പ്രബോധനങ്ങള്‍ പുറത്തിറക്കി: ‘എവാങ്ഗേലിയീ ഗൗദിയും’ (സുവിശേഷത്തിന്റെ ആനന്ദം), നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തെ സംബന്ധിച്ച ‘ലൗദാത്തോ സി’ (അങ്ങയ്ക്കു സ്തുതി), കുടുംബത്തെയും സ്നേഹത്തെയും കുറിച്ചുള്ള ‘അമോരിസ് ലെത്തീസിയ’ (സ്നേഹത്തിന്റെ ആനന്ദം) എന്നിവ. ദൈവിക കാരുണ്യത്തെക്കുറിച്ചും, വിശുദ്ധിയിലേക്കു നടക്കുന്ന വിശ്വാസികളുടെ പരിവര്‍ത്തനത്തിനും പരിപോഷണത്തിനും കൂദാശകള്‍ക്കുള്ള പങ്കിനെക്കുറിച്ചുമാണ് ഫ്രാന്‍സിസ് തന്റെ പേപ്പല്ശുശ്രൂഷയിലുടനീളം പ്രസംഗിച്ചത്. കുമ്പസാരക്കൂട് ‘പീഡന ചേംബര്‍’ അല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരുന്ന പാപ്പാ, അനുരഞ്ജനകൂദാശയ്ക്ക് വന്നണയുന്നവരോട് കരുണ കാണിക്കണമെന്ന് വൈദികരെ ഉപദേശിക്കുകയും ചെയ്തു.
അജപാലന വിവേചനം
സ്നേഹം, കാരുണ്യം, അനുകമ്പ എന്നിവയുടെ സുവിശേഷ സന്ദേശമായിരുന്നു ഫ്രാന്‍സിസിന്റെ യുക്തി. അദ്ദേഹത്തിന്റെ ഹൃദയം അജപാലന കാരുണ്യത്താല്‍ നിറഞ്ഞതായിരുന്നു.
2013 ജൂലൈയില്‍ പേപ്പല്‍ ഫ്ളൈറ്റില്‍ വച്ചുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തില്‍ ‘സ്വവര്‍ഗാനുരാഗികളുടെ ലോബിയെ’ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചു: ”സ്വവാര്ഗാനുരാഗിയായ ഒരാള്‍, സന്മനസ്സോടെ കര്‍ത്താവിനെ തിരയുകയാണെങ്കില്‍ അയാളെ വിധിക്കാന്‍ ഞാനാരാണ്?”
‘ദൈവത്തിങ്കലേക്കു തുറന്ന വലിയൊരു ഹൃദയം’ എന്ന പുസ്തകത്തിലെ പാപ്പായുടെ വാക്കുകള്‍ ഈ വിഷയം കൂടുതല്‍ വിചിന്തനം ചെയ്യുന്നുണ്ട്: ”ഒരിക്കല്‍ ഒരു വ്യക്തി അല്പം പ്രകോപനപരമായിത്തന്നെ എന്നോടു ചോദിച്ചു, ഞാന്‍ സ്വവര്‍ഗപ്രേമത്തെ അംഗീകരിക്കുന്നുണ്ടോ എന്ന്. ഞാന്‍ ഒരു മറുചോദ്യം ചോദിച്ചു: പറയൂ, ദൈവം ഒരു സ്വവര്‍ഗാനുരാഗിയെ കാണുമ്പോള്‍ അവന് ആ വ്യക്തിയുടെ അസ്തിത്വത്തെ സ്നേഹത്തോടെയാണോ നോക്കിക്കാണുന്നത്, അതോ ആ വ്യക്തിയെ തിരസ്കരിക്കുകയും ശപിക്കുകയുമാണോ ചെയ്യുന്നത്? നമ്മള് എപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്. ഇവിടെ നാം മനുഷ്യജീവിയുടെ രഹസ്യത്തിലേക്കു പ്രവേശിക്കുന്നു. ജീവിതത്തില്‍ ദൈവം വ്യക്തികളെ അനുഗമിക്കുന്നുണ്ട്. നമ്മളും അവരെ അനുഗമിക്കണം, സാഹചര്യങ്ങളില്‍ നിന്നു തുടങ്ങി. അവരെ കാരുണ്യത്തോടെ അനുഗമിക്കേണ്ടത് ആവശ്യമാണ്.”
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് പാപ്പാ പറഞ്ഞുകൊണ്ടിരുന്നു. ”ലോകത്തില്‍ അറുപതിലേറെ രാജ്യങ്ങള്‍ സ്വവര്‍ഗാനുരാഗികളെയും ഭിന്നലൈംഗികാഭിമുഖ്യമുള്ളവരെയും ക്രിമിനല്‍ കുറ്റവാളികളായി കാണുന്നുണ്ട്. ഒരു ഡസനോളം രാജ്യങ്ങളില്‍ വധശിക്ഷയും നല്‍കുന്നുണ്ട്. സ്വവര്‍ഗാനുരാഗം കുറ്റമല്ല, അത് മാനുഷിക യാഥാര്‍ഥ്യമാണ്. സഭയ്ക്കോ ക്രൈസ്തവര്‍ക്കോ ഈ ക്രിമിനല്‍ അനീതിക്കു മുന്പില് നിശബ്ദരായിരിക്കാനാവില്ല. അതിനെതിരെ പ്രതികരിക്കുന്നതില്‍ ഭീരുത്വം കാട്ടുകയുമരുത്. ദൈവം അവരെയും നിരുപാധികം സ്നേഹിക്കുന്ന പിതാവാണ്. ഒരു ചെറിയ ദൈവത്തിന്റെ മക്കളല്ല അവര്‍.”
എല്‍ജിബിടി സമൂഹത്തോടുള്ള പാപ്പായുടെ സമീപനം വ്യക്തമാക്കുന്നതാണ്, മാതാപിതാക്കള്‍ സ്വവര്‍ഗാനുരാഗികളായ മക്കളെ വെറുക്കരുത് എന്ന ഉപദേശം: ”എല്‍ജിബിടി കുട്ടികളെ സ്നേഹത്തോടെ ആശ്ലേഷിക്കണം, യേശു എല്ലാവരെയും ആശ്ലേഷിച്ചതുപോലെ.”
അതേസമയം, ‘എല്ലാവരെയും തുല്യരാക്കുന്നതിനായി ലൈംഗിക വ്യത്യാസങ്ങള്‍ റദ്ദാക്കുന്ന’ ജെന്‍ഡര്‍ തിയറിയെ ഫ്രാന്‍സിസ് പാപ്പാ എതിര്‍ത്തു. പ്രകൃതിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ദേശീയതയുടെ പാര്ട്ടിക്കാര് ട്രാന്സ്ജെന്ഡറുകാര്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അമേരിക്കയില്‍ ഇനി ആണും പെണ്ണുമല്ലാതെ മറ്റൊരു വിഭാഗവുമില്ല എന്ന് പ്രസിഡന്റ് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിറക്കി. ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ധാര്‍മിക വെല്ലുവിളികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുമ്പോള്‍ തന്നെ, അജപാലകന് എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പാ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെ ദൈവമക്കള് എന്ന പരിഗണന നല്കി കാരുണ്യപൂര്‍വം അനുധാവനം ചെയ്യേണ്ടതിനെക്കുറിച്ചും പഠിപ്പിച്ചു.
അമോരിസ് ലെത്തീസിയ
കുടുംബത്തെ സംബന്ധിച്ച് 2014 ഒക്ടോബറിലും 2015 ഒക്ടോബറിലും വിളിച്ചുചേര്‍ത്ത മെത്രാന്മാരുടെ സിനഡിന്റെ രണ്ട് അസംബ്ലികളുടെ അന്തിമരേഖകളെ ആധാരമാക്കി 2016 ഏപ്രിലില്‍ ഇറക്കിയ 255 പേജ് വരുന്ന ‘അമോരിസ് ലെത്തീസിയ’ എന്ന അപ്പസ്തോലിക ആഹ്വാനം ‘കുടുംബത്തെ സംബന്ധിച്ച സമഗ്രമായ ക്രൈസ്തവ പ്രഖ്യാപനം’ ആണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. വിവാഹം, കുടുംബം, സ്നേഹം, ലൈംഗികത, രക്ഷാകര്‍തൃത്വം എന്നിവയുടെ അജപാലനപരവും ധാര്‍മികവുമായ വശങ്ങള് അതില്‍ വിശദമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍, ക്രമരഹിതവും അവ്യവസ്ഥിതവുമായ ബന്ധങ്ങളില്‍ കഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷം സിവില്‍ നടപടികളിലൂടെ പുനര്‍വിവാഹിതരായ കത്തോലിക്കര്‍ക്കും മറ്റും അജപാലനപരമായ പരിപാലനം നല്കുന്നതു സംബന്ധിച്ച അതിലെ എട്ടാം അധ്യായമാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അതില്‍ 351-ാമത്തെ അടിക്കുറിപ്പില്‍, അത്തരം ബന്ധങ്ങളില്‍ കഴിയുന്നവര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍ ദിവ്യകാരുണ്യം അടക്കമുള്ള കൂദാശകള്‍ ലഭ്യമാക്കാമെന്ന ഭാഗം കത്തോലിക്കാലോകത്തെ ഇളക്കിമറിച്ചു.
വിശുദ്ധ അംബ്രോസിനെ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: ”ദിവ്യകാരുണ്യം ഉത്തമജീവിതം നയിക്കുന്നവര്‍ക്കുള്ള സമ്മാനമല്ല, ദുര്‍ബലരായവരുടെ പരിപോഷണത്തിനായുള്ള ശക്തമായൊരു മരുന്നാണ്” (എവാങ്ഗേലിയീ ഗൗദിയും).
സിവില്‍ നടപടിക്രമത്തില്‍ പുനര്‍വിവാഹിതരായ കത്തോലിക്കരെ എന്നപോലെ എല്‍ജിബിടി വിശ്വാസികളെയും അനുധാവനം ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ പഠിപ്പിച്ചു. അവരെ ആശ്ലേഷിക്കാനും അവരും സഭയുടെ ഭാഗമാണെന്ന് അവരെ ഓര്‍മിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം, കത്തോലിക്കാസഭയില്‍ വിവാഹം എന്ന കൂദാശ അലംഘനീയവും വിവാഹബന്ധം മരണംവരെ വേര്പെടുത്താനാവാത്തതുമാണെന്ന സഭയുടെ പ്രബോധനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും സഭയുടെ കല്പനയ്ക്കു വിരുദ്ധമായ ദാമ്പത്യബന്ധങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കൂദാശകള്‍ നല്‍കാനാവില്ലെന്നും മെത്രാന്മാരില് പലരും തങ്ങളുടെ രൂപതകളില്‍ പ്രത്യേക കല്പനകള് ഇറക്കാന്‍ തുടങ്ങി. ഇറ്റാലിയന്‍ കര്‍ദിനാള്‍ കാര്‍ളോ കഫാരാ, അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്, ജര്‍മന്‍ കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, യെവാഹിം മയ്സ്നര് എന്നിവര്‍ ആ അപ്പസ്തോലിക ആഹ്വാനത്തെ സംബന്ധിച്ച് അഞ്ചു ചോദ്യങ്ങള്‍ (ദൂബിയ) ഉന്നയിച്ചുകൊണ്ട് പരിശുദ്ധ പിതാവിനും വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനും കത്തുകളെഴുതുകയും മറുപടി ലഭിക്കാതെ വന്നപ്പോള്‍ ആ കത്തിലെ ചോദ്യങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തു.
സ്വവര്‍ഗ ദമ്പതികളെയും ‘അവ്യവസ്ഥിതവും ക്രമരഹിതവുമായ ബന്ധത്തില്‍’ ജീവിക്കുന്നവരെയും ആരാധനക്രമത്തിന്റെ ഭാഗമല്ലാതെ അജപാലന വിവേചനത്തോടെ ആശീര്വദിക്കുന്നതു സംബന്ധിച്ച, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ 2023 ഡിസംബറിലെ ‘ഫിദൂച്ചിയ സുപ്ലികാന്സ്’ പ്രഖ്യാപനത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയത് ഏറെ വിവാദത്തിന് ഇടയാക്കി (ഇന്റര്‍നെറ്റില്‍ ഈ രേഖ വായിച്ച 700 കോടി ജനങ്ങളില്‍, 25 – 35 പ്രായപരിധിയിലുള്ള 65 ശതമാനം പേരും അതിനെ പിന്താങ്ങിയതായി ഒരു സര്‍വേയെ ഉദ്ധരിച്ച് വിശ്വാസകാര്യ ഡികാസ്റ്ററി പ്രീഫെക്ട് അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ വിക്ടര്‍ മനുവേല്‍ ഫെര്ണാന്തസ് അവകാശപ്പെടുകയുണ്ടായി.) ആഫ്രിക്കയിലെ കത്തോലിക്കാ മെത്രാന് സമിതികളും യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലും മറ്റും ചില മെത്രാന്മാരും യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്കാ മേജര്‍ ആര്‍ച്ച്ബിഷപ്പും ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു.
ഫിദൂച്ചിയ സുപ്ലികാന്സ് പ്രഖ്യാപനത്തെ ന്യായീകരിച്ചുകൊണ്ട് പിന്നീട് ഡോക്ട്രൈനല്‍ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയില്‍ നിന്ന് ഇറക്കിയ ‘ദിഗ്നിതാസ് ഇന്ഫിനിത്ത’ പ്രഖ്യാപനത്തില്‍ പക്ഷെ ജെന്‍ഡര്‍ പ്രത്യയശാസ്ത്രത്തിനെതിരെയും വാടകഗര്ഭധാരണത്തിനെതിരെയും (സറൊഗേറ്റ് മദര്‍ഹുഡ്) തികച്ചും വ്യത്യസ്തമായ, അതീവ കര്‍ശനമായ ഒരു ഭാഷയാണ് ഉപയോഗിച്ചുകണ്ടത്.
വനിതകളുടെ ഡീക്കന്‍ പട്ടം, വൈദികരുടെ ബ്രഹ്മചര്യവ്രതം ഐച്ഛികമാക്കല്, ലൈംഗികതയും ദാമ്പത്യബന്ധവും തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ നിലപാടുകള്‍ ചര്‍ച്ചചെയ്യുമെന്ന് കരുതപ്പെട്ട സിനഡാത്മക സിനഡിനെ സംബന്ധിച്ച് ഇതുപോലെ അഞ്ചു കര്‍ദിനാള്‍മാര്‍ – വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, റെയ്മണ്ട് ബര്‍ക്ക്, ജോസഫ് സെന്‍ സെക്യുന്, ഹ്വാന്‍ സന്തോവാള് ഇനീഗ്വസ്, റോബര്‍ട്ട് സെറാ എന്നിവര്‍ – 2023 ഒക്ടോബറില്‍ സിനഡ് ജനറല്‍ അസംബ്ലിക്കു മുന്‍പായി ദൂബിയാ ചോദ്യങ്ങള്‍ പാപ്പായ്ക്ക് അയക്കുകയും ‘ക്രിസ്തുവിന്റെ വിശ്വാസികള്‍ക്കുള്ള വിജ്ഞാപനം’ എന്ന പേരില്‍ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
തെക്കേ അമേരിക്കയിലെ ആമസോണ്‍ മഴക്കാടുകളും ഒന്‍പതു രാജ്യങ്ങളും ഉള്‍പ്പെടുന്ന വിശാല ആമസോണ്‍ മേഖലയിലെ വൈദികരുടെ ക്ഷാമം മുന്‍നിര്‍ത്തി, വിവാഹിതരായ സ്ഥിരം ഡീക്കന്മാര്ക്ക് വൈദികപട്ടം നല്‍കുന്നതിനെക്കുറിച്ച് മെത്രാന്മാരുടെ ആമസോണ്‍ സിനഡ് സമ്മേളനത്തിലെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും കുറിച്ച് ദൈവികാരാധനയ്ക്കും കൂദാശകളുടെ പരികര്മത്തിനുമായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ടായിരുന്ന കര്‍ദിനാള്‍ സെറായുടെ ‘ഫ്രം ദ് ഡെപ്ത്ത്സ് ഓഫ് അവര്‍ ഹാര്‍ട്സ്’ (നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്) എന്ന പുസ്തകത്തിന് ആമുഖമെഴുതിയ എമരിറ്റസ് പാപ്പാ ബെനഡിക്റ്റിന്റെ പേര് അതില്‍ സഹരചയിതാവ് എന്ന് എഴുതിച്ചേര്‍ത്തത് വലിയ കോലാഹലത്തിന് വഴിതെളിക്കുകയുണ്ടായി. ബെനഡിക്റ്റ് പാപ്പായെ ‘ചില ഗൂഢോദ്ദേശ്യങ്ങളോടെ’ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചവരെ ചില അഭിമുഖങ്ങളിലൂടെ വിമര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ, ബെനഡിക്റ്റ് പാപ്പായുടെ പേഴ്സണ്‍ സെക്രട്ടറിയും പേപ്പല്‍ ഹൗസ്ഹോള്‍ഡ് പ്രീഫെക്ച്ചര്‍ പ്രീഫെക്ടുമായിരുന്ന ജര്‍മന്‍കാരനായ ആര്‍ച്ച്ബിഷപ് ഗ്യോര്ഗ് ഗാന്‍സ് വയ്നോടുള്ള അനിഷ്ടം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രത്യേക തസ്തികയൊന്നുമില്ലാതെ കുറച്ചുകാലം ജര്‍മനിയില്‍ കഴിയേണ്ടിവന്ന ആര്‍ച്ച്ബിഷപ് ഗാന്‍സ് വയ്ന് പിന്നീട്, 2024 ജൂണില്‍, ലിത്വേനിയ, എസ്റ്റോണിയ, ലാത്വിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളുടെ അപ്പസ്തോലിക നുണ്‍ഷ്യോയായി നിയമിക്കപ്പെടുകയുമുണ്ടായി.
”സഭ സ്ത്രീയാണ്. സ്ത്രീത്വത്തിന്റെ ദൈവശാസ്ത്രം മനസിലാകുന്നില്ലെങ്കില്‍ നമുക്ക് സഭയുടെ സ്ത്രൈണ സ്വഭാവം ഉള്‍ക്കൊള്ളാനാവില്ല. പെട്രൈന്‍ മിനിസ്ട്രിയും മരിയന്‍ മിസ്റ്ററിയുമായി ബന്ധപ്പെട്ട ദൈവശാസ്ത്ര വിശകലനങ്ങള്‍ ഇക്കാര്യത്തില്‍ അത്യാവശ്യമാണ്. സഭയെ പുരുഷവത്കരിക്കുന്നത് വലിയ പാപമാണെന്നത് വിസ്മരിക്കരുത്” എന്നു പറഞ്ഞ ഫ്രാന്‍സിസ് പാപ്പാ, വനിതാ ഡീക്കന്പട്ടത്തെക്കുറിച്ചുള്ള ജര്‍മന്‍ സിനഡല്‍ മാര്‍ഗത്തിന്റെ വിവാദ പ്രമേയത്തെ തള്ളിപ്പറഞ്ഞു. വനിതാ പൗരോഹിത്യത്തെക്കുറിച്ചല്ല, സഭാഭരണത്തിന്റെയും സഭാജീവിതത്തിന്റെയും വിവിധ തലങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിനഡാത്മക സിനഡിന്റെ ആദ്യ ജനറല്‍ അസംബ്ലിയുടെ വര്‍ക്കിങ് ഡോക്യുമെന്റില്‍ വനിതാ ഡീക്കന്മാരെ സംബന്ധിച്ച സംവാദത്തിന് വകുപ്പുണ്ടായിരുന്നുവെങ്കിലും അത് സമന്വയ റിപ്പോര്‍ട്ടിലോ അന്തിമ ജനറല്‍ അസംബ്ലിയിലോ കൂടുതല്‍ ഭിന്നിപ്പിനും പ്രകോപനങ്ങള്‍ക്കും ഇടവരുത്താതിരിക്കാന്‍ വിഷയം പ്രത്യേക പഠനസമിതിക്കു വിടുകയാണുണ്ടായത്. ആദിമസഭയില്‍ വനിതാഡീക്കന്മാര്‍ വഹിച്ച പങ്കിനെക്കുറിച്ചു പഠിക്കാന്‍ പേപ്പല്‍ കമ്മിഷനെ നിയോഗിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ സൂചിപ്പിച്ചതിനെ തുടര്‍ന്ന് സംവാദങ്ങള്‍ കൊഴുത്തുതുടങ്ങിയിരുന്നതാണ്.
വനിതകള്‍ റോമന്‍ കൂരിയായില്‍
കീഴ് വഴക്കങ്ങള്‍ക്കു വഴങ്ങാതെയാണ് പലപ്പോഴും ഫ്രാന്‍സിസ് പാപ്പാ പ്രവര്‍ത്തിച്ചത്. കര്‍ദിനാള്‍മാരുടെ സംഘത്തില്‍ നിന്ന് തന്റെ മുഖ്യ ഉപദേഷ്ടാക്കളായി ഒന്‍പതംഗ സംഘത്തെ (സി-9 എന്ന് അവര്‍ അറിയപ്പെട്ടു) നിയോഗിച്ച പാപ്പാ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധനായിരുന്നു. ബോംബെയിലെ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസും, ഹൊണ്ട്യുറസ്, ചിലി, ബോസ്റ്റണ്‍, മ്യൂണിക്, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് (പ്രധാനമന്ത്രിയുടെ പദവി) കര്‍ദിനാള്‍ പിയെത്രോ പരോളിന്, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണര്‍, ധനകാര്യ വകുപ്പ് സെക്രട്ടറി എന്നിവരും സമിതി കോ-ഓര്‍ഡിനേറ്ററും സെക്രട്ടറിയുമായ ഒരു ഇറ്റാലിയന്‍ ബിഷപ്പും ഉള്‍പ്പെടുന്ന സി-9 ഗ്രൂപ്പിന് ഫ്രാന്‍സിസ് പാപ്പാ നല്കിയ പ്രധാന നിയോഗം റോമന്‍ കൂരിയായും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റും ഉള്‍പ്പെടെയുള്ള ഉന്നത ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലും നവീകരണവുമാണ്.
ഡിജിറ്റല്‍ ലാന്‍ഡ്സ്കേപ്പിന്റെയും ന്യൂ മീഡിയ പ്ലാറ്റ്ഫോമുകളുടെയും സാധ്യതകള്‍ കൂടി ഉള്‍ക്കൊണ്ട് വത്തിക്കാന്‍ കമ്യൂണിക്കേഷന്‍-മീഡിയ സംവിധാനം സമഗ്രമായി പുനഃസംഘടിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ ലോകത്തോട് സാര്‍ഥകമായി സംവദിച്ചുതുടങ്ങിയത്. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, യുട്യൂബ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമ ശൃംഖലകളില്‍ പാപ്പായുടെ നിറസാന്നിധ്യം വത്തിക്കാന്റെ സാമൂഹ്യസമ്പര്‍ക്കമാധ്യമ ചരിത്രത്തില്‍ പുതിയൊരു യുഗപ്പിറവി തന്നെയായിരുന്നു. വത്തിക്കാന്‍ കമ്യൂണിക്കേഷന്‍സ് ഡികാസ്റ്ററി എന്ന പേരില്‍ ബൃഹത്തായ ഒരു കാര്യാലയത്തിനു കീഴില്‍ വത്തിക്കാന്‍ ന്യൂസും റേഡിയോയും വീഡിയോ പ്രൊഡക്ഷനും ന്യൂമീഡിയയും ടിവി സംപ്രേഷണവും അച്ചടിയും പബ്ലിക് റിലേഷന്‍സും ഇന്റര്‍നാഷണല്‍ മീഡിയ മാനേജ്മെന്റും എല്ലാം ഏകോപിപ്പിച്ചു. പ്രൊഫഷണല്‍ മികവിനു മുന്‍ഗണന നല്കി 2018-ല്‍ പുതിയ കമ്യൂണിക്കേഷന്‍സ് ഡികാസ്റ്ററിയുടെ മേധാവിയായി ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ടിവി-2000 എന്ന ടിവി-റേഡിയോ നെറ്റ് വര്‍ക്ക് ഡയറക്ടറായിരുന്ന വിഖ്യാതനായ ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകന് പൗളോ റുഫീനി നിയമിതനായി. റോമന്‍ കൂരിയായിലെ ഒരു പ്രധാന കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയമിതനാകുന്ന ആദ്യത്തെ അല്മായനാണ് ഡോ. റുഫീനി.
സി-9 സമിതിയുടേതടക്കമുള്ള റിപ്പോര്‍ട്ടുകളെ ആധാരമാക്കി 2022-ല്‍ പാപ്പാ ‘പ്രെദിക്കാത്തെ എവാങ്ഗേലിയും’ എന്ന അപ്പസ്തോലിക ഭരണഘടന ഇറക്കി. വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട്, സെക്രട്ടറി, അണ്ടര്‍സെക്രട്ടറി എന്നീ ഉന്നത തലങ്ങളിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്മായരും നിയമിക്കപ്പെടുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞു. അതുവരെ കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും മാത്രം വഹിച്ചിരുന്ന പോസ്റ്റുകളാണിവ.
യുദ്ധവും പ്രകൃതിക്ഷോഭവും അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ദുരിതാശ്വാസവും മാനവസഹായവും എത്തിക്കാനും കെടുതികളില്‍ അകപ്പെട്ടവര്‍ക്കായി പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും മനുഷ്യക്കടത്തിന് ഇരകളായവരുടെയും പ്രശ്നങ്ങളില്‍ ഇടപെടാനും കാലാവസ്ഥാ പ്രതിസന്ധിയില്‍ ദരിദ്രരാജ്യങ്ങളുടെ സഹായത്തിനെത്താനും മറ്റുമായി രൂപവത്കരിച്ച മറ്റൊരു വന്‍ കാര്യാലയമായ സമഗ്ര മാനവ വികസനത്തിനായുള്ള ഡികാസ്റ്ററിയുടെ സെക്രട്ടറിയായി ഡോട്ടര്‍ ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് സമൂഹത്തില്‍ നിന്നുള്ള ഇറ്റാലിയന്‍ സിസ്റ്റര്‍ അലെസ്സാന്ദ്ര സ്മെരില്ലിയെ 2021-ല്‍തന്നെ നിയമിച്ചിരുന്നു. റോമന്‍ കൂരിയായിലെ ഏറ്റവും ഉന്നതശ്രേണിയിലെ ആദ്യത്തെ വനിതയായി സിസ്റ്റര്‍ സ്മെരില്ലി.
2025 ജനുവരിയില്‍, റോമന്‍ കൂരിയായിലെ ഒരു പ്രധാന ഡികാസ്റ്ററിയുടെ മേധാവിയായി ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ചുമതലയേറ്റു: സന്ന്യാസ സമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ടായി, ഇറ്റാലിയന്‍ കൊണ്‍സൊലാത്താ മിഷണറീസ് സമൂഹത്തിലെ സിസ്റ്റര്‍ സിമോണ ബ്രാംബീല്ല. ആഗോളതലത്തില്‍ ഏഴു ലക്ഷത്തോളം സമര്‍പ്പിത സന്ന്യാസിനീസന്ന്യാസിമാരുടെ സമൂഹങ്ങളുമായി ബന്ധപ്പെട്ട സമര്‍പ്പിത ജീവിതത്തിനായുള്ള ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കും അപ്പസ്തോലിക ജീവിതത്തിനായുള്ള സൊസൈറ്റികള്‍ക്കും വേണ്ടിയുള്ള ഈ ഡാകാസ്റ്ററിയുടെ സെക്രട്ടറിയായി 2023 ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു സിസ്റ്റര്‍ ബ്രാംബീല്ല. കാനോന്‍ നിയമപ്രകാരം ഈ കാര്യാലയവുമായി ബന്ധപ്പെട്ട ചില പൗരോഹിത്യ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കാനും പൊന്തിഫിക്കല്‍ പ്രതിനിധിയെന്ന നിലയില്‍ ചില ദൗത്യങ്ങള്‍ നിറവേറ്റാനും പുരോഹിതനായി അഭിഷിക്തനായിരിക്കണം എന്നു വ്യവസ്ഥയുള്ളതിനാല്‍ പ്രീഫെക്ടായ സിസ്റ്റര്‍ ബ്രാംബീല്ലയ്ക്കൊപ്പം പ്രോ-പ്രീഫെക്ടായി സ്പെയിന്‍കാരനായ സലേഷ്യന്‍ കര്‍ദിനാള്‍ ആംഗേല്‍ ഫെര്ണാന്തെസ് ആര്ത്തിമെയെയും നിയമിക്കുകയുണ്ടായി. ഇതേ ഡികാസ്റ്ററിയിലെ അണ്ടര്‍സെക്രട്ടറി സിസ്റ്റേഴ്സ് ഓഫ് ഔവര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ സമൂഹത്തില്‍ നിന്നുള്ള സിസ്റ്റര്‍ കാര്‍മെന്‍ റോസ് നോര്ട്ടെസ് ആണ്.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല്‍ കമ്മിഷന്റെയും ഗവര്‍ണറേറ്റിന്റെയും പ്രസിഡന്റായി ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റ് സമൂഹത്തില്‍ നിന്നുള്ള ഇറ്റാലിയന്‍ സിസ്റ്റര്‍ റാഫായെല്ലാ പെത്രീനിയെ പാപ്പാ നിയമിച്ചത് 2025 ഫെബ്രുവരി 15നാണ്. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഭരണസംവിധാനത്തിലെ പരമോന്നതശ്രേണിയിലെത്തുന്ന ആദ്യത്തെ വനിതയാണ് സിസ്റ്റര്‍ പെത്രീനി. 2021 നവംബര്‍ മുതല്‍ ഗവര്‍ണറേറ്റില്‍ സെക്രട്ടറി ജനറലായിരുന്നു സിസ്റ്റര്‍ പെത്രീനി.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ മറ്റൊരു പ്രധാന തസ്തികയായ വത്തിക്കാന്‍ മ്യൂസിയംസ് ഡയറക്ടറായി 2016-ല്‍ ഇറ്റാലിയന്‍ കലാ ചരിത്രകാരിയായ ബാര്‍ബര യാത്ത നിയമിക്കപ്പെട്ടു. വത്തിക്കാന്‍ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് അണ്ടര്‍സെക്രട്ടറി ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നാതലി ബിക്കായാണ്.
പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് പ്രസിഡന്റായി 2023-ല്‍ ബ്രിട്ടീഷുകാരിയായ ഡോമിനിക്കന്‍ സിസ്റ്റര്‍ ഹെലന് ആല്ഫോഡിനെ പാപ്പാ നിയമിച്ചു. പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മിഷന് സെക്രട്ടറിയായി സ്പെയിനില്‍ നിന്നുള്ള ബൈബിള്‍ വിദഗ്ധയായ സിസ്റ്റര്‍ നൂറിയ കല്ദുച്ച് ബെനാജെസിനെ 2021-ല്‍ നിയമിച്ചു. മെത്രാന്മാര്ക്കായുള്ള ഡികാസ്റ്ററിയുടെ ഭാഗമായ, ലാറ്റിന്‍ അമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മിഷന് സെക്രട്ടറിയായി അര്‍ജന്റീനയില്‍ നിന്നുള്ള ദൈവശാസ്ത്രജ്ഞ പ്രഫസര്‍ എമില്സെ കൂഡയെ 2022-ല്‍ നിയമിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ വിദേശരാജ്യങ്ങളും രാജ്യാന്തര സംഘടനകളുമായുള്ള ബന്ധത്തിന്റെ വിഭാഗത്തില്‍ അണ്ടര്‍സെക്രട്ടറിയായി ഫ്രാന്‍ചെസ്കാ ദി ജൊവാന്നി എന്ന അല്മായ വനിതയെ നിയമിച്ചു. വത്തിക്കാന്‍ ധനകാര്യ കൗണ്‍സിലില്‍ എട്ടു കര്‍ദിനാള്‍മാര്‍ക്കൊപ്പം ഏഴ് അല്മായരുമുണ്ട് – ഇതില്‍ ആറുപേര്‍ വനിതകളാണ്. വെയ്ല്‍സിലെ ചാള്‍സ് രാജകുമാരന്റെ (ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവ്) മുന്‍ ട്രഷറര്‍ ലെസ് ലി ജെയിന് ഫെററും ഇതില്‍ ഉള്‍പ്പെടുന്നു. സന്ന്യസ്തര്‍ക്കായുള്ള ഡികാസ്റ്ററിയില്‍ ഒറ്റയടിക്ക് ഏഴ് സന്ന്യാസിനിമാരെയാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ആഗോളതലത്തില്‍ മെത്രാന്മാരെ നിശ്ചയിക്കുന്ന വത്തിക്കാനിലെ ഡികാസ്റ്ററിയിലേക്കും രണ്ടു കന്യാസ്ത്രീകളെയും ഒരു അല്മായ വനിതയെയും നിയമിക്കുകയുണ്ടായി.
ഫ്രാന്‍സിസിന്റെ വാഴ്ചയുടെ ആദ്യത്തെ പത്തുവര്‍ഷത്തില്‍ റോമന്‍ കൂരിയ (ഹോളി സീ), വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്നീ രണ്ട് ഭരണസംവിധാനങ്ങളിലായി സേവനം ചെയ്യുന്ന സ്ത്രീകളുടെ സംഖ്യ 1,165 ആയി വര്‍ധിച്ചു. 2013-ല്‍ അദ്ദേഹം സ്ഥാനമേല്ക്കുമ്പോള് 846 വനിതകളാണ് വത്തിക്കാനില്‍ ജോലിചെയ്തിരുന്നത്. ജീവനക്കാരില്‍ വനിതാ പ്രാതിനിധ്യം 19.2 ശതമാനത്തില്‍ നിന്ന് 23.4 ശതമാനമായി. റോമന്‍ കൂരിയായില്‍ നാലു ജീവനക്കാരില്‍ ഒരാള്‍ ഒരു സ്ത്രീ എന്ന നിലയായി: ആകെയുള്ള 3,114 ജീവനക്കാരില്‍ 812 പേര് വനിതകള്‍. അഭിഭാഷകര്‍, വകുപ്പുമേധാവികള്‍, ആര്ക്കിവിസ്റ്റ്സ്, അഡ്മിനിസ്ട്രേറ്റീവ് സ്പെഷലിസ്റ്റ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ – കൂരിയായില്‍ ആറും ഏഴും ശ്രേണിയില്‍ വരുന്നവര്‍ – ഉള്‍പ്പെടുന്നവരാണ് വനിതാ ജീവനക്കാരില്‍ 43 ശതമാനം പേര്.
നയതന്ത്ര മധ്യസ്ഥന്‍
‘പോന്തിഫെക്സ്’ എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം ‘പാലം പണിയുന്നവന്’ എന്നാണ്. ‘പോന്തിഫെക്സ് മാക്സിമുസ്’ എന്ന നിലയില്‍ ശത്രുപക്ഷങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിച്ച് സമാധാനത്തിന്റെ പാലം നിര്‍മിക്കാന്‍ പാപ്പാ എന്നും ശ്രമിച്ചിരുന്നു. ക്യൂബയെയും അമേരിക്കയെയും അനുരഞ്ജിപ്പിക്കുന്നതില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന് മുഖേന അതീവ രഹസ്യമായി നടത്തിയ പേപ്പല്‍ നയതന്ത്ര നീക്കങ്ങളുടെ ഫലമായാണ് ഹവാനയില്‍ 2016-ല്‍ യുഎസ് എംബസി വീണ്ടും തുറക്കാനായതും അക്കൊല്ലം തന്നെ ക്യൂബയിലേക്ക് യുഎസ് പ്രസിഡന്റ് ഒബാമയുടെ ചരിത്രപ്രധാനമായ സന്ദര്‍ശനം നടന്നതും. വിമര്‍ശനവും പരാജയവും നേരിടേണ്ടിവരുമെന്ന സന്ദിഗ്ധാവസ്ഥയില്‍ പോലും പാപ്പാ നേരിട്ടുതന്നെ അത്തരം റിസ്ക് ഏറ്റെടുക്കാറുണ്ടായിരുന്നു. 2014-ലെ വിശുദ്ധനാട്ടിലേക്കുള്ള ഹ്രസ്വസന്ദര്ശനത്തിനു തൊട്ടുപിന്നാലെ ഫ്രാന്‍സിസ് പാപ്പാ ഇസ്രയേലി പ്രസിഡന്റ് ഷിമോണ്‍ പെരെസിനെയും പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിനെയും വത്തിക്കാന്‍ ഗാര്‍ഡനിലെ ഒരു പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി ക്ഷണിച്ചു – ഇസ്രയേലി-പലസ്തീന് സംഘര്‍ഷത്തിന് അയവുവരുത്താനുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അനൗപചാരികമായ വേദിയൊരുക്കുകയായിരുന്നു പാപ്പാ. കലാപകലുഷിതമായ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ ബോംഗ്വിയില് 2015-ല്‍, 15,000 മുസ് ലിംകളെ സായുധ ക്രൈസ്തവ മിലീഷ്യ വളഞ്ഞുവച്ചിരുന്ന പികെ5 മോസ്ക്കില്‍ എല്ലാ സുരക്ഷാഭീഷണികളെയും അവഗണിച്ച് കടന്നുചെന്ന് ഇമാമുമായി സമാധാന ചര്‍ച്ച നടത്തിയ ഫ്രാന്‍സിസ് പാപ്പാ പിന്നീട് ബോംഗ്വിയില് കാരുണ്യത്തിന്റെ വിശുദ്ധ വാതില്‍ തുറക്കാനും തീരുമാനിച്ചതും രാജ്യത്തിന്റെ ചരിത്രഗതി മാറ്റുന്ന നടപടിയായിരുന്നു.
2017-ലേ ഫ്രാന്‍സിസ് പാപ്പായുടെ കൊളംബിയ സന്ദര്‍ശനം രാജ്യത്തെ സൈന്യവും ഇടതുപക്ഷ ഗറില്ലകളും തമ്മിലുള്ള സായുധ സംഘര്‍ഷത്തിന് അയവുവരുത്താന്‍ സഹായകമായി.
കൊവിഡ് മഹാമാരിക്കാലത്ത് രാജ്യാന്തര യാത്രകള്‍ വിലക്കപ്പെട്ടിരുന്ന നാളുകളിലാണ് പാപ്പാ 2021-ല്‍ ഇറാഖ് സന്ദര്‍ശിക്കുന്നത്. ഇറാഖിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ദേശീയ അനുരഞ്ജനത്തിന്റെ വാതില്‍ തുറക്കുന്ന സമാധാനദൂതനെപോലെയാണ് ഇറാഖിലെ ജനവിഭാഗങ്ങള്‍ പാപ്പായെ ദര്‍ശിച്ചത്. പാപ്പായ്ക്കുനേരെ വധശ്രമ ഭീഷണിയുള്ളതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടും ഇറാഖിലേക്കുള്ള യാത്രയില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. സമാധാനത്തിനായുള്ള മാധ്യസ്ഥശ്രമങ്ങളില് ഏറ്റവും നാടകീയമായ ഒരു സന്ദര്‍ഭം, ദക്ഷിണ സുഡാനില്‍ നിന്നുള്ള രാഷ് ട്രീയ നേതാക്കളെ വത്തിക്കാനില്‍ ഒരു ധ്യാനത്തിനു വിളിച്ചുവരുത്തി പാപ്പാ അവരുടെ മുമ്പില്‍ മുട്ടുകുത്തി ഓരോരുത്തരുടെയും പാദങ്ങളില്‍ ചുംബിച്ചതാണ്. സമാധാനത്തിനു വേണ്ടിയുള്ള ഈ യാചന പരസ്പരം പൊരുതിയിരുന്ന ആ നേതാക്കളെ വല്ലാതെ ഞെട്ടിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു.
റഷ്യന്‍ ഫെഡറേഷന് സൈനികര്‍ 2022 ഫെബ്രുവരിയില്‍ യുക്രെയ്ന് അതിര്‍ത്തിയിലേക്കു പ്രവേശിച്ച ദിവസം രാവിലെ പാപ്പാ എല്ലാ പ്രോട്ടോകോളും ലംഘിച്ച് വത്തിക്കാനിലേക്കുള്ള റഷ്യന്‍ അംബാസഡറെ കാണാന്‍ അവരുടെ എംബസിയിലേക്കു കടന്നുചെന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചു, പക്ഷേ കിട്ടിയില്ല. പിന്നീട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മോസ്കോ പാത്രിയാര്‍ക്കീസ് കിറിലുമായി ഫോണില്‍ സൂം മീറ്റിങ് നടത്താന്‍ ശ്രമിച്ചു. മോസ്കോ പാത്രിയാര്‍ക്കേറ്റില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഹിലാരിയോണ് അല്ഫയേവ് മെത്രാപ്പോലീത്ത 2022 മാര്‍ച്ച് 16ന് കിറില്‍ പാത്രിയാര്‍ക്കീസിനെയും പാപ്പായെയും സൂം മീറ്റിങ്ങില്‍ പരസ്പരം ബന്ധിപ്പിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ ധാര്‍മിക അധഃപതനത്തിനെതിരായ വിശുദ്ധ യുദ്ധമാണ് റഷ്യയുടേത് എന്ന നിലപാടിലാണ് മോസ്കോ പാത്രിയാര്‍ക്കീസ്. റഷ്യയ്ക്കുവേണ്ടി യുദ്ധം ചെയ്ത് വീരമൃത്യു വരിക്കുന്ന സൈനികര്‍ക്ക് പാപങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുമെന്ന് പ്രഖ്യാപിച്ച പാത്രിയാര്‍ക്കീസ്, യുക്രെയ്നില്‍ യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈന്യത്തെ ആശീര്‍വദിക്കുന്നുമുണ്ട്. മോസ്കോ പാത്രിയാര്‍ക്കീസുമായി പാപ്പാ നടത്തിയ സൂം മീറ്റിങ് ‘ദൈവശാസ്ത്രപരവും മെറ്റാഫിസിക്കലുമായ ഭിന്നതകളുടെ പേരില്‍’ ഫലവത്തായില്ല എന്നാണ് സൂചന. പാത്രിയാര്‍ക്കീസുമായി 2022 സെപ്റ്റംബറില്‍ കസഖ്സ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടത്താനുള്ള പാപ്പായുടെ ശ്രമം വിജയിച്ചില്ല. മോസ്കോയിലേക്ക് യാത്ര ചെയ്യാനും പാപ്പാ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ക്ഷണം ലഭിച്ചില്ല. യുക്രെയ്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാപ്പാ, റഷ്യയുടെയോ പുടിന്റെയോ പേരെടുത്തു പറയാതെ നോക്കുന്നത് മോസ്കോയുമായി സംസാരിക്കാനുള്ള സാധ്യത അടഞ്ഞുപോകാതിരിക്കാനായിരുന്നു. ഇതിന്റെ പേരില്‍ യുക്രെയ്ന് പക്ഷക്കാരായ പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് പാപ്പായ്ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നു. ‘പുടിന്റെ അള്‍ത്താരബാലന്‍’ ആകരുത് കിറില്‍ പാത്രിയാര്‍ക്കീസ് എന്നു പറയുന്നതുപോലെ, ‘യുക്രെയ്ന് പക്ഷത്തെ പാശ്ചാത്യശക്തികളുടെ ചാപ്ലിന്’ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയിരുന്നു.
‘യുദ്ധത്തില്‍ മുറിവേറ്റ’ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലേക്ക് 2023 ഫെബ്രുവരിയില്‍ പാപ്പാ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് പാപ്പാ പറഞ്ഞു: ”കിന്‍ഷാസയില്‍, അറ്റുപോയ കൈകളുടെ കുറ്റികളില്‍ ഞാന്‍ ചുംബിച്ചു. അവരുടെ തലയില്‍ ഞാന്‍ തലോടി. അവരുടെ നെടുനിശ്വാസങ്ങള്‍ ഞാന്‍ ശ്രവിച്ചു. അവരുടെ കണ്ണുനീര് എന്റെ കണ്ണീരാണ്. അവരുടെ വേദന എന്റെ വേദനയാണ്. നമ്മള് ഒരുമിച്ചു പറയുന്നു: മതി. മനുഷ്യവര്‍ഗത്തിനു മുഴുവന്റെയും മേല്‍ നാണക്കേടാണ് ഈ അതിക്രമങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇങ്ങനെ കൊള്ളചെയ്യപ്പെടുന്നത് അവസാനിപ്പിക്കണം.” 1990കള്‍ക്കുശേഷം 50 ലക്ഷം പേര് അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തെ ഏറ്റവും വലിയ സംഘര്‍ഷമാണ് അവിടെ നടക്കുന്നതെങ്കിലും ലോകരാഷ്ട്രങ്ങള്‍ അതിനെ അവഗണിക്കുകയാണ്. വിദേശശക്തികളും ബഹുരാഷ്ട്രകമ്പനികളും പ്രാദേശിക സായുധസംഘങ്ങളും അവിടെ പ്രകൃതിവിഭവങ്ങള്‍ക്കും അധികാരത്തിനുമായി പോരാടുകയാണ്; വംശീയവിഭാഗങ്ങളുടെ കലാപമായി അത് ഇന്നും തുടരുന്നു.
ധാര്മികയുദ്ധ സിദ്ധാന്തം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, റോമിലെ പാപ്പാമാര്‍ ധാര്‍മികതയുടെ രാജ്യതന്ത്രജ്ഞരും സമാധാനത്തിന്റെ ആഗോള നയതന്ത്രജ്ഞരുമയാണ് പൊതുവെ അറിയപ്പെടുന്നത്. പീയൂസ് പന്ത്രണ്ടാമന് പാപ്പാ യുദ്ധാനന്തരം ആരാധിക്കപ്പെട്ടു; റോമിലെ ജൂതരെ നാസികള്‍ വളഞ്ഞുപിടിച്ചപ്പോള്‍ നിശബ്ദത പാലിച്ചതിനെക്കുറിച്ചുള്ള ആരോപണം ഉയര്‍ന്നത് മരണാനന്തരമാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ തുര്‍ക്കിയില്‍ നുണ്‍ഷ്യോ ആയിരുന്ന കാലത്ത് ജൂതരെ രക്ഷപ്പെടാന്‍ സഹായിച്ചു. ”അധികാരം മറ്റെന്തിനെക്കാളും ധാര്‍മികശക്തിയാണ്” എന്ന് ‘പാച്ചെം ഇന്‍ തേരിസ്’ എന്ന ചാക്രികലേഖനത്തില്‍ (1963) അദ്ദേഹം എഴുതി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള പാപ്പാമാരില്‍, രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവം നേരിട്ടിട്ടില്ലാത്ത ആദ്യത്തെയാളാണ് ഫ്രാന്‍സിസ്. ആധുനിക കാലത്തെ യൂറോപ്പില്‍ നിന്നല്ലാത്ത ആദ്യത്തെ പാപ്പാ. അക്വിനാസിന്റെ ‘നീതിയുക്തമായ യുദ്ധ’ സിദ്ധാന്തത്തെ പൂര്‍ണമായി തള്ളിപ്പറഞ്ഞ മജിസ്തേരിയുമാണ് ഫ്രാന്‍സിസ് പാപ്പയുടേത്. ”യുദ്ധം എന്നും മനുഷ്യവര്‍ഗത്തിനു തോല് വിയാണ്” എന്നു പ്രഖ്യാപിച്ച ഫ്രാന്‍സിസ് പാപ്പാ, ആധുനിക കാലത്തെ പാപ്പാമാരില്‍ മാനവികതയുടെ നയതന്ത്രത്തിന്റെയും ദൈവശാസ്ത്ര ചിന്തയുടെയും അടിസ്ഥാനത്തില്‍ ധാര്മികയുദ്ധ സിദ്ധാന്തത്തെ അപ്പാടെ തള്ളിക്കളഞ്ഞ ആചാര്യനാണ്. ”സമാധാനം മാത്രമാണ് നീതിയുക്തമായത്” എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. തന്റെ പൊന്തിഫിക്കല്‍ വാഴ്ചയിലുടനീളം അദ്ദേഹം സമാധാനത്തിനും നിരായുധീകരണത്തിനും കൂട്ടനശീകരണത്തിന്റെ ആയുധങ്ങളുടെ നിരോധനത്തിനുമായി വാദിച്ചു. ആയുധകൈമാറ്റത്തെ എന്നും അപലപിച്ചപ്പോഴും സ്വയംപ്രതിരോധത്തിനായുള്ള യുക്രെയ്ന്റെ അവകാശം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് അധിനിവേശപ്രദേശമായ ഫോക് ലാന്‍ഡ് ദ്വീപുകളില്‍ 1982-ല്‍ അര്‍ജന്റീന നടത്തിയ സൈനികാക്രമണത്തെ ജസ്യുറ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്ന ബെര്‍ഗോളിയോ പൂര്‍ണമായി പിന്താങ്ങിയിരുന്നു.
‘തുണ്ടംതുണ്ടമായുള്ള മൂന്നാം ലോകമഹായുദ്ധം’ എന്ന പ്രയോഗം അദ്ദേഹം പലപ്പോഴും ആവര്‍ത്തിച്ചു. 2020-ലെ ‘ഫ്രത്തേല്ലി തൂത്തി’ ചാക്രികലേഖനത്തില്‍ അദ്ദേഹം എഴുതി: ”ഇന്നത്തെ ലോകത്ത് ഏതെങ്കിലുമൊരു രാജ്യത്ത് ഒറ്റപ്പെട്ടൊരു യുദ്ധമല്ല നടക്കുന്നത്. തുണ്ടംതുണ്ടമായി നടക്കുന്ന ലോകയുദ്ധമാണ് നാം അനുഭവിക്കുന്നത്. കാരണം, ആഗോളതലത്തില്‍ രാജ്യങ്ങളുടെ ഭാഗധേയങ്ങള്‍ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുകയാണ്.”
ആയുധസംഘര്ഷത്തിലെ അതിക്രമങ്ങള്‍ മാത്രമല്ല ഈ ‘ലോകയുദ്ധം.’ ധനികരാഷ് ട്രങ്ങള്‍ക്കും ദരിദ്രരാഷ്ട്രങ്ങള്ക്കുമിടയില് വിഭജനം സൃഷ്ടിക്കുന്ന അനീതിപൂര്ണമായ സമ്പദ് വ്യവസ്ഥയും ഭൂമിക്കെതിരെ നടക്കുന്ന പാരിസ്ഥിതിക യുദ്ധവും ഫ്രാന്‍സിസ് പാപ്പായ്ക്ക് ‘ലോകയുദ്ധത്തിന്റെ’ ഭാഗമാണ്. ‘ലൗദാത്തോ സി’ ചാക്രികലേഖനത്തില്‍ ന്യൂസിലന്‍ഡിലെ മെത്രാന്മാരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നുണ്ട്: ദരിദ്രരാജ്യങ്ങളുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങള്‍ ലോകജനതയുടെ ഇരുപതു ശതമാനം പേര് ഉപയോഗിച്ചുതീര്‍ക്കുമ്പോള്‍, ‘നീ കൊല്ലരുത്’ എന്ന കല്പനയുടെ അര്‍ത്ഥമെന്താണ്?
2022 ഫെബ്രുവരിയില്‍ യൂറോപ്യന്‍ മണ്ണില്‍, യുക്രെയ്നില്‍, റഷ്യ നടത്തിയ സൈനിക കടന്നാക്രമണവും, 2023 ഒക്ടോബറില്‍ ഗാസയില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തിനും കൂട്ടക്കൊലയ്ക്കും പിന്നാലെ ഇസ്രയേല്‍ ഗാസാ മുനമ്പില്‍ ആരംഭിച്ച സൈനികാക്രമണങ്ങളും യുദ്ധത്തിന്റെ നൈതികയെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗത നിലപാടുകള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ പാപ്പായെ പ്രേരിപ്പിച്ചു. യുദ്ധത്തിന് ഇരകളാകുന്ന നിരപരാധരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും കുറിച്ച് ഹൃദയംവിങ്ങി, വെടിനിര്‍ത്തലിനും സമാധാന സംഭാഷണങ്ങള്‍ക്കുമായി ഫ്രാന്‍സിസ് പാപ്പാ യാചിച്ചുകൊണ്ടിരുന്നു.
ഇസ് ലാമിക ലോകവുമായി സംവാദം
ഒരു ഡസനോളം ഇസ് ലാമിക രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് പാപ്പാ യാത്ര ചെയ്തു. ആധുനികകാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ച പാപ്പായാണ് ഫ്രാന്‍സിസ്. യുഎഇയിലെ അബുദാബിയില്‍ വച്ച് 2019-ല്‍, സുന്നി മുസ് ലിം ലോകത്തെ പരമാചാര്യനായി കരുതപ്പെടുന്ന ഈജിപ്തിലെ അല്‍ അസഹറിലെ വലിയ ഇമാം അഹമ്മദ് എല്‍ തയ്യിബിനൊപ്പം ‘ലോകസമാധാനത്തിനും സഹവാസത്തിനുമായുള്ള മാനവ സാഹോദര്യത്തിന്റെ പ്രഖ്യാപനം’ ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ചു. ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ മുസ് ലിം പള്ളിയായ ഇസ്തിഖ്ലാല് മോസ്ക്കില്‍ വച്ച് 2024 സെപ്റ്റംബറില്‍, വലിയ ഇമാം നസറുദ്ദീന്‍ ഉമറിനൊപ്പം പാപ്പാ മതമൈത്രിക്കും പാരിസ്ഥിതിക പരിരക്ഷയ്ക്കുമായുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. കസക്സ്ഥാനില് 2022-ല്‍ മതാന്തര സംഭാഷണത്തിനും സമാധാനത്തിനുമായുള്ള പ്രഖ്യാപനത്തില്‍ പാപ്പാ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതനേതാക്കളോടൊപ്പം ഒപ്പുവച്ചു.
ജനാധിപത്യ യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യങ്ങളും ക്രൈസ്തവ ലോകവും പൊളിറ്റിക്കല്‍ ഇസ് ലാമിന്റെ ഭാഗമായ മതതീവ്രവാദികളില്‍ നിന്നും ഭീകരവാദ പ്രസ്ഥാനങ്ങളില്‍ നിന്നും ഇസ് ലാമിക കുടിയേറ്റ തരംഗങ്ങളില്‍ നിന്നും ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍, സിറിയയിലും ലെബനനിലും ഇറാഖിലും മധ്യപൂര്‍വദേശത്തും ക്രൈസ്തവര്‍ വംശീയ ഉന്മൂലന ഭീഷണിയെ അതിജീവിക്കാനാവാതെ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഫ്രാന്‍സിസ് പാപ്പാ ഇമാം അഹമ്മദ് എല്‍ തയ്യിബിനോടും മറ്റും കാണിക്കുന്ന അടുപ്പവും അനുരഞ്ജനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ചില പ്രതീകാത്മക അടയാളങ്ങളും പലരെയും അസ്വസ്ഥരാക്കിയിരുന്നു.
ബഹുസാംസ്കാരികതയും മതാന്തരബന്ധങ്ങളും ഫ്രാന്‍സിസ് പാപ്പായുടെ ജീവിതപശ്ചാത്തലില് തികച്ചും സ്വാഭാവികമായ കാര്യമങ്ങളാണ്. വിവിധ വംശീയവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന അര്‍ജന്റീനയിലെ ബാരിയോയില് വളര്‍ന്നയാളാണ് ബെര്‍ഗോളിയോ. ഒഡേസയില്‍ വേരുകളുള്ള, രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി അധിനിവേശ സേനയും റൊമേനിയക്കാരും കൊന്നൊടുക്കിയവരുടെ പിന്മുറക്കാരായ യഹൂദര്‍ അവിടെ ബെര്‍ഗോളിയോയുടെ ബാല്യകാല സുഹൃത്തുക്കളായിരുന്നു. അവന്റെ പിതാവ് ജോലി ചെയ്തിരുന്ന ടെക്സ്റ്റൈല്‍ ഫാക്ടറിയുടെ കസ്റ്റമര്‍മാരില്‍ ഏറെയും യഹൂദരായിരുന്നു. അവരില്‍ ഒരാളുടെ മരുന്നുകടയില്‍ കെമിസ്റ്റായി ജോലി ചെയ്യുന്ന കാലത്താണ് കെമിക്കല്‍ ടെക്നീഷ്യന് ബിരുദമുണ്ടായിരുന്ന ബെര്‍ഗോളിയോ ജസ്യുറ്റ് സഭയുടെ സെമിനാരിയില്‍ ചേരുന്നത്. ബെര്‍ഗോളിയെ സെമിനാരിയില്‍ കൊണ്ടുവിടാന്‍ സ്വന്തം അമ്മ പോയില്ലെങ്കിലും ആ ജൂതന് അവനെ അനുഗമിച്ചിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ തുര്‍ക്കികള്‍ എന്നു വിളിച്ചിരുന്ന മുസ് ലിം യുവാക്കളും അര്‍ജന്റീനയില്‍ ബെര്‍ഗോളിയോയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നു.
കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനോടും ആംഗ്ലിക്കന്‍ സഭയുടെ ആഗോള നേതാവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധ്യക്ഷനുമായിരുന്ന കാന്റബറി ആര്‍ച്ച്ബിഷപ് ജസ്റ്റിന് വെല്ബിയോടും ‘പാശ്ചാത്യസഭയുടെ പാത്രിയാര്‍ക്കീസ്’ കാണിച്ച ഹൃദയ ഐക്യവും, ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്മാരുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളകളില് അവരുടെ ‘പെക്ടറല്‍ ക്രോസ്’ (കുരിശുമാലയിലെ രൂപം) ഭക്തിയോടെ ചുംബിക്കാന്‍ പത്രോസിന്റെ സിംഹാസനത്തിന്റെ പരമാധ്യക്ഷന്‍ കാണിച്ച നിഷ്ഠയും പലര്‍ക്കും അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല.
കമ്യൂണിസ്റ്റ് ചൈനയുമായി ഏതുവിധേനയും ബന്ധം മെച്ചപ്പെടുത്താന്‍ പാപ്പാ കാണിച്ച വ്യഗ്രത പാശ്ചാത്യ ജനാധിപത്യ ലോകത്തെ മാത്രമല്ല, റോമിലെ പരിശുദ്ധ സിംഹാസനത്തോടു കൂറുപുലര്ത്തിയതിന് പതിറ്റാണ്ടുകളായി ചൈനാ വന്‍കരയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന, തടങ്കല്‍പാളയങ്ങളില്‍ രക്തസാക്ഷികളായ സഭാമേലധ്യക്ഷന്മാരുടെയും വൈദികരുടെയും വിശുദ്ധമായ ഓര്മ ആചരിച്ചുവരുന്ന പീഡിത സഭയിലെ ദൈവജനത്തെയും അമ്പരപ്പിച്ചു. കിഴക്കന്‍ യൂറോപ്പിലെ സോവിയറ്റ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടില്‍ നിന്നു വന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ജനപ്രിയതയ്ക്കും വന്സ്വാധീനത്തിനും അടിസ്ഥാന കാരണം സഭയുടെ പ്രബോധനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധനായിരുന്നില്ല എന്നതിനൊപ്പം, കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനെതിരായി അദ്ദേഹം സ്വീകരിച്ച അതിശക്തമായ നിലപാടുമായിരുന്നു. യൂറോപ്പിനും ലോകത്തിനും ഭീഷണിയായി മാറിയ സോവിയറ്റ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ആധിപത്യത്തിന്റെ തകര്‍ച്ച് വഴിതെളിച്ചതില്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ വഹിച്ച പങ്ക് ചരിത്രസത്യമാണ്. എന്നാല്‍ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പേട്രിയോട്ടിക് കത്തോലിക്കാ സഭാ വിഭാഗവും അതിന്റെ മെത്രാന് സമിതിയുമായി ധാരണയിലെത്തി ബെയ്ജിങ്ങുമായി വത്തിക്കാന്‍ ഒപ്പുവച്ച രഹസ്യ ഉടമ്പടി, ചൈനയിലെ പീഡിതരായ ‘അണ്ടര്‍ഗ്രൗണ്ട്’ സഭയിലെ ബിഷപ്പുമാരെയും വൈദികരെയും ദൈവജനത്തെയും ഒറ്റുകൊടുക്കുന്നതാണെന്ന് ഹോങ്കോംഗില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്ക് ഇരയായ ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ‘വിദേശശക്തികളുമായി ഗൂഢാലോചന നടത്തി’ എന്ന കുറ്റം ചുമത്തി ഹോങ്കോംഗിലെ ദേശീയ സുരക്ഷാ നിയമപ്രകാരം കര്‍ദിനാള്‍ സെന്നിനെ അറസ്റ്റു ചെയ്തിട്ടും തൊണ്ണൂറ്റിമൂന്നാം വയസിലും അദ്ദേഹം വിചാരണ നേരിടുമ്പോഴും വത്തിക്കാന്‍, ബെയ്ജിങ്ങിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നത് ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകരെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യലോകത്തെയും നിരാശപ്പെടുത്തി.
വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് ബെയ്ജിങ് ഉടമ്പടിയുടെ മാതൃക പിന്തുടര്ന്ന് ഒരു ധാരണയിലെത്താമെന്നാണ് ഫ്രാന്‍സിസ് പാപ്പാ പ്രതീക്ഷിച്ചത്. ഹനോയില്‍ റസിഡന്റ് പേപ്പല്‍ ലെഗേറ്റിന്റെ കാര്യാലയം തുറക്കാനുള്ള ധാരണയിലെത്തി ആര്‍ച്ച്ബിഷപ് മരേക്ക് സലേവ്സ്കിയെ 2023 ഡിസംബറില്‍ വിയറ്റ്നാമിലേക്കു നിയോഗിക്കാന്‍ കഴിഞ്ഞത് വത്തിക്കാന്‍ നയതന്ത്ര മുന്നേറ്റത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്.
സംവാദവും സിനഡാലിറ്റിയും
ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ആദ്യ വര്‍ഷങ്ങളില്‍ ബുധനാഴ്ച തോറുമുള്ള പൊതുദര്‍ശനത്തിന്റെ മുഖ്യവിഷയം ‘ശരീരത്തിന്റെ ദൈവശാസ്ത്രം’ ആയിരുന്നു. ”ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനിലൂടെ വെളിപ്പെടുന്ന ലോകസൃഷ്ടിയുടെ കൗദാശിക സ്വഭാവം, അവന്റെ പൗരുഷത്തിന്റെയും സ്ത്രൈണതയുടെയും അടയാളത്തിലൂടെ സത്യത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമായ അടയാളമാകുന്നു. സൃഷ്ടിയുടെ രഹസ്യത്തിലൂടെ പ്രത്യക്ഷമാകുന്ന ദൈവത്തില്‍ നിന്നാണ് അവ ഉദ്ഭവിക്കുന്നത്,” ജോണ്‍ പോള്‍ പാപ്പാ പഠിപ്പിച്ചു. ലൈംഗിക ധാര്‍മികതയെയും വിവാഹത്തെയും സംബന്ധിച്ച ക്രൈസ്തവ പ്രബോധനങ്ങളെ ഇന്നത്തെ ലോകത്തിനായി വ്യാഖ്യാനിക്കുകയായിരുന്നു ജോണ്‍ പോള്‍ പാപ്പാ.
ബെനഡിക്റ്റ് പാപ്പയാകട്ടെ 2009-ല്‍, കത്തോലിക്കാ സഭയില്‍ ‘പുറജാതിക്കാര്ക്കുവേണ്ടിയുള്ള ഒരു സദസ്’ വേണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. ജറൂസലേം ദേവാലയ സമുച്ചയത്തില്‍ യഹൂദരല്ലാത്തവര്‍ക്ക് ഇസ്രയേലിന്റെ ദൈവത്തെ ആരാധിക്കാനുള്ള പ്രത്യേക ഇടം ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയാണ്, തങ്ങള്‍ക്ക് അജ്ഞാതനായ യഥാര്‍ഥ ദൈവവുമായി എങ്ങനെയെങ്കിലും ബന്ധപ്പെടാനുള്ള ഒരു അവസരം ഇതരമതസ്ഥര്‍ക്കും നല്‍കണമെന്ന് ബെനഡിക്റ്റ് പാപ്പാ നിര്‍ദേശിച്ചത്.
ഫ്രാന്‍സിസിന്റെ പേപ്പല്ശുശ്രൂഷയുടെ അടയാളവാക്യം സിനഡാലിറ്റിയാണ്. സഭയുടെ ‘മോദുസ് വിവെന്തി’ (ജീവിതരീതി) ആണ് സംവാദവും സിനഡാലിറ്റിയും. സിനഡാത്മകത ഒരുമിച്ചുള്ള സഞ്ചാരമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (ലൂമെന്‍ ജെന്‍സിയും അധ്യായം 2, 3) കാതലാണിത്. ഫ്രാന്‍സിസ് പേപ്പസിയുടെ ബ്ലൂപ്രിന്റ് എന്നു വിശേഷിപ്പിക്കപ്പെട്ട ആദ്യത്തെ മുഖ്യപ്രബോധന രേഖയായ ‘എവാങ്ഗേലിയീ ഗൗദിയും’ പ്രതിപാദിച്ചതും ഇതിനെക്കുറിച്ചാണ്. ഇതൊക്കെയാണെങ്കിലും, നാലുവര്‍ഷം നീണ്ട, കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രേഷിതത്വത്തിന്റെയും ‘സിനഡാത്മക’ പരിണാമ പ്രക്രിയയില്‍ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിളിച്ചുചേര്‍ത്ത രണ്ട് സിനഡല്‍ അസംബ്ലിക്കുശേഷവും ‘സിനഡാത്മകത’ എന്നതിന്റെ നിര്‍വചനം വ്യക്തമായിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാസമൂഹങ്ങള്‍ പറയുന്നു.
ഫ്രാന്‍സിസ് പാപ്പാ യാഥാസ്ഥിതികനായിരുന്നോ അതോ പുരോഗമനവാദിയോ? അദ്ദേഹത്തെ കൃത്യമായി ഏതെങ്കിലുമൊരു കളത്തില്‍ പ്രതിഷ്ഠിക്കാന്‍ ചരിത്രത്തിനു കഴിയുമെന്നു കരുതാനാവില്ല. ലാറ്റിന്‍ അമേരിക്കയിലെ വിമോചന ദൈവശാസ്ത്രജ്ഞര്‍ക്കും അമേരിക്കയിലെ മോറല്‍ തിയോളജിയന്മാര്ക്കും ഏഷ്യയില്‍ മതാന്തരസംവാദത്തെക്കുറിച്ച് സംസാരിച്ച ദൈവശാസ്ത്രജ്ഞര്ക്കുമെതിരെ കഴിഞ്ഞ രണ്ടു പേപ്പസികളിലും എന്നും അച്ചടക്ക നടപടികള്‍ എടുത്തുവന്നിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് പാപ്പായുടെ കാലത്ത്, അപൂര്‍ണരായ മനുഷ്യര്‍ക്കും, ക്രമരഹിതമായ വിവാഹബന്ധത്തില്‍ പോലും, കൃപയും വിശുദ്ധിയും തേടുക സാധ്യമാണ് എന്ന സമീപനമായി മോറല്‍ തിയോളജി. മുറിവേറ്റ പാപികള്‍ക്ക് സഭ യുദ്ധഭൂമിയിലെ ഫീല്‍ഡ് ഹോസ്പിറ്റലായി.
വിവാഹമോചനവും പുനര്‍വിവാഹവും സംബന്ധിച്ച പാപ്പായുടെ നിലപാട് പാഷണ്ഡതയോളം പോന്നതാണെന്ന് ആരോപിച്ചുകൊണ്ട് 2016-ല്‍ യാഥാസ്ഥിതികരായ നാലു കര്‍ദിനാള്‍മാര്‍ ഒരു രേഖ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ പാപ്പാ പൊതുവെ അവഗണിക്കുകയാണുണ്ടായത്. എന്നാല്‍, അമേരിക്കയില്‍ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരിക്കെ എഴുപത്തഞ്ചാം വയസില്‍ വിരമിച്ച ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കാര്‍ലോ മാരിയ വിഗാനോ 2018 മുതല്‍ പാപ്പായെ വിമര്‍ശിച്ചുകൊണ്ട് പരസ്യപ്രസ്താവനകള്‍ തുടര്‍ന്നപ്പോള്‍, 2024 ജൂലൈയില്‍ വത്തിക്കാന്‍ അദ്ദേഹത്തെ സഭയില്‍ നിന്നു പുറത്താക്കുകയുണ്ടായി.
വത്തിക്കാനില്‍ പാപ്പായും സെക്രട്ടറി ഓഫ് സ്റ്റേറ്റും കഴിഞ്ഞാല്‍ മൂന്നാമത്തെ ഉന്നത പദവിയായ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ സബ്സ്റ്റിറ്റിയൂട്ട് ഫോര്‍ ജനറല്‍ അഫയേഴ്സ് പദവി വഹിച്ചിരുന്ന ഇറ്റാലിയന്‍ കര്‍ദിനാള്‍ ആഞ്ജലോ ബേച്ചുവിനെ, വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിന്റെ പേരില്‍ ലണ്ടനില്‍ നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെയും, സ്വന്തം മാതൃരൂപതയായ ഓത്സിയേരിയിലെ കാരിത്താസിന്റെ പേരില്‍ 1.25 ലക്ഷം യൂറോയും, രാജ്യാന്തര ഭൗമരാഷ്ട്രതന്ത്രജ്ഞതയുടെ വിദഗ്ധ എന്ന പേരില്‍ സെസിലിയ മറോഞ്ഞ എന്ന സ്ത്രീക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ നിന്ന് 5.70 ലക്ഷം യൂറോയും അലോട്ട് ചെയ്തതിന്റെ പേരില്‍ വത്തിക്കാന്‍ കോടതി വിചാരണ ചെയ്യുകയും അഞ്ചുവര്‍ഷത്തേക്കു തടവുശിക്ഷ വിധിക്കുകയും ചെയ്തു. പൊതുപദവികള്‍ വഹിക്കുന്നതില്‍ നിന്നും കര്‍ദിനാള്‍ ബെച്ചുവിനെ വിലക്കി.
പെറുവിലെ സൊഡാലിസിയും ക്രിസ്ത്യാനെ വീത്തെ എന്ന അപ്പസ്തോലിക ജീവിതത്തിനായുള്ള അല്മായ സൊസൈറ്റിയുടെ സ്ഥാപകനും മറ്റു ചിലര്‍ക്കുമെതിരെ ലൈംഗികാതിക്രമം, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഫ്രാന്‍സിസ് പാപ്പാ, അതിന്റെ സ്ഥാപകന്‍ ലൂയിസ് ഫെര്ണാന്തോ ഫിഗാരിക്കെതിരെ നടപടി സ്വീകരിക്കുകയും ഒടുവില്‍, തെക്കന്‍ അമേരിക്കയിലെ പല രാജ്യങ്ങളിലും യുഎസിലും പ്രവര്‍ത്തിച്ചുവന്ന ആ പ്രസ്ഥാനത്തെ 2025 ജനുവരിയില്‍ നിരോധിക്കുകയും ചെയ്തു.
ബെനഡിക്റ്റ് പാപ്പാ 2013-ല്‍ സ്ഥാനത്യാഗം ചെയ്തിട്ട് വത്തിക്കാനില്‍ തന്നെ ഒരു ആശ്രമത്തില്‍ ഏതാണ്ട് പത്തുകൊല്ലത്തോളം പൊതുവെ അദൃശ്യനായി കഴിഞ്ഞ് തൊണ്ണൂറ്റഞ്ചാം വയസിലാണ് 2023 ജനുവരിയില്‍ കാലം ചെയ്തത്. തന്റെ പിന്‍ഗാമി, ഫ്രാന്‍സിസ്, തന്റെ പ്രധാന സംഭാവനകളില്‍ പലതും തിരസ്കരിക്കുന്നതു കണ്ടുകൊണ്ടാണ് പാപ്പാ എമരിറ്റസ് അത്രയും കാലം വത്തിക്കാനില്‍ കഴിഞ്ഞത്. രണ്ടാം വത്തിക്കാനില്‍ മെത്രാന്മാരുടെ ഉപദേഷ്ടാക്കളായിരുന്ന മഹാന്മാരായ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായ ബെനഡിക്റ്റ് (കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങര്‍) – ‘ഇന്ട്രൊഡക് ഷന് ടു ക്രിസ്റ്റ്യാനിറ്റി’ മുതല്‍ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള മൂന്ന് വാല്യങ്ങള്‍ വരെ അദ്ദേഹത്തിന്റെ രചനകള്‍ ജോണ്‍ പോള്‍ പാപ്പായുടെ ജനപ്രിയതയെയും അതിശയിക്കുന്ന മഹത്തായ പൈതൃകമാണ് – പാശ്ചാത്യലോകത്ത് ആരാധനക്രമത്തിന്റെയും ലൈംഗിക ധാര്‍മികതയുടെയും പേരില്‍ ഉടലെടുത്ത ഭിന്നതകള്‍ക്കു പരിഹാരം കാണാന്‍ അക്ഷീണം ശ്രമിച്ചു. ഫ്രാന്‍സിസിന്റെ കാലത്ത് ആരാധനക്രമ സംബന്ധമായ ഭിന്നതകള്‍ രൂക്ഷമാവുകയാണുണ്ടായത്. ട്രൈഡന്റൈന്‍ റീത്ത് കുര്‍ബാന എന്നറിയപ്പെടുന്ന, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുന്പുണ്ടായിരന്ന പരമ്പരാഗത ലത്തീന്‍ കുര്‍ബാനയുടെ ആരാധനക്രമം ഫ്രാന്‍സിസ് പാപ്പാ കര്‍ശനമായി നിയന്ത്രിച്ചത് അത് യാഥാസ്ഥിതിക പക്ഷക്കാര്‍ സഭയുടെ നവീകരണ മുന്നേറ്റത്തെ തടയാനുള്ള ഉപാധിയാക്കുന്നു എന്ന വിലയിരുത്തലോടെയാണ്. ”ആരാധനക്രമം ഒരു പ്രത്യയശാസ്ത്രമായി മാറുന്നത് അനാരോഗ്യകരമാണ്” എന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ലത്തീന്‍ കുര്‍ബാനയര്‍പ്പണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഫ്രാന്‍സിസ് പാപ്പായുടെ തീരുമാനം പാരമ്പര്യവാദികളെ ശീശ്മയിലേക്കു നയിക്കുന്നതു പ്രേരകമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്റെ ജീവചരിത്രകാരന്‍ ജോര്‍ജ് വൈഗല് 2020-ല്‍ ‘ദ് നെക്സ്റ്റ് പോപ്പ്’ എന്ന പേരില്‍ ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിക്ക് അവശ്യം വേണ്ട യോഗ്യതകളെക്കുറിച്ചും അദ്ദേഹം തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എഴുതിയ പുസ്തകം ന്യൂയോര്‍ക്ക് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ തിമത്തി ഡോളന്‍ കര്‍ദിനാള്‍ സംഘത്തിലെ 220-ലേറെ വരുന്ന അംഗങ്ങള്‍ക്ക് എത്തിച്ചുകൊടുത്തുവത്രെ. ഫ്രാന്‍സിസ് പാപ്പാ തന്നെ തന്റെ പിന്‍ഗാമി ‘ജോണ്‍ പോള്‍ മൂന്നാമന്’ ആയിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട് – കാലത്തിന്റെ മാറ്റങ്ങള്‍ക്കിടയിലും സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ കാത്തുപാലിക്കുന്ന മറ്റൊരു യാഥാസ്ഥിതികനും ജനകീയനുമായ പരമാചാര്യനെക്കുറിച്ചുള്ള സൂചന.
പാപ്പായെ കാണാതെ അര്‍ജന്റീന
2013 ഫെബ്രുവരിയില്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാനായി ബൂനോസ് ഐറിസില്‍ നിന്ന് റോമിലേക്കു പുറപ്പെടുമ്പോള്‍ കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ തന്റെ കത്തീഡ്രലിലെ റെക്ടറോട് യാത്ര പറഞ്ഞത് ഇങ്ങനെയാണ്: ”നോസ് വെമോസ് ആ ലാ വൊയ്ലാത്താ” (ആ തിരിവില്‍ വച്ചു കാണാം). വേഗം തിരിച്ചെത്താം എന്ന മട്ടില്‍ അര്‍ജന്റീനക്കാരുടെ പതിവ് വിടവാങ്ങല്‍. റോമില്‍ നിന്നുള്ള റിട്ടേണ്‍ ഫ്ളൈറ്റ് ബുക്കു ചെയ്തിരുന്നു. അടുത്തുവരുന്ന വിശുദ്ധവാരത്തില്‍ ഓശാന ഞായര്‍, പെസഹാവ്യാഴ സുവിശേഷപ്രസംഗങ്ങള്ക്കായുള്ള കുറിപ്പുകള്‍ തയാറാക്കിയത് ബൂനോസ് ഐറിസിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചിട്ടാണ് അദ്ദേഹം റോമിലേക്കു യാത്രയായത്.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പാപ്പായായി കര്‍ദിനാള്‍ ഇലക്തോര്‍മാര്‍ ബെര്‍ഗോളിയോയെ തിരഞ്ഞെടുത്തു. ‘രണ്ടു ളോഹയും ഏതാനും പുസ്തകങ്ങളും അടങ്ങുന്ന ലഗേജുമായി’ റോമിലെത്തി കോണ്‍ക്ലേവിന്റെ ദിനങ്ങളില്‍ വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്താ ഗസ്റ്റ്ഹൗസില്‍ മുറിയെടുത്ത കര്‍ദിനാള്‍ ബെര്‍ഗോളിയോയ്ക്ക് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായതിനുശേഷം കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തന്റെ മാതൃരാജ്യം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.
പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ബ്രസീലിലേക്കായിരുന്നു 2013 ജൂലൈയില്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക യാത്ര. റിയോ ഡി ജനീറോയില്‍ കോപ്പകബാന ബീച്ചില്‍ പാപ്പായുടെ ലോക യുവജന ദിന ദിവ്യബലിയില്‍ 30 ലക്ഷം തീര്‍ഥാടകരാണ് പങ്കുചേര്‍ന്നത്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ എക്വഡോര്‍, ബൊളീവിയ, പരഗ്വായ് എന്നിവിടങ്ങളിലേക്ക് 2015 ജൂലൈയില്‍ പാപ്പാ യാത്രയായി. 2018 ജനുവരിയില്‍ പെറുവിലേക്കും. ക്യൂബ, മെക്സിക്കോ, കൊളംബിയ, ചിലി, പാനമ എന്നിവിടങ്ങളിലേക്കും പാപ്പാ അപ്പസ്തോലിക സന്ദര്‍ശനം നടത്തി.
2017-ല്‍ അര്‍ജന്റീന, ചിലി, യുറുഗ്വായ് യാത്ര പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ആ ഷെഡ്യൂളില്‍ ചില സാങ്കേതിക തടസങ്ങള്‍ വന്നുപെട്ടതായി അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ പാപ്പാ വെളിപ്പെടുത്തുകയുണ്ടായി. ചിലിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. പേപ്പല്‍ സന്ദര്‍ശനം തിരഞ്ഞെടുപ്പ് രാഷ് ട്രീയവുമായി കൂടിക്കുഴയുമെന്ന ആശങ്ക ഉയര്‍ന്നു. ലാറ്റിന്‍ അമേരിക്കയിലേക്ക് അടുത്ത പേപ്പല്യാത്രയ്ക്കുള്ള സാധ്യത ജനുവരിയിലായിരുന്നു. അര്‍ജന്റീനക്കാര്‍ അവധിയെടുക്കുന്ന സീസണ് ആണത്, ബൂനോസ് ഐറിസ് നഗരം മിക്കവാറും വിജനമായിരിക്കും.
എന്തുകൊണ്ടാണ് പാപ്പാ ബൂനോസ് ഐറിസിലേക്ക് തിരിച്ചുപോകാതിരുന്നത് എന്നതിന് പരിശുദ്ധ പിതാവിന്റെ ആത്മകഥയുടെ രൂപത്തില്‍ അടുത്തകാലത്ത് പുറത്തിറങ്ങിയ ‘ഹോപ്’ എന്ന പുസ്തകത്തിലും ഒരു വിശദീകരണം ലഭിക്കുന്നില്ല. പെറോണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റ് പാരമ്പര്യത്തിനും പട്ടാളവാഴ്ചയിലെ ‘ഡെര്‍ട്ടി വാര്’ കുരുതികളുടെ പേടിസ്വപ്നങ്ങള്ക്കുമൊപ്പം ‘ലാ ഗ്രിയെത്ത’ (വിള്ളല്‍) എന്ന് നാമകരണം ചെയ്യപ്പെട്ട രാജ്യത്തെ ഇടതുപക്ഷ, വലതുപക്ഷ രാഷ് ട്രീയ ചേരികള്‍ക്കിടയിലെ ആഴത്തിലുള്ള രാഷ് ട്രീയ ധ്രുവീകരണത്താല്‍ സംഘര്‍ഷഭരിതമായ സാമൂഹിക, രാഷ് ട്രീയ അന്തരീക്ഷത്തില്‍, അര്‍ജന്റീനയുടെ പ്രൈമേറ്റും ബൂനോസ് ഐറിസ് ആര്‍ച്ച്ബിഷപ്പും രാജ്യത്തെ മെത്രാന് സമിതി പ്രസിഡന്റുമായിരുന്ന കര്‍ദിനാള്‍ ബെര്‍ഗോളിയോയും രാജ്യത്തെ ഭരണകൂടവും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. പാപ്പാ എന്ന നിലയില്‍ മാതൃരാജ്യത്ത് തിരിച്ചെത്തുമ്പോള്‍ ചില രാഷ് ട്രീയ പാര്‍ട്ടികള്‍ തന്റെ പേരില്‍ മുതലെടുപ്പു നടത്താനും സഭയെ രാഷ് ട്രീയ ചേരിപ്പോരിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആദ്യ വര്‍ഷങ്ങളില്‍ പാപ്പാ അര്‍ജന്റീനയെ അപ്പസ്തോലിക യാത്രകളുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്ന് സൂചനകളുണ്ടായിരുന്നു.
ഇടവകയിലെ ഏറ്റവും ദരിദ്രമേഖലയില്‍ പാവപ്പെട്ടവരോടൊപ്പം വൈദികര്‍ ജീവിക്കുന്ന ‘കൂരാ വിജേരോ’ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചുവന്ന ബെര്‍ഗോളിയോ പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് അര്‍ജന്റീന പ്രസിഡന്റായിരുന്ന പെറോണിസ്റ്റ് നേതാവ് നെസ്തോര്‍ കിര്‍ച്ച്നറുടെ ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിച്ചിരുന്നു. പ്രസിഡന്റ് കിര്‍ച്ച്നറുടെ കാലശേഷം എട്ടുവര്‍ഷം പ്രസിഡന്റും തുടര്‍ന്ന് വൈസ് പ്രസിഡന്റുമായ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ദെ കിര്‍ച്ച്നര്‍, ബെര്‍ഗോളിയോ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ പേരുപോലും പറയാതെ തെക്കേ അമേരിക്കയില്‍ നിന്ന് ഒരു പാപ്പായുണ്ടാകുന്നതില് സന്തോഷിക്കുന്നു എന്ന മട്ടിലാണ് ആശംസകള്‍ നേര്‍ന്നത്. അര്‍ജന്റീനയില്‍ വച്ച് ഒരിക്കല്‍ പോലും ചിരിച്ചുകണ്ടിട്ടില്ലാത്ത കര്‍ദിനാള്‍ റോമിലെത്തിയപ്പോള്‍ എല്ലാവരോടും എത്ര മധുരമായാണ് ചിരിക്കുന്നതെന്ന് പ്രസിഡന്റ് ക്രിസ്റ്റീന അരോചകമായ ഒരു പദപ്രയോഗം നടത്തി പരിഹസിക്കുകയും ചെയ്തുവത്രെ. എങ്കിലും 2013 – 2015 കാലയളവില്‍ രണ്ടുവട്ടം വത്തിക്കാനിലെത്തി പ്രസിഡന്റ് ക്രിസ്റ്റീന പാപ്പായുമായി കൂടിക്കാഴ്ച നടത്തി. പാപ്പാ ക്യൂബയും ബ്രസീലും സന്ദര്‍ശിച്ചപ്പോള്‍ അവിടെ വച്ചും ക്രിസ്റ്റീന പാപ്പായെ കണ്ടു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യമായി അര്‍ജന്റീനയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കിയത് പ്രസിഡന്റ് ക്രിസ്റ്റീനയുടെ കാലത്താണ്. ജനനനിയന്ത്രണ ഉപാധികള്‍ സൗജന്യമായി വിതരണം ചെയ്യാനും കൃത്രിമ ഗര്‍ഭധാരണത്തിനും മറ്റും ക്രിസ്റ്റീന രാജ്യത്ത് സൗകര്യമൊരുക്കി.
ബൂനോസ് ഐറിസ് മേയറും പിന്നീട് അര്‍ജന്റീന പ്രസിഡന്റുമായ മൗരീസിയോ മക്രിയുടെ സാമ്പത്തിക നയങ്ങളെയും കര്‍ദിനാള്‍ ബെര്‍ഗോളിയോ ശക്തമായി എതിര്‍ത്തിരുന്നു. ദേശീയ ആഘോഷത്തിന്റെ ഭാഗമായി ബൂനോസ് ഐറിസ് കത്തീഡ്രലില്‍ ‘തെ ദേവും’ കൃതജ്ഞതാ തിരുകര്‍മത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മക്രി വിസമ്മതിക്കുകയുണ്ടായി. പ്രസിഡന്റായി വീണ്ടും അധികാരമേറ്റ മക്രി വത്തിക്കാനില്‍ പാപ്പായെ കാണാനെത്തി. 22 മിനിറ്റ് മാത്രം ദീര്‍ഘിച്ച ആ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളില്‍ പാപ്പായുടെ മുഖത്ത് വല്ലാത്ത ഗൗരവഭാവമാണ് കാണപ്പെട്ടത്.
ഏറ്റവുമൊടുവില്‍, 2023-ലെ പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞ് 2024-ല്‍ താന്‍ അര്‍ജന്റീന സന്ദര്‍ശിക്കുമെന്ന് പാപ്പാ തന്നെ സൂചിപ്പിച്ചിരുന്നു. 2024 ഫെബ്രുവരിയില്‍ അര്‍ജന്റീനയുടെ ആദ്യത്തെ വിശുദ്ധ മാമാ ആന്റുല എന്നറിയപ്പെടുന്ന മരിയ അന്തോണിയ ദെ പാസ് ഫിഗ്യുറോവയുടെ നാമകരണ തിരുകര്‍മങ്ങള്‍ക്കായി വത്തിക്കാനിലെത്തിയ അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ഹവിയെര്‍ മിലേ, ഫ്രാന്‍സിസ് പാപ്പായുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത് ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ്. അര്‍ജന്റീനയെ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന് പല നൂതന രാഷ് ട്രീയ പോംവഴികളും നിര്‍ദേശിക്കുന്ന സാമ്പത്തികവിദഗ്ധനായ പ്രസിഡന്റ് മിലേ എന്നും പാപ്പായെ രൂക്ഷമായി ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുകൊണ്ടിരുന്നയാളാണ്. പ്രസിഡന്റായതിനു ശേഷം ‘പരിശുദ്ധ പിതാവേ’ എന്ന് പാപ്പായെ ആദ്യമായി അഭിസംബോധന ചെയ്ത മിലേ, പാപ്പായെ മാതൃരാജ്യത്തേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയുണ്ടായി.
എന്നാല്‍, ഈ ഭൂമുഖത്ത് ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരെയെല്ലാം സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശത്തില്‍, മാനവാന്തസ്സിന്റെ പരമസൗഷ്ഠവത്തിലേക്ക് അനുയാത്ര ചെയ്യാന്‍ കൊതിച്ച തങ്ങളുടെ സ്വന്തം ഹോര്‍ഹെ ബെര്‍ഗോളിയോ പേപ്പല്‍ ഫ്ളൈറ്റില്‍ ബൂനോസ് ഐറിസില്‍ വന്നിറങ്ങുന്നതു കാണാനുള്ള അനന്യകൃപ അര്‍ജന്റീനയ്ക്ക് ലഭിച്ചില്ല.
അര്‍ജന്റീനയുടെ പ്രഥമ വനിതയായിരുന്ന എവിറ്റയുടെ വിലാപഗീതം ഇപ്പോള്‍ മറ്റൊരു തരത്തില്‍ മാറ്റൊലിക്കൊള്ളുന്നുണ്ടാകണം: ഡോണ്ട് ക്രൈ ഫോര്‍ മി അര്‍ജന്റീന!