കൊച്ചി: മേടമാസമെത്തി. ഇന്ന് ലോകമെമ്പാടും മലയാളികൾ വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്.
സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള ഉത്സവങ്ങള്‍.
മനസുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാക്കുക കൂടിയാണ് വിഷു. പുലർച്ചെ എഴുന്നേറ്റുള്ള കണി കാണലും കുടുംബത്തിലെ തലമൂത്തവരിൽ നിന്ന് കൈനീട്ടം സ്വീകരിക്കലുമൊക്കെ കുടുംബത്തിനകത്ത് ഇമ്പം കൂട്ടുന്നു.
വിഷുവും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം. പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരമാണ് മേടം ഒന്ന് വർഷാരംഭമായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ വിഷുവിന് ആണ്ടുപിറപ്പ് എന്നൊരു ചെല്ലപ്പേരുകൂടിയുണ്ട്.