ഡോ. ഗാസ്പര്‍ സന്യാസി
മൊത്തത്തില്‍ ‘എമ്പുരാന്’ – കച്ചവടം കൊഴുത്തുകൊണ്ടിരിക്കുകയാണ്. എന്തെല്ലാം പുകിലാണ് സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും നടക്കുന്നത്. വന്നവന് വന്നവന് പടക്കളത്തിലിറങ്ങി ആഞ്ഞുവെട്ടുകയാണ്. വിദ്വേഷത്തിന്റെ ചെളിതെറിച്ച് സോഷ്യല്‍ മീഡിയയുടെ ഭിത്തിയാകെ കറുത്തു തുടങ്ങുന്നു; കറുത്തു തുടരുന്നു. കര്‍ത്താവ് പറഞ്ഞത്, ‘വാളെടുത്തവന്‍ വാളാലേ’ എന്നാണ്. ഇപ്പോള്‍ വാളിന്റെ സ്പെല്ലിംഗ് Wall (ഭിത്തി) എന്നാണ് എന്നത് സോഷ്യല്‍ മീഡിയ ഫലിതങ്ങളിലൊന്നാണ്. വന്നവനെ വന്നവനെ കൊന്ന് ഭിത്തിയിലൊട്ടിക്കുകയാണ്, ‘വാളുള്ള’വര്. സോഷ്യല്‍ മീഡിയയില്‍ അവനവന്റെ പേജാണല്ലോ ഇപ്പറയുന്ന Wall (വാള്).
റിലീസിനുമുന്നേ, കുറേനാളായി ‘ഹൈപ്പ്’ ഉണ്ടാക്കിക്കൊണ്ടിരുന്ന ‘എമ്പുരാന്’ സിനിമയുടെ നിര്‍മ്മാണച്ചെലവ്, കച്ചവടത്തിലേയ്ക്ക് ഇന്‍വെസ്റ്റ് ചെയ്ത നാനാവിധത്തിലുള്ള മുതല്‍മുടക്ക്, തിരിച്ചുപിടിക്കാന്‍ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന ടാഗ് ലൈന്‍ പോരാ എന്ന് പടത്തിന്റെ നിര്മാണക്കുപ്പായമണിഞ്ഞ കച്ചവടക്കാര്ക്കറിയാമല്ലോ! ഏത് കൊമ്പിലെറിഞ്ഞാല് മാങ്ങ വീഴുമെന്നറിയുന്നതാണല്ലോ എറിയന്മാരുടെ കച്ചവടതന്ത്രം. കലക്കാന്‍ കൊള്ളാവുന്ന കുളമറിയുക, എറിഞ്ഞാല്‍ ഉടയുന്ന ചില്ലറിയുക, എറിഞ്ഞാല്‍ വീഴുന്ന കായുള്ള ചില്ലയറിയുക – ഇങ്ങനെ നീളുന്നു കച്ചവടതന്ത്രത്തിന്റെ പ്രായോഗിക സമ്പദ്ശാസ്ത്രം.
രാജ്യത്തിപ്പോഴും എപ്പോഴും നന്നായി ചെലവാകുന്ന മതവികാരം ചേര്‍ത്തിളക്കി, രാഷ്ട്രീയത്തിന്റെ മേമ്പൊടി ചേര്‍ത്ത്, ഫാന്‍സ് അസോസിയേഷന്റെ ആവേശം കലക്കി, രാജ്യത്തെ നിയമസംവിധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ഫ്ളെക്സിബിലിറ്റി മുതലെടുത്ത് മൊത്തത്തിലൊരു രസായനം തയ്യാറാക്കിയാല്‍ സംഗതി കച്ചവടമായിക്കൊള്ളുമെന്ന് അറിയുന്നവന് കച്ചവടക്കാരന്! കാണികള്‍ വരെ അടി മേടിച്ച് പെട്ടുപോകുന്ന ഭീകരലാത്തിച്ചാര്ജ്ജ് പോലെ, വെറുതെ വഴിയില്‍ നില്ക്കുന്നവനെക്കൊണ്ടുപോലും ഇതിനെപ്പറ്റി രണ്ടക്ഷരം പറയിപ്പിക്കുന്ന ‘ആഡ്’ കാലമാണല്ലോ – ഈ പരസ്യക്കാലം! (അതുകൊണ്ടാണല്ലോ ഈ കുറിപ്പുപോലും ഉണ്ടാകുന്നത്). ആരെക്കൊണ്ടും ‘പറയിപ്പിക്കുന്ന’ തന്ത്രം. ഇതെഴുതാതെ, വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമത്തെപ്പറ്റിയോ, ആദിവാസി ദുരിതത്തെപ്പറ്റിയോ, ആശാ സമരത്തെപ്പറ്റിയോ, മുനമ്പത്തെപ്പറ്റിയോ എഴുതിയാല്‍, ഇപ്പറയുന്ന റെയ്ഞ്ച് കിട്ടില്ലാ! മാത്രമല്ല, മനുഷ്യാവകാശ പ്രശ്നങ്ങളേക്കാള്‍, മതാവകാശപ്രശ്നങ്ങള്ക്കാണ് എരി കൂടുതല്‍. ചിന്തിക്കാതെ ക്രൗര്യത്തോടെ ഓടിക്കൂടാവുന്നതും ഉള്ളിലെ വിഷം ചീറ്റാവുന്നതുമായ ഏറ്റവും വളക്കൂറുള്ള നിലം ഏതൊക്കെയാണെന്ന് പറയാതെതന്നെ നമ്മള് അറിയുകയും പ്രയോഗിക്കുകയും ചെയ്യുന്നതാണല്ലോ വര്‍ത്തമാനകാലത്തിന്റെ ദുരന്തം.
സത്യം കണ്ടെത്താനും പറയാനും കൂടെനില്‍ക്കാനും നല്ലപോലെ പണിയെടുക്കേണ്ടിവരും. അതിന് വയ്യാത്തവര്‍ മെനക്കെടാത്തവര്‍ സത്യാനന്തരകാലത്തെ ഉണ്ടാക്കിയെടുക്കും – എന്തും സത്യമാകുന്ന കാലം. ഏതും സത്യമാകുന്ന കാലം. പിന്നെ ബാക്കിയാകുന്നത് കയ്യൂക്കിന്റെ നിയമമാണ്. അവനവന് തിണ്ണമിടുക്കുള്ളിടത്ത് അവനവന്റെ സത്യമാണ് സാക്ഷാല്‍ സത്യം. രണ്ടായിരം ശിഷ്ടംവര്ഷങ്ങള്ക്കു മുമ്പ്. പലസ്തീന എന്ന ചെറുദേശത്ത് ആധിപത്യം പുലര്‍ത്തിയ റോമന്‍ സാമ്രാജ്യത്തിന്റെ പ്രീഫക്ട് പീലാത്തോസ്, ചതഞ്ഞരഞ്ഞ ഒരു ചെറുപ്പക്കാരനോട് ചോദിക്കുന്നുണ്ടല്ലോ എന്താണ് സത്യം എന്ന്. അയാള്‍ നിസ്സഹായതയോടെ നിശ്ശബ്ദനായിനിന്നു. പകല്വെട്ടംപോലെ ചതഞ്ഞരഞ്ഞ ഒരു മനുഷ്യന് മുന്നില്‍ സത്യമായി നിന്നിട്ടും താന്‍ ഇഷ്ടപ്പെടുന്ന, ആഗ്രഹിച്ച ഉത്തരത്തിനു വേണ്ടി അധികാരം കണ്ണടച്ചുനിന്നു. സത്യം നിശ്ശബ്ദമാകുന്നിടത്ത് വ്യാഖ്യാനങ്ങള്‍ കാലത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങും.
നാനാവതി-മേത്ത കമ്മീഷന് റിപ്പോര്‍ട്ട്, ബാനര്‍ജി കമ്മീഷന് റിപ്പോര്‍ട്ട്, സാക്ഷാല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍വരെ ഒപ്പു ചാര്‍ത്തിയ സ്വതന്ത്ര മനുഷ്യാവസ്ഥാന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്, നിരവധി അനവധി അഭിമുഖങ്ങള്‍, വാര്‍ത്തകള്‍, ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ തുടങ്ങി പൊതുവിടത്തില്‍ ലഭ്യമാകുന്ന അറുപതോളം റിപ്പോര്‍ട്ടുകള്‍, അനൗദ്യോഗികവും ഔദ്യോഗികവുമായ രേഖകള്‍ എന്നിങ്ങനെ ലക്ഷക്കണക്കിനു വരുന്ന പേജുകള്‍ പരതുന്നവര്ക്കറിയാനാവുന്ന സത്യമിതാണ്, ഇരുപത്തൊന്നും നൂറ്റാണ്ടില്‍ നമ്മുടെ രാജ്യത്തെ നടുക്കിയ മനുഷ്യനിര്മിതകലാപദുരന്തത്തിന്റെ ബാക്കിപത്രം നിസ്സഹായരായ കുറേ മനുഷ്യരുടെ സഹനവും മരണവുമായിരുന്നു. അത്രമാത്രം. അവര്‍ അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുത്തവര്‍. അവര്‍ മറ്റുള്ളവരോടൊപ്പം ജാതിമതഭേദമെന്യേ പണിയെടുക്കുകയും ചിരിക്കുകയും കരയുകയും ചെയ്തവര്‍. മനുഷ്യവംശ ചരിത്രത്തിലെ അതിപുരാതനമായ മതവികാരത്തിന്റെ ചെലവില്‍ സംഘബലമാര്ജ്ജിച്ച് മാനവികതയെ മറന്നുകളയുന്നവരുടെ കയ്യൂക്കിനും ഭീകരമായ അധികാര ദുര്‍മോഹത്തിനും ഇരയായവര്‍. അവരവരുടെ സംഘബലത്തില്‍ മനുഷ്യര്‍ ഇനിയും വിഡ്ഢിത്തം കാണിക്കുമെന്നറിയുന്നവര് കമ്പോളത്തിന്റെ ഒന്നാന്തരം വിപണി അതിലാണ് കണ്ടെത്തുന്നത്. ആര്‍ക്കും വ്യാഖ്യാനിക്കാവുന്ന സത്യാനന്തരകാല വിപണിയില്‍ സത്യം വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കണ്ടെത്തേണ്ടവര്‍ ഒരുമിച്ചു കൂടുന്നു. മനുഷ്യക്കുരുതി തുടങ്ങുന്നു. തുടരുന്നു.
ജനം ആര്ത്തുവിളിച്ചുകൊണ്ടിരിക്കേ, പണ്ടത്തെ ബോക്സിംഗ് റിംഗ് നടത്തിപ്പുകാരായ നിര്‍മാതാക്കള്‍ പണം വാരിക്കൂട്ടുന്നു. രണ്ടേരണ്ടു കൂട്ടര് മാത്രമാണ് റിംഗിനുള്ളില്‍ – ചാകുന്നവരും കൊല്ലുന്നവരും. ദേശവും കാലവുമനുസരിച്ച് റോളുകള്‍ വ്യത്യാസപ്പെടുമെന്നുമാത്രം. സംഘബലമുള്ളവര്ക്ക് വായിച്ചെടുക്കാനും അവരവര്‍ക്കുവേണ്ടി വ്യാഖ്യാനിച്ചെടുക്കാനും ആളുകള്‍ ഉണ്ടെന്നറിയുന്ന ഈ കച്ചവടകാലത്ത്, ലാഭക്കൊതിയന്മാരുടെ കെട്ടകാലത്ത്, പുതിയതരം കൗമാരം സോഷ്യല്‍ മീഡിയിലൂടെ നിര്‍മിക്കപ്പെടുന്നുണ്ട്. ലോകത്തിപ്പോള്‍ ചര്‍ച്ചകള്‍ പെരുകുന്നത് ‘അഡോളെസെന്സ്’ (Adolescence) എന്ന വെബ് സീരീസിനെക്കുറിച്ചാണല്ലോ. പുതിയ നെറ്റിസണ്‍സിന്റെ ഇടയില്‍ പ്രചരിക്കുന്ന കോഡ് ഭാഷ നിര്‍ധാരണം ചെയ്യാനാകാതെ നിയമപാലകരും നിയമസംവിധാനവും നിസ്സഹായരാകുന്നതിനെപ്പറ്റി ഈ കലാരൂപം ചര്‍ച്ച ചെയ്യുന്നു. മക്കളെ എന്തുചെയ്ത് പരിശീലിപ്പിക്കണം എന്നറിയാതെ കുഴങ്ങുന്ന മാതാപിതാക്കളെ ഈ സീരീസില്‍ കണ്ട് നമ്മള് ശ്വാസം മുട്ടുന്നു. കൗണ്‍സലിംഗ് സെഷന്‍സ് മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകള്‍ കണ്ട് മൗനത്തിലാകുന്നു.
ചരിത്രം അത്രയേറെ സങ്കീര്‍ണ്ണവും കെട്ടുപിണഞ്ഞതുമാകുമ്പോള്, അതിനെ വിറ്റ് ലാഭം കൊയ്യാനിറങ്ങുന്നവര്‍, ഒരുപക്ഷേ, മാനവികതയെ വിറ്റു തുലയ്ക്കുന്നുണ്ടാകണം. മതവികാരങ്ങളെ ചൂഷണം ചെയ്ത് മാനവിക മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഏത് സംഘടിത ശ്രമങ്ങളെയും ഹോമോസാപിയന്സിലെ ‘സാപിയന്‍സ്’ ചെറുത്തു തോല്പിക്കണം. കാരണം അന്തിമമായി പരാജയപ്പെടുന്നത് മനുഷ്യര്‍ തന്നെയാണല്ലോ.
പിന്കുറിപ്പ്
സ്വതന്ത്രമായ കലാവിഷ്ക്കാരത്തെപ്പറ്റി പറയാന്‍ ആരോ നിര്‍ബന്ധിക്കുന്നു. ഒരുകവിത പറഞ്ഞ് തടിയൂരാന്‍ ഒരാള്‍ ശ്രമിക്കുന്നു. ആത്മ ഓണ്‍ലൈനില്‍ റഹിം പൊന്നാട് ചില വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയ ചില കവിതാവരികളാകട്ടെ ഉത്തരം;
അങ്ങനെയിരിക്കെ, ഒരു പാതിരാത്രിയില്‍
അവര്‍ ഭാഷ നിരോധിച്ചു
ഇനിമുതല്‍ ഒറ്റഭാഷ മാത്രമേ പാടുള്ളൂ.
തപാലാപ്പീസില്‍ കൊടുത്താല്‍
പഴയ ഭാഷ മാറിക്കിട്ടും
ഉറക്കമുണര്‍ന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാര്‍ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു.
പ്രായമായവരുടെ വായില്‍ തുണിതിരുകി.
റേഡിയോയില്‍ വീണവായന മാത്രം
ടെലിവിഷനില്‍ ആംഗ്യവായന
പത്രത്തിനു പകരം എട്ടുഷീറ്റ് വെള്ളക്കടലാസ്.
കീബോര്‍ഡുകള്‍ നിശ്ശബ്ദം
മൊബൈല്‍ സ്ക്രീനില്‍ ചിഹ്നങ്ങള്‍ മാത്രം!