ജെക്കോബി
ലഹരിവിപത്തിനെതിരെ നാടൊന്നാകെ പ്രതിരോധമൊരുക്കുമ്പോള്‍, പിണറായി സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിന്റെ ദൂരവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അത്യന്താപേക്ഷിതമാണ്. മദ്യമില്ലെങ്കില്‍ ലഹരിമരുന്ന് വ്യാപിക്കുമെന്ന ന്യായീകരണത്തോടെയാണ് ഒന്‍പതു വര്‍ഷം മുന്‍പ് 29 വിദേശമദ്യബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ഇടതുമുന്നണി സര്‍ക്കാര്‍ 1,040 ആയി വര്‍ധിപ്പിച്ചത്. ബാറുകളുടെയും മദ്യവില്പനശാലകളുടെയും എണ്ണം ഇത്രകണ്ടു പെരുകിയിട്ടും നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരമുള്ള ലഹരിമരുന്നു കേസുകള്‍ 2024-ല്‍ കേരളത്തില്‍ പഞ്ചാബിലേതിനെക്കാള്‍ മൂന്നിരട്ടിയായി. എംഡിഎംഎ പോലുള്ള രാസലഹരിയുടെ വില്പനയും ഉപയോഗവും തടയുന്നതിന് കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷന് ഡി ഹണ്ടില്‍ ഒരു മാസത്തിനകം 7,038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 7,307 പേരെ അറസ്റ്റു ചെയ്തു. കൂടുതല്‍ മദ്യം ഒഴുക്കി ലഹരിമരുന്നിന്റെ ദുരുപയോഗം കുറയ്ക്കാം എന്ന വാദം നിരര്‍ഥകമാണെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ സമ്മതിക്കണം. മദ്യലോബിയെ പരമാവധി പ്രീണിപ്പിച്ചുകൊണ്ട് ലഹരിമാഫിയയ്ക്കെതിരെ കര്‍മപദ്ധതി പ്രഖ്യാപിക്കുന്നതില്‍ വൈരുധ്യമുണ്ട്.
പുതിയ അബ്കാരി വര്‍ഷത്തിലേക്കു കടക്കുമ്പോഴും 2025-2026 മദ്യനയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തത്, എല്ലാ മാസവും ഒന്നാം തീയതി മദ്യവില്പന തടയുന്ന ഡ്രൈ ഡേ നിയന്ത്രണം ഒഴിവാക്കാനുള്ള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ശുപാര്‍ശ, കള്ളുഷാപ്പിന് വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമുള്ള ദൂരപരിധി 400 മീറ്ററില്‍നിന്ന് 200 മീറ്ററായി കുറയ്ക്കണമെന്ന നിര്‍ദേശം, മദ്യനിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനെചൊല്ലിയുള്ള പ്രശ്നം എന്നിവയുടെ കാര്യത്തില്‍ ഭരണമുന്നണിയില്‍ തീര്പ്പുണ്ടാകാത്തതിനാലാണെന്ന് സൂചനകളുണ്ടായിരുന്നു. 2003 മുതല്‍ നിലവിലുള്ള ഡ്രൈ ഡേ എടുത്തുകളയാനും ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 12 വരെ നീട്ടാനുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് 20 കോടി രൂപ കൈമാറേണ്ടതിനാല്‍ സംസ്ഥാനത്തെ ബാര്‍ ഹോട്ടല്‍, റിസോര്‍ട്ട്, ഹൗസ്ബോട്ട് ഉടമകളുടെ സംഘടനാ ഫെഡറേഷനിലെ 801 അംഗങ്ങള്‍ രണ്ടര ലക്ഷം രൂപ വീതം വിഹിതം നല്‍കണമെന്ന വാട്സ്ആപ് ശബ്ദസന്ദേശം ലീക്കായത് കഴിഞ്ഞ വര്‍ഷം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, വര്‍ഷത്തില്‍ 12 ഡ്രൈ ഡേകള്‍ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്നും പണ്ടേ ഒരു വാദമുണ്ട്. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ് (മൈസ്) കോര്‍പറേറ്റ് ടൂര്‍ പാക്കേജുകള്‍, ആഡംബര വിവാഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാം തീയതിയിലെ മദ്യനിരോധനം ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ ദോഷം ചെയ്യുന്നതായി ടൂറിസം വകുപ്പിനു പരാതിയുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം ഡ്രൈ ഡേ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കണമെന്നാണ് ഒരു നിര്‍ദേശം. കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് നിര്‍മിച്ചുനല്‍കുന്ന ക്ലാസിഫൈഡ് ടോഡി പാര്‍ലറുകള്‍ കൂടുതല്‍ ആകര്‍ഷകമായ കേന്ദ്രങ്ങളിലാകണമെന്നാണ് സങ്കല്പം. അതിനാല്‍ 400 മീറ്റര്‍ ദൂരപരിധിയില്‍ ഇളവു വേണമെന്നാണ് ആവശ്യം. ബാറുകള്‍ക്ക് അനുവദിക്കുന്ന ദൂരപരിധി ഇളവ് കള്ളുഷാപ്പുകള്‍ക്ക് നിഷേധിക്കുന്നതില്‍ ന്യായമില്ലല്ലോ! കേരള ടോഡി എന്ന ബ്രാന്‍ഡില്‍ നാടന്‍കള്ള് (പാം വൈന്‍) റിസോര്‍ട്ടുകളിലും ത്രീസ്റ്റാര്‍ ഹോട്ടലുകളിലും വിളമ്പുമെന്ന് എക്സൈസ് മന്ത്രി എന്നേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബിയറിനു സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാന്‍ ടോഡി ബോര്‍ഡ് പദ്ധതി തയാറാക്കുന്നുണ്ട്.
സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങള്‍ കൂടി എക്സൈസ് വകുപ്പ് ഇക്കഴിഞ്ഞ ജനുവരിയില്‍ വിജ്ഞാപനം ചെയ്തതോടെ നൂറോളം ചെറുപട്ടണങ്ങളിലെയും ഗ്രാമീണമേഖലകളിലെയും ടൂ സ്റ്റാര്‍ ക്ലാസിഫൈഡ് റസ്റ്ററന്റുകള്‍ക്ക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കും. സംസ്ഥാന ടൂറിസം വകുപ്പ് ടൂറിസം ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പ്രദേശങ്ങളില്‍ ബാര്‍, ബിയര്‍-വൈന്‍ പാര്‍ലര്‍ തുടങ്ങിയ അടിസ്ഥാന ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അബ്കാരി നിയമത്തിലെ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ് ഈ നോട്ടിഫിക്കേഷന്‍. ഈ മേഖലയിലെ ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും രാവിലെ 10 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാനാകും. നൈറ്റ് ടൂറിസം വികസിപ്പിക്കാനുള്ള ഉപാധികളും ഇതിനൊപ്പമുണ്ടാകും. 2003-ല്‍ പതിനാല് ടൂറിസം കേന്ദ്രങ്ങള്‍ക്ക് എക്സൈസ് വകുപ്പ് അംഗീകാരം നല്‍കിയിരുന്നു. എക്സൈസ് വകുപ്പിനു നല്‍കിയിട്ടുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇത്തരത്തിലുള്ള 150 ഗ്രാമീണമേഖലകള്‍ ഉള്‍പ്പെടുന്നുണ്ട്. കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്റെ 60 ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനും നിര്‍ദേശമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത സംസ്ഥാനത്തെ ഇരുന്നൂറോളം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കേന്ദ്ര ടൂറിസം വകുപ്പ് നേരിട്ട് പരിശോധന നടത്തിയാണ് സ്റ്റാര്‍ ശ്രേണി അംഗീകാരം ല്കുന്നത്. പല ഹോട്ടലുകളും ഗുണനിലവാരത്തില്‍ വീഴ്ച വരുത്തുന്നതിനാല്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സംസ്ഥാനത്ത് ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള 721 ഹോട്ടലുകള്‍ക്ക് വിദേശമദ്യ ബാര്‍ ലൈസന്‍സുണ്ട്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ 295 എണ്ണമുണ്ട്; മദ്യവിതരണത്തിന് ലൈസന്‍സുള്ള 44 ക്ലബ്ബുകളുമുണ്ട്. ഐടി-സോഫ്റ്റ് വെയര്‍ വ്യവസായ മേഖലയില്‍ ടെക്കികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള എന്റര്ടെയ്ന്മെന്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഐടി, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ പബ് ലൈസന്‍സുകളും അനുവദിക്കുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ 384 വിദേശമദ്യഷാപ്പുകള്ക്കു പുറമെ 78 പുതിയ ഔട്ട്ലെറ്റുകള് കൂടി തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പത്തെണ്ണം കണ്സ്യൂമര്ഫെഡിന്റേതാണ്. ഇതിനു പുറമെ 175 ചില്ലറ മദ്യവില്പനശാലകളുടെ പട്ടികയും തയാറായിട്ടുണ്ട്. പതിനാല് സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള് കൂടി തുറക്കും.
പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014-ല്‍ ഉമ്മന്‍ ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 753 ലൈസന്‍സ്ഡ് ബാറുകളുണ്ടായിരുന്നതില് 418 എണ്ണം ‘വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍’ 2014 ഓഗസ്റ്റില്‍ അടച്ചുപൂട്ടി. പുതിയ മദ്യനയത്തില്‍ 312 ബാറുകള്‍ കൂടി പൂട്ടി. അങ്ങനെ ടൂ, ത്രീ, ഫോര്‍ സ്റ്റാര്‍ പദവിയുള്ള 730 ബാറുകള്‍ അടച്ചു. ഹൈഎന്‍ഡ് ടൂറിസ്റ്റുകള്‍ക്കായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ 16 ബാറുകളാണ് അവശേഷിച്ചത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിളമ്പിയിരുന്ന 813 പഴയ ബാറുകളിലേറെയും ബിയര്‍-വൈന്‍ പാര്‍ലറുകളായി. ബിവറേജ്സ് കോര്‍പറേഷന്റെ 384 മദ്യവില്പനശാലകളില് 78 എണ്ണം പൂട്ടി, ഓരോ വര്‍ഷവും 10 ശതമാനം ഔട്ട്ലെറ്റുകള് നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. ഞായറാഴ്ചകള്‍ ഡ്രൈ ഡേയായി പ്രഖ്യാപിച്ചു. ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയതിലൂടെ 9,000 കോടി രൂപയുടെ വാര്‍ഷിക റവന്യു നഷ്ടമുണ്ടാകുമെന്നും മദ്യനിയന്ത്രണം മൂലം ടൂറിസം മേഖലയ്ക്ക് 2,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ബാറുകളില്‍ ജോലിചെയ്തിരുന്ന 40,000 പേരുടെ തൊഴില്‍ നഷ്ടം ഉയര്‍ത്തിക്കാട്ടി മദ്യലോബിയുടെ പിന്തുണയോടെ അന്ന് ഇടതുപക്ഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ അഴിച്ചുവിട്ട പ്രചണ്ഡമായ രാഷ് ട്രീയ ആക്രമണത്തില്‍ യുഡിഎഫിലെ രണ്ടു പ്രമുഖ മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവന്നു. 1996-ല്‍ എ.കെ ആന്റണിയുടെ മന്ത്രിസഭ ചാരായം നിരോധിച്ചതിനുശേഷം സംസ്ഥാനത്ത് മദ്യവിപത്തിനെതിരെ ഒരു ജനപ്രിയ സര്‍ക്കാര്‍ കൈക്കൊണ്ട ഏറ്റവും വിപ്ലവാത്മകമായ നടപടിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ധീരമായ മദ്യവിരുദ്ധ പ്രഖ്യാപനം. പക്ഷേ, അതിന് വലിയ വില യുഡിഎഫിനു നല്‍കേണ്ടിവന്നു.
മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. ഒരു വര്‍ഷത്തിനകം, 2017 ജൂണില്‍, ആദ്യം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 282 ബാറുകള്‍ തുറന്നുകൊടുത്തു. എല്ലാ ഹോട്ടലുകള്‍ക്കും ത്രീ, ഫോര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ അപ്ഗ്രേഡ് ചെയ്യാന്‍ അനുമതി നല്കി. പിണറായിയുടെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് 442 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കി, കാലാവധി തീരും മുന്‍പ് 200 ബാറുകള്‍ കൂടി അനുവദിച്ചു – മൊത്തം എണ്ണം 671 ആയി. എട്ടുവര്‍ഷം കൊണ്ട് ബാറുകള്‍ 801 ആയി. യുഡിഎഫിന്റെ മദ്യനിയന്ത്രണം കൊണ്ട് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായതല്ലാതെ നാടിനും നാട്ടാര്‍ക്കും ഒരു ഗുണവുമുണ്ടായില്ല എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തല്‍. കേരളത്തിലെ ജനസംഖ്യയില്‍ 54 ശതമാനം പേര് മദ്യപിക്കുന്നവരാണെന്നും അതില്‍ ആറു ശതമാനം പേര് മദ്യാസക്തിക്ക് അടിമകളാണെന്നും മറ്റുമുള്ള കണക്കുകള്‍ അദ്ദേഹം നിരത്താറുണ്ടായിരുന്നു.
വിദേശമദ്യം നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും ഇവിടെത്തന്നെ നിര്‍മിക്കാന്‍ സംവിധാനമൊരുക്കുമെന്നും ഇടതുമുന്നണി സര്‍ക്കാര്‍ മദ്യനയത്തില്‍ പ്രഖ്യാപിച്ചിരുന്നു എന്നതിന്റെ മറപിടിച്ച് പാലക്കാട് എലപ്പുള്ളിയില്‍ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് എന്നിവയ്ക്കായി പിണറായി സര്‍ക്കാര്‍ ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത് ഭരണമുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയാണ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ ജയിലിലായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഗൗതം മല്‍ഹോത്ര ഈ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. പരിസ്ഥിതി മലിനീകരണത്തിന് പഞ്ചാബില്‍ ഒയാസിസിനെതിരെ കേസുണ്ട്. കോളജ് തുടങ്ങാനെന്ന പേരില്‍ രണ്ടു വര്‍ഷം മുന്‍പ് എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ 26 ഏക്കര്‍ ഭൂമിയിലാണ് 600 കോടി രൂപ നിക്ഷേപമുള്ള ബ്രൂവറി സമുച്ചയത്തിന് ഒയാസിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയില്‍ മദ്യനിര്‍മാണശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുമെന്നു കണ്ട്, അഞ്ച് ഏക്കര്‍ ഭൂമിയില്‍ മഴവെള്ളസംഭരണി സ്ഥാപിച്ച് അതില്‍ നിന്നുള്ള വെള്ളം മാത്രമേ മദ്യനിര്‍മാണത്തിന് ഉപയോഗിക്കൂ എന്ന് കമ്പനിയും എക്സൈസ് മന്ത്രിയും വിശദീകരിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ കൊക്കകോള പ്ലാന്റ് അടപ്പിക്കാന്‍ വി.എസ് അച്യുതാനന്ദനും എം.പി വീരേന്ദ്രകുമാറും മറ്റും നയിച്ച പ്രക്ഷോഭം ഇന്നത്തെ പാര്‍ട്ടി നേതൃത്വം വിസ്മരിച്ചാലും ജനങ്ങള്‍ ഒന്നും മറക്കുന്നില്ല.
എട്ടു കിലോമീറ്റര്‍ അകലെ, സര്‍ക്കാര്‍ കമ്പനിയായ മലബാര്‍ ഡിസ്റ്റിലറീസിന് 113 ഏക്കര്‍ ഭൂമിയുണ്ട്. ബിവറേജസ് കോര്‍പറേഷനുവേണ്ടി ജവാന് റം ഉത്പാദിപ്പിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസിന് നാലു വര്‍ഷമായി ജല അതോറിറ്റി വെള്ളം നല്‍കുന്നില്ല. കുടിനീര് പദ്ധതിയില്‍ നിന്നുള്ള വെള്ളം മദ്യനിര്‍മാണത്തിനു നല്‍കാനാവില്ലെന്ന നിലപാടിലാണവര്‍. ജവാന് പ്രീമിയം റം, മലബാര്‍ ബ്രാണ്ടി തുടങ്ങി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ഈ പൊതുമേഖലാ സ്ഥാപനം രൂപകല്പന ചെയ്തിട്ടുള്ള പദ്ധതിക്ക് 2024 ജൂലൈയില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും സാങ്കേതികാനുമതി ആയിട്ടില്ല. ഒയാസിസിനുവേണ്ടി മലബാര്‍ ഡിസ്റ്റിലറീസ് തഴയപ്പെടാനാണ് സാധ്യത. 2018-ലെ പ്രളയകാലത്ത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്‍ഡിങ് യൂണിറ്റുകളും ആരംഭിക്കാന്‍ ഒന്നാം പിണറായി സര്ക്കാന് അനുമതി നല്കിയതിനെചൊല്ലി അഴിമതി വിവാദം കനത്തപ്പോള്‍ പദ്ധതി ഉപേക്ഷിച്ച് മുഖ്യമന്ത്രി തടിതപ്പുകയാണുണ്ടായത്.
സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുള്ള മദ്യവിപണി സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്ണമാക്കുന്നതെങ്ങനെയെന്ന് കാണാന്‍ നമ്മുടെ ചുറ്റുവട്ടത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. കേരളത്തിലെ ഉയര്‍ന്ന ആത്മഹത്യാനിരക്ക്, പെരുകുന്ന ഗാര്‍ഹിക പീഡനം, തെരുവിലെ ക്രിമിനല്‍ അതിക്രമങ്ങള്‍, ഉയര്‍ന്ന വിവാഹമോചന നിരക്ക് എന്നിവയ്ക്കു പിന്നില്‍ തെളിഞ്ഞുകാണുന്നത് ലഹരി തന്നെയാണ്. കുട്ടികളില്‍ അക്രമവാസന വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്തെ ഡിഅഡിക് ഷന് സെന്ററുകളില്‍ 18 വയസിനു താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടി. 2025-ലെ ആദ്യത്തെ രണ്ടുമാസം കേരളത്തിലുണ്ടായ 63 കൊലക്കേസുകളില്‍ 30 എണ്ണവും ലഹരിയുടെ ഫലമായുണ്ടായതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഡാര്‍ക്ക് വെബ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെ യുവജനങ്ങളിലേക്ക് അതിവേഗം സംക്രമിക്കുന്ന സിന്തറ്റിക് ഡ്രഗുകള്‍ കൂടുതല്‍ അപകടകാരിയാണെന്ന് തിരിച്ചറിയുമ്പോഴും, ലഹരിവിരുദ്ധ കര്‍മ്മപദ്ധതി സര്‍ക്കാരിന്റെ ബാര്‍ടെന്‍ഡിങ് അഭ്യാസമുറയിലെ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ നാട്ടുകാരെ കാക്കുന്നതിനും നമുക്ക് ഉത്തേജനമാകണം.