ന്യൂഡല്‍ഹി: രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് ജോണ്‍ ബ്രിട്ടാസ് എംപി. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ് ബില്‍ പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ മുനമ്പത്തെക്കുറിച്ചും കേരളത്തിലെ ബിജെപിയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് പരാമര്‍ശിച്ചു.
ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര് ഒഴുക്കുന്നവരുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നത്. നിരവധി പള്ളികള്‍ കത്തിച്ചു. നവി മുംബൈയില്‍ തടവില്‍ കഴിയുന്നതിനിടെ മരിച്ച സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാന്‍ പറ്റാതെ ആ മനുഷ്യനെ നിങ്ങള്‍ കൊന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു. ക്രിസ്ത്യന്‍ മിഷണറി പ്രവര്ത്തകന് ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത് മറക്കാന്‍ കഴിയുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളില്‍. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നത്. കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കഴിഞ്ഞദിവസം തങ്ങള്‍ എമ്പുരാന് സിനിമയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എമ്പുരാന് സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെക്കാണാം. ഈ ബിജെപി ബെഞ്ചുകളില്‍ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. കേരളം തിരിച്ചറിയും അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ങ്ങള് അവിടെനിന്ന് മാറ്റിനിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. തങ്ങള്‍ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും തങ്ങള്‍ പൂട്ടിക്കും. ഒരു തെറ്റുപറ്റി മലയാളിക്ക്. ആ തെറ്റ് തങ്ങള്‍ വൈകാതെ തിരുത്തുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മുനമ്പത്തെ ഒരാള്‍ക്കുപോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ്. അത് തങ്ങളുടെ വാഗ്ദാനമാണ്. അഞ്ചുലക്ഷം ഭവനരഹിതര്‍ക്ക് വീട് കൊടുക്കാനുള്ള കരുത്തും ആത്മാര്‍ഥതയും ഇടതുപക്ഷത്തിനുണ്ടെങ്കില്‍ ഈ മുനമ്പത്തെ ആള്‍ക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും തങ്ങള്‍ക്കുണ്ട്. തങ്ങള്‍ ചെയ്തിരിക്കും. നിങ്ങളുടെ ആരുടെയും ഓശാരം വേണ്ട. മസ്ജിദ് മറച്ചുമൂടിയിടുന്നത് പോലെ കേരളത്തിലെ ഒരു ആരാധനാലയവും മറയ്ക്കേണ്ടിവരില്ല. ഒരാള്‍ക്കും ഭയത്തില്‍ കഴിയേണ്ടിവരില്ല. ഏവര്‍ക്കും സാഹോദര്യത്തോടെ കേരളത്തില്‍ ജീവിക്കാനുള്ള അന്തരീക്ഷം തങ്ങളുണ്ടാക്കിയിരിക്കും. അത് അവിടെയുണ്ട്. അത് നിലനിര്‍ത്താന്‍ തങ്ങള്‍ക്കറിയാം. ഇപ്പോള്‍ നിങ്ങള്‍ ക്രിസ്ത്യാനികളുടെ മുകളില്‍ മുതലക്കണ്ണീര് ഒഴുക്കുമ്പോള്‍ ആ കള്ളം കണ്ടറിയാനും തിരിച്ചറിയാനുമുള്ള കഴിവ് മലയാളിക്കുണ്ടെന്ന് മനസിലാക്കമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു
കടപ്പാട്(റിപ്പോർട്ടർ ടി വി)