ഷാജി ജോര്‍ജ്
നൂറു പുസ്തകങ്ങളുടെ രചയിതാവുക എന്ന ആഗ്രഹം മനസ്സില്‍ പേറി നടന്ന നോവലിസ്റ്റും നാടകകൃത്തും ഗാനരചയിതാവും തിരക്കഥാകൃത്തും സാംസ്കാരിക പ്രമുഖനുമായ എ.കെ പുതുശ്ശേരി വിടവാങ്ങി. തൊണ്ണൂറാമത്തെ വയസ്സില്‍ 95 പുസ്തകങ്ങള്‍ എഴുതിയാണ് അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്.
മലയാള നാടകവേദിയെ ബൈബിള്‍ നാടകങ്ങള്‍ കൊണ്ട് ജ്വലിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. ആസ്വാദകരുടെ ഇന്ദ്രിയങ്ങളെ മൂന്നു മണിക്കൂര്‍ മറ്റൊരു കാര്യത്തിനും വിട്ടുകൊടുക്കാതെ നാടകത്തില്‍ തളച്ചിട്ട കാലം. ആലപ്പി തിയേറ്റേഴ്സ്, കൊച്ചിന് നാടകവേദി, കാര്‍മല്‍ തീയേറ്റേഴ്സ്, കൊല്ലം അസ്സീസി എന്നിങ്ങനെ നീളുന്ന ബൈബിള്‍ നാടക സംഘങ്ങള്‍ ചരിത്രം സൃഷ്ടിച്ചവരാണ്. സ്റ്റേജിലെ പുതിയ അവതരണ രീതികള്‍ മാത്രമല്ല; നാടകത്തിന്റെ പ്രമേയവും ഡയലോഗുകളും ഒരു ചരടില്‍ കോര്‍ത്തുകെട്ടിയ രംഗാവിഷ്കാരവും ഇത്തരം നാടകങ്ങളുടെ വിജയത്തിലേക്കുള്ള ഘടകങ്ങള്‍ ആയിരുന്നു. അക്കാലത്ത് മലയാള നാടകവേദിക്ക് മാറ്റിനിര്‍ത്താനാവാത്ത വ്യക്തിയായിരുന്നു എ.കെ. പുതുശ്ശേരി. വാഗ്ദത്തഭൂമി, മറിയം മഗ്ദലേന, ബാബേല്‍ഗോപുരം, അക്കല്ദാമ, വചനം തിരുവചനം, സോദോം ഗൊമോറ, ഗോല്‍ഗോത്ത, യഹോവയുടെ മുന്തിരിത്തോപ്പ്, അത്തിപ്പഴത്തിന്റെ നാട്ടില്‍, സമരഗാഥ, തിരിച്ചുവരവ്. നിഷ്കളങ്കന്റെ രക്തം, ഇവനെന്റെ പ്രിയപുത്രന്, കാനായിലെ കല്യാണം, മുപ്പത് വെള്ളിക്കാശ്, ഗലയാദിലെ തീക്കാറ്റ്, ബത്തൂലിയായിലെ സിംഹം തുടങ്ങിയ അദ്ദേഹം എഴുതിയ നാടകങ്ങള്‍ കേരളത്തിനകത്തും പുറത്തും അവതരിപ്പിക്കപ്പെട്ടു. ബൈബിളില്‍ കൂടുതല്‍ പ്രതിപാദിക്കപ്പെടാതെ പോയ കഥാപാത്രങ്ങള്‍ക്ക് ബൈബിള്‍ നാടകങ്ങളില്‍ തന്റെ ഭാഷ്യം നല്കി ആസ്വാദകരെ സംതൃപ്തരാക്കുന്നതിലും എ.കെ. പുതുശ്ശേരി വിജയിച്ചിട്ടുണ്ട്. ഇരുപതിലധികം നാടകഗാനങ്ങളും അദ്ദേഹം രചിച്ചു.
‘ഞാന്‍ അറിയുന്ന എ.കെ. പുതുശ്ശേരി ‘എന്നൊരു പുസ്തകമുണ്ട്. പുതുശ്ശേരി മാഷിന്റെ എണ്‍പതാമത്തെ വയസ്സില്‍ ഗോപി മംഗലത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചത്. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എ.കെ. പുതുശ്ശേരിയെ അടയാളപ്പെടുത്തുന്ന പുസ്തകം. അതില്‍ പ്രഫ. എം. തോമസ് മാത്യുവിന്റെ അതിമനോഹരമായ ഒരു ലേഖനമുണ്ട്. ‘അരങ്ങില്‍ സാഫല്യം കൈക്കൊള്ളുന്ന സാഹിത്യരൂപമാണ് നാടകം. നാടകസാഹിത്യത്തിന്റെ പരമശ്രേഷ്ഠമായ മാതൃകയെന്ന് സംശയര ഹിതമായി പറയാന്‍ കഴിയുന്ന ഗ്രീക്കു നാടകങ്ങളുടെ കാലം മുതല്‍ തന്നെ അത് അങ്ങനെയായിരുന്നു. അതു മാത്രമല്ല, അരങ്ങില്‍ നിന്നാണ് അത് ആവിര്ഭവിച്ചതുതന്നെ. അതുകൊണ്ട് നാടകരചനയില്‍ ഏര്‍പ്പെടുന്ന ഏതൊരാളും പ്രാഥമികമായി പരിഗണിക്കേണ്ടത് താന്‍ എഴുതിയുണ്ടാക്കുന്ന കൃതി രംഗഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കും എന്ന കാര്യമാണ്. അത് ബോധപൂര്‍വ്വമായ പരിഗണനയാണെന്ന് ഇവിടെ തീരെ വിവക്ഷയില്ല. അരങ്ങെന്ന മാധ്യമത്തിന്റെ സാധ്യതകളും പരിമിതികളും സ്വന്തം മജ്ജയില്‍ അറിയുന്ന ഒരാള്‍ക്കു മാത്രമേ നാടകം എഴുതി വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് സത്യം. നാടകപ്രതിഭയുടെ സഹജമായ സ്വഭാവംതന്നെയാണ് ഈ രംഗബോധം. താന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും അവര്‍ വന്നുപെടുന്ന ജീവിതസാഹചര്യങ്ങളും ആരുടെയും ഭാഷ്യവും അടിക്കുറിപ്പും കൂടാതെ നേരെ രംഗത്തുവന്ന് പ്രേക്ഷകരോടൊന്നു സംവദിക്കേണ്ടതാണെന്നും അവരുടെ വചനവും ക്രിയയും പ്രേക്ഷകമനസ്സില്‍ നേരിട്ട് ആഘാതങ്ങള്‍ ഏല്‍പ്പിച്ച് താളപ്പെട്ട് ആത്യന്തിക നാടകാനുഭൂതി ജനിപ്പിച്ച് അസ്തിത്വം ഉറപ്പിക്കേണ്ടതാണെന്നും പ്രാണകോശങ്ങള്കൊണ്ട് തിരിച്ചറിയുന്ന മനസ്സിന്റെ സൃഷ്ടിയായ അപൂര്‍വ്വ ചാരുതയാര്‍ന്ന വചനശില്പ്പമാണ് നാടകം.’ ഇത്തരത്തില്‍ വിശേഷിപ്പിക്കാവുന്ന പ്രതിഭയായിരുന്നു എ.കെ. പുതുശ്ശേരി.
നോവലുകള്‍, ബാലസാഹിത്യകൃതികള്‍, സാമൂഹ്യ നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍, പുരാണ ബാലെകള്‍, ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ജീവചരിത്രം എന്നിവ ഉള്‍പ്പെടുന്നതാണ് 95 കൃതികള്‍. ടെലിഫിലിമുകളുടെ നിര്‍മ്മാണത്തിലും അദ്ദേഹം പങ്കാളിയായി. 2002ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള മികച്ച ചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘കൃഷ്ണപക്ഷക്കിളികള്’എ.കെ പുതുശ്ശേരി എഴുതിയ നോവലിനെ അധികരിച്ചുള്ളതാണ്. എബ്രഹാം ലിങ്കന് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ എഴുതിയതും പുതുശ്ശേരി മാഷാണ്. ഹൃദയസ്പര്‍ശിയായ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പുതുശ്ശേരി മാഷിന്റെ ഗാനങ്ങളെ കുറിച്ച് സംഗീതസഹോദരന്മാരായ ബേണി ഇഗ്നേഷ്യസ് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ‘എണ്‍പത് കാലഘട്ടങ്ങളില്‍ കേട്ടറിഞ്ഞിട്ടുള്ള എ.കെ. പുതുശ്ശേരി ബൈബിള്‍ നാടകങ്ങളുടേയും സാമൂഹ്യ നാടകങ്ങളുടേയും തിരക്കഥാകൃത്തായിരുന്നു. കലൂര്‍ നിവാസിയായ ഹസന്‍കുട്ടി എന്ന കസ്സെറ്റ് പ്രൊഡ്യൂസര്‍ ഇദ്ദേഹവുമായി വന്നു അള്‍ത്താര എന്ന പേരിലുള്ള ഒരു ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഗാനരചന ആരാണെന്ന് അന്വേഷിച്ചു. അപ്പോള്‍ ശ്രീ. ഹസ്സന്‍കുട്ടി തിരക്കഥാകൃത്തായ എ.കെ. പുതുശ്ശേരിയെ പരിചയപ്പെടുത്തി. ഇദ്ദേഹമാണ് നമ്മുടെ ആല്‍ബത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നതെന്ന് അറിയിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം പത്തുഗാനങ്ങളുമായി അദ്ദേഹം വീട്ടില്‍ വന്നു. എല്ലാം വിശദമായി വായിച്ചു കേള്‍പ്പിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒരു സെമിക്ലാസിക്കല്‍ ടൈപ്പ്, താരാട്ട്, നാടന്‍ശൈലി…
ആയിരക്കണക്കിന് ഗാനങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്ന ആ കാലഘട്ടം മുതല്‍ ഇന്നും മനുഷ്യമനസ്സുകളില്‍ മായാതെ നില്ക്കുന്ന ഒരു ഗാനമുണ്ട് അക്കൂട്ടത്തില്‍…..
ഈ ഭൂമിയിലെന്നെ
നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ ഞാനാരാണെന്നീശോയേ…
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു പാപിയാണല്ലോ ഇവന്.
ഈ പാട്ട് എപ്പോള്‍ പാടിയാലും ആസ്വാദകരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ ഗാനം രചിച്ചതാരാണ്? ഒരാളുടെ ഭാവനാസമ്പത്തിന് ഇതിനെക്കാള്‍ വലിയ ഉദാഹരണം വേറെ ആവശ്യമില്ലല്ലോ.’
കാലുഷ്യമില്ലാത്ത മനസ്സും മറ്റുള്ളവര്‍ക്കായി കരുതിവെച്ച അലിവിന്റെ നീരുറവയും കൊണ്ട് ജീവിതം സമ്പന്നമാക്കിയ ക്രിസ്തുശിഷ്യനാണ് എ.കെ. പുതുശ്ശേരി.