സംഭവത്തിൽ പ്രതിഷേധം കനക്കുന്നു
കൊച്ചി: ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കാൻ പോലീസ് ജാഗ്രത കാണിക്കണമെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത ആവശ്യപ്പെട്ടു.
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയകൾക്കെതിരെനിരന്തരം ശബ്ദമുയർത്തുന്ന കെഎൽസിഎ വരാപ്പുഴ അതിരൂപതയിലെ വൈസ് പ്രസിഡൻ്റും,പൊതു പ്രവർത്തകനുമായ ബാബു ആന്റണിക്കെതിരെ ഇന്ന് കാക്കനാട് നടന്ന ആക്രമണം പ്രതിഷേധാർമാണെന്ന് കെഎൽസിഎ ചൂണ്ടിക്കാട്ടി.
മയക്കുമരുന്നിനെതിരെ കെ എൽ സി എ ആരംഭിച്ച ജീവൻ രക്ഷാ യാത്ര വിപുലമാക്കാനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ബാബു ആൻ്റണിക്ക് നേരെ ഉണ്ടായ ഈ ആക്രമണം.ഈ സാമൂഹ്യ വിപത്തിനെതിരെ കെ എൽ സി എ നടത്തുന്ന പ്രവർത്തനങ്ങൾ
അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മേലിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസും എക്സൈസും സംയുക്തമായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അടിയന്തര എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ ,ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ,ഖജാൻജി എൻ ജെ പൗലോസ്,വൈസ് പ്രസിഡൻറ്മാരായ റോയ് ഡി ക്കൂഞ്ഞ,എം എൻ ജോസഫ്,മേരി ജോർജ് സെക്രട്ടറിമാരായ സിബി ജോയ്, ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,ഫില്ലി കാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കാക്കനാട് തുതിയൂർ പ്രദേശത്ത് പൊതുപ്രവർത്തകനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗവുമായ ബാബു ആന്റണി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളുടെ ആക്രമണത്തിന് ഇരയായി എല്ലിന് പൊട്ടൽ സംഭവിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവം ഗൗരവകരമായി കാണണമെന്ന് കെ ആർ എൽ സി സി ആവശ്യപ്പെട്ടു .സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പോലീസുമായി ചേർന്ന് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന ആളാണ് ബാബു ആൻറണി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് മതിയായ സംരക്ഷണം ഭരണകൂടം ഉറപ്പാക്കണം. ആക്രമണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി, സംഘടിത ആക്രമമാണോ എന്നത് ഉൾപ്പെടെ അന്വേഷിക്കണമെന്ന് പ്രസിഡന്റ് ഷെറി ജെ തോമസ് ,ജനറൽ സെക്രട്ടറി ബിജു ജോസിയ എന്നിവർ ആവശ്യപ്പെട്ടു.