കോഴിക്കോട് : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വെള്ളിമാടുകുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ വരെ ഇരുചക്ര വാഹന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ റാലിയിൽ പങ്കെടുത്തു. കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ.ഡോ.ജെൻസൺ പുത്തൻവീട്ടിൽ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലഹരി നാടിനു വിപത്താണെന്നും ഈ തലമുറയെയും ഇനി വരുന്ന തലമുറയെയും ലഹരിയുടെ കെണിയിൽ നിന്നും രക്ഷിക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് സി.ടെസ്സി മരിയ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വിദ്യാർഥികൾ ചേവായൂർ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ലഹരിക്കെതിരെ അഹോരാത്രം പോരാടുന്ന പോലീസ് സേനയ്ക്ക് ആദരവും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു . പോലീസ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വിവിധ നടപടിക്രമങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് സെക്ഷൻ ഹെഡ് ഓഫീസർ ഷീല ,എസ്.ഐ ശരത്, ജനമൈത്രി പോലീസ് ഓഫീസർ സന്ദീപ്, ഷെബിൻ എന്നിവർ സംസാരിച്ചു.
ആദ്യമായാണ് ഒരു സ്കൂളിൽ നിന്നും കുട്ടികൾ അഭിനന്ദനവുമായി ഈ പോലീസ് സ്റ്റേഷനിൽ വരുന്നത് എന്ന് SI ശരത് പറഞ്ഞു.ഈ ബോധവൽക്കരണ റാലിയുടെ ഉദ്ദേശലക്ഷ്യം പങ്കുവെച്ചുകൊണ്ട് സ്കൂൾ മാനേജർ ഫാ. സജീവ് വർഗീസ് സംസാരിച്ചു . സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയക്കെതിരെ ശക്തമായി പോരാടുന്ന പോലീസ് സേനയ്ക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് വെള്ളിമടുകുന്ന് 15-ആം വാർഡ് കൗൺസിലർ ടി കെ ചന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധികളായ എൽസിറ്റ്,അഞ്ചിത എന്നിവരും സംസാരിച്ചു.