ജെക്കോബി
ലോകം കീഴ്മേല്‍ മറിയുകയാണ്. രണ്ടാം ലോകമഹായുദ്ധാനന്തരം, സ്വതന്ത്രലോകത്തെ നയിച്ച അമേരിക്കയും യൂറോപ്പിലെ സഖ്യരാഷ് ട്രങ്ങളും ചേര്‍ന്ന് കഴിഞ്ഞ 80 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ലോകക്രമം ഒറ്റയടിക്ക് തച്ചുടയ്ക്കാനുള്ള ഒരുമ്പാടിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 1945-നു ശേഷം യൂറോപ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വിനാശകരമായ സൈനികാധിക്രമവും അധിനിവേശവുമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിട്ടുള്ള യുക്രെയ്ന് യുദ്ധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍, ഇരകളെ പഴിച്ചുകൊണ്ട് യുദ്ധക്കുറ്റവാളിയും സാമ്രാജ്യത്വമോഹിയും സ്വേച്ഛാധിപതിയും അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും മുഖ്യശത്രുവുമായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പക്ഷത്തുചേര്‍ന്ന് യൂറോപ്പിനെയും ലോകത്തെയും അമേരിക്കന്‍ ജനതയെയും ഞെട്ടിക്കുകയാണ് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍, ലോകമാധ്യമങ്ങളുടെ മുമ്പില്‍ വച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ചേര്‍ന്ന് കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ആധുനിക നയതന്ത്രചരിത്രത്തിലെ ഏറ്റവും സ്തോഭജനകമായ നാടകീയ സംഘട്ടനങ്ങളിലൊന്നാകും. യുക്രെയ്ന് ഒരു രാജ്യമേയല്ലെന്നും, അങ്ങനെയൊരു ജനതയ്ക്കും സംസ്കാരത്തിനും നിലനില്ക്കാന് അവകാശമില്ലെന്നും പ്രഖ്യാപിച്ച്, മൂന്നു വര്‍ഷമായി തന്റെ രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കി, പതിനായിരകണക്കിന് ആളുകളെ കൊന്നൊടുക്കി, ലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ഥികളാക്കി, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ തട്ടിക്കൊണ്ടുപോവുകയും പതിനായിരങ്ങളെ യുദ്ധത്തടവുകാരാക്കുകയും, രാജ്യത്തിന്റെ 20 ശതമാനത്തോളം ഭാഗം കൈയടക്കുകയും ചെയ്തുകൊണ്ട് തങ്ങളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്ന പുടിനോട് വെറുതെയങ്ങനെ സന്ധി ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു സെലെന്‍സ്കി.
യുക്രെയ്നോ യൂറോപ്യന്‍ യൂണിയനോ പ്രാതിനിധ്യമില്ലാതെ, റിയാദിലും ഇസ്താംബുളിലും വച്ച് റഷ്യയുമായി യുഎസ് ഉന്നതതല ചര്‍ച്ച നടത്തുകയും, പുടിന് പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെലെന്‍സ്കി ഉടന്‍ സമാധാനസന്ധിക്കു തയാറാകണമെന്നാണ് അമേരിക്ക നിര്‍ദേശിച്ചത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ യുക്രെയ്ന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും അംഗീകരിക്കുകയും രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും പുടിന്റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്യാതെ സമാധാന ഉടമ്പടി സാധ്യമല്ലെന്ന് സെലെന്‍സ്കി വിശദീകരിക്കാന്‍ ശ്രമിച്ചു.
യുദ്ധം തുടങ്ങിവച്ചത് യുക്രെയ്നാണെന്നും രാജ്യത്ത് തിരഞ്ഞെടുപ്പു നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്കിയെന്നും നേരത്തെ ആക്ഷേപിച്ച ട്രംപ്, യുദ്ധത്തില്‍ യുക്രെയ്ന് ജയിക്കാന്‍ പോകുന്നില്ലെന്നും, ലക്ഷകണക്കിന് ആളുകളുടെ ജീവന് വച്ച് പന്താടുന്ന, മൂന്നാം ലോകമഹായുദ്ധത്തിന് ഇടയാക്കുന്ന കളിയാണ് സെലന്സ്കിയുടേതെന്നും യുക്രെയ്നിലെ ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള വഴി താന്‍ നിര്‍ദേശിക്കുമ്പോള്‍ സ്വന്തം രാഷ് ട്രീയ താല്പര്യങ്ങള്ക്കായി യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് സെലന്‍സ്കി ആഗ്രഹിക്കുന്നതെന്നും രോഷംകൊള്ളുന്നത് ലൈവായി സംപ്രേഷണം ചെയ്യാന്‍ റഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസിന്റെ പ്രതിനിധി ഓവല്‍ ഓഫിസില്‍ ‘എങ്ങനെയോ കയറിപ്പറ്റിയിരുന്നു.’
”അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫിസില്‍ കയറിവന്നിട്ട്, നിങ്ങളുടെ രാജ്യം നശിക്കുന്നതു തടയാന്‍ ശ്രമിക്കുന്ന ഭരണകൂടത്തോട് അനാദരവു കാട്ടുന്നോ, നിങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് പ്രസിഡന്റിനോട് നിങ്ങള്‍ നന്ദി പറഞ്ഞോ, അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു മുന്നിലിരുന്ന് അദ്ദേഹത്തോട് തര്‍ക്കിക്കുന്നോ, നിങ്ങള്‍ നന്ദികേടല്ലേ കാട്ടുന്നത്” എന്നിങ്ങനെ വൈസ് പ്രസിഡന്റ് കാര്യങ്ങള്‍ മൂപ്പിച്ചുകൊണ്ടിരുന്നു. യുദ്ധമുഖത്തേക്കു പോകാന്‍ സൈനികരെ കിട്ടാതെ വലയുന്ന സെലെന്‍സ്കി ആളുകളെ നിര്‍ബന്ധിച്ച് യുദ്ധത്തിന് അയക്കുകകയാണെന്നും വാന്‍സ് കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക സാമഗ്രികളില്ലായിരുന്നെങ്കില് യുദ്ധം രണ്ടാഴ്ചക്കുള്ളില്‍ തീരുമായിരുന്നുവെന്ന് ട്രംപ് ഓര്മിപ്പിച്ചപ്പോള്, യുദ്ധം തുടങ്ങി മൂന്നാം ദിവസം പുടിനും ഇതുതന്നെ പറഞ്ഞുവല്ലോ എന്നായിരുന്നു സെലെന്‍സ്കിയുടെ പ്രതികരണം. രാജ്യാന്തര കരാറിനൊന്നും വിലകല്പിക്കാത്ത, സ്വേച്ഛാധിപതിയായ പുടിനുമായി ഉടമ്പടിയുണ്ടാക്കിയിട്ട് എന്തു കാര്യം എന്ന സെലെസന്സിയുടെ ചോദ്യം കേട്ട്, പുടിനോട് എന്തിനാണ് നിങ്ങള്‍ക്കിത്ര കലിപ്പ് എന്ന് ട്രംപ് ക്ഷോഭിക്കുന്നുണ്ട്. താനൊരു വാക്കു പറഞ്ഞാല്‍ മതി, യുദ്ധം അവസാനിക്കും എന്ന് ട്രംപ് ഉറപ്പിച്ചുപറയുന്നു, എന്നാല്‍ വെടിനിര്‍ത്തലിനെക്കുറിച്ച് റഷ്യ ഒന്നും പറയുന്നില്ല. ഓവല്‍ ഓഫിസില്‍ ഈ വാക്പോര് നടന്ന ദിവസം 24 മണിക്കൂറും റഷ്യ യുക്രെയ്നില്‍ അതിരൂക്ഷമായ മിസൈല്‍ ആക്രമണം തുടരുകയായിരുന്നു.
യുദ്ധകാലത്ത് യുക്രെയ്ന് 6,700 കോടി ഡോളറിന്റെ ആയുധങ്ങളും 3,100 കോടി ഡോളര്‍ പണമായും അമേരിക്ക നല്‍കിയതിനു പകരമായി, യുക്രെയ്നിലെ അപൂര്‍വ ഭൗമ മൂലകങ്ങള്‍ അടക്കമുള്ള ധാതുസമ്പത്തിന്മേല് അമേരിക്കയ്ക്ക് ഉടമസ്ഥാവകാശം നല്കി അവയുടെ മാനേജ്മെന്റ് അമേരിക്കന്‍ കമ്പനികള്‍ക്കു വിട്ടുകൊടുക്കുന്നതിനുള്ള കരാര്‍ ഒപ്പുവയ്പ്പിക്കാനാണ് സെലെന്‍സ്കിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചുവരുത്തിയത്. റഷ്യയുടെ അധിനിവേശത്തിലുള്ള യുക്രെയ്ന്റെ ഭാഗങ്ങളിലും റെയര്‍ എര്‍ത്ത് ഖനനം ചെയ്യുന്നതിന് റഷ്യന്‍ കമ്പനികളും യുഎസ് കമ്പനികളും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് ട്രംപ് പുടിനുമായി ചര്‍ച്ച നടത്തിയത്രെ. യുക്രെയ്നില്‍ അമേരിക്കന്‍ കമ്പനികള്‍ ഉള്ളപ്പോള്‍ രാജ്യസുരക്ഷയ്ക്ക് മറ്റെന്തു ഗാരന്റി വേണം എന്ന് വാന്‍സ് സെലന്‍സ്കിയോട് ചോദിക്കുന്നുണ്ട്.
യൂറോപ്പിലെ ഒരു ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേര്‍ന്ന് ഇത്രയും നിന്ദ്യമായി ആക്രമിച്ചിട്ടും, സ്വതന്ത്രലോകത്തെ ഏറ്റവും ധീരനായ നേതാവ് താനാണെന്ന് തന്റെ മാന്യത കൊണ്ട് തെളിയിച്ച് സെലെന്‍സി അവിടെനിന്ന് ഇറങ്ങിപ്പോയത് റെയര്‍ എര്‍ത്ത് കരാര്‍ ഒപ്പുവയ്ക്കാതെയാണ്.
സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ട ശീതയുദ്ധത്തിനൊടുവില്‍ ജനാധിപത്യശക്തികള്‍ വിജയം വരിച്ചുവെങ്കിലും പഴയ സോവിയറ്റ് സാമ്രാജ്യത്വമോഹം കൈവെടിയാതെ, റഷ്യന്‍ ഒളിഗാര്ക്കുകളുടെയും രാജ്യാന്തര കൂലിപ്പട്ടാളത്തിന്റെയും പിന്തുണയോടെ ആഫ്രിക്കയിലെയും മധ്യപൂര്‍വദേശത്തെയും യുദ്ധഭൂമികളിലെന്നപോലെ കിഴക്കന്‍ യൂറോപ്പിന്റെ അതിര്‍ത്തികളിലും ചുരമാന്തി നിന്ന പുടിന് 2014-ല്‍ യുക്രെയ്നില്‍ കരിങ്കടല്‍ തീരത്തെ ക്രൈമിയ ഉപദ്വീപ് പിടിച്ചടക്കുകയും കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ ഡൊണെസ്ക്, ലുഹാന്‍സ്ക് എന്നിവയുടെ കുറെ ഭാഗവും ഹാര്കിവിനു വടക്കായുള്ള കുറെ പ്രദേശങ്ങളും റഷ്യന്‍ പക്ഷക്കാരായ വിമതരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തിരുന്നു. അമേരിക്കയും കാനഡയും യൂറോപ്പിലെ 30 രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉത്തര അറ്റ്ലാന്റിക് ഉടമ്പടി സഖ്യമായ നേറ്റോയില്‍ അംഗത്വം നേടി യുക്രെയ്ന് റഷ്യയ്ക്കെതിരെ യുഎസ് മിസൈല്‍ ലോഞ്ചറുകള്‍ അണിനിരത്താന്‍ പോകുന്നുവെന്ന ഒരു ആഖ്യാനം രൂപപ്പെടുത്തിയാണ് 2022 ഫെബ്രുവരിയില്‍ റഷ്യന്‍ ടാങ്ക് വ്യൂഹങ്ങള്‍ യുക്രെയ്നിലേക്ക് ഇരച്ചുകയറിയത്. 190,000 റഷ്യന്‍ സൈനികരാണ് യുക്രെയ്ന് അതിര്‍ത്തിയിലേക്ക് വിന്യസിക്കപ്പെട്ടത്. യുക്രെയ്നിലെ നാലു മേഖലകള്‍ റഷ്യന്‍ ഫെഡറേഷനില്‍ കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപിച്ചുകൊണ്ടാണ് പുടിന് ‘സ്പെഷല്‍ മിലിറ്ററി ഓപ്പറേഷന്’ പടയേറ്റം തുടങ്ങിയത്. മൂന്നു വര്‍ഷം പിന്നിട്ട യുദ്ധത്തില്‍ യുക്രെയ്ന്റെ 46,000 സൈനികരും 12,000 സാധാരണ പൗരരും കൊല്ലപ്പെട്ടതായി യുഎന്‍ കണക്കാക്കുന്നു.
യുക്രെയ്നില്‍ റഷ്യ നടത്തിയ ഒടുവിലത്തെ കടന്നാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍, വെടിനിര്‍ത്തലിനായി അമേരിക്ക യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അതരിപ്പിച്ച പ്രമേയത്തില്‍ റഷ്യയെ കുറ്റപ്പെടുത്തുകയോ, യുക്രെയ്നില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയോ യുക്രെയ്ന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനെ പിന്താങ്ങുകയോ ചെയ്തില്ല. പതിനഞ്ച് അംഗങ്ങളുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ – റഷ്യയും ചൈനയും ഒരു ഭാഗത്തും, യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന് എന്നിവ മറുഭാഗത്തുമായി ചേരിതിരിഞ്ഞ്, സുപ്രധാന പ്രമേയങ്ങളില്‍ വീറ്റോ അധികാരം പ്രയോഗിക്കുന്നതാണ് ഇത്രയുംകാലം ലോകരാഷ്ട്രങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കുറി, റഷ്യയും ചൈനയും അമേരിക്കയുടെ ഈ പ്രമേയത്തെ പിന്താങ്ങി. പ്രമേയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഫ്രാന്‍സും ബ്രിട്ടനും, ഡെന്മാര്ക്ക്, ഗ്രീസ്, സ്ലൊവേനിയ എന്നിവയോടൊപ്പം വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. അതിനു മുന്‍പ്, 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍, യുക്രെയ്നെതിരെ റഷ്യ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രമേയത്തെ 93 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍, അമേരിക്കയാകട്ടെ റഷ്യ, ഉത്തര കൊറിയ, ബെലറൂസ്, ഇസ്രയേല്‍, സിറിയ, സുഡാന്, ഹംഗറി തുടങ്ങി മറ്റ് 11 രാജ്യങ്ങള്‍ക്കൊപ്പം അതിനെതിരെ വോട്ടു രേഖപ്പെടുത്തി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 65 രാജ്യങ്ങള്‍ വിട്ടുനിന്നു.
ഏതെങ്കിലുമൊരു അംഗ രാജ്യം ആക്രമിക്കപ്പെട്ടാല്‍, നേറ്റോ സംയുക്തമായി പ്രതിരോധം തീര്‍ക്കുമെന്നാണ് ആ സംഘടനയുടെ അഞ്ചാമത്തെ ആര്‍ട്ടിക്കിളില്‍ പറയുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയ്ക്കുനേരെ ഭീകരാക്രമണമുണ്ടായതിനെ തുടര്‍ന്ന് ഭീകരസംഘടനകള്‍ക്കെതിരെ അമേരിക്ക ആരംഭിച്ച ആഗോളയുദ്ധത്തില്‍ നേറ്റോ രാജ്യങ്ങളുടെ സൈനികര്‍ വിന്യസിക്കപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. യുക്രെയ്ന് നേറ്റോ അംഗമല്ലാത്തതിനാല്‍ യുഎസില്‍ നിന്നോ യൂറോപ്പില്‍ നിന്നോ സൈനികരെ യുദ്ധമേഖലയിലേക്ക് അയക്കാനായില്ലെങ്കിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ മൊത്തം സുരക്ഷ മുന്‍നിര്‍ത്തി, റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ടാങ്ക് വേധ ജാവലിന്‍ മിസൈല്‍, ദീര്‍ഘദൂര മിസൈല്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ടാങ്കുകള്‍, ആര്‍ട്ടിലറി ഷെല്ലുകള്‍, ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം, ലൈറ്റ് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍, അഡ്വാന്‍സ്ഡ് സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റംസ്, സ്റ്റാര്‍ലിങ്ക് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക്, ഇന്റലിജന്‍സ്, ലോജിസ്റ്റിക്സ്, റിക്കോണസെന്‍സ് ടൂളുകള്‍ എന്നിവയും സാമ്പത്തിക, മാനവശുശ്രൂഷാ സഹായവും ലഭ്യമാക്കിയതുകൊണ്ടാണ് ഇത്രയുംനാള്‍ യുക്രെയ്ന് ചെറുത്തുനില്പ് തുടര്‍ന്നത്.
യുക്രെയ്നുള്ള സഹായം മരവിപ്പിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചുകഴിഞ്ഞു. യുക്രെയ്ന്റെയും യൂറോപ്പിന്റെയും സുരക്ഷയുടെ കാര്യം അമേരിക്ക കൈയൊഴിയുകയാണെന്നു വ്യക്തമായതോടെ, യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത ബ്രിട്ടന്റെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍,
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, പോളണ്ടിന്റെ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്, ജര്‍മനിയുടെ അടുത്ത ചാന്സലറാകേണ്ട ഫ്രെഡ്രിക് മെര്‍സ്, ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണത്തില്‍ പങ്കെടുത്ത ഏക യൂറോപ്യന്‍ നേതാവായ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജാ മെലോണി തുടങ്ങിയവര്‍ യുക്രെയ്ന്റെ രക്ഷയ്ക്കായി കൂടുതല്‍ സൈനിക സഹായം എത്തിക്കാനുള്ള അടിയന്തര മാര്‍ഗങ്ങള്‍ ആരാഞ്ഞു. സാമ്പത്തിക ഉപരോധത്തില്‍ റഷ്യയില്‍ നിന്ന് പിടിച്ചെടുത്ത 300 ബില്യണ്‍ ഡോളര്‍ ഫണ്ട് ഉപയോഗിച്ച് യുക്രെയ്ന് ടോറസ് മിസൈല്‍ പോലുള്ള സൈനിക സഹായം ലഭ്യമാക്കണമെന്നും, യൂറോപ്പിന്റെ പ്രതിരോധ ഫണ്ട് ഗണ്യമായി വികസിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയില്‍.
യുഎസ് വിദേശകാര്യനയ സമവാക്യങ്ങളെല്ലാം അതിവേഗം മാറ്റി തങ്ങളുടെ കാഴ്ചപ്പാടിലേക്കു വരികയാണ് എന്നാണ് ക്രെംലിന് വക്താവ് ദിമിത്രി പെഷ്കോവ് റഷ്യന്‍ സ്റ്റേറ്റ് ടിവി അഭിമുഖത്തില്‍ പറഞ്ഞത്. യുഎസും റഷ്യയും ചൈനയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ നയിക്കുമെന്ന് ട്രംപിന്റെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രവചിക്കുന്നു. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനെക്കുറിച്ച് യുഎസ് കോണ്‍ഗ്രസും നീതിന്യായ വകുപ്പും നടത്തിയ അന്വേഷണങ്ങളില്‍ ”തന്നോടൊപ്പം പുടിനും സഹിച്ച നരകയാതനകള്‍” ട്രംപിനു മറക്കാന്‍ കഴിയുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡനും അദ്ദേഹത്തിന്റെ മകന് ഹണ്ടറിനുമെതിരെ അഴിമതി ആരോപണം അന്വേഷിക്കണമെന്ന് 2019-ല്‍ യുക്രെയ്ന് പ്രസിഡന്റ് സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ യുഎസ് ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റിന് ഇരയായതും തീരാപ്പകയോടെ ട്രംപ് ഓര്‍ക്കുന്നു. ഒടുവില്‍, ഇതെല്ലാം കണ്ട് ചിരിക്കുന്നത് പുടിനാണ്; കൂടെ ബെയ്ജിങ് തൊട്ട് മ്യാന്മര് വരെയും, പ്യോങ്യാങ്ങില് നിന്ന് ടെഹ്റാന് വരെയുമുള്ള ലോകത്തിലെ മറ്റ് ഏകാധിപതികളും, ദുഷിച്ച, മാരകമായ, പെരുംനുണകളുടെ തമ്പുരാക്കന്മാരും.
ഭ്രാതൃഹത്യയുടെ ‘രക്തസാക്ഷികളാകുന്ന’ യുക്രെയ്നിലെയും, അസ്തിത്വ ഭീഷണി നേരിടുന്ന തയ് വാന്‍, തിബറ്റ്, മൊള്‍ഡോവ, എസ്റ്റോണിയ, പാനമ, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെയും ജനതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കണം.