വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്മികന് ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന് ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ 20 ദിവസം പിന്നിട്ട ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില പൊതുവെ മെച്ചപ്പെട്ട നിലയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നതായി ബുധനാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് അറിയിച്ചു. വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയില്‍ പത്താം നിലയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്മികന് ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു.
രാവിലെ എട്ടിന് ഉണര്‍ന്ന പാപ്പാ, ചാരുകസേരയില്‍ കൂടുതല്‍ സമയം ഇരുന്നു. മൂക്കിലെ ട്യൂബിലൂടെ (നേസല്‍ കാനുല) ഉയര്‍ന്ന പ്രവാഹ നിരക്കില്‍ കൂടുതല്‍ സാന്ദ്രമായ സപ്ലിമെന്റല്‍ ഓക്സിജന്‍ പകല്‍ ലഭ്യമാക്കുകയും, രാത്രിയില്‍, ഉള്ളിലേക്കുള്ള ഇന്ടുബേഷനില്ലാതെ (നോണ്‍ ഇന്‍വേസീവ്) ശ്വാസം നല്ല സമ്മര്‍ദത്തോടെ ലഭിക്കുന്നതിന് മുഖത്ത് ‘സീല്‍ ചെയ്യുന്ന തരത്തിലുള്ള’ ഫേയ്സ്മാസ്ക്കിലൂടെ ശ്വസനയന്ത്രത്തില് (മെക്കാനിക്കല്‍ വെന്റിലേറ്റര്‍) നിന്ന് നിയന്ത്രിത തോതില്‍ ഓക്സിജന്‍ നല്‍കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ രണ്ടു ദിനരാത്രങ്ങളായി തുടര്‍ന്നുവരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച, ശ്വാസകോശത്തിലേക്കു വായു കൊണ്ടുപോകുന്ന ബ്രോങ്കി ട്യൂബുകളുടെ പേശികളിലെ വീക്കത്തോടൊപ്പം മസിലുകള്‍ കോച്ചുന്ന തരത്തില്‍ രണ്ടുവട്ടം ബ്രോങ്കോസ്പാസമുണ്ടാവുകയും ശ്വാസകോശത്തില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയതുകൊണ്ട് ശ്വാസതടസം കലശലാവുകയും ചെയ്തതിനെ തുടര്‍ന്ന് ബ്രോങ്കോസ്കോപ്പി പരിശോധന നടത്തി സ്രവങ്ങള്‍ വലിച്ചുകളഞ്ഞ് എന്‍ഐവി (മെക്കാനിക്കല്‍ വെന്റിലേഷന്) സംവിധാനത്തിലേക്കു മാറ്റുകയുണ്ടായി. പിന്നീട് അത്തരം സങ്കീര്‍ണാവസ്ഥ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച എന്‍ഐവി, രാത്രി മാത്രം ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. ചലനത്തെ ബാധിക്കാത്ത നേസല്‍ കാനുല ഉപയോഗിച്ചുള്ള സപ്ലിമെന്റല്‍ ഓക്സിജനറേഷനാണ് പകല്‍ നടത്തുന്നത്.
ശ്വസനം മെച്ചപ്പെടുത്തുന്നതിനുള്ള റെസ്പിറേറ്ററി തെറാപ്പിക്കൊപ്പം ബുധനാഴ്ച, പ്രവര്‍ത്തനപരമായ ചലനശേഷിയും പേശികളുടെ ശക്തിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താനുള്ള ആക് ടീവ് മോട്ടോര്‍ ഫിസിയോതെറാപ്പിയും ആരംഭിച്ചതായി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ പരിശുദ്ധ പിതാവ് ഗാസ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന് ഗബ്രിയേല്‍ റോമനെല്ലിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഹമാസിനെതിരെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് അവിടത്തെ ഏക കത്തോലിക്കാ ദേവാലയത്തില്‍ അഭയം തേടിയിരുന്ന ഇടവക സമൂഹത്തിന്റെയും മറ്റു പ്രദേശവാസികളുടെയും സ്ഥിതിഗതികള്‍ ആരാഞ്ഞുകൊണ്ടും അവരെ ആശ്വസിപ്പിക്കാനും ആശീര്‍വദിക്കാനുമായി പാപ്പാ മിക്ക ദിവസവും വത്തിക്കാനില്‍ നിന്ന് വിളിച്ചുകൊണ്ടിരുന്നതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ആദ്യത്തെ രണ്ടു ദിവസം വൈകുന്നരം വീഡിയോകോള്‍ ചെയ്തിരുന്നു.
ഉച്ചതിരിയും മുന്‍പ് ചില ഔദ്യോഗിക ജോലികളില്‍ മുഴുകിയ പാപ്പാ, ഉച്ചയ്ക്കുശേഷം പ്രാര്‍ഥനയിലും വിശ്രമത്തിലുമായിരുന്നു.
ക്ലിനിക്കല്‍ പരിശോധനാ ഫലങ്ങളില്‍ നേര്‍ത്ത പുരോഗതി കാണുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിലെ സങ്കീര്‍ണതകള്‍ കണക്കിലെടുത്ത്, കൂടുതല്‍ അനുമാനങ്ങള്‍ വെളിപ്പെടുത്താവുന്ന സ്ഥിതിയായിട്ടില്ലെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.
വിഭൂതി ബുധനാഴ്ച നമ്മള് പൂശുന്ന ചാരം, എത്രമേല്‍ ലോലഭംഗുരമാണ് നമ്മുടെ അവസ്ഥയെന്ന യാഥാര്‍ഥ്യം നമ്മെ ഓര്‍മിപ്പിക്കുമ്പോഴും, ഉത്ഥിതനായ കര്‍ത്താവ് നമ്മെ കാത്തുനില്പുണ്ട് എന്ന പ്രത്യാശയും അത് നമ്മില്‍ ഉണര്‍ത്തുന്നുണ്ടെന്ന് റോമിലെ സാന്താ സബീന ബസിലിക്കയിലെ വിഭൂതിശുശ്രൂഷയ്ക്കായുള്ള തന്റെ സുവിശേഷസന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
പാപ്പാ ആശുപത്രിയിലായതിനാല്‍ ഇത്തവണ, സഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയുടെ തലവനായ കര്‍ദിനാള്‍ ആഞ്ജലോ ദെ ദൊനാത്തിസ് ആണ് പരിശുദ്ധ പിതാവിന്റെ പ്രതിനിധി എന്ന നിലയില്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ച് പാപ്പായുടെ സന്ദേശം വായിച്ചത്.
നമ്മള് പരിശുദ്ധ പിതാവുമായി ആഴത്തില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നും, തന്റെ പ്രാര്‍ഥനകളും സഹനങ്ങളും സഭയ്ക്ക് ആകമാനവും ലോകത്തിനു മുഴുവനും നന്മയ്ക്കായി സമര്‍പ്പിക്കുന്നതിന് പരിശുദ്ധ പിതാവിന് നന്ദി പറയാമെന്നും കര്‍ദിനാള്‍ ദൊനാത്തിസ് ആമുഖമായി പറഞ്ഞു. റോമിലെ അവെന്തീനെ കുന്നിലെ സെന്റ് ആന്‍സെലം ബനഡിക്റ്റൈന്‍ ആശ്രമത്തില്‍ നിന്ന് ഡോമിനിക്കന്‍ സമൂഹത്തിന്റെ സാന്താ സബീന ബസിലിക്കയിലേക്ക് അനുതാപ പ്രദക്ഷിണം നടത്തിയാണ് വലിയ നോമ്പാചരണത്തിനു തുടക്കം കുറിക്കുന്നത്.
പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധമുള്ളവയില് ഇരുപത് രാജ്യങ്ങളുടെ സ്ഥാനപതികള്‍ ഉള്‍പ്പെടെയുള്ള നയതന്ത്രപ്രതിനിധികള്‍ പാപ്പായുടെ രോഗസൗഖ്യത്തിനായി റോമില്‍, ആത്മാവിന്റെ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പങ്കെടുത്തു പ്രാര്‍ഥിച്ചു. ഓസ്ട്രിയ, ജര്‍മനി എന്നിവയുടെ എംബസികളാണ് ഇതിനു നേതൃത്വം വഹിച്ചത്. രോഗികളോടും സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരോടും സവിശേഷമാംവിധം സമീപസ്ഥനായ ഒരാള്‍ക്കുവേണ്ടിയാണ് നാം പ്രാര്‍ഥിക്കുന്നതെന്ന് ജര്മന്കാര്ക്കുവേണ്ടിയുള്ള ഈ ഇടവകയിലെ ശുശ്രൂഷകനായ ഫാ. മാക്സ് സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. പ്രാര്‍ഥന, ഉത്കണ്ഠാകുലവും അസ്വസ്ഥവുമായ നിരവധി ഹൃദയങ്ങളെ വലിയ പ്രത്യാശയാക്കി മാറ്റുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ ദിവസവും രാത്രി ഒന്‍പതിന് പാപ്പായുടെ ആരോഗ്യത്തിനായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് അര്‍പ്പിച്ചുവരുന്ന കൊന്തനമസ്കാരത്തില്‍, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമിറാരോയാണ് ബുധനാഴ്ച മുഖ്യകാര്‍മികത്വം വഹിച്ചത്.