കൊച്ചി : ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ ബിഷപ്പുമാർ നൽകുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ അടിയന്തരമായി സർക്കാർ നടപ്പിലാക്കണമെന്ന് കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ ഉള്ളത്. സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം ഒരു സർക്കാർ ഉത്തരവിലൂടെ നിസ്സാരമായി നടപ്പിലാക്കാവുന്ന ഈ വിഷയം സംബന്ധിച്ച് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് മന്ത്രി നിയമസഭയിൽ ചെയ്തിരിക്കുന്നത്. ഈ വാക്കുകൾ കേട്ട് റവന്യൂ ഉദ്യോഗസ്ഥർ ഇനിയും സർട്ടിഫിക്കറ്റ് നിഷേധിക്കാൻ തുനിഞ്ഞാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമുദായ സർട്ടിഫിക്കറ്റ് ആരുടെയും ഔദാര്യമല്ല ഇന്നും ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കുന്നതിന് വേണ്ടി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും കെഎൽസിഎ ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, ആന്റണി നോറോണ, വിൻസി ബൈജു , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപാട്ട് , ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , പൂവംബേബി , ജോൺ ബാബു , ഷൈജ ഇ ആർ , അഡ്വ ആർ എൽ മഞ്ജു എന്നിവർ പ്രസംഗിച്ചു.